മനോഹരം... അല്ല, അങ്ങനെ ഒരു വാക്കുകൊണ്ട് വിവരിക്കാൻ കഴിയില്ല ആ ചിത്രം. കണ്ടു കഴിഞ്ഞപ്പോൾ എന്തു പറയണമെന്നറിയില്ല; ഗർബ നൃത്തം ചെയ്യാൻ തോന്നി, അറിയില്ലെങ്കിലും. എത്ര ഹൃദയ സ്പർശിയാണെന്നറിയുമോ ഓരോ
ദൃശ്യവും. സിനിമ ഗുജറാത്തിയിലാണ്. ഹിന്ദി പോലും മര്യാദയ്ക്ക് മനസ്സിലാവാത്ത എനിക്കു പക്ഷെ ഈ സിനിമ ആസ്വദിക്കാൻ ഭാഷ തടസമായി തോന്നിയില്ല. വളരെ സങ്കിർണമായ കഥാപാത്രങ്ങളോ ട്വിസ്റ്റുള്ള കഥാസന്ദർഭങ്ങളോ ഇല്ലാത്ത സിമ്പിളായ സിനിമ പക്ഷേ, പവർഫുൾ.
സിനിമ തുടങ്ങുന്നതെ മീശപിരിക്കുന്ന ഒരു ആളെ കാട്ടികൊണ്ടാണ്. മഴയ്ക്കു വേണ്ടി കാത്തിരിക്കുന്ന ഒരു ഗ്രാമം. മഴയ്ക്കായി ദേവിയെ പ്രീതിപ്പെടുത്താൻ നൃത്തം ചെയ്യുകയാണ്. നൃത്തം ചെയ്യുന്നത് സ്ത്രീകൾ അല്ല പുരുഷന്മാരാണ്. ഇവിടെ നിന്നു തുടങ്ങുന്നു അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ കഥ.
മഴ മൂന്നുവർഷമായി ആ ഗ്രാമത്തിൽ പെയ്തിട്ട്. അതിരാവിലെ കിലോമീറ്ററോളം മണലാരണ്യത്തിലൂടെ നടന്നുപോയി ഓരോ സ്ത്രീയും കൊണ്ടുവരുന്ന രണ്ടുകുടം വെള്ളമാണ് ഓരോ വീടിന്റെയും ജീവജലം. അവൾക്ക് മറ്റൊന്നിനും അവകാശമില്ല. ചോദ്യങ്ങൾ ചോദിക്കാൻ, മറ്റൊരാളുടെ മുഖത്തു നോക്കാൻ എന്തിന് നൃത്തം ചെയ്യാൻ പോലും.
പുരുഷന്മാരുടെ കൈയിൽ വാളും സ്ത്രീകളുടെ കൈയിൽ ചെമ്പു കുടങ്ങളുമാണ് സിനിമയിൽ ഉടനീളം. അതിലൂടെ വരച്ചുകാട്ടുന്ന ഗ്രാമത്തിലെ ജീവിതം.
ഒരു ദിവസം വെള്ളം കൊണ്ടുവരുന്ന വഴിയിൽ അവർ ഒരാളെ കണ്ടുമുട്ടുന്നു. അതിമനുഷികനല്ലാത്ത എന്നാൽ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരാൾ. അയാളുടെ വരവോടെ കഥ മാറുന്നു. ജീവിതങ്ങൾ മാറിമറയുന്നു. പിന്നീട് അങ്ങോട്ടുള്ള ഓരോ ചുവടും കാണേണ്ടതാണ്. കാണുകയില്ല, അതൊരു അനുഭവമാണ്.
അടിയന്തരവസ്ഥ കാലത്തു കച്ചിൽ നടക്കുന്ന ഒരു കഥയാണിത്. ഒരു ഗുജറാത്തി ഗ്രാമം എത്ര മനോഹരമായാണ് കാണിച്ചിരിക്കുന്നത് ഓരോ ഫ്രെയിമും ഓരോ ചിത്രങ്ങളാണ്. മണലാരണ്യത്തിലൂടെ കുടങ്ങളുമായി നടന്നു നീങ്ങുന്ന സ്ത്രീകൾ, കത്തുന്ന സൂര്യൻ, നീല ആകാശം, ചിത്രകാരിയായിരുന്നെങ്കിൽ ക്യാൻവാസിലേക്കു പകർത്താൻ ഒത്തിരി നല്ല ചിത്രങ്ങൾ കിട്ടുമായിരുന്നു. പിന്നെ ഡോലിന്റെ സംഗീതവും ഗർബ നൃത്തത്തിന്റെ വശ്യതയും. ഗർബ നൃത്തം ഓരോ സമയത്തും ഓരോ ഭാവമാണ് സന്തോഷത്തിന്റെ അടിച്ചമർത്തലിന്റെ ദേഷ്യത്തിന്റെ സ്വാതത്രത്തിന്റെ എത്ര എത്ര ഭാവങ്ങൾ.
ഇതിൽ ഒരു നായകനോ നായികയോ ഇല്ല, ഒരുകൂട്ടം അഭിനേതാക്കളാണ്. കണ്ണുകൾ കൊണ്ടു സംസാരിക്കുന്ന ഭാവങ്ങൾ കൊണ്ടു കഥകൾ പറയുന്ന നൃത്തംകൊണ്ടു അവസാനം സ്വാതന്ത്ര്യം ആഘോഷിക്കുന്ന പെണ്ണുങ്ങൾ. ഇതിലെ സ്ത്രീ കഥാപാത്രങ്ങളെ എങ്ങിനെയാണ് വരച്ചുകാണികണ്ടതെന്നു അറിയില്ല. അത്രയ്ക്കും മനോഹരമാണ്.
ഒരു നാടോടി കഥയെ ആസ്പദമാക്കി ഈ ദൃശ്യവിരുന്നൊരുക്കിയിരിക്കുന്നത് ഈ സിനിമയുടെ സംവിധായകൻ അഭിഷേക് ഷായാണ്. കൂടെ ഛായാഗ്രഹണം നിർവഹിച്ച ത്രിഭുവൻ ബാബു സദിനേനിയും. ഇവർക്കൊപ്പം കൈയടി കിട്ടേണ്ട മറ്റൊരാൾ ഗർബ നൃത്തം കൊറിയോഗ്രാഫ് ചെയ്തയാളാണ്, സമീർ.
സിനിമയുടെ അവസാനം നമ്മളും ആ ഗ്രാമത്തിൽ എത്തും. സിനിമ കഴിയാറായപ്പോഴേക്കും ആ പെണ്ണുങ്ങൾക്കിടയിലെ ഒരാളായിട്ടാണ് എനിക്കു തോന്നിയത്. അവരോടൊപ്പം ഗർബ നൃത്തം ചെയ്യാൻ ഞാനും മനസുകൊണ്ട് കൊതിച്ചു. എന്റെ കണ്ണും നിറഞ്ഞിരുന്നു. വെറുതെയല്ല കഴിഞ്ഞ വർഷത്തെ ദേശീയ പുരസ്‌കാരം ഈ ചിത്രത്തിന് കിട്ടിയത്.
ഹെല്ലാറോ എന്നാൽ വിസ്ഫോടനം, അല്ലെങ്കിൽ വലിയൊരു തിരമാലപോലെയുള്ള ശക്തമായ ഊർജസ്രോതസ്സ് എന്നാണ്. അതേ ഊർജ്ജം തന്നെയാണ് സിനിമ കണ്ടുകഴിയുമ്പോൾ നമ്മുടെ ഉള്ളിലും നിറയുന്നത്. കണ്ടിട്ടില്ലെങ്കിൽ തീർച്ചയായും കാണണം. നല്ലൊരു അനുഭവമായിരിക്കും.☺️