മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

രംഗം 1 : മെട്രോ ട്രെയിൻ

മാന്യവസ്ത്രധാരി കമ്പാർട്ട്മെന്റിലേക്ക് കയറി. നല്ല തിരക്കുണ്ട്. പുതിയ ലൈൻ പൂർണ്ണമായും  പ്രവർത്തനക്ഷമമായ ശേഷമിങ്ങനെയാണ്.

ആഗോള താപനത്തെ പറ്റിയൊന്നും അത്ര കണ്ട് ബോധവാന്മാരല്ലെങ്കിലും, ട്രാഫിക് ജാമുകളിൽ ഇരമ്പിത്തീരുന്ന സമയത്തെ  പറ്റി എല്ലാവർക്കും നല്ല ബോധമുണ്ട്. ട്രെയിൻ മുഴുവനായും എയർ കണ്ടീഷൻഡ് ആയതിനാൽ അകത്ത്  ചൂടറിയില്ല. പക്ഷെ അടഞ്ഞു കിടക്കുന്ന കമ്പാർട്മെന്റിനുള്ളിൽ അയാളെ പോലെ സുഗന്ധം പരത്തുന്ന മാന്യവസ്ത്രധാരികൾ മാത്രമല്ലല്ലോ ഉള്ളത്. വിയർപ്പിൽ കുതിർന്ന വായു ശ്വസിക്കാനാകാതെ അയാൾക്ക്‌ ശ്വാസം മുട്ടി. ഇതു കൊണ്ടാണ്, കിട്ടിയ അവസരങ്ങളിലെല്ലാം, മെട്രോ ട്രെയിനിൽ ഒരു ഫസ്റ് ക്‌ളാസ് കമ്പാർമെന്റ് ഉൾപ്പെടുത്തുന്നതിനായി അയാൾ വാദിച്ചത്. ആ ആവശ്യം വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയതോടെ അയാൾ കഴിവതും മെട്രോ ഉപയോഗിക്കാറില്ല; ആഴ്ചയിലൊരിക്കലുള്ള ഈ യാത്രക്കൊഴിച്ച്. എത്തിപ്പെടേണ്ടിടത്തേക്കുള്ള ഇടുങ്ങിയ റോഡുകളും പാർക്കിങ് സൗകര്യമില്ലായ്മയും മെട്രോ ഉപയോഗിക്കാൻ അയാളെ നിർബന്ധിതനാക്കി.

അലാറം മുഴക്കി അടഞ്ഞു  തുടങ്ങുന്ന വാതിലിലൂടെ ആ മുഷിഞ്ഞ വസ്ത്രധാരി കമ്പാർട്മെന്റിലേക്ക് ചാടിക്കടന്നു. കയ്യിൽ തൂക്കി പിടിച്ച നിറഞ്ഞ സഞ്ചിയുടെ ഭാരത്താൽ ബാലൻസ് തെറ്റിയ അയാൾ മാന്യവസ്‌ത്രധാരിയുടെ ദേഹത്തു ചെന്നിടിച്ചു. ഒരു ചെറു പുഞ്ചിരിയോടെയുള്ള നോട്ടത്തിലൂടെ ക്ഷമ യാചിച്ച അയാളെ തള്ളി മാറ്റിക്കൊണ്ട് മാന്യവസ്‌ത്രധാരി വാതിലിനടുത്തേക്കു മാറി നിന്നു.

 

രംഗം 2 : കടയുടെ മുൻവശം 

പച്ചക്കറികൾ ഇനം തിരിച്ചു തിരഞ്ഞെടുക്കുന്ന മാന്യ വസ്ത്രധാരി.

"നൂറ്റിയിരുപതോ!!! നിങ്ങളിങ്ങനെ തോന്നിയ പോലെ വില കൂട്ടിയാൽ ഞങ്ങളൊക്കെ വായു ഭക്ഷണമാക്കേണ്ടി വരുമല്ലോ!!"

അയാൾ സയിൽസ്മാനോട് പരാതിപ്പെട്ടു.

"എന്തു ചെയ്യാനാ സാറേ ?? സാധനം കിട്ടാനില്ല. പുറത്തെ മാർക്കറ്റിലെ കയറ്റം നോക്ക്യാ ഇതൊന്നുമല്ല. പിന്നെ സാറിനറിയാഞ്ഞിട്ടാ. ഈ ജൈവ കൃഷിക്കാരൊക്കെ  ഇപ്പൊ നല്ല കാശാ ചോദിക്കുന്നെ. ഇപ്പോ ഇതിനൊക്കെ നല്ല ഡിമാന്റാന്ന് അവർക്കറിയാ. അല്ല...അവരേം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. തീപറക്കണ ഈ വെയിലിൽ ഇതൊക്കെ വിളയിച്ചെടുക്കണ്ടേ. പിന്നെ, അറിയാലോ, രാസവളോം കീടനാശിനിയുമൊന്നും അടുപ്പിക്കത്ത് പോലുമില്ല.."

"ആ ഒരൊറ്റ ഉറപ്പിലാ ഇത്രേം ദൂരം കഷ്ടപ്പെട്ട് വന്ന്  ചോദിക്കണ കാശും തന്ന് ഇതൊക്കെ മേടിച്ചോണ്ട് പോകുന്നെ."

"അത്രേള്ളൂ സാറേ...ഇവിടെ കൊറച്ചധികം മൊടക്കിയാലും, ആസ്പത്രി ചെലവില്  ലാഭിക്കാം.."  

മഞ്ഞപ്പല്ലുകൾ മുഴുവൻ വെളിയിൽ കാട്ടിയുള്ള അയാളുടെ ചിരി മാന്യവസ്‌ത്രധാരിക്ക് അത്ര പിടിച്ചില്ല. അതു മനസിലാക്കിയെന്നോണം ആ സെയിൽസ്മാൻ പതുക്കെ അകത്തേക്ക് പോയി.

 

രംഗം 3 : കടയുടെ പുറകു വശം 

"എൻ്റെ സാറേ ഇതു കഷ്ടമാ...പുറത്തൊക്കെ എന്താ വില..കഴിഞ്ഞാഴ്ച കിലോക്ക് നൂറു വരെയായി.അതിന്റെ പകുതിയേലും താ സാറേ"

"എടോ...പിന്നെ നൂറു രൂപ..അതൊക്കെ നല്ല രാസവളമിട്ടു കീടനാശിനിയൊക്കെ തളിച്ചു ചുമന്നു തുടുത്തിരിക്കണ തക്കാളിക്കാ. അല്ലാതെ താൻ വല്ല വെണ്ണീറും ചാണകപ്പൊടീമിട്ടുണ്ടാക്കുന്ന ഈ പുഴുക്കുത്തുള്ള സാധനത്തിനല്ല. മുപ്പതു രൂപെന്നു ഒരു പൈസ കൂട്ടി തരില്ല. വേണ്ടെങ്കി എടുത്തോണ്ട് പൊയ്ക്കോ.."

 

രംഗം 4  : വീണ്ടും കടയുടെ മുൻവശം 

"ഇതു കണ്ടോ സാറേ..."  

കയ്യിൽ പൊക്കിപിടിച്ച തക്കാളികൂടയുമായി സെയിൽസ്മാൻ പുറത്തേക്കു വന്നു.

"നല്ല ഫ്രഷ് സാധനാ. തോട്ടത്തീന്ന്  ഇപ്പൊ പറിച്ച് കൊണ്ടോന്നെള്ളു. സാറിന് വേണ്ടി ഞാനിങ്ങെടുത്തോണ്ട് പോന്നതാ."

മാന്യവസ്‌ത്രധാരി  തക്കാളിയെടുത്തു തിരിച്ചും മറിച്ചും നോക്കുന്നതിനിടയിൽ അയാൾ തുടർന്നു:

"ഇതാ സാറേ തക്കാളിടൊക്കെ ശെരിക്കുള്ള നെറം.രാസവളോമിട്ടു മെഴുകും പുരട്ടി ചൊകപ്പിച്ചു  തുടുപ്പിച്ചെടുക്കുവല്ലേ.  ആ പുഴുക്കുത്തൊക്കെ കണ്ടോ സാറേ.. കീടനാശിനിയൊന്നും  മണപ്പിച്ചിട്ടും കൂടിയില്ല.."

 

രംഗം 5 : വീണ്ടും മെട്രോ ട്രെയിൻ 

അലാറം മുഴക്കി അടഞ്ഞു  തുടങ്ങുന്ന വാതിലിലൂടെ മാന്യവസ്‌ത്രധാരി തിരക്കിട്ട് അകത്തേക്കു കയറി. കയ്യിലെ സഞ്ചിയുടെ ഭാരത്താൽ ബാലൻസ് തെറ്റി അയാൾ മുന്നിലെ സീറ്റിലിരുന്ന  മുഷിഞ്ഞ വസ്ത്രധാരിയെ ചെന്നു മുട്ടി. ഒരു ചെറു പുഞ്ചിരിയോടെ സീറ്റൊഴിഞ്ഞു കൊടുത്ത് വാതിലിനരികിലേക്ക് മാറി നിന്ന അയാളുടെ കയ്യിൽ ചുരുട്ടിപ്പിടിച്ച കാലി സഞ്ചിയുണ്ടായിരുന്നു.

അപ്പോഴേക്കും  മാന്യവസ്‌ത്രധാരിയുടെ സഞ്ചിയിലെ തക്കാളികൾക്ക്  വിയർപ്പിൽ കുതിർന്ന വായു ശ്വസിക്കാനാകാതെ ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ