നാളനേകം കടന്നുപോയ് യുദ്ധത്തിൻ
നാമധേയങ്ങളേറെക്കൊഴിഞ്ഞുപോയ്
വീരർ പിന്നെയും വാശിയാൽ വീറിനാൽ
പോരടിക്കുന്നു പേരാൽ പെരുമയാൽ
സാക്ഷിയായിക്കുരുക്ഷേത്ര ഭൂമിയിൽ
ചാവുകാത്തു പറക്കും കഴുകരും
ചത്തു വീഴുന്ന മൃഗവും നരന്മാരും
ഭക്ഷണം മാത്രമായി ഭവിക്കുന്നു
യുദ്ധ ധർമ്മവും നീതിയും ന്യായവും
കാറ്റിലേറെപ്പറക്കുന്നു മൂകമായ്
പാർഥബാണങ്ങൾ ഏറ്റു വീഴുന്നതും
കർണ്ണനായ് വിധി കാത്തുവെച്ചീടുന്നു
ചോര ചിന്തിക്കിടക്കും നിലത്തിലായ്
താഴ്ന്നു നില്ക്കും രഥത്തിന്നരികിലായ്
നെഞ്ചിലാഴ്ന്ന കിരീടിതൻ അസ്ത്രത്തെ
മേല്ലെയൂരവേ കർണ്ണൻ ചിരിച്ചു പോയ്
കണ്ടു നിന്ന കിരീടിയോ സ്തബ്ധനായ്
എന്തുകാരണം എന്നുരച്ചീടവേ
മെല്ലെ, ഒന്നുമേ മിണ്ടാതെ മാധവൻ
തന്റെ കർമ്മ രഥത്തിൽ കരേറുന്നു
കർമ്മ സാക്ഷിയോ തന്റെ സുതന്റെയീ
അന്ത്യ വേളകൾ കാണുവാനാകാതെ
വാനിൽ നിന്നും മറഞ്ഞുപോയ് വേഗത്തിൽ
കണ്ണുനീരിനാൽ ലവണമായ് ആഴിയും
ദിക്കുപൊട്ടും വിധത്തിലായാഹ്ലാദ
ഭേരികൾ കേട്ടു ഞെട്ടിത്തരിച്ചു പോയ്
കൌരവപ്പടപ്പാളയത്തിൽ വീരർ
അംഗവീരന്റെ ചുറ്റും ഭയത്തോടെ
കാല പുരുഷന്നു മുന്നിൽ അഷോഭ്യനായ്
തന്റെ ഊഴത്തിനായ് കാത്തു നില്ക്കവേ
കർണ്ണനോർത്തു തന്നമ്മയെന്നോതിയ
കുന്തി ദേവിതൻ യാചിക്കുമാ മുഖം
അർക്കനോടായി സംവദിച്ചീടുവാൻ
ഗംഗയോരത്തിരിക്കെ പതിവുപോൽ
പിന്നിൽ നിന്നും നിറഞ്ഞ മിഴിയാളായ്
തന്റെ പുത്രന്റെ ചാരത്തു ചെന്നവൾ
കൈകൾ രണ്ടും വിടർത്തിപ്പിടിച്ചവൾ
തന്റെയിംഗിതമോതി സുതനോടായ്
പാണ്ഡവർക്കായി പോരാടുവാനായി
നീ വരികയെൻ ഉത്തമ പുത്രനായ്
ഭ്രാതൃഹത്യയെക്കാളും തികഞ്ഞൊരു
പാപമില്ലെന്നു ചൊല്ലി വൃഥാ പൃഥ
മൂത്ത പുത്രനായ് കാത്തവയെല്ലാമേ
നല്കിടും നിനക്കായെന്നുമോതിയോള്
ദേശ രാജ്യ പ്പ്രജാ കാര്യമൊക്കെയും
നോക്കിടും നൃപ സിംഹാസനത്തെയും
അഞ്ചുപേർക്കായി ഞാൻ പകുത്തേകിയ
പത്നി പാഞ്ചാലി തന്നധീശത്വവും
എത്ര കൌന്തേയനെന്നു വിളിച്ചാലും
രാധയാണെനിക്കെന്നുമെൻ തായയായ്
സൂതപുത്രനാണീ കർണ്ണനെന്നുമേ
അംഗരാജ്യത്തിനധിപതിയാകിലും
ഉറ്റ മിത്രമാം എന്റെ സുയോധനൻ
തന്റെ കൂടപ്പിറപ്പുകളെക്കാളും
ബന്ധുവാണെന്റെ യെന്നറിഞ്ഞീടുക
എന്റെ ജീവന്നവകാശിയാമവൻ
നെഞ്ചു കീറി ഹൃദയം പകുത്തിടാൻ
പഞ്ച പാണ്ഡവർ ഇല്ലാത്ത കാലത്തും
എന്റെ മാനത്തെ കാത്തു രക്ഷിക്കുവാൻ
കൂടെ നിന്ന മിത്രത്തെ മറക്കാമോ?
പഞ്ചപാണ്ഡവർ എന്ന് ചൊല്ലീടുവാൻ
അഞ്ചുപേർ നിനക്കെന്നുമുണ്ടായിടും
പാർഥനല്ലാതെയാരെയും ഞാനെന്റെ
കൈകളാല് ഹനിക്കില്ലെന്നു ചൊൽവൂ ഞാൻ
ശല്യ സാരഥ്യ മേൽക്കും രഥത്തിലായ്
അർജ്ജുനന്നടുത്തേക്കു കുതിക്കവേ
കർണ്ണനോർത്തുപോയ് തന്റെയവസ്ഥയെ
കുണഠിതത്തോടെ കർമ്മ ശാപത്തെയും
തന്റെ ബാണങ്ങൾ തന്റെയനുജനെ
കൊന്നുവെങ്കിലീ യുദ്ധത്തിനപ്പുറം
ജേഷ്ഠനെന്നു ചോല്ലീടുവാനുള്ളയെൻ
ശ്രേഷ്ഠത പോലുമില്ലാതെയായിടും
കൌരവപ്പടയാകെ തകർത്തു പോം
അര്ജുനന്റെയന്ത്യത്തിനായ് കാതോർക്കും
ജേഷ്ഠകൌരവൻ തന്റെയഭീഷ്ടത്തെ
കാത്തിടാതെയിരിക്കുന്നതെങ്ങിനെ
ആദ്യ ബാണം തൊടുക്കുന്നതിൻ മുൻപ്
ഓർത്തു ഈശനെ കർണ്ണൻ മനസ്സിലായ്
തോറ്റുജീവിക്കയെന്നൊരു ഭാഗ്യവും
ശിഷ്ട ജീവനിൽ ഇല്ലെന്നറിഞ്ഞവൻ
തന്റെയനുജന്റെ ബാണം പടച്ചട്ട-
യൊന്നുമല്ലെന്ന പോലെത്തറക്കവേ
തന്റെ ഇന്ഗിതമീശ്വരൻ കാത്തുവെ-
ന്നോർത്ത് പുഞ്ചിരിച്ചൂ ജേഷ്ഠപാണ്ഡവൻ