mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

abhijathyam malayalam film

Binobi

ആഭിജാത്യം ( 1971)

1971 ൽ തോപ്പിൽഭാസി തിരക്കഥയും സംഭാഷണവും എഴുതി, ആർ എസ് പ്രഭു നിർമ്മിച്ച് എ വിൻസന്റ് സംവിധാനം ചെയ്ത ചിത്രമാണ് ആഭിജാത്യം. സമ്പന്നയായ ഒരു യുവതി അച്ഛനെ എതിർത്ത് പാവപ്പെട്ട ഒരു യുവാവിനെ വിവാഹം കഴിക്കുന്നതോടെ അവൾ ആ കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെടുന്നതും, പിന്നീട് ബന്ധങ്ങളുടെ ആശ്രയം ഇല്ലാതെ അവർ ജീവിതത്തോട് മല്ലിട്ട് തങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതും ആണ് ഈ ചിത്രം.

പേര് സൂചിപ്പിക്കും പോലെ ഒരു ആഭിജാത്യം നിറഞ്ഞ ചിത്രം തന്നെയായിരുന്നു ഇത്. ഒരു ഗ്രാമാന്തരീക്ഷം ഈ ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നത് കാണാൻ സാധിക്കും. തുടക്കം സമ്പന്നതയുടെ ആഘോഷത്തോടെയാണെങ്കിലും ചിത്രം പകുതി ആകുമ്പോൾ ഒരു ഗ്രാമാന്തരീക്ഷത്തിലേക്ക് മാറ്റപ്പെടുകയാണ്. അത് ചിത്രീകരിച്ചിരിക്കുന്നത് ആകട്ടെ മനോഹരമായും.

"ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടിൽ.... " എന്നു തുടങ്ങുന്ന മനോഹരമായ ഗാനത്തിൽ ഈ ഗ്രാമസൗന്ദര്യം നമുക്ക് ദർശിക്കാൻ ആവും. ഈ ചിത്രത്തിലെ ഏറ്റവും മനോഹരമായ ഗാനവും ഇതാണ്.

മധു, ശാരദ, തിക്കുറിശ്ശി, അടൂർ ഭാസി, എസ് പി പിള്ള, രാഘവൻ, ശങ്കരാടി, സുകുമാരി, ഫിലോമിന, കവിയൂർ പൊന്നമ്മ അങ്ങനെ സമ്പന്നമായ ഒരു താരനിരയുണ്ട് ഈ ചിത്രത്തിൽ.

ധനികനും പ്രതാപിയുമായ ശങ്കര മേനോന്റെ (തിക്കുറിശ്ശി) നാലു മക്കളിൽ രണ്ടാമത്തെ മകളാണ് മാലതി( ശാരദ). മാലതിക്ക്, മാധവനോട് ( മധു) തോന്നുന്ന പ്രണയമാണ് ഈ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നത്. മാധവൻ, ശങ്കര മേനോന്റെ ദയയിലാണ് സംഗീതത്തിൽ ബിരുദം നേടുന്നത്. അനാഥനായ മാധവന്റെ എല്ലാ കാര്യങ്ങളും നോക്കുന്നതും ശങ്കര മേനോൻ ആണ്.

മാധവനോടുള്ള തന്റെ പ്രണയം മാലതി അച്ഛനോട് തുറന്നുപറയുന്നു. മകളുടെ പിടിവാശിക്ക് മുന്നിൽ ശങ്കരമേനോൻ തോറ്റു പോകുന്നു. വിവാഹം വളരെ ലളിതമായി അയാൾ നടത്തി കൊടുക്കുന്നു.

ധനികനായ ചങ്കരമേനോന്റെ ബംഗ്ലാവിൽ ഒരു ഒറ്റപ്പെട്ട ജീവിതമാണ് തന്റെ ഭർത്താവിന്റേതെന്ന് മാലതി മനസ്സിലാക്കുന്നു. എല്ലാക്കാര്യത്തിലും അച്ഛനും സഹോദരങ്ങളും മാധവനെ അവഗണനയോടെ കാണുന്നു. ഇത് മനസ്സിലാക്കുന്ന മാലതി ഭർത്താവിന്റെ കൈയും പിടിച്ച് തന്റെ വീട്ടിൽ നിന്ന് ഇറങ്ങുന്നു.

നഗരത്തിന്റെ ബഹളങ്ങളിൽ നിന്ന് ഗ്രാമത്തിലേക്ക് ആണ് അവരുടെ യാത്ര. അവർ എത്തപ്പെടുന്നത് മാധവന്റെ മുത്തച്ഛനിൽ നിന്നും മാധവന് ലഭിച്ച ഒരു മലയോര ഗ്രാമത്തിലെ വീട്ടിലേക്കാണ്. താമസ യോഗ്യമല്ലാത്ത ആ വീടും പരിസരവും നല്ലവരായ ഗ്രാമവാസികളുടെ സഹായത്തോടെ അവർ താമസ യോഗ്യമാക്കുന്നു. വീടിനോട് ചേർന്ന് കാടുപിടിച്ച പറമ്പ് വെട്ടിതെളിച്ച് അവർ കൃഷി ചെയ്യുന്നു. ഇതിനിടെ മാധവന് ഗ്രാമത്തിലെ സ്കൂളിൽ ജോലി കിട്ടുന്നു.

ചിത്രത്തിന്റെ അവസാനം മാലതിയുടെ അമ്മ മരിക്കുന്നു. താൻ ചെയ്ത തെറ്റുകളെ കുറിച്ച് ബോധവാനാകുന്ന മാലതിയുടെ അച്ഛൻ സ്വന്തം വീട് വിട്ട് മാലതിയോടൊപ്പം ആ ഗ്രാമത്തിലേക്ക് താമസിക്കാൻ എത്തുന്നതോടെ ചിത്രം പൂർണ്ണമാകുന്നു.

അഭിനയത്തിന്റെ കാര്യത്തിൽ ഈ ചിത്രത്തിൽ മുന്നിട്ടു നിൽക്കുന്നത് ശാരദയാണെന്ന് തോന്നിപ്പോകും. പലപ്പോഴും നിസ്സഹായനായി നിൽക്കുന്ന മാധവനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് മാലതി എന്ന കഥാപാത്രമാണ്. ആ കഥാപാത്രത്തെ ശാരദ മികവുറ്റതാക്കി. ജീവിതം വഴിമുട്ടുന്ന അവസ്ഥയിൽ എല്ലാം ഭർത്താവിന് വെളിച്ചം ആകാൻ മാലതിക്ക് കഴിയുന്നുണ്ട്. പലപ്പോഴും പല ചിത്രങ്ങളിലും ഒരു ദുഃഖപുത്രിയുടെ വേഷത്തിലേക്ക് ശാരദ അഭിനയിക്കുന്ന കഥാപാത്രങ്ങളെല്ലാം വഴുതി പോകാറുണ്ട്. എന്നാൽ ഈ കഥാപാത്രം അതിൽ നിന്ന് വ്യത്യസ്തയാണ്.

മധുവും, തിക്കുറിശ്ശിയും,  കവിയൂർ പൊന്നമ്മയും എല്ലാം തങ്ങളുടെ കഥാപാത്രങ്ങളോട് നീതിപുലർത്തി.

വിരസത അനുഭവപ്പെടുത്തുന്ന നർമ്മങ്ങളോ അതിഭാവുകത്വം നിറഞ്ഞ അഭിനയ മുഹൂർത്തങ്ങളോ   ഈ ചിത്രത്തിൽ ഇല്ല. നല്ല ഗാനങ്ങളും അഭിനയ മുഹൂർത്തങ്ങളും കൊണ്ട് സമ്പന്നമാണ് ഈ ചിത്രം.

എല്ലാം നഷ്ടപ്പെട്ടിട്ടും സ്നേഹബന്ധങ്ങളുടെ ആഴം മനസ്സിലാക്കിയ മാലതിയുടെയും മാധവന്റെയും ജീവിതത്തിലേക്കുള്ള തിരിച്ചുവരവാണ്  ഈ ചിത്രം. ആ അതിജീവനം നിറഞ്ഞ മനസ്സോടെ അന്ന് പ്രേക്ഷകർ ഏറ്റെടുത്തു.

ഇന്നും ഈ ചിത്രം കാണുമ്പോൾ ഒരു വിരസതയും കൂടാതെ നമുക്ക് കണ്ടു തീർക്കാൻ കഴിയും. കാരണം ഇതിൽ നിറഞ്ഞു നിൽക്കുന്നത് കെട്ടുകാഴ്ചകൾ ഇല്ലാത്ത ജീവിതമാണ്.

ആ ജീവിതം ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാം ഈ ചിത്രത്തെ... ഈ ചിത്രം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല.

തുടരും

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ