മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 


കാല്പനികത (Romanticism) എന്നു കേൾക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം പ്രതിഷ്ഠിക്കപ്പെടുക, മധുരമനോഹരവും, വശ്യസുന്ദരവുമായ ഗാനങ്ങളായിരിക്കും.

അതിന് നാം കടപ്പെട്ടിരിക്കുന്നത് മലയാളകാല്പനിക കവികളോടും, പില്കാല സിനിമാഗാനരചയിതാക്കളോടുമാണ്. ഉന്മാദിയായ മാസ്മരിക സ്വപ്നങ്ങളാൽ വലയിതമായ യാഥാർത്ഥ്യത്തിൽനിന്നും സ്വപ്നങ്ങളിലേക്ക് സഞ്ചരിച്ച കാല്പനികർ, എന്നാൽ ഉത്തരാധുനികലോകം സങ്കൽപജീവിതത്തിലിരുന്ന് യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുകയാണ്.

വളരെ ലളിതമായി കാല്പനികതയെ മനസിലാക്കാൻ ആദ്യകാല മലയാളസിനിമ ഗാനങ്ങൾ മാത്രം കേട്ടാൽ മതിയാകും. സൂഷ്മാവസ്ഥയിൽ അതിലേക്ക് കടന്നുചെല്ലുന്നില്ലെങ്കിലും കാല്പനിക സൗന്ദര്യത്തിൽ അഭിരമിച്ച മലയാള സിനിമാ ഗാനങ്ങൾ സംഗീതാസ്വാദകരിൽ ഒരു കെടാവിളക്കായി ഇന്നും തുടരുകയാണ്.

അത് അയവിറക്കലിന്റെ സ്വഭാവത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു.

കാല്പനികസൗന്ദര്യ സങ്കൽപങ്ങൾ മുന്നോട്ട് വച്ച രണ്ട് ചിന്തകരാണ് ഫിഷെയും,ഷെല്ലിംഗും വിശ്വാത്മാവിന്റെ ആവിഷ്കാരമാണ് ഭൗതികയാഥാർത്ഥ്യം എന്നതായിരുന്നു കാല്പനികതയുടെ ദാർശനികവാദം.1800മുതൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിവരെ ഈ കലാപരിസരം കൊണ്ടാടപ്പെട്ടിരുന്നു എന്ന് കാണാം. വിവേകത്തേക്കാളേറെ വികാരത്തെ പരിഗണിച്ചും,ലൗകിക സ്നേഹവിചാരങ്ങളെ പരിഗണിച്ചും.പ്രകൃതിപ്രതിഭാസങ്ങളിൽ അത്ഭുതം കൂറിയും, സൗന്ദര്യാനുഭൂതികളിലഭിരമിച്ചും. വികാരതള്ളിച്ചയാലും,നിരാശയാലും,മരണാഭിമുഖ്യത്താലും,പ്രതിഭാപ്രകടനത്താലും, വ്യക്തിനിഷ്ഠവും,സംഗീതാത്മകവുമായ വിശ്വപ്രകൃതിയോടുള്ള അഭിനിവേശം വെളിപ്പെടുന്ന കലാസംസ്കാരിക മണ്ഡലങ്ങൾ സൃഷ്ടിക്കപ്പെട്ട കാലഘട്ടമായിരുന്നു അത്.

വേഡ്സ് വർത്ത്, ഷെല്ലി, ക്ലൊറിഡ്ജ്, നിഷേ ഇത്തരം സൈദ്ധാന്തികരെല്ലാം തന്നെ കലയിലെ അവസ്ഥാവിശേഷത്തിന് വ്യാഖ്യാനം നൽകിയവരാണ്.

"ആത്മാവെന്നാൽ ദൃശ്യമല്ലാത്ത പ്രകൃതിയാണ്. പ്രകൃതി ഉടലെടുക്കുന്നത് ഉയർന്ന അബോധപരമായ ഭാവനയിൽ നിന്നുമാണ്."

ഫിഷെ.

"ഒരാൾ പ്രകൃതിയിലെങ്ങും വിന്യസിതമായ ആത്മത്തെ അനുഭവിക്കുന്നു." ഷെല്ലിംഗ്

"വിശ്വാത്മാവ്" എന്ന പദമാണ് ഈ ദാർശനികർ ഉപയോഗിച്ചത്.

ബിഥോവന്റെ സിംഫണിയാണ് പൂർണകാല്പനിക സ്വഭാവത്തോടുകൂടിയ സംഗീതമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. പ്രകൃതിയിലെ ശബ്ദങ്ങളായിരുന്നു അതിനാധാരം. പ്രകൃതിയുടെ ആത്മാവിനെ കണ്ടെത്താനുള്ള ശ്രമം കൂടിയായിരുന്നു അത്. കിളികളുടെ കരച്ചിലുകൾ, ഇലയനക്കങ്ങൾ, ചീവീടുകളുടെ ശബ്ദം, എന്നുവേണ്ട പ്രകൃതിയുടെ നൈസർഗ്ഗിക ശബ്ദങ്ങളെല്ലാം ബീഥോവന്റെ സിംഫണിക്ക് ഹേതുവായി. ക്രിത്രിമമല്ലാത്ത ജൈവികയാഥാർത്ഥ്യമായിരുന്നു ആ സംഗീതം.

അബോധപരമായ ഭാവനയിൽ നിന്ന് തന്നെയായിരുന്നു കാല്പനികതയുടേയും, ഭാവസൗന്ദര്യ സങ്കല്പങ്ങളുടേയും തുടക്കം. ഒരു സ്വപ്നജീവികളായാണ് കാല്പനിക കലാകാരന്മാർ അടയാളപ്പെടുത്തപ്പെട്ടത്. ഷെല്ലി, വേർഡ്സ് വർത്ത്, കോളിൻസ്, ഗെയ്ഥെ, ഹ്യൂഗൊ, ഷെക്സ്പിയർ, ദിൻകർ മഹാദേവി, ടാഗൂർ, വി.സി ബാലകൃഷ്ണപണിക്കർ, ഇടപ്പള്ളി, ചങ്ങമ്പുഴ, പിന്നീടങ്ങോട്ടുള്ള എല്ലാ എഴുത്തുകാരിലും, ഇതരകലകളിലും, കൃതികളിലും ഈ സ്വഭാവത്തിന്റെ അലയൊലികൾ ദർശിക്കാവുന്നതാണ്. അതുകൊണ്ടാണ് നമ്മൾ മലയാള സിനിമാഗാനങ്ങളിൽ തുടങ്ങിയത്. പ്രകൃതിയെ അതിരിലുമപ്പുറം ആസ്വദിക്കുകയും, പകർത്തുകയും, അതിന്റെ ആനന്ദം സൃഷ്ടികളിലൂടെ പകർന്ന് നൽകുകയും, ഒരുതലമുറയെ മുഴുവൻ സ്വപ്നസമാനമായ മായികവലയത്തിൽ സഞ്ചരിപ്പിക്കാൻ സാധിച്ചു എന്നതൊരു യാഥാർത്ഥ്യമാണ്. ഇതേ ഒരു കണ്ണോടുകൂടി തന്നെ വിലാപങ്ങളെയും അവർ കൈകാര്യം ചെയ്യുകവഴി മെലോഡ്രാമയുടെ ഭാവതീവ്രമായ ആവിഷ്കാരം പോലെ, വിലാപകാവ്യങ്ങൾക്കും അത് വഴിവച്ചു. പ്രണയത്തെയും, വിലാപങ്ങളിലേയും അത്യുത്തമസൃഷ്ടികളുടെ പിറവിക്ക് അത് കാരണമായി. 

പാശ്ചാത്യ ചിന്തകളിൽ നിന്നാണ് വിലാപസ്വഭാവം കൈവന്നതെന്ന് വേണം കരുതാൻ. മെയിലാന്റ് എന്ന ഗ്രീക്ക് ചിന്തകൻ "ജീവിതം കരയാനും കരയിച്ചിടാനുമുള്ളതാണെന്ന് " നിരീക്ഷിക്കുമ്പോൾ ദാർശനികചിന്തയിലൊളിഞ്ഞിരിക്കുന്ന വിലാപസ്വഭാവം വെക്തമാക്കപ്പെടുന്നു.

ബി.സി മൂന്നാം ദശകത്തിലാണ് ഗ്രീസിൽ വിലാപകാവ്യങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നത്. ശവസംസ്കാര ചടങ്ങുകളിൽ പാടിയിരുന്ന ലഘുകവിതകളാണ് ഇതിന്റെ ആദ്യരൂപം. തിയോക്രിറ്റസ് ആണ് ഇതിന്റെ ഉപഞ്ജാതാവെന്ന് വിശ്വസിക്കപ്പെടുന്നു. വികാരപ്രധാനവും ചിന്താപ്രധാനവുമാണ് വിലാപകാവ്യങ്ങൾ, ജീവിതത്തിന്റെ മൗലികഭാവത്തെയും വികാസപരിണാമങ്ങളേയും, ദാർശനികപശ്ചാത്തലത്തിൽ അപഗ്രഥിക്കുകയൊ ഓർത്തെടുക്കുകയൊ ആണ് വിലാപസൃഷ്ടികൾ ചെയ്യുന്നത്. സ്പെൻസറിന്റെ "ഡാഫ് നൈസ്" ആണ് ഇംഗ്ലീഷിലെ ആദ്യവിലാപകാവ്യമെന്ന് കരുതപ്പെടുന്നു.

ഭാവാത്മകതയുടെയും, ആഖ്യാനത്തിന്റേയും സ്വഭാവം കാല്പനിക സ്വഭാവമാണ്. മിസ്റ്റിസിസം എന്ന (രഹസ്യവാദം) സിദ്ധാന്തവും കാല്പനികതയിൽ ഊന്നിതന്നെ വികാസം പ്രാപിച്ചതാണ്. ടാഗൂർ ആണ് മിസ്റ്റിക് കവിതയ്ക്ക് ഉത്തമനായി ലോകം അടയാളപ്പെടുത്തിക്കാണുന്നത്. "വിശ്വാത്മാവ്" എന്ന സ്വഭാവം "ഗീതാഞ്ജലിയിൽ" വെക്തമാണ്. 

"ഞാനറിവീല ഭവാന്റെ മോഹന ഗാനാലാപനശൈലി നിത്യംഞാനത് കാണ്മൂസതതം നിതാന്തവിസ്മയശൈലി" (ജി.വിവർത്തനം, ഗീതാഞ്ജലി)

വിശ്വാത്മാവ് നല്ലതെളിച്ചത്തോടെ ഇവിടെ പ്രകടമാണ്, കാല്പനികത എന്നുപറയുമ്പോൾ പ്രകൃതിയുടെ ആത്മാവിനോടുള്ള പാലായനമാകുന്നതവിടെയാണ്. ഫിഷെയുടെ വിശ്വാത്മാവിന്റെ ആവിഷ്കാരം എന്ന നിർവ്വചനത്തിലേക്ക് എത്തിച്ചേരുന്നതും അപ്പോഴാണ്.

മരണാഭിമുഖ്യമാണ് കാല്പനികതയുടെ മറ്റൊരു സ്വഭാവമെന്ന് പറഞ്ഞുവല്ലൊ, ഇതിനും ഊർജ്ജം ലഭിക്കുന്നത് പൗരാണിക ഗ്രീക്ക് ചിന്തയിൽ നിന്ന് തന്നെയാണ്. സോക്രട്ടീസിന്റെ നിരീക്ഷണത്തിൽ ഒരു തത്വജ്ഞാനിയുടെ ജീവിതം മരണത്തോടുള്ള നിരന്തര ധ്യാനമാണെന്ന് അഭിപ്രായപ്പെടുന്നു മലയാളത്തിലെത്തുമ്പോൾ എഴുത്തച്ഛന്റെ രാമായണത്തിലെ വരികൾ നോക്കുക.

"ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം 
വേഗേനനഷ്ടമാമായുസുമോർക്ക നീ
വഹ്നിസന്തംപ്തലോഹസ്താംമ്പുബിന്ധുനാം
സന്നിഭം മർത്യജന്മംക്ഷണഭംഗുരം."

എഴുത്തച്ഛന്റെ പാശ്ചാത്യചിന്തയെ പറ്റിയുള്ള അറിവല്ല ഇതെന്നും.ഭക്തിപ്രസ്ഥാനകാലത്ത് എഴുതപ്പെട്ട രാമായണത്തിലും കാല്പനികതയുടെ അംശം കണ്ടെത്താനുള്ള വെഗ്രതയൊ ഇതിനില്ല. ഇതിന്റെ ചുവട് ചുവട് പിടിച്ച് പില്ക്കാല മലയാളകവിതാ പരിസരത്തുണ്ടായ മാറ്റം നിരവധി ഉദാഹരണങ്ങൾ കാണാം. "ഇന്നു ഞാൻ നാളെ നീ" എന്ന ജി യുടെ കവിത, ഇടപ്പള്ളിയുടെ "മരണമണിനാദം" പക്ഷെ എഴുത്തച്ഛന്റേത് സദുദ്ദേശപരവും അപരത്വകല്പിതമായ ഒരു കഥാപാത്രത്തെ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമെങ്കിൽ,അത് തത്വചിന്തയുടെ ജീവിതസമഗ്രതാ ബോധത്തെ ചേർക്കുന്നെങ്കിൽ, ഇടപ്പള്ളിയിലെത്തുമ്പോൾ വികാരതള്ളിച്ചയാൽ എഴുതപ്പെട്ടതാണെന്നു വേണം കരുതാൻ,ഇങ്ങനെ യുവത്വത്തെ വരിഞ്ഞ്കെട്ടി മുറുക്കി വികാരവിക്ഷോഭം വരുത്തുന്നതിനും കാല്പനികത വഴിവച്ചു. 

എം എൻ വിജയൻ പറഞ്ഞതുപോലെ കാല്പനികത കയറുകളെയും കാലുകളെയും വെറുത്ത് ആകാശത്തെയും ചിറകുകളെയും ഇഷ്ടപ്പെട്ടത് വിശ്വം നിറയുന്ന ഞാൻ സൃഷ്ടിക്കപ്പെടുമ്പോഴാണ്.അവിടെയും ഒരു പരാചിതബോധം കാല്പനികതയെ പൊതിഞ്ഞിരുന്നു.അത് സാമൂഹിക പശ്ചാത്തലത്തിന്റെ,ജീവിതയാഥാർത്ഥ്യത്തിന്റെ വഴിവരമ്പുകളിലാണ്.ഈ ജീവിതയാഥാർത്ഥ്യങ്ങളെ യുക്തിസഹമായി നേരിട്ട കമ്മ്യൂണിസ്റ്റ് ആശയങ്ങൾ മറ്റൊരു കാല്പനിക സൗന്ദര്യസ്വപ്നങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്തത്. സമത്വസുന്ദരനവലോകം എന്നത് സാമ്പത്തികമായും,മാനസികമായും,വർഗ്ഗ,വർണ്ണ,ലിംഗ പരമായും ഉറപ്പുനൽകേണ്ട ഒന്നായതിനാൽ മാർക്സ് പറഞ്ഞ തൊഴിലാളി എന്നത് സൂഷ്മപ്രശ്നങ്ങളിലേക്ക് കടന്ന്ചെല്ലാൻ സാധിക്കാതെ വരികയുമുണ്ടായി.അങ്ങനെ ഓരോ പ്രദേശത്തും കാല്പനിക കലാകാരന്മാരെ പോലെ അവരും എങ്ങും നിറഞ്ഞുനിൽക്കുന്ന സ്വോച്ഛാധിപത്യസ്വഭാവം പുറത്തെടുക്കുകയുമുണ്ടായി. 

(Inteluctual slavery) ബുദ്ധിപരമായ അടിമത്തം വച്ച് പുലർത്തുന്നവരാണ് കാല്പനികർ എന്ന് പൊതുവെ പറയാം. 

"മനുഷ്യരിൽ ഭൂരിഭാഗവും സ്വഭാവത്തിലും നിരീക്ഷണത്തിലും ഒരു തരം സ്ത്രീ സഹജഭാവം ഉള്ളവരാണ്, അവരുടെ പ്രവർത്തികളെ ഭരിക്കുന്നത് യുക്തിവിചാരത്തേക്കാൾ വികാരങ്ങളാണ്." 
(ഹിറ്റ്ലർ)

1934മുതൽ 45വരെ നീണ്ടുനിന്ന രണ്ടാംലോക മഹായുദ്ധത്തിൽ ഫാസിസ്റ്റായിരുന്ന ജർമ്മൻ ഭരണാധികാരി ഹിറ്റ്ലറുടെ നിരീക്ഷണമാണിത്. ഹിറ്റ്ലറാൽ ആകർഷിക്കപ്പെട്ട സൈനികർ വൈകാരികതയാൽ മൂഢരായിരുന്നു എന്നതായിരുന്നു ഹിറ്റ്ലറുടെ ആരോപണം. കാര്യകാരണാന്വേഷണങ്ങളില്ലാതെ വൈകാരിക നിമിഷങ്ങളെ പൊലിപ്പിച്ച കാല്പനിക കലാസൃഷ്ടികൾ ജനങ്ങളുടെ ആർജ്ജവവീര്യത്തെ കെടുത്തിക്കളയാനാണ് ശ്രമിച്ചത്. ദുരന്തത്തെ പ്രശ്നവത്കരിക്കാതെ വിധിവിശ്വാസത്തിലേക്ക് തള്ളിവിട്ട് സമാധാനം കണ്ടെത്തുമ്പോൾ പ്രശ്നം പ്രശ്നമായിതന്നെ നിലനിൽക്കുകയാണ് ചെയ്യുക. കല സാമൂഹിക പ്രശ്നമല്ലാതെ പോവുകയും ചെയ്യും.

നിലനിൽക്കുന്ന യാഥാർത്ഥ്യബോധത്തിൽ നിന്നുമകന്ന് വികാരത്തിനും വെക്ത്യാനുഭൂതികൾക്കും അനുകൂലമായി സഞ്ചരിക്കുന്നു. ഒരു ഷേക്സ്പിയർ വചനം നോക്കുക

"ദു:ഖങ്ങൾ ജീവിതത്തിലേക്ക് വരുന്നത് ഒറ്റയൊറ്റ ചാരന്മാരെ പോലെയല്ല.വലിയ പടക്കൂട്ടമായിട്ടാണ്." 

ഹാംലെറ്റ്, റോമിയൊ ആന്റ് ജൂലിയറ്റ്, കിംഗ് ലിയർ ഇതിലെല്ലാം ദുരന്തബോധം കാണാം. ഇഡിപ്പസ് ആണ് മറ്റൊരു ദുരന്തനാടകം.

ഇന്ത്യൻ ഫിലോസഫറായിരുന്ന ബുദ്ധൻ, ദു:ഖത്തിന്റെ കാരണം അന്വേഷിക്കുന്നുണ്ട് "ആഗ്രഹമാണ് ദു:ഖത്തിന് കാരണമെന്നാണ് ബുദ്ധൻ കണ്ടെത്തുന്നത്. മസൃണമായ ജീവിതക്രമം ഉപദേശിക്കുന്ന ബുദ്ധനേയും നമുക്ക് വേണമെങ്കിൽ കാല്പനികരുടെ ഗുരുവായി കണക്കാക്കാവുന്നതാണ്. ഹാർട്ടുമാന്റെ സ്നേഹമാണ് ദു:ഖത്തിനുകാരണം എന്ന വചനവും വൈപരീത്യം ഉണ്ടെന്ന് മറയ്ക്കുന്നില്ല.

"വേദന വേദന ലഹരിപിടിക്കും വേദനഞാനതിൽ മുഴുകട്ടെ" (ചങ്ങമ്പുഴ)

വേദനകളിൽ നിന്ന് മുരളീമൃദുരവമൊഴുക്കാൻ കാല്പനികകലാകാരന്മാരുടെ പ്രതിനിധിയായി കവി മാറുന്നു.മസൃണമനോഹരവും, സുരഭിലസ്വപ്നങ്ങളാലും സ്നേഹസമ്പന്നമായ മായികലോകത്ത് ഉന്മത്തമായ സൗന്ദര്യലോകത്ത് എങ്ങനെ ജീവിക്കുന്നു എന്നത് ഒരളവോളം കലാകാരന്റെ ജീവിതനിലവാരവും സൃഷ്ടിയുടെ അതിർരേഖാ ഭേദനവും സംഭവിക്കുന്ന കടുത്ത നിരാശാബോധത്തിന്റെ യാഥാർത്ഥ്യമാണ്. താൻ വിശ്വപ്രകൃതിയാണല്ലൊ എന്ന അഹം സൃഷ്ടിക്കപ്പെടുന്നതവിടെയാണ്. അഹമില്ലെങ്കിൽ മനുഷ്യജീവിതം അസാദ്ധ്യവുമെത്രെ!.

"മലരണിക്കാടുകൾ  തിങ്ങിവിങ്ങി" എന്ന് കാൽപനികതയിൽ പറയാം ഉത്തരാധുനികതയിലത് 

"ഇന്നലെ കൂട്ടുകാരന്റെ പിറന്നാളായിരുന്നു.
പലരും പലതും കൊടുത്തപ്പോൾ
സന്ധ്യടീച്ചർ നിരീക്ഷണത്തിനു വച്ചിരുന്ന
പയറുചെടി, കാലിഡൊസ്കോപ്പിലിട്ട് ഞാനവനൊരു കാട് കാണിച്ച് കൊടുത്തു."
(ഫെയ്സ്ബുക്ക് കവിതകൾ, ശർമ്മിൾ)

കാട് കാണാൻ കൊതിക്കുന്ന കുട്ടികൾ അയവിറക്കുന്ന ആശകളായി പലതും മാറുന്നു. കാല്പനികതയിൽ മൃദുമർമ്മരങ്ങളായിരുന്ന പുഴ, ഉത്തരാധുനികതയിൽ എന്ത് ചെയ്യാം പുഴ അതിന്റെ പാട്ടിന് പോയി എന്ന് പറയേണ്ടി വന്നിരിക്കുന്നു. മലിനമായ അന്തരീക്ഷവും, കയ്യേറ്റം ചെയ്യപ്പെട്ടമലകളും, ഗാഡ്ഗിൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടും പോലെ നമ്മുടെ പശ്ചിമഘട്ടം ദുർബലമാണ്. ഇനിയും നീലഗിരി ഉണ്ടാകണമെന്നില്ല, മാമലകൾക്കപ്പുറത്ത് എന്ന് പാടാനൊക്കില്ല. പ്രകൃതിക്ക് വേണ്ടിയുള്ള വിലാപങ്ങൾ നാം കേട്ടുകൊണ്ടിരിക്കുന്നു. അതിലൊരു പരിഹാസമാണ്  കേൾക്കുന്നത്.

എഴുപതുകളുടെ അവസാനം പിറന്ന ദാർശനികനായ ഹെഗലിന്റെ വാദത്തോടുകൂടിയാണ്. ലോകത്ത് ചിന്തകൾ കാല്പനിക സ്വഭാവത്തിൽ നിന്നും യഥാർത്ഥ്യബോധത്തിലേക്ക് കാലൂന്നുന്നത്. 

"മനുഷ്യയുക്തിക്ക് അതീതമായി സത്യത്തിന് നിലനിൽപില്ല"

എന്നദ്ദേഹം അഭിപ്രായപ്പെട്ടു. പിന്നീടങ്ങോട്ട് കലകളിൽ റിയലിസം എന്ന സങ്കേതം വിന്യസിക്കപ്പെടുന്നതായി കാണാം. സിനിമയാണ് റിയലിസത്തെ സൗന്ദര്യപൂർണമൊ, സാമൂഹികപ്രസക്തമൊ ആക്കിത്തീർക്കുന്നത്. എങ്കിലും സാഹിത്യത്തിലും, നാടകാവതരണത്തിലും ആവിഷ്കാരങ്ങൾ സങ്കേതപരിസവുമായി പൊരുത്തപ്പെടുന്നുണ്ട്. അങ്ങനെ കാല്പനികതയ്ക്ക് ശേഷം നിലനിന്ന ഇസങ്ങളിലൊന്നാണ് ഭ്രമനകല്പനാബോധത്തിൽ നിന്നും കലകളെ തെന്നിമാറ്റിയത്. അത് ആധുനികതയുമായി ബന്ധപ്പെട്ടും കിടക്കുന്നു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ