mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

മഴ...........
ഓരോ മലയാളിയുടേയും ചിന്തകളും സ്വപ്നങ്ങളും
മണ്ണും മനസ്സും കർമ്മവും ധർമ്മവും നിർണ്ണയിക്കുന്ന ജീവചോദനയാണ്.
നമ്മുടെ സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും പ്രണയത്തിന്റേയും വിരഹത്തിന്റേയും പ്രതീകമാണത്.


ജനനം മുതൽ മരണം വരെയുള്ള നമ്മുടെ എല്ലാ ജീവിതഘട്ടങ്ങളിലും ഒരു സാന്ത്വന സംഗീതമായത് നമ്മോടൊപ്പമുണ്ട്.

എല്ലാ ജൂണിലും കാലവും വഴിയും തെറ്റാതെ ഇടവപ്പാതിയും തുലാവർഷവുമായി പെയ്ത് നമ്മേയും നമ്മുടെ നാടിനേയും തണുപ്പിക്കുന്ന ചിരന്തന സുഹൃത്താണത്.

മഴയില്ലെങ്കിൽ നമുക്ക് കവിതയില്ല, സംഗീതമില്ല, ജീവിതം തന്നെയില്ല. നമ്മുടെ ആർദ്രതയ്ക്കും കനിവിനും ഹേതുവാണത്.
അതുകൊണ്ടാണല്ലോ വരൾച്ചയാൽ പൊറുതിമുട്ടിയ തമിഴ്‌നാട്ടിലെ എട്ടയപുരം ഗ്രാമവാസികളുടെ സങ്കടം കണ്ട് മനസ്സലിഞ്ഞ സാക്ഷാൽ മുത്തുസ്വാമി ദീക്ഷിതർ 'അമൃതവർഷിണി'യെന്ന രാഗം സൃഷിടിച്ച് ആ രാഗത്തിൽ 'ആനന്ദാമൃതാകർഷിണി അമൃതവർഷിണി 'എന്ന കൃതി പാടി മഴപെയ്യിച്ച് ഗ്രാമവാസികളുടെ സങ്കടം തീർത്തത്.

അക്ബർ ചക്രവർത്തിയുടെ സദസ്സിലെ വിഖ്യാത സംഗീതജ്ഞൻ താൻസനും പാട്ടുപാടി മഴപെയ്യിച്ചിരുന്നു. സംഗീതവും മഴയുമായുള്ള ബന്ധം കാണിക്കുന്ന മറ്റൊരു കഥ താൻസാനുമായി ബന്ധപ്പെട്ടുമുണ്ട്. അക്ബർ ചക്രവർത്തിയുടെ ആവശ്യപ്രകാരം 'ദീപക്' രാഗം പാടിയപ്പോൾ താൻസന്റെ ശരീരമാകെ പൊള്ളു കയും ദേഹം തണുപ്പിക്കാൻ നദിക്കരയിൽ ചെന്നപ്പോൾ താൻസന്റെ ശരീരത്തിന്റെ ചൂടുകൊണ്ട് നദിയിലെ വെള്ളം തിളയ്ക്കുകയും ചെയ്തു. ഒടുവിൽ മരണം മുന്നിൽക്കണ്ട താൻസൻ മൽഹാർ രാഗം പാടി മഴപെയ്യിച്ച് തന്റെ ശരീരം തണുപ്പിക്കാൻ കഴിവുള്ള ഗായകരെ രാജ്യമാകെ അന്വേഷിച്ചു. അങ്ങനെ ഗുജറാത്തിലെ വട്നഗറിലെ താന, രീരി എന്നീ പേരുകളുള്ള ഗായികമാരായ രണ്ടു സഹോദരിമാരെ കണ്ടെത്തി അവരോട് സഹായം അഭ്യർത്ഥിച്ചു. അവർ മൽഹാർ രാഗമാലപിച്ച് മഴ പെയ്യിച്ച് താൻസന്റെ ശരീരം തണുപ്പിച്ചുവത്രെ.

ഹിന്ദുസ്താനി സംഗീതത്തിൽ ഋതുഭേദങ്ങൾക്കനുസരിച്ച് ആലാപനം നടത്തുന്ന കജ്രി, ചൈതി, സാവൻ തുടങ്ങിയ ചില സംഗീതരൂപങ്ങളുണ്ട്. ഇവയിൽ കജ്രി വർഷകാലത്തും ചൈതി ഗ്രീഷ്മത്തിലെ ചൈത്രമാസത്തിലുമാണ് ആലപിക്കുക.ഇവയിലെല്ലാം പ്രണയവും വിരഹവും ദുഖവുമാണ് മുഖ്യപ്രമേയം.

 

കജ്രി
ഉത്തരേന്ത്യൻ സംഗീതത്തിൽ ലഘുശാസ്ത്രീയ വിഭാഗത്തിൽപ്പെട്ട ഒരു സംഗീതവിഭാഗമാണ് 'കജ്രി'.കാജൽ(കൺമഷി)എന്ന വാക്കിൽ നിന്നാണത്രെ ഇതിന് ഈ പേരു വന്നത്.ഈ ഗാനരൂപവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുളള ഒരു കഥയുണ്ട്.പണ്ട് ഉത്തർപ്രദേശിലെ മിർസാപൂരിലെ ഒരു കുഗ്രാമത്തിൽ കജ്ലി എന്നു പേരുള്ള ഒരു യുവതിയുണ്ടായിരുന്നു. ഏതോ വിദൂരദേശത്തായിരുന്നു അവളുടെ ഭർത്താവ് ജോലിചെയ്തിരുന്നത്. ഒറ്റപ്പെടലിന്റേയും വിരഹത്തിന്റെയും തീവ്രതയ്ക്കിടയിൽ കറുത്ത മേഘങ്ങളുമായി മൺസൂണിന്റെ വരവുകൂടി ആയപ്പോൾ ഭയവും ദുഖവും ആ പെൺകുട്ടിയെ കീഴ്പ്പെടുത്തി. തന്റെ ദു:ഖങ്ങൾ ആരോടും പങ്കുവയ്ക്കാനാവാതെ അവൾ മനസ്സു നൊന്തു കഴിഞ്ഞു. ഒടുവിൽ സങ്കടം സഹിക്കവയ്യാതെ അവൾ തന്റെ എല്ലാ വേദനകളും ഇഷ്ടദേവതയായ കജ്മൽ ദേവിയുടെ പാദങ്ങളിൽ സമർപ്പിച്ചു. അവളുടെരോദനങ്ങളുടേയും വിരഹത്തിന്റേയും സംഗീതമാണത്രേ കിഴക്കൻ യു.പി.യിലും ബീഹാറിലും പ്രചാരത്തിലുളള നാടോടി സംഗീതമായ കജ്രി.

മഴയുടെ പ്രണയസ്പർശത്തോടൊപ്പം വിരഹത്തിന്റെ തേങ്ങലുകളും ഒത്തു ചേരുമ്പോൾ 'കജ്രി' നമ്മെ ഗൃഹാതുരത്വത്തിന്റെ ശാദ്വലതയിൽ എത്തിക്കുന്നു. ഹിന്ദുസ്താനി സംഗീതജ്ഞർ ഹിന്ദുസ്താനി രാഗ - താള ങ്ങളിൽ ശാസ്ത്രീയ രീതിയിലും അർദ്ധശാസ്ത്രീയ രീതിയിലും കജ്രി ആലപിക്കാറുണ്ട. കജ്രിയുടെ അവതരണത്തിന് രണ്ടു സമ്പ്രദായങ്ങളാണുള്ളത്. സാധാരണപോലെ ഗായകർ വേദിയിൽ പാടുന്ന രീതിയും സ്ത്രീകൾ അർദ്ധവൃത്താകൃതിയിൽ നൃത്തം ചെയ്തുകൊണ്ട് പാടുന്ന 'ധുൻമുനിയ കജ്രി' എന്ന രീതിയും.

പദ്മശ്രീ സിദ്ധേശ്വരി ദേവി, പദ്മഭൂഷൺ ശോഭ ഗുർതു, പദ്മ വിഭൂഷൺ ഗിരിജാദേവി, പദ്മവിഭൂഷൺ പണ്ഡിറ്റ്‌ ചന്നുലാൽ മിശ്ര, ഉസ്താദ് ബിസ്മില്ലാ ഖാൻ, ഉസ്താദ് അംജദ്‌അലി ഖാൻ, ഉസ്താദ് വിലായത് ഖാൻ, പണ്ഡിറ്റ്‌ രാജൻ മിശ്ര, പണ്ഡിറ്റ്‌ സാജൻ മിശ്ര, ഭോജ്പുരി ഗായിക ശാരദ സിൻഹ തുടങ്ങിയവരെല്ലാം ഈ ഗാന ശാഖയെ സംപുഷ്ടമാക്കിയ അസാമാന്യ പ്രതിഭകളാണ്.

'മാ '(അമ്മ ) എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന ഇതിഹാസ ഗായിക പദ്മശ്രീ സിദ്ധേശ്വരി ദേവിയുടെ(1908-1977) സ്വദേശം വാരാണസി ആയിരുന്നു. കജ്രി ആലാപനത്തിലെ അവരുടെ സ്വരങ്ങളിലെ ഓരോ അണുവിലും പ്രകടമാകുന്ന ശാന്തത ദീർഘമായി പെയ്യുന്ന ഒരു മഴ പകരുന്ന കുളിർമയും വിരഹവും നമ്മെ അനുഭവിപ്പിക്കും. "ധമക് ചുപ് ആയെ ഹേ ബദരിയാ ", "ജബ് സുധി ആവേ" തുടങ്ങിയവ ഉദാഹരണങ്ങൾ. അവയെല്ലാം നമ്മെ ആസ്വാദനത്തിന്റെ വേറൊരു ലോകത്തേക്കു നയിക്കുന്ന ഗാനങ്ങളാണ്.

ആധുനികഇന്ത്യൻ സംഗീതത്തിലെ ഇതിഹാസ സമാനയായ മറ്റൊരു സംഗീതജ്ഞയാണ് പദ്മവിഭൂഷൺ ഗിരിജാ ദേവി(1929-2017). ബനാറസ് ഖരാനയുടെ പ്രായോക്താക്കളിൽ ഒരാളായ ഇവർ ഠുമ്രി സംഗീതത്തിലെ രാജ്ഞി എന്നാണറിയപ്പെടുന്നത്. ഇടവപ്പാതിയുടെ ദ്രുതതാളത്തിൽ ഗിരിജാദേവിയുടെ അപൂർവ്വസുന്ദരവും മധുരതരവുമായ ശബ്ദത്തിൽ കജ്രി കേൾക്കുമ്പോൾ നമ്മൾ സ്വർഗ്ഗീയമായ അനുഭൂതിയിൽ ലയിച്ചു ചേരും. സംശയമുണ്ടെങ്കിൽ അവരുടെ

'ബർസാൻ ലാഗി', "കാഹേ കര്ലോ ഗുമാന് ഗോരി സാവന് മേ", "ലാഗി ബദരിയാ മെ" "കഹന വോ മനോ ഹോ രാധാരമണ" തുടങ്ങിയ ഗാനങ്ങൾ കേട്ടു നോക്കുക, പ്രണയവും വിരഹവും ദുഃഖവും മഴയായി പെയ്യുന്നത് നമുക്ക് അനുഭവിച്ചറിയാം. തുടർച്ചയായി പെയ്യുന്ന മഴയ്ക്കിടയിലെ ഇടവേളകളിൽ, ആകാശത്ത് അങ്ങിങ്ങായുള്ള കാറുകൾക്കിടയിലൂടെ തലപൊക്കാൻ നോക്കുന്ന അമ്പിളിക്കീറും താഴെ വിശാലമായ വയൽ വരമ്പിൽ നിറഞ്ഞു മിന്നുന്ന മിന്നാമിനുങ്ങുകളും എന്തു വികാരമാണോ നമുക്ക് തരുന്നത് അത്തരമൊരു ദിവ്യാനുഭൂതിയാണ് അവരുടെ ശബ്ദം നമ്മിലേക്ക്‌ പകരുന്നത്.

മഴയും ജീവിതവും പരസ്പരാശ്രിതമായുള്ള നമ്മൾ, മലയാളികളെ സംബന്ധിച്ചിടത്തോളം നമ്മുടെ ആത്മാവിനോടു ചേർന്നു നില്ക്കുന്ന സംഗീതമാണ്  'കജ്രി'യുടേത്. എന്നാൽ പൊതുവെ ഗസലിനോളം അടുപ്പവും പരിചയവും നമുക്ക് കജ്രിയുമായില്ല. 

ചിങ്ങമാസത്തിലെ ചിനുങ്ങലിനുപകരം ഇപ്പോൾ ആർത്തുപെയ്യുന്ന കാലവർഷം ആസ്വാദനത്തേക്കാൾ മനുഷ്യമനസ്സിൽ ഭീതിയാണ് സൃഷ്ടിക്കുന്നത്. പക്ഷേ ഏതവസ്ഥയിലും ആശ്വാസമേകുന്ന ഒരേയൊരു കലയാണ് സംഗീതം. അതിനു ഭാഷയോ ദേശമോ കാലമോ നമുക്ക് തടസ്സമാകില്ല. അല്ലെങ്കിലും 'ചെറിയ' മനുഷ്യരുടെ 'ചെറിയ' മനസ്സുകൾക്കല്ലാതെ മഴയ്ക്കും സംഗീതത്തിനും അതിർവരമ്പുകൾ നിശ്ചയിക്കുവാൻ ആർക്കാണു കഴിയുക?

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ