കണ്ണാടി നോക്കാറില്ല. താടിയും മുടിയും വളരുന്നത് കുളിച്ചു തോർത്തി ഉണങ്ങാൻ വൈകുമ്പോഴോ ഒപ്പമുള്ള ആരെങ്കിലും ഓർമ്മിപ്പിക്കുമ്പോഴോ ആയിരിക്കും അറിയുക. ചെറുപ്പത്തിൽ വളരെ നേരം കണ്ണാടിയിൽ നോക്കി സമയം
ചിലവഴിച്ചിരുന്നു. ചാഞ്ഞും ചെരിഞ്ഞും നോക്കി ഒരു പാടു നേരം. അന്നും താടിവടിച്ചു സുന്ദരമുഖവുമായി നടക്കുന്നവർ ഒരു പ്രചോദനമായിട്ടില്ല. ഒരു പക്ഷെ എന്നും കണ്ണാടി നോക്കുന്നുവെങ്കിൽ, ശ്മശ്രുക്കൾ നിറഞ്ഞ പ്രതിബിംബമെങ്കിലും സൂചന നൽകുമായിരുന്നു മുഖം മിനുക്കാൻ.
കുട്ടിക്കാലത്തു നീണ്ട താടി വച്ചവരെ കണ്ടാൽ ഭയമായിരുന്നു. ഗുരുവായൂരും മറ്റും നീണ്ട താടിക്കാർ ധാരാളം ഉണ്ടായിരുന്നു. അനുസരണക്കേടു കാണിച്ചാൽ ഇത്തരം താടിക്കാരെ ചൂണ്ടിക്കാട്ടി ഭയപ്പെടുത്തിയിരുന്നു. അത് കൊണ്ടു താടിയോടു അന്നും ഇന്നും പ്രത്യേക മമതയൊന്നും ഇല്ല. എങ്കിലും താടിയോടെയാണ് കൂടുതലും നടന്നിരുന്നത്.
കറുത്ത താടിക്കിടയിൽ വെളുത്ത രോമങ്ങൾ കണ്ടുതുടങ്ങിയാലാണ് പലരെയും പോലെ വാർദ്ധക്യം തിരിച്ചറിയുന്നത്. പിന്നെ വേവലാതിയിൽ മുടി കറുപ്പിക്കാൻ ആരംഭിച്ചു .ചെറുപ്പം പിടിച്ചു നിർത്താനുള്ള ആദ്യപാഠം. അതൊരു നാഴികക്കല്ലാണ്. അവിടെ തുടങ്ങുന്നു യൗവനം ദാഹിച്ച യയാതിയുടെ ജീവിതാരംഭം.
ജീവിതത്തിൽ ഇത്തരം ഘട്ടങ്ങൾ മുൻപും വന്നിട്ടുണ്ടാകും എല്ലാവരുടെയും ജീവിതത്തിൽ . ആൺകുട്ടികളാണെങ്കിൽ മുണ്ടുടുത്തു പുറത്തിറങ്ങാൻ തുടങ്ങുന്ന കാലം. പെണ്കുട്ടികളാണെങ്കിൽ ദാവണി ചുറ്റി ആദ്യമായി സ്കൂളിലോ കോളേജിലോ പോകുമ്പോൾ. പക്ഷെ അത് ആഹ്ലാദത്തിന്റെ വേലിയേറ്റങ്ങൾക്കാണ് വാതിൽ തുറക്കുക.
കൗമാരത്തിൽ നിന്നും യൗവനത്തിലേക്കുള്ള കാൽവെപ്പു പോലല്ല ജീവിതസായഹ്നത്തിലേക്കുള്ള പ്രയാണം. അത് ആധികളുടെ, ആശങ്കകളുടെ ഒക്കെ ആകെത്തുകയാണ്.പകലുകളുടെ ദൈർഘ്യം ചുരുങ്ങുകയും രാത്രികളുടേത് നീളുകയും ചെയ്യുന്ന നിദ്രാവിഹീനമായ യാമങ്ങൾ മാത്രം കൂട്ടായി കൂടെയുണ്ടാകുന്ന അവസരങ്ങൾ. ഇളം കാറ്റുപോലെ വീശിവരുന്ന ആശ്വാസം സമ്മാനിക്കുന്ന വസന്തകാലസ്മരണകളെയും നോട്ടങ്ങളിലൂടെ പകർന്ന ജന്മം സിദ്ധിക്കാതെ പോയ വാക്കുകളെയും ഓർക്കാൻ തിരക്കു പിടിച്ച ജീവിതത്തിൽ ഇടക്ക് കിട്ടുന്ന നാഴികകളും വിനാഴികകളും. യാത്രാമൊഴി പോലും ഉരിയാടാതെ പോയ തിരിച്ചു പിടിക്കാനാകാത്ത സ്വപ്നവും തുടർന്നു ശരീരമാസകലം പടർന്ന മൂന്ന് ദിനങ്ങൾ നീണ്ട നീറ്റലും . വേനലവധിയുടെ ഔഷധ ശക്തി എല്ലാ പരവേശങ്ങളും തണുപ്പിച്ചതു ഓർക്കുന്നു. മറന്നതാണ് മനഃപൂർവം. ഇപ്പോൾ സകല പ്രതിരോധങ്ങളും തകർത്തു ഒരു വേലിയേറ്റ തിരമാല കണക്ക് ആഞ്ഞടിക്കുന്നു.
ചെയ്ത് തീർത്ത കാര്യങ്ങളുടെ കണക്കു പുസ്തകം, ചെയ്ത് തീർക്കാനുള്ള വലിയ പുസ്തകത്തിന് മുന്നിൽ ചെറുതായി മാറുന്ന സമയം. യവ്വനം വരെയുള്ള വളർച്ച വാർധക്യത്തിന്റെ വിളർച്ചയിലേക്ക് തെന്നിയിറങ്ങുമ്പോൾ അത് നൽകുന്ന അമ്പരപ്പും ആകുലതകളും. വീടുവെക്കൽ കുട്ടികളുടെ വിദ്യാഭ്യാസം. പെൺകുട്ടിയുണ്ടെങ്കിൽ അവളുടെ വിവാഹം, ആൺകുട്ടിയാണെങ്കിൽ ജോലി... അങ്ങിനെ പലതും സിരകളിലെ രക്തപ്രവാഹം മന്ദീഭവിപ്പിക്കും.
യൗവനത്തിലെത്താനെടുത്തതിന്റെ പകുതി സമയം മതി വാർദ്ധക്യത്തിലെത്താൻ. വട്ടം ചുറ്റി പല വട്ടം ഓടി ലക്ഷ്യത്തിലെത്താനുള്ള അവസാന നിമിഷങ്ങളിൽ ക്ഷീണിച്ച മനസും ശരീരവും തരുന്ന പരാജയബോധത്തിന്റെ വിഹ്വലതകൾ. ലക്ഷ്യം കണ്ടാൽ ആർപുവിളിക്കും കണ്ടിലെങ്കിൽ കണ്ണീർ കായലിനും ജന്മം നൽകുന്ന മത്സരാന്ത്യം.