mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 


തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി ആശ്രമം കാണാത്തവർ ഇന്ന് ചുരുക്കമാണ്. വെണ്ണക്കല്ലിൽ തീർത്ത ആ വലിയ താമരപർണ്ണശാല ഉലകിൻ്റെ ഗുരു ദക്ഷിണ പോലെ പ്രപഞ്ചത്തിനു മീതെ വിരിഞ്ഞു നിൽക്കുന്ന ഭാരതീയ സംസ്കൃതിയുടെ മറ്റൊരു കാഴ്ചപ്പുറമാണ്. ആത്മീയ ആചാര്യൻ നവജ്യോതി ശ്രീ ക രുണാകരഗുരുവിന് ശിഷ്യർ സമർപ്പിച്ച ആത്മസമർപ്പണമാണ് താമരപർണ്ണശാല . ആ ശിൽപ്പ

ചാതുരതയിലേക്ക് മിഴികളും, ഹൃദയവും ഉയർത്തുമ്പോൾ ആത്മാവിൻ്റെ അന്തരംഗങ്ങളിൽ നിന്ന് മധുരിതമായ ഒരു ഗാനത്തിൻ്റെ ശീലുകൾ ഉണർത്തു പാട്ടായി തുടിക്കാൻ തുടങ്ങും.
"വെണ്ണക്കല്ലിൽ തീർത്ത വെൺ താമര....
വിശ്വ ഹൃദയമീ വിസ്മയധാര.
ഉലകിൻ്റെ ഗുരുദക്ഷിണ...
ജീവനുണരുന്ന പുണ്യദർശന."
ഇമ്പമാർന്ന ഈ ഗാനം ഒരിയ്ക്കൽ കേട്ടവർ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കും, അധരങ്ങൾ കൊണ്ട് അറിയാതെ മൂളാനും തുടങ്ങും! അത്രയും അഴകാണ് ആ ഗാനത്തിന് !!
സുനിൽ പള്ളിപ്പുറം സംഗീതം നൽകി, മധു ബാലകൃഷ്ണൻ ആലപിച്ച 'വെണ്ണക്കല്ലിൽ തീർത്ത വെൺതാമര'യുടെ രചയിതാവായ അനിൽ ചേർത്തലയെ കണ്ടു മുട്ടിയതും ആ താമരപർണ്ണ ശാലയ്ക്കകത്തു നിന്നായിരുന്നു. ഇതിനകം അഞ്ഞൂറോളം ഭക്തിഗാനങ്ങളും, ധാരാളം കവിതകളും ,നിരവധി സിനിമാ ഗാനങ്ങളും രചിച്ച അനിൽ ചേർത്തല 1988 മുതലാണ് ഗാനരചന രംഗത്ത് സജീവമായത്. ദൂരരദർശൻ സംപ്രേഷണം ചെയ്ത പ്രണയം എന്ന സീരിയലിലെ
'' പ്രണയം... പ്രണയം.... പ്രണയം..
ആദ്യവസന്തത്തിൻ സൃഷ്ടിയിൽ ഇഴചേർന്ന അനുഭൂതിയല്ലേ പ്രണയം " എന്ന അവതരണ ഗാനത്തിന് ദൂരദർശൻ അവാർഡ് ലഭിച്ചിട്ടുണ്ട്. തുടർന്ന് മനോരമ മ്യൂസിക്കിനു വേണ്ടി അമ്പതോളം ഗാനങ്ങൾ അനിൽ എഴുതി. സ്വന്തമായി നിർമ്മിച്ച 'പ്രണയനിലാമഴ' എന്ന ആൽബത്തിലെ "ജീവിതപ്പടിയിലെൻ നിലവിളക്കേന്തുവാൻ ഒരു ശിൽപ്പമുള്ളിൽ ഞാൻ കൊത്തിവെച്ചു " എന്ന ക്ലാസിക്കൽ ഗാനവും സോഷ്യൽ മീഡിയ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു.

അനിൽ പള്ളിപ്പുറം കുടുംബത്തോടൊപ്പം.

നൂറ്റി എഴുപത്തി അഞ്ചോളം ഭക്തിഗാനങ്ങളും അനിലിൻ്റെ തൂലികയിൽ നിന്ന് പിറവിയെടുത്തിട്ടുണ്ട്. കൂടാതെ,അടുത്ത് റിലീസാകാനിരിക്കുന്ന റെഡ് അലർട്ട് , എഴുത്തച്ഛൻ, കർമ്മ സാഗരം, ദിശ എന്നീ സിനിമകളിലെ ഒട്ടുമിക്ക ഗാനങ്ങളും അനിൽ ചേർത്തല രചിച്ചതാണ്. മനസ്സിനെ ഭാവനയുടെ സപ്തസ്വരഗംഗയിൽ നീരാടിച്ച് ഉയർന്നെണീക്കുമ്പോൾ അനിലിൻ്റെ ഹൃദയത്തിലും അധരത്തിലും തത്തിക്കളിക്കുന്നത് മാസ്മരിക സംഗീതത്തിൻ്റെ പുത്തൻ ശീലുകളായിരിക്കും. പിന്നീടത് സംഗീതാസ്വാദകരുടെ കർണ്ണങ്ങളിൽ എത്തിക്കാനുള്ള തപസ്യയിൽ മുഴുകുകയായിരിക്കും ഈ ചേർത്തലക്കാരൻ. തൻ്റെ ഗാനരചന ലോകത്തിലെ നുറുങ്ങുകളും, നിറക്കൂട്ടുകളുo, കോർത്തിണക്കിയ കുറച്ച് ഹൃദ്യമായ അനുഭവങ്ങൾ അനിൽ തന്നെ പങ്കുവെയ്ക്കുന്നു:
"ഭക്തി ഗാനങ്ങൾ രചിച്ചു കൊണ്ടായിരുന്നു ഞാൻ ഗാനരചന ലോകത്തേക്ക് പ്രവേശിച്ചത്. കുഞ്ഞുനാൾ തൊട്ടേ ഞാനൊരു കൃഷ്ണഭക്തനായിരുന്നു. വീട്ടിൽ എനിക്ക് സ്വന്തമായൊരു കൃഷ്ണവിഗ്രഹമുണ്ടായിരുന്നതിനാൽ ഞാനതിനോട് എപ്പോഴും പ്രാർത്ഥിക്കുകയും, എവിടെപ്പോകുമ്പോഴും കൃഷ്ണനോട് അനുവാദം ചോദിക്കുകയും പതിവായിരുന്നു. കോളേജ് വിദ്യഭ്യാസം പൂർത്തിയാക്കിയ സമയത്ത് എയർ ഫോഴ്സിൽ ജോലി കിട്ടി. ജോലി കിട്ടിയതിൻ്റെ സന്തോഷം പങ്കിടാനായി ഞാനും കൂട്ടുകാരും ചേർന്ന് ഒരു വിനോദയാത്ര പോകുകയും, വരുന്ന വഴി തിരുവനന്തപുരത്തെ ശാന്തിഗിരി ആശ്രമം സന്ദർശിക്കുകയും ചെയ്തു. ആശ്രമസ്ഥാപകനായ കരുണാകരഗുരുവിനെ ദർശിച്ചപ്പോൾ അതുവരെ ഞാൻ അഗാധമായി സ്നേഹിച്ചിരുന്ന കൃഷ്ണ ചൈതന്യത്തെ ഗുരുവിലൂടെ എനിക്കനുഭവിക്കാനായി.
പിന്നീട് ഗുരുവിനെ പിരിഞ്ഞിരിക്കാൻ വയ്യാത്ത അവസ്ഥയായപ്പോൾ എയർ ഫോഴ്സ് ജോലി എന്ന ഉദ്യമത്തോട് വിട പറഞ്ഞ്,പത്ത് വർഷം ആശ്രമത്തിൽ ഗുരുവിനൊപ്പം ചിലവഴിക്കുകയും ചെയ്തു. പരമമായ ഒരു ഭക്തി ഭാവത്തിലേക്ക് പ്രവേശിക്കുന്ന ആ കാലഘട്ടത്തിൽ സ്വയം അലിഞ്ഞു ചേർന്നാണ് ഞാൻ ഭക്തിഗാനങ്ങൾ എഴുതിയത്.

ഇങ്ങിനെയെഴുതിയ ഗാനങ്ങൾ ഞാൻ ഗുരുവിന് നേരിട്ട് സമർപ്പിക്കുകയും, ആ സൃഷ്ടികൾ പിന്നീട് ഗാനങ്ങളായി കാസറ്റുകളിലെത്തിയപ്പോൾ ഗുരു തൻ്റെ യാത്രവേളകളിൽ അത് നന്നായി ആസ്വദിച്ചു കേൾക്കുകയും ചെയ്യുമായിരുന്നു. നൂറ്റമ്പതോളം ഗാനങ്ങൾ പതിനെട്ട് കാസറ്റുകളിലായി ആ സമയത്ത് പുറത്തിറങ്ങിയിട്ടുമുണ്ട്. അഞ്ഞൂറോളം ഗാനങ്ങൾ ശാന്തിഗിരിയുടെ സൂപ്പർ ഹിറ്റുകളായി മാറിയിട്ടുമുണ്ട്. ഇതിൽ "വെണ്ണക്കല്ലിൽ തീർത്ത വെൺതാമര'' എന്ന ഗാനം വിശ്വാസികൾക്കിടയിലും, പൊതു സമൂഹത്തിലും തരംഗമായി എന്നു തന്നെ പറയാം. വലിയ സ്വീകാര്യതയാണ് ആ ഗാനത്തിന് ലഭിച്ചത്. പർണ്ണ ശാല ഉദ്ഘാടനത്തിന് LED ലൈറ്റുകൾ തീർത്ത ഏഴു വർണ്ണങ്ങളുടെ മായിക പ്രകാശത്തിൽ താമര സ്തംഭം മിന്നിത്തിളങ്ങുമ്പോൾ 'വെണ്ണക്കല്ലിൽ തീർത്ത ' ഗാനം മേളക്കൊഴുപ്പോടെ ഒഴുകിയെത്തുന്നുണ്ടായിരുന്നു. ആ സമയം അവിടെ തടിച്ചു കൂടിയിരുന്ന കാണികൾക്കൊപ്പം ഞാനും അറിയാതെ സന്തോഷം കൊണ്ട് നിർന്നിമേഷനായി നിന്നു പോയിട്ടുണ്ട്! അതു പോലെ കഴിഞ്ഞ സ്കൂൾ യുവജനോത്സവത്തിന് '' മലനിരകൾ മാനം മുട്ടിക്കളിന്നു " എന്ന ഞാനെഴുതി, ശ്വേത മോഹൻ ആലപിച്ച് ദൂരദർശൻ സംപ്രേഷണം ചെയ്ത ഗാനം എനിക്കേറെ ഇഷ്ടമുള്ളതാണ്. പിന്നെ വേണു ചേട്ടൻ (ജി.വേണുഗോപാൽ ) പാടിയ "പഴകിയ ഒരോർമ്മതൻ പഠിപ്പുര കോലായിൽ പാതി മറഞ്ഞ നിൻ മുഖം തെളിഞ്ഞു " എന്ന പ്രണയഗാനം - അതും എൻ്റെ ഗാനങ്ങളിൽ ഞാനേറെ ഇഷ്ടപ്പെടുന്നവയാണ്. ഒരു ആത്മസുഖത്തിന് ഞാനെഴുതുന്ന ഗാനങ്ങൾ മറ്റുള്ളവർക്ക് സന്തോഷം നൽകുന്നതിൽ ഞാനേറെ ആനന്ദിച്ചിട്ടുണ്ട്. 

ഇക്കഴിഞ്ഞ വിഷുദിനത്തിൽ എഴുതിയ
"കണിക്കൊന്ന പൂത്തല്ലോ കണ്ണാ.....
കണി കാണാനെത്തില്ലേ താമരക്കണ്ണാ.... " എന്ന ഗാനം സോഷ്യൽ മീഡിയകളിൽ ഏറെ വൈറലായ പാട്ടായിരുന്നു. എഴുതുന്ന ഗാനങ്ങൾ എന്നോട് ഏറെ അടുപ്പവും, സ്നേഹവും തോന്നുന്ന ചിലർക്ക് കാണിച്ചു കൊടുക്കാറുണ്ട്. ആരിൽ നിന്നും തിരുത്തലുകൾ സാരമായ വന്നിട്ടില്ല. എൻ്റെ മനസ്സിന് പൂർണ്ണ തൃപ്തിയായി എന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് ഗാനങ്ങൾക്ക് ഈണം പകരനായി കൈമാറുന്നത്. ഓരോ ഗാനമെഴുതുമ്പോഴും ഞാൻ കുറേ നേരമിരുന്ന് ഏകാഗ്രമായി പ്രാർത്ഥിക്കാറുണ്ട്.

ഇപ്പോൾ ഞാൻ സിനിമാ ഗാന രചന രംഗത്തേക്കും കാലെടുത്തു വെച്ചിട്ടുണ്ട്.. രാജൻ പൊതുവാൾ സംവിധാനം ചെയ്ത 'റെഡ് അലർട്ട്' എന്ന പുതിയ സിനിമയിലെ ടൈറ്റിൽ ഗാനമായ "കാലങ്ങൾ കടഞ്ഞെടുക്കാം.. കോലങ്ങൾ മെനെഞ്ഞെടുക്കാം... ഈ മണ്ണിൽ തിരികൊളുത്താം റെഡ് അലർട്ട് " യുവത്വത്തിൻ്റെ തുടിപ്പുള്ള ഗാനമായിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് എല്ലാം പൂർത്തിയായെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ പുറത്തിറങ്ങിയിട്ടില്ല. പിന്നെ, ' ദിശ ' എന്ന ചിത്രത്തിലെ "മേട പുന്നാര പൂങ്കാറ്റേ നീ, പൂമ്പാളതേനുണ്ണാൻ " എന്ന ഗാനവും, 'കർമ്മ സാഗര'ത്തിലെ നാല് ഗാനങ്ങളൂം, '''എഴുത്തച്ഛ"നിലെ ഗാനങ്ങളും ഏറെ പ്രതീക്ഷ പുലർത്തുന്നവയാണ്.

ഇതുവരെയുള്ള ഗാനരചനാ ജീവിതത്തിൽ മറക്കാനാവാത്ത ചില അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഉണ്ടായിട്ടുണ്ട്. ദൂരദർശനു വേണ്ടി ഒരു ഗാനം റിക്കോർഡ് ചെയാൻ വേണ്ടി സ്റ്റുഡിയോ വിൽ എത്തി. പെരുമ്പാവൂർ ജി.രവിന്ദ്രനാഥിൻ്റെ സംഗീതമാണ് അതിന് നൽകേണ്ടത്. ഗാനം പാടുന്നത് കെ.ജയചന്ദ്രനാണ്.രവീന്ദ്രനാഥ് സാറിന് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാൽ ഞങ്ങൾ തൃശൂരിൽ ചെന്ന് റെക്കോർഡ് ചെയ്തു വരാമെന്ന് പറഞ്ഞു. പത്ത് മണിക്കാണ് റിക്കോർഡിംഗ് നടക്കേണ്ടത്. എന്നാൽ അപ്പോൾ പെയ്ത മഴ കാരണം വാഹനം വളരെ പതുക്കെ മാത്രമേ ഓടിക്കാൻ സാധിച്ചിരുന്നുള്ളൂ.. സ്റ്റുഡിയോയിൽ എത്തിയപ്പോൾ പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു. ആ സമയം കെ.ജയചന്ദ്രൻ വളരെ വയലൻ്റായി പുറത്തിറങ്ങി നിൽക്കുകയാണ്. അദ്ദേഹം ഞങ്ങൾ വൈകിയതിൻ്റെ കടുത്തഅമർഷത്തിലായിരുന്നുഞങ്ങൾ ഉണ്ടായ കാര്യങ്ങൾ വിവരിച്ചുകൊടുത്തിട്ടും ജയേട്ടൻ അടങ്ങുന്നില്ല! റിക്കോർഡിംഗ് നടത്താതെ തിരിച്ചു പോകുക എന്ന മട്ടിലായി കാര്യങ്ങൾ. പെട്ടെന്ന് എനിക്ക് ഇദ്ദേഹത്തിനോട് പെരുമാറേണ്ട രീതിയിൽ മാറ്റം വരുത്തിയാലോ എന്ന് ഉള്ളിൽ തോന്നി! ഞാനദ്ദേഹത്തിൻ്റെ അടുത്തു ചെന്ന് വളരെ സ്നേഹത്തിലും, തമാശ രൂപത്തിലും തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു 'ജയേട്ടൻ പരമ ശുദ്ധനാണ്. ആ ശുദ്ധതയും നിഷ്കളങ്കതയും കൊണ്ടാണ് ഇങ്ങിനെ പെരുമാറുന്നത്. ഇത് ഞങ്ങൾക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. ആദ്യമൊക്കെ കുറച്ച് കുറുമ്പ് കാണിക്കുമെങ്കിലും കുറച്ച് കഴിയുമ്പോൾ ജയേട്ടൻ വന്ന് പാടിത്തരുമെന്ന് ഞങ്ങൾക്കറിയാം. അതു വരെ ദേ.... ഞങ്ങളിവിടെ മാറിയിരിക്കാൻ പോകുകയാ.. '
ഇതു കേട്ട് അദ്ദേഹവും ചിരിച്ചു, ഞങ്ങളും ചിരിച്ചു. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ കെ. ഇയചന്ദ്രൻ വളരെ മനോഹരമായി ആ ഗാനമാലപിക്കുകയും ചെയ്തു.
''നറു ചന്ദനത്തിൻ്റെ നിറ ഗന്ധമായി ..
എന്നെ തഴുകി തലോടുന്ന ഒരോണ രാവിൽ.."
എന്ന ഗാനമായിരുന്നു

ഇനി വേറൊരനുഭവം - ദൂരദർശനു വേണ്ടിയുള്ള മറ്റൊരു ഗാനം. പ്രശസ്ത ഗായിക ശ്വേത മോഹനാണ് പാടുന്നത്.തിരുവനന്തപുരത്തെ സ്റ്റുഡിയോവിലാണ്. റിക്കോർഡിംഗിന് എത്തുന്നതിന് മുമ്പ് ശ്വേതക്കൊരു ഫോൺ കോൾ; എ.ആർ.റഹ്മാനാണ് വിളിക്കുന്നത്. ഒരു ബിഗ് ബജറ്റ് സിനിമയിൽ ശ്വേതക്കൊരു പാട്ടുണ്ട്. അതിനായി ഇന്നുതന്നെ ചെല്ലണം!
അവർക്ക് വേണമെങ്കിൽ ഞങ്ങളുടെ ഗാനം ക്യാൻസൽ ചെയ്ത് ഓസ്കാർ അവാർഡ് ജേതാവായ എ.ആർ.റഹ്മാൻ്റെ സെറ്റിൽ പാടാൻ പോകാമായിരുന്നു. ആ സുവർണ്ണാവസരം തള്ളിക്കളഞ്ഞു ഞങ്ങളോട് പറഞ്ഞ വാക്കുപാലിക്കാനായി അവർ ഞങ്ങൾക്കു വേണ്ടി പാടാൻ വന്നു.
എങ്കിലും അവരുടെ മുഖം വല്ലാതെ മ്ലാനമായിരുന്നത് ഞാൻ ശ്രദ്ധിച്ചു.
'എന്താണ് ശ്വേത ആകെ വിഷമിച്ചിരിക്കുന്നവല്ലോ! ' എൻ്റെ ചോദ്യത്തിന് ശ്വേത മറുപടിയൊന്നും പറഞ്ഞില്ല. പിന്നെയവർ ആ ഗാനം പാടുകയും ആ പാട്ടിനകത്തെ ആക്ടിംഗ് ചെയ്യുകയും ചെയ്തു.
കുറച്ചു കഴിഞ്ഞപ്പോഴാണ് തൻ്റെ ശ്വേത തൻ്റെ മൂഡ് ഓഫിൻ്റെ കാര്യം വെളിപ്പെടുത്തിയത്.
"സർ, ഞാനിവിടെ വന്നപ്പോൾ ഭയങ്കര നിരാശയിലായിരുന്നു. എ.ആർ.റഹ്മാൻ സാറിൻ്റെ ഒരു പാട്ട് തള്ളിക്കളഞ്ഞാണ് ഇവിടെ വന്നത്. അതിൽ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. പക്ഷേ ഈ ഗാനംപാടി ക്കഴിഞ്ഞപ്പോൾ പൂർണ്ണ തൃപ്തി തോന്നി. ഈ വർഷം ഏറ്റവും നല്ല ഒരു ഗാനം പാടാൻ കഴിഞ്ഞതിൽ ഞാൻ പൂർണ്ണ സംതൃപ്തയാണ്.'
നൈരാശ്യത്തോടെ വന്ന ശ്വേത മോഹൻ വളരെ ഉല്ലാസവതിയായി തിരിച്ചുപോയി. എനിക്കും അതിയായ സന്തോഷം തോന്നി.
അന്ന് ശ്വേത ആലപിച്ച " മലനിരകൾ മാനം മുട്ടിക്കളിക്കുന്നു '' എന്ന ഗാനം സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് ആലപിച്ചവർക്ക് ഒന്നാം സമ്മാനം ലഭിച്ചുവെന്നും അഭിമാനപൂർവ്വം ഓർക്കുന്നു.
സർഗ്ഗ പ്രതിഭയുടെ പര്യയമെന്ന് വിശേഷിപ്പിക്കാവുന്ന അനേകം ഗാന രചയിതാക്കളുണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തിൽ.
ഇതിൽ എന്നെ ഏറെ സ്വാധീനിച്ച ഗാനരചയിതാവ് ഗിരിഷ് പുത്തൻചേരിയാണ്. അടുക്കും ചിട്ടയും കൂടി ഗാനങ്ങൾ ചിട്ടപ്പെടുത്താനുള്ള ഗിരീഷേട്ടൻ്റെ കഴിവ് പ്രത്യേകം എടുത്തു പറയേണ്ടതാണ്.

ഇപ്പോൾ ന്യൂ ജനറേഷൻ യുഗമാണല്ലോ! ജനറേഷൻ തരംഗം ഗാന രചന രംഗത്തേയും വിഴുങ്ങിക്കളഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ പല തട്ടുപൊളിപ്പൻ പാട്ടുകളും അതിൻ്റെ ഉദാഹരണങ്ങളാണ്. നിർമ്മാതാക്കളും, സംവിധായകരും ആവശ്യപ്പെടുതിനനുസരിച്ചാണ് രചയിതാക്കൾ  ഗാനങ്ങൾ എഴുതിക്കൊടുക്കുന്നത്. പക്ഷേ തട്ടുപൊളിപ്പൻ പാട്ടുകളിൽ  സംഗീതത്തിൻ്റെ ആത്മാവ് കണ്ടെത്താനാവില്ല. ഇത്തരം പാട്ടുകൾ കുറച്ചു ദിവസം ഭയങ്കര തരംഗം സൃഷ്ടിക്കുമെങ്കിലും ശേഷമുള്ള നാളുകളിൽ അവയുടെ നിഴൽ പോലും കാണില്ല. ആത്മാവുള്ള ഗാനങ്ങൾ മാത്രമേ നിലനിൽക്കുകയുള്ളൂ. ഉദാഹരണത്തിന് പുതു തലമുറയിലെ കുട്ടികൾ ഐഡിയ സ്റ്റാർ സിംഗർ പോലുള്ള മത്സര പരിപാടികളിൽ പങ്കെടുക്കാനായി തിരഞ്ഞെടുക്കുന്നത് വയലാർ, ശ്രീകുമാരൻ തമ്പി, ഗിരീഷ് പുത്തൻചേരി, ബിച്ചു തിരുമല, പൂവച്ചൽ ഖാദർ തുടങ്ങിയവരുടെയൊക്കെ അനശ്വരഗാനങ്ങളാണെന്നോർക്കണം. ആ ഗാനങ്ങളിലെ ആത്മാവാണ് വർഷങ്ങൾ കഴിഞ്ഞിട്ടും അനേകം മനസ്സുകളിൽ ഇന്നും ജീവസ്സുറ്റതായി നിലനിർത്തുന്നത്.  പുതിയ ഗാനരചയിതാക്കൾ  ഇപ്പോഴത്തെ ട്രൻ്റ് അനുസരിച്ചുള്ള ഗാനങ്ങൾ രചിക്കുന്നതോടൊപ്പം നമ്മുടെ സ്വതസിദ്ധമായിട്ടുള്ള ഗാനങ്ങൾ എഴുതുവാനും ശ്രദ്ധിച്ചാൽ നന്നായിരുന്നു.

എൻ്റെ കുടുംബം കലാപരമായ കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തിരുന്നു. ഇളയ സഹോദരൻ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി (ജനറൽ സെക്രട്ടറി, ശാന്തിഗിരി ആശ്രമം) കുഞ്ഞു നാളിൽ നന്നായി മൃദംഗം വായിക്കുമായിരുന്നു. അനിയത്തി ഇന്ദുഗോപൻ നന്നായി പാടും. അവൾ തൃപ്പൂണിത്തുറ RLV സംഗീത കോളേജിൽ നിന്ന് ഗാന ഭൂഷണം പാസായിട്ടുണ്ട്. ഞാൻ അഞ്ചെട്ടു വർഷത്തോളം തബല വായിക്കാൻ പഠിച്ചു. അതു കൊണ്ട് ഗാനരചന രംഗത്ത് ഉണ്ടായിട്ടുള്ള ഗുണങ്ങൾ ഏറെയാണ്. എൻ്റെ മനസ്സിലേക്ക് ഒരു വരിവന്നു കഴിഞ്ഞാൽ ഞാനറിയാതെ അതിനൊരു താളബോധം ലഭിക്കുന്നത് തബല പഠിത്തം കൊണ്ടാണെന്ന്  വിശ്വസിക്കുന്നു.ജി.രവീന്ദ്രനാഥ് സർ മുതൽ ഒത്തിരി സംഗീത സംവിധായകർ എൻ്റെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും വലിയ 'അഴിച്ചുപണികൾ ' നടത്തിയിട്ടില്ല. ഗുരുവിൻ്റെ അനുഗ്രഹത്തോടൊപ്പം തബല പഠിത്തത്തിൻ്റെ സ്വാധീനവും ഗാന രചനയിൽ എനിക്ക് വലിയ മുതൽക്കൂട്ടാണ്. എൻ്റെ മൂത്ത മകൾ സുകൃത കവിത രചനകൾ തുടങ്ങിക്കഴിഞ്ഞു. ഇളയമകൾ സച്ചിദ ഗാനങ്ങൾ പാടാനും ഏറെതാൽപര്യം പ്രകടിപ്പിക്കുന്നുണ്ട്.

ആത്മാവിൽ, പരിശുദ്ധിയുടെ നിറമാല ചാർത്തുന്ന ഗുരുഭക്തിയോടെ, സർഗ്ഗഭാവനയുടെ മുഴുവൻ വാതായനങ്ങളും തുറന്നിട്ടു കൊണ്ട് ഗാനരചനാ വീഥികളിൽ നൈസർഗ്ഗികമായ മേച്ചിൽ പുറങ്ങൾ താണ്ടുകയാണ് അനിൽ ചേർത്തല എന്ന ബഹുമുഖ പ്രതിഭ. നല്ലൊരു എഴുത്തു കാരൻ കൂടിയായ അനിലിനെ നിരവധി പുരസ്കാരങ്ങളും തേടിയെത്തിയിട്ടുണ്ട്. എസ്.കെ.പൊറ്റക്കാട് പുരസ്കാരം, വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം, കെ.പി.ഉമ്മൻ പുരസ്കാരം, കോയിക്കൽ പ്രതിഭ പുരസ്കാരം തുടങ്ങിയ അവയിൽ ചിലതു മാത്രം. ഭാരതീയ പൈതൃകങ്ങളുടെ മഹിമ നിലനിർത്തുന്ന ചില ആചാരാനുഷ്ഠാനുങ്ങൾ കവിതാ, ഗാനരൂപങ്ങളിലാക്കി വിദ്യാർത്ഥികൾക്കിടയിൽ പ്രചരിപ്പിക്കുന്ന ബൃഹത്തായ ഒരു പരിപാടി അനിൽ ആവിഷ്കരിച്ചു വരുന്നുണ്ട്. നാടിനെയും നാട്ടുകാരെയും ആത്മീയതയിൽ കോർത്തിണക്കിക്കൊണ്ടുള്ള രചനകളിൽ ചാരിതാർത്ഥ്യം കണ്ടെത്തുകയാണ് ഈ ചേർത്തലക്കാരൻ. ഭാര്യ ബീന അനിൽ, മക്കൾ സുകൃത, സച്ചിദ എന്നിവരോടൊപ്പം ഇപ്പോൾ തിരുവനന്തപുരത്താണ് അനിൽ ചേർത്തല താമസിക്കുന്നത്.

 

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ