സിനിമ: കഥാവശേഷൻ
സംവിധാനം: ടി വി ചന്ദ്രൻ
ഭാഷ: മലയാളം
ഒന്നു നോക്കിയാൽ, ചില മനുഷ്യർക്കുള്ളിൽ ഇപ്പോഴും "കഥാവശേഷനിലെ "ഗോപിനാഥൻ നായരുണ്ട് എന്നു കാണാം. ജീവിതത്തിന്റെ ഏറ്റവും വലിയ പരീക്ഷണം നിസ്സഹായതയാണെന്നറിഞ്ഞതു
കൊണ്ടാവണം, ജീവിക്കാനുള്ള അപമാനം കൊണ്ട് അയാൾ ജീവനൊടുക്കിയത്. സ്വന്തം വേദനകളെയൊക്കെ ഉള്ളിലൊതുക്കി മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന ആ മനുഷ്യൻ, തന്നെ വേദനിച്ചവളെപ്പോലും ശപിക്കുന്നില്ല. "കണ്ണുനട്ട് കാത്തിരുന്നിട്ടും എന്റെ കരളിന്റെ കരിമ്പു തോട്ടം കട്ടെടുത്തതാരാണ്" എന്നു പാടുന്ന നിസ്സഹായനായ കള്ളനെ ചേർത്തുനിർത്താൻ ഗോപിനാഥൻ നായർക്കു മാത്രമേ കഴിയൂ......
ഗോപിനാഥൻ നായർ ...., നിങ്ങൾ ജീവനോടെയുണ്ടെങ്കിലെന്ന് ഞാൻ മോഹിച്ചു പോവുന്നു.
"ഏതൊരു സൃഷ്ടിയും മഹത്വരമാകുന്നത് അത് പ്രതിപാദിക്കുന്ന കാഴ്ചപ്പാടുകളിലൂടെയാണ്."മലയാളത്തിലെ തന്നെ എണ്ണം പറഞ്ഞ പ്രതിഭാധരരായ സംവിധായരിൽ ഒരാളായ ടി വി ചന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച് 2004ൽ പുറത്തിറങ്ങിയ ചിത്രമാണ് കഥാവശേഷൻ. കഥാപ്രമേയം കൊണ്ടും ഛായഗ്രഹണരീതികൊണ്ടും തീർത്തും വ്യത്യസ്ഥമായ ഈ ചിത്രം ഇന്നും മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടുന്ന ഒന്നാണ്. ഗോപി എന്ന യുവ എഞ്ചിനിയറുടെ ആത്മഹത്യയും അതിനെ തുടർന്ന് അദ്ദേഹത്തിന്റെ മരണത്തിന്റെ ദുരൂഹത അറിയിക്കാൻ ശ്രമിക്കുന്ന പ്രതിശ്രുത വധുവായ രേണുകയുടെ അന്വേഷണങ്ങളുമാണ് ഈ സിനിമയുടെ കാതലായ ഇതിവൃത്തം. അന്വേഷണത്തിനൊടുവിൽ അവർ കണ്ടെത്തുന്ന സത്യം പ്രേക്ഷകരുടെ നെഞ്ചിൽ പോലും ഒരു നുള്ള് നൊമ്പരം കോരിയിടുന്നുണ്ട്.
മനുഷ്യത്വം എന്ന കാലികമായ സത്യത്തെ എത്രത്തോളം ശക്തമായി പ്രതിപാദിക്കുവാൻ കഴിയുമോ അത്രയും തീഷ്ണമായിത്തന്നെ ഈ ചിത്രത്തിൽ പ്രതിഫലിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ചിത്രത്തിന്റെ രുചി നിഷ്കളങ്കമായ സ്നേഹവും മനുഷ്യത്വവും തന്നെയാണ് എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. നമ്മുടെ കാഴ്ചപ്പാടുകളാണ് നമ്മെ ഒരു സമൂഹജീവിയായി മാറ്റുന്നത് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും അത് തന്നെയാണോ പാരമാർത്യ സത്യം എന്ന് വിളിച്ചു ചോദിക്കാൻ സംവിധായൻ കാണിച്ച ആർജവം പ്രശംസിക്കാതെ വയ്യ. കൂട്ടത്തിൽ മനുഷ്യത്വവും വിശ്വാസ-ശകുന സിദ്ധാന്തവും എത്രത്തോളം വ്യത്യസ്ഥമാണ് എന്ന് പലയിടങ്ങളിലും ചോദിക്കുന്നുണ്ട് സംവിധായകൻ. സ്വന്തം മകൾ മരിച്ചു കിടക്കുമ്പോൾ കല്ല്യാണത്തിന് പോകേണ്ടി വരുന്ന അച്ഛനും, സാഹചര്യം കൊണ്ടു കള്ളനാകേണ്ടി വന്ന കൊച്ചുണ്ണിയും ഈ ചോദ്യം ചെയ്യലിന്റെ മകുടോദഹരണങ്ങളാണ്.
ഒരു കള്ളൻ കരയുന്നത് കാണിക്കാൻ സംവിധായൻ ചെയ്ത ധൈര്യം, ചില അപ്രഖ്യപിത സംഹിതകൾ തകർക്കപ്പെടേണ്ടതാണ് എന്ന് ശക്തമായി വാദിക്കുന്നുണ്ട്. കൂടാതെ ഒരു സാധാരണ മനുഷ്യൻ ഏതെല്ലാം ജീവിത സാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട് എന്നും കൃത്യമായി ഇവിടെ വരച്ചിടുന്നുണ്ട്.
ഈ ചിത്രത്തിലെ ഒരോ കഥാപ്രാത്രങ്ങളും ഈ സിനിമയുടെ സ്വത്വം തന്നെയാണ്. അതിനേക്കാൾ ഉപരി, ഓരോ അഭിനേതാവും മത്സരിച്ച് അഭിനയച്ചു എന്നു പറയാതെ വയ്യ. അത് കൊണ്ട് തന്നെയാണ് ഈ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ കൂടുകൂട്ടിയത്. ഗോപിയായി ദിലീപും, രേണുകയായി ജ്യോതിർമയിയും അവതരിച്ചപ്പോൾ, കള്ളനായി വന്ന ഇന്ദ്രൻസിന്റെ കഥാപാത്രം നിറഞ്ഞാടുകയായിരുന്നു. കൊമേഡിയൻ എന്ന ബിംബത്തിൽ നിന്നുമുള്ള അദ്ദേഹത്തിന്റെ ശാപമോക്ഷമായിരുന്നു ഈ കഥാപാത്രം. അദ്ദേഹത്തിലെ അനശ്വരമായ നടനെ പുറത്ത് കൊണ്ടുവന്നതും ഈ കഥാപാത്രം തന്നെയാണ്. അനശ്വരനായ കലാകാരൻ ഗിരീഷ് പുത്തഞ്ചേരിയുടെ ശക്തമായ വരികൾക്കും ഈ നടനെ പുറത്ത് കൊണ്ടുവന്നതിൽ ചെറുതല്ലാത്ത പങ്കുണ്ട്.
ദൃശ്യചാരുതകൊണ്ടും സിമ്പോളിക് ഫ്രെയിമുകൾ കൊണ്ടും സമ്പന്നമാണ് ഈ സിനിമ. ചെറിയ രീതിയിൽ എങ്കിൽ കൂടി ഇന്ത്യയിലെ വിവിധ സംസ്കാരങ്ങളെ വരച്ച് കാട്ടാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഗിരിഷ് പുത്തഞ്ചേരിയുടെ വരികളും എം.ജയചന്ദ്രന്റെയും, ഐസക് തോമസ്സിന്റെയും സംഗീതവും ചിത്രത്തിന് പുതുജീവനാണ് നൽകിയത്. മൂന്നോളം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയെടുത്ത ഈ ചിത്രം ജീവിതകാല ഘട്ടത്തിൽ ഒരിക്കലെങ്കിലും കാണേണ്ട ഒരു സിനിമയായാണ് ഞാൻ കണക്കാക്കുന്നത്.