മറ്റൊരാൾ.. മലയാള സിനിമയിൽ പുതിയ ഭാവുകത്വത്തിന് വഴിതുറന്ന മാസ്റ്റർ ക്രാഫ്റ്റ്മാൻ കെ.ജി ജോർജ് സംവിധാനം ചെയ്ത ചിത്രം. എല്ലായ്പ്പോഴും പുതുമയാർന്ന കഥാപരിസരം തേടിപ്പോയ അദ്ധേഹത്തിൻ്റെ മാസ്റ്റർ പീസും ജനപ്രീതി
നേടിയ സിനിമയായി യവനിക ഗണിക്കപ്പെടുന്നുണ്ടെങ്കിലും സ്ത്രീ പുരുഷ മന:ശ്ശാസ്ത്രത്തിൻ്റെ സൂക്ഷ്മതലത്തിലേക്കു പിടിച്ചു ഒരു കണ്ണാടിയായി സംവേദകനെ കീഴ്പെടുത്തുന്നുണ്ട് മറ്റൊരാൾ . ചലച്ചിത്ര വിദ്യാർത്ഥികളുടെ പാഠപുസ്തകമായ യവനികക്കു പിന്നിൽ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയ ഒന്നാണ് മറ്റൊരാൾ (1988). ഒരർത്ഥത്തിൽ കാലാതിവർത്തിയായ ഒരു സിനിമ കാലം തെറ്റി പിറന്നു എന്നു പറയുന്നതാണുചിതം.സി.വി.ബാലകൃഷ്ണൻ്റെ കഥയെ മുൻനിർത്തി കെ.ജി.ജോർജ്ജ് സംവിധാനം ചെയ്വ ഈ ചിത്രം ദാമ്പത്യ ജീവിതത്തിലെ ചോര ചിന്താത്ത അത്യന്തം അക്രമണോത്സുകത അനാവരണം ചെയ്യുന്നു.ഓരോ ദാമ്പത്യ ജീവിതവും പുകയുന്ന നെരിപ്പോടുകളാണ്. ചൂടിൻ്റെ ആധിക്യത്താൽ എപ്പോൾ വേണമെങ്കിലും തീയാളാവുന്ന നെരിപ്പോട്. പുറമെ കാണുന്നവർക്ക് അനുഭവവേദ്യമാകുന്ന സന്തോഷകരമായ ഒരു കുടുംബത്തിൻ്റെ അണിയറയിൽ അരങ്ങേറുന്ന സംഭവങ്ങളുടെ പൊള്ളൽ സിനിമാ കാണുന്ന പ്രേക്ഷകനിലേക്ക് മെല്ലെ പടർന്നു കയറുന്നു. ആ ചൂട് സിനിമാവസാനം വരെ പ്രേക്ഷകനെ പൊള്ളിച്ചുകൊണ്ടിരിക്കുന്നു. നടപ്പു സദാചാര സങ്കൽപ്പങ്ങളെ അട്ടിമറിച്ച് അസംതൃപ്തയായ ഒരു ഭാര്യ എടുക്കുന്ന മാരകമായ തീരുമാനം .പ്രവൃത്തി . ഒരു കുടുംബിനിക്ക് ഇത്തരത്തിൽ എങ്ങിനെ പ്രവർത്തിക്കാനാകും എന്ന് ചിന്തക്ക് സ്ത്രീ പുരുഷ മനശ്ശാസ്ത്രത്തിൻ്റെ സൂക്ഷ്മ വിചിന്തനത്തിലൂടെ സമീകരണമാകുന്നു.
നഗരത്തിലെ ഉയർന്ന ഒരു ദ്യോഗസ്ഥനായ കൈമൾ (കരമന ).ഭാര്യ സുശീല ( സീമ )കുട്ടികൾ ശാന്തമായ കുടുംബ ജീവിതം നയിക്കുന്നു. അയാൾക്ക് സുഹൃത്തെന്നു പറയാവുന്നത് യുവ എഴുത്തുകാരനായ ബാലുവും (മമ്മുട്ടി ) ഭാര്യ വാണി(ഉർവ്വശി ) യുമാണ്. തോമസ്സി (ജഗതി )നേയും കുടുംബത്തെയും പോലുള്ള ആളുകളെ അയൽപക്കമായിട്ടും കൈമൾ അകലം പാലിക്കുന്നു. തുടക്കത്തിൽ ഇടക്കിടക്ക് പണി മുടക്കുന്ന സ്റ്റാർട്ടാകാത്ത കാർ കൈമൾ പ്രവർത്തിപ്പിക്കാൻ ശ്രമിച്ച് പരാജയം നേരിടുന്നു. ഒരു വേള അയാൾ ആ പഴയ കാറുമായി താദാത്മ്യം പ്രാപിക്കുന്നത് പ്രേക്ഷകർക്ക് വേദനയോടെ ബോധ്യമാവുകയാണ്.കൈമൾ ഒരു കുടുംബനാഥനെന്ന റോളും സമൂഹം ആദരിക്കുന്ന ഒരു ഉയർന്ന ഉദ്യോഗസ്ഥൻ്റെ സ്ഥാനവും ആസ്വദിക്കുന്ന ഒരു വ്യക്തിയാണ്. ഒപ്പം ഒരു പുസ്തകപ്രേമി കൂടിയാണ്. അദ്ധേഹത്തിൻ്റെ പുസ്തകാഭിരുചിയിൽ നിന്നും ഒന്നു വ്യക്തമാണ് .കാൽപ്പനിക പ്രമേയങ്ങളോട് താത്പര്യമില്ല. അദ്ധേഹത്തിൻ്റെ ശരീരഭാഷയും താൻ ഒരിക്കലുമൊരു പ്രണയാതുരനല്ല എന്നത് തീർച്ചപ്പെടുത്തുന്നു. ഒരു നാൾ അദ്ധേഹം ഓഫീസ് വിട്ടു വരുമ്പോൾ ഭാര്യയെ കാണുന്നില്ല. അതിൻ്റെ കാരണങ്ങൾ തിരിച്ചറിയുമ്പോഴും സമൂഹത്തിലെ തൻ്റെ മാന്യത കാത്തു സൂക്ഷിക്കാനാണയാൾ ശ്രമിക്കുന്നത്. തനിക്ക് ഒരു പുതിയ കാറ് വാങ്ങാൻ അഭിപ്രായപ്പെട്ട ,തൻ്റെ കാറിന് വരുന്ന തകരാറുകൾ പരിഹരിക്കാൻ സ്ഥിരമായി വിളിക്കാറുള്ള കാർ മെക്കാനിക്ക് ഗിരിയുടെ കൂടെ തൻ്റെ ഭാര്യ സുശീല പോയിരിക്കുന്നു. താൻ ഓഫീസിൽ പോകുന്ന സമയത്ത് ഗിരിക്ക് തൻ്റെ വീട്ടിൽ ഭാര്യയുമായി ബന്ധപ്പെടുവാൻ തക്കവണ്ണം സ്വതന്ത്ര്യം ഉണ്ടായിരുന്നുവെന്ന് അയാൾ അറിയുന്നു. മോശമായ ഒരു ജീവിതാവസ്ഥയിൽ നിന്നും രക്ഷപ്പെടുത്തി തിരികെ കൊണ്ടുവരാൻ സുഹൃത്ത് ബാലു പോകുമ്പോൾ സുശീല ഉറച്ച സ്വരത്തിൽ തൻ്റെ തീരുമാനത്തിന് മാറ്റമില്ലെന്ന് അറിയിക്കുന്നു. ഭർത്താവിൻ്റെ വിരസമായി ആവർത്തിക്കുന്ന ദിനചര്യക്ക് രാസത്വരകമായി വർത്തിച്ച യാഥാസ്ഥിതിക കുടുംബിനിയിൽ നിന്നും വികാര വിക്ഷോഭത്തോടെയുള്ള ആ പറച്ചിലേക്ക് എത്തിച്ച സുശീലയുടെ ആ പ്രതികരണം ബാലനെ മാത്രമല്ല പ്രേക്ഷകരെയും പിടിച്ചുലക്കാൻ പര്യാപ്തമാണ്. സുശീലയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തോടുള്ള ബാലുവിൻ്റെ സുഹൃത്തായ മഹേഷിൻ്റെ പുരുഷ പക്ഷപാതപരമായ പ്രതികരണം ലൈംഗിക അസംതൃപ്തിയെന്നാണ് .കരുത്തനായ ഒരു പുരുഷൻ്റെ ആവശ്യം അവർക്കുണ്ടായിരുന്നെന്നുമാണ് അയാൾ അർത്ഥശങ്കക്കിടയില്ലാത്ത വിധം തീർച്ചപ്പെടുത്തുന്നത്.
കുട്ടികളെ അടക്കിപ്പിടിച്ച് മുന്നോട്ടു പോകുന്ന കൈമളെ പുച്ഛത്തോടെ നിരീക്ഷിക്കുന്ന തോമസിനെ പോലുള്ളവർ. ഏവരും പഴിക്കുന്നത് സുശീലയെ. എന്നാൽ യാഥാർത്ഥ്യ ബോധത്തോടെ വേണി പ്രതികരിക്കുന്നു. എങ്ങിനെയുള്ള ജീവിതമാണോ സുശീലക്കു വരുന്നതെന്ന്? ആ ആശങ്ക യാഥാർത്ഥ്യവുമായി . ഗിരിക്ക് സുശീലയെ മടുത്തു തുടങ്ങി. വേണ്ടിയിരുന്നില്ല. കുടുംബമൊന്നും തനിക്ക് പറ്റില്ല. ഇതൊരു സ്വൈരക്കേടായിയെന്ന് ബാലനോട് അയാൾ പറഞ്ഞു. സുശീലക്കും അത് അനുഭവത്തിൽ വന്നു തുടങ്ങി. വീട്ടുജോലിക്ക് സഹായിക്കാനെന്ന ഭാവേന ഒരുവളെ ഗിരി വീട്ടിലേക്ക് കൊണ്ടുവന്നു. തൻ്റെ സ്വാതന്ത്ര്യം തകർന്നടിയുന്നത് സുശീല കണ്ടു. ഒരു കത്തിയുമെടുത്ത് കൈമൾ വൃത്തികെട്ട തെരുവിലേക്ക് ചെല്ലുന്നു. തുടർന്നയാൾ വിലപിക്കുന്ന കാഴ്ചയാണ് കാണുന്നത് . അവൾ ആട്ടിൻ കുട്ടിയെ പോലെ പാവമാണെന്ന് കൊല്ലേണ്ടത് അവനെയെന്ന്. ഒടുവിൽ കടൽത്തീരത്ത് ബാലുവിനൊപ്പമിരുന്ന് ഏകാന്തതയെക്കുറിച്ചെല്ലാം സംസാരിച്ച് , ഹൃദയം തകർന്ന ഒരു മനുഷ്യനിലൂടെ കെ.ജി.ജോർജ് സാർവ്വകാലികമായ ഒരു പ്രമേയം പറഞ്ഞു വക്കുന്നു. കൃത്രിമമല്ലാത്ത പാത്രസൃഷ്ടിയിലൂടെയും സംഭവങ്ങളിലൂടെയും പ്രമേയത്തിൻ്റെ കാതലിലേക്ക് പ്രേക്ഷകരെ വലിച്ചടുപ്പിക്കുകളും ഒപ്പം നടത്തുകയുമാണ് സംവിധായകൻ ചെയ്യുന്നത്. സ്വയമറിയാതെ വന്നു പെടുന്ന ബന്ധങ്ങൾ അന്യോനം ദഹിപ്പിക്കുന്ന മനുഷ്യാവസ്ഥകളെക്കുറിച്ച് പറയുന്ന ക്രാന്തദർശിയായ ഒരു ചലച്ചിത്രകാരൻ്റെ മികച്ച സൃഷ്ടിയെന്ന്
മറ്റൊരാളിനെ വിശേഷിപ്പിക്കാം.