എന്തിനും ഏതിനും ഓരോദിനാചരണങ്ങളുള്ളപ്പോൾ ചിരിക്കു മാത്രമായി അതില്ലാതിരിക്കുന്നതെങ്ങനെ?
ഇന്ന് ജനുവരി 10 ,ചിരിദിനമാണത്രേ.
ചിരിക്കാൻ കഴിവുള്ള ഒരേയൊരു ജീവി മനുഷ്യനാണ് എന്നാണ് അടുത്ത കാലം വരെയും പറഞ്ഞു വന്നിരുന്നതും വിശ്വസിച്ചിരുന്നതും.എന്നാൽ ഈയിടെ സമൂഹമാധ്യമങ്ങളിലൂടെ മനോഹരമായി ചിരിക്കുന്ന എത്രയോ മൃഗങ്ങളുടെ ഫോട്ടോ കണ്ടിരിക്കുന്നു.
ചിരി തന്നെ പല വിധമുണ്ടല്ലോ. പുഞ്ചിരി, പൊട്ടിച്ചിരി എന്നിങ്ങനെ. ഒരു മാതിരി ആക്കിയ ചിരിയുമുണ്ട്. നമ്മുടെ മുഖം ഏറ്റവും മനോഹരമാകുന്നത് പുഞ്ചിരിക്കുമ്പോൾത്തന്നെയാണ്. അതു കൊണ്ടാണല്ലോ നമ്മുടെ പ്രതിബിംബത്തിലേക്കു നോക്കി നാം തന്നെ പുഞ്ചിരിക്കുന്നത്.
ചിരിക്കുന്നത് ആരോഗ്യം വർധിക്കാൻ കാരണമാകുമെന്ന് കേട്ടിട്ടുണ്ട്. ഇന്ന് പല സ്ഥലങ്ങളിലും 'ചിരി യോഗ' പോലും പരിശീലിപ്പിക്കുന്നുണ്ടത്രെ.മുഖം മനസ്സിൻ്റെ കണ്ണാടിയാണെന്ന് പറയാറുണ്ടല്ലോ. അതിവിദഗ്ദ്ധമായി മനസ്സിലൊന്നു വെച്ച് പുഞ്ചിരിച്ച് വഞ്ചിക്കാൻ കഴിവുള്ളവരുമുണ്ടെന്ന് മറക്കുന്നില്ല.
നമ്മുടെ ചിരി മറ്റൊരാളുടെ സന്തോഷത്തിന് കാരണമാകുമെങ്കിൽ നമുക്കൊന്ന് ചിരിച്ചു കൂടേ? ചിലർക്ക് സ്വതസിദ്ധമായ മന്ദഹാസം അനുഗ്രഹമെന്നതു പോലെ ലഭിച്ചിരിക്കും. അവരത് നിർലോഭം അർഹതയുള്ളവർക്ക് നൽകാറുമുണ്ട്. ചിലരാകട്ടെ ഗൗരവ പ്രകൃതക്കാരാണ്. ഗൗരവത്തിൻ്റെ മുഖം മൂടിയണിഞ്ഞെങ്കിലേ ആളുകൾ തങ്ങളെ വേണ്ട പോലെ പരിഗണിക്കൂ എന്ന മൂഢവിശ്വാസത്തിൽ ജീവിക്കുന്നവരെക്കുറിച്ച് എന്തു പറയാൻ!
മറ്റുള്ളവരുടെ മനസ്സിലെ തീയാറ്റിത്തണുപ്പിക്കാൻ നമ്മുടെ പുഞ്ചിരിക്കാവുമെങ്കിൽ ഒന്നു ചിരിക്കാനെത്തിനു മടിക്കണം ?
മറ്റുള്ളവർക്കു നൽകുന്ന പുഞ്ചിരിക്കു പോലും പുണ്യമുണ്ടെന്ന് എവിടെയോ വായിച്ചതോർക്കുന്നു.
'ചിരിച്ചാലും മരിക്കും, കരഞ്ഞാലും മരിക്കും, എന്നാൽ പിന്നെ ചിരിച്ചൂടേ ? ' എന്ന ചോദ്യം ഏറെ പ്രസക്തമാണ് അല്ലേ?
ഏവർക്കും ചിരിദിനാശംസകൾ നേരുന്നു. പുഞ്ചിരിപ്പൂനിലാവിനാൽ പ്രകാശമാനമാകട്ടെ നിങ്ങളുടെയേ വരുടേയും ജീവിത പന്ഥാവ്!