പ്രിയനേ,
സ്പർധയുടെ പടയാളികളെന്റെ
പവിത്രദേശത്ത് തമ്പടിച്ചിരിക്കുന്നു,
പ്രവിശ്യകൾ അധീനമാക്കുവാൻ
അതിബുദ്ധിയോടെ കരുക്കൾ നീക്കുന്നു
വിശുദ്ധിയുടെ പാദപതനങ്ങളെന്റെ
തെരുവോരങ്ങൾ കടന്നുപോയിരിക്കുന്നു,
അശാന്തിയുടെ മേഘജാലങ്ങൾ
ആകാശമധ്യേ കനംതൂങ്ങിനിൽക്കുന്നു
അനാഥരുടെ രോദനങ്ങൾ
സിയോൻ താഴ്‌വരയിൽ പ്രതിധ്വനിക്കുന്നു,
വ്യസനഭാരങ്ങളേറ്റുവാങ്ങി
വിലാപമതിൽ ശിഥിലമാകാറായിരിക്കുന്നു
അകൽച്ചയെന്ന ഈ യുദ്ധം ജയിക്കുവാൻ
നീ, സമാധാനത്തിന്റെ സൈന്യാധിപനാവുക,
കലഹമെന്ന പ്രതിയോഗിയെ ഐക്യത്തിന്റെ
കോട്ടയിൽ ബന്ധനസ്ഥനാക്കുക
നീരസത്തിന്റെ മേഘക്കൂമ്പാരങ്ങളെ
സൗഹാർദ്ദത്തിലേക്ക് സ്വതന്ത്രരാക്കുക,
തമോമയമായ ആത്മാവുകൾക്ക്
മൃദുവചനങ്ങളാൽ പുനരുത്ഥാനമേകുക
അപ്പോൾ, കാറ്റും മിന്നലും സാക്ഷികളായി
ഹൃദയങ്ങൾ രമ്യതയിലൊന്നുചേരും,
പെയ്തുവീഴുന്ന സ്നേഹത്തുള്ളികളാൽ
ദിക്കുകൾ നനവാർന്നുകൊണ്ടിരിക്കും
തിരികെയെത്തുന്ന സൂര്യചന്ദ്രന്മാർ
തെളിച്ചമാർന്നെന്റെ വിണ്ണിൽ പ്രകാശിക്കും,
കാലുഷ്യമില്ലാത്ത പുണ്യഭൂവിലെങ്ങും
സ്നേഹദൂതന്മാർ കിന്നരങ്ങൾ മീട്ടും.