• MR Points: 0
  • Status: Ready to Claim

Guna caves

Sajith N Kumar

പൊന്നോമനേ,

ഒരു അമ്മയെന്ന സ്നേഹബലത്തിലാണ് മോനെ അങ്ങനെ അഭിസംബോധന ചെയ്യാൻ മുതിർന്നത്. മോനിഷ്ടമായില്ലെങ്കിലും അമ്മയ്ക്ക് സുഭാഷിനെ അങ്ങിനയേ വിളിക്കാനാവൂ!

പുതുകാലം അധിനിവേശപ്പെട്ട ഡിജിറ്റൽ തൂലികകൾ, അക്ഷരാഡംബരത്താൽ മോടി പിടിപ്പിച്ച ധാരാളമെഴുത്തുകൾ നവമാധ്യമ വഴികളിലൂടെ സുഭാഷിനെ തേടിയെത്തിയിട്ടുണ്ടാവുമെങ്കിലും നിനക്കറിയാത്ത എന്നാൽ നിന്നെ ആവോളമിന്നറിഞ്ഞ അമ്മയുടെ ഈ എഴുത്ത് വായിക്കാതെ പോകരുതേ! 

മോനെ ആശങ്കപ്പെടുത്തുന്നില്ല. ജന്മാന്തരം ഓർക്കാനുള്ള അനുഭവം മോനുണ്ടല്ലോ! ഔദ്യോഗിക കണക്കുപ്രകാരം കൊടൈക്കനാലിലെ ഗുണാകേവ്സിൽ നഷ്ടമായ പതിമൂന്നുപേരിലൊരാളുടെ ഹതഭാഗ്യയായ അമ്മയാണ്.

മനസ്സിനകം ഒറ്റവരിയിലൊതുക്കാനുള്ള  ചടുലമായ ഭാഷാപ്രയോഗങ്ങളൊന്നും അമ്മയ്ക്കറിയില്ല. അതിലുപരി അക്ഷരങ്ങൾ  വിരലുകളോട് നീണ്ട പിണക്കത്തിലായിട്ട് കാലങ്ങളേറെയായി. അതിനാൽ, കൊച്ചുമകൾ കാർത്തുവാണ് വാക്കുകൾക്ക് അക്ഷരങ്ങളിൽ ജന്മം നൽകുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു,  മരുമകൻ  ദേവാനന്ദന്റെയും മകൾ കവിനിയുടേയും നിർബന്ധത്തിനു വഴങ്ങി, ഏകദേശം ഒരു വ്യാഴവട്ടത്തിനപ്പുറം ഒരു സിനിമ കാണാൻ പോയത്.

Manjumel boys

വിയർപ്പിന്റെ മണത്തിലും ഇല്ലായ്മയുടെ    ഞെരുക്കത്തിലും പഴയ സിനിമാകൊട്ടകകളിൽ നിന്നു ലഭിച്ച  സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും സ്പർശമന്യം നിന്നുപോയ മൾട്ടിപ്ലക്സ് സിനിമാശാലയിലെ അതിശീതളതയും പണകൊഴുപ്പിന്റെ ഗന്ധവുമെന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു, സിനിമ തുടങ്ങുന്നതുവരെ.

"കൺമണി അൻപൊട് കാതലൻ നാൻ എഴുതും കടിതമേ..."  

സ്വരഭേദമോടെ 'നടനവിസ്മയം' കമലഹാസൻ മനസ്സിൽ പണ്ടെങ്ങോ സന്നിവേശിപ്പിച്ച വരികൾ  ഹാളിൽ    മുഴങ്ങിയതും,  ഉള്ളത്തിന്നാഴങ്ങളിലിന്നും അലയടിക്കുന്ന തേങ്ങലല്പം ഉച്ചത്തിലായി.

പതിമൂന്ന് വർഷങ്ങൾക്കു മുമ്പൊരു അപരാഹ്നത്തിലാണ്,  ഇളയ മകൻ കാർത്തിക് അലക്കുകല്ലിന്മേൽ ചാടിക്കയറി കമലഹാസന്റെ ശബ്ദമനുകരിച്ചുകൊണ്ടു,  ചോദിച്ചത്.

"അമ്മാ,  നാളെ നിങ്ങളുടെ പൊന്നോമന കാർത്തിക് കൃഷ്ണ   കൂട്ടുകാരുമൊത്തു ഗുണാ കേവിലേക്കൊരു സവാരി പോകുന്നുണ്ട്. സമ്മതമല്ലേ?"

അലക്കിയ തുണികൾ ഉണങ്ങാനിടുന്നതിനിടയിൽ,  നിഷേധ സ്വരമുതിർത്തു മുഖം തിരിച്ചതും, അവനോടി വന്നന്റെ കവിളുകളെ മുത്തം കൊണ്ടു മൂടി, എന്റെ പ്രതിരോധത്തെ ദുർബലപ്പെടുത്താനെന്നോളം സാരിത്തുമ്പ് പിടിച്ചു പിന്നാലെ നടന്നു കൊഞ്ചി ചോദിച്ചു.

"പോകട്ടെ അമ്മാ, എന്നുടെ പൊന്നമ്മയല്ലേ!"

അവന്റെ കണ്ണുകളിൽ വിരിയാൻ തുടിക്കുന്ന ആമോദമൊട്ടുകൾ കണ്ടു,

അർദ്ധസമ്മതം  മൂളിയതും അവനെന്നെ എടുത്തു വട്ടംകറക്കി, നെറ്റിയിൽ മുത്തമിട്ടോടിപ്പോയി. 

ഞാനവന്റെ ഓട്ടം നോക്കി പുഞ്ചിരിച്ചു, മുന്നോട്ടുപോയ കാലടികൾ തിരിച്ചുവിളിക്കപ്പുറം അകലുകയാണെന്നറിയാതെ...

മക്കളുടെ കണ്ണുകളിലെന്നും ആഹ്ലാദ പൂക്കൾ വിരിഞ്ഞു കാണാനാഗ്രഹിക്കുന്ന അമ്മമനസ്സിന്റെ ദൗർബല്യത്തെ  മുതലെടുത്തു  കാര്യങ്ങൾ നേടിയെടുക്കുന്നതിൽ അവനും സുഭാഷിനെപ്പോലെ മിടുക്കനായിരുന്നു. കേട്ടോ!

എറണാകുളത്തെ മഞ്ഞുമ്മൽ  നിന്നും കൊടൈക്കനാൽ വരെ നീണ്ട യാത്രയിൽ മോനടക്കം പതിനൊന്നുപേർ കാണിക്കുന്ന കുസൃതിയും ആട്ടവും പാട്ടുമെല്ലാം  ആരുടേയും ഹൃദയമാനന്ദത്താൽ നിറയ്ക്കും. മക്കളുടെ മുഖത്തെ സന്തോഷശീലുകൾ അമ്മമാരുടെ മനസ്സിലെ മുറിവുണക്കുന്ന മാന്ത്രിക തൂവലുകളാണ്.

എന്റെ കാർത്തിയും യാത്രയിലുടനീളം ചിരച്ചുല്ലസിച്ചുകാണും.  കൂട്ടുകാരോടൊപ്പം കൂടിയാൽ അവനെല്ലാം മറക്കും.  സുഭാഷിനെ പോലെ യാത്രയും കൂട്ടുകാരും അവനെല്ലാമായിരുന്നു.

പക്ഷേ, അമ്മയ്ക്കൊരു പ്രതിഷേധമുണ്ട്. നിങ്ങളുടെ സന്തോഷത്തിനിടയിൽ കയറിവരുന്ന ആ താന്തോന്നിയുണ്ടല്ലോ, അതിനെ അംഗീകരിക്കാൻ എനിക്കെന്നല്ല, ഒരമ്മയ്ക്കുമാവില്ല. പലപല പേരിട്ടു നിങ്ങൾ കൂടെ കൊണ്ടു നടക്കുന്ന   മദ്യമെന്ന താന്തോന്നിയെ... മുന്നും പിന്നും നോക്കാതെ എടുത്തു ചാടുന്ന യൗവനത്തിമിർപ്പിനെ ഇവൻ ആളിക്കത്തിക്കാറുണ്ട്. 

ഗുണാക്കേവിന്റെ പരിസരത്ത്, മണ്ണിൽ നിന്നും ആകാശം തേടിപ്പോകുന്ന ഷോള മരങ്ങളുടെ വേരിനു മുകളിൽ നിങ്ങൾ പതിനൊന്നുപേരും  കയറിയിരുന്നു ക്യാമറയ്ക്ക് പോസ്ചെയ്യുമ്പോൾ നിങ്ങളുടെ ഉല്ലാസം ആകാശസീമ കടന്നിരുന്നു. അതിരുകവിഞ്ഞ ആനന്ദം അപകടത്തിലേക്കുള്ള കുറുക്കുവഴി വെട്ടുമോ എന്നോർത്ത്  മനസ്സിലാധി കൂടിയിരുന്നു.

കാർത്തിയും കൂട്ടുകാരും ഇതൊക്കെ ചെയ്തുകാണും.   ഫോട്ടോ എടുത്തു സൂക്ഷിക്കുന്നത് അവനേറെ ഇഷ്ടമാണ്.

"കൊഴിഞ്ഞു വീണ നിമിഷങ്ങളുടെ പ്രതിധ്വനി ആലേഖനം  ചെയ്തിടങ്ങളാണ് ഫോട്ടോകൾ എന്നാണവന്റെ ഭാഷ്യം"

 വെളുത്ത മഞ്ഞു പൂക്കളുമായി ഷോള മരങ്ങളുടെ ഇടയിൽ സവാരി നടത്തുന്ന കാറ്റിൽ കാർത്തിയുടെ ചിത്രങ്ങൾ തങ്ങിനില്ക്കുന്നുണ്ടാവുമല്ലേ!

തിളച്ചു മറയുന്ന യൗവന രക്തത്തിന്റെ തള്ളിച്ചയിൽ, പ്രവേശനം നിരോധിച്ചു  സ്ഥാപിച്ച കൂറ്റൻ ഗേറ്റിനെ കാഴ്ചക്കാരനാക്കി നിങ്ങൾ ഗുണാകേവ്സ് തേടി താഴെയിറങ്ങുമ്പോൾ അമ്മയുടെ നെഞ്ചിടിക്കുന്നുണ്ടായിരുന്നു. സുരക്ഷയുടെ തക്കോൽ പഴുതിനെപ്പോലും പരീക്ഷിക്കുന്ന,

നിങ്ങളുടെ ആവേശം തടയിടാനുള്ള കരുത്തൊന്നുമാ ഗേറ്റിനുണ്ടായിരുന്നില്ല.

മഞ്ഞുപൊതിഞ്ഞു നില്ക്കുന്ന ഉരുളൻ കല്ലുകളിൽ ചവിട്ടി ഗുഹാമുഖമൊരുക്കിയ വന്യതയിലേക്ക് ചുവടുവെക്കുമ്പോൾ  അമ്മയുടെ നെഞ്ചിലൊരാന്തൽ തങ്ങിനിന്നിരുന്നു.

ഗുഹയുടെ നിശബ്ദതയെ വെല്ലുവിളിച്ചു നിങ്ങളുറക്കെ അലറിയതും നൃത്തം ചവിട്ടിയതും പാട്ടു പാടിയതും സ്ക്രീനിൽ കാണുമ്പോൾ അമ്മയുടെ മനസ്സ് കാർത്തിയും കൂട്ടുകാരും ഗുഹയ്ക്കുള്ളിൽ തിമിർത്താടുന്ന രംഗങ്ങളായി രൂപാന്തരപ്പെടുകയായിരുന്നു. 

പാറപ്പുറത്ത് നിങ്ങൾ വായിച്ചെടുത്ത എഴുത്തുകളിലെവിടെയെങ്കിലും കാർത്തിക് എന്നു വായിച്ചതു മോനു ഓർമ്മയുണ്ടോ? ഇലകളിലും മരക്കാമ്പുകളിലും പാറപ്പുറങ്ങളിലും പേര് കോറിവെക്കുന്ന ശീലമുണ്ടായിരുന്നവന്.

സന്തോഷത്തിനിടയിലേക്ക് നുഴഞ്ഞു കയറി ഭീതി വിതയ്ക്കുന്ന ചില നിമിഷനേരങ്ങളുണ്ട്. കൂട്ടുകാരുടെ അടുത്തേക്ക് ഓടിയ ഗുഹയുടെ കാണാക്കുഴിയിലേക്ക് കരിയിലകളോടൊപ്പം മോൻ ഒലിച്ചറങ്ങിയത്  അമ്മയ്ക്ക് സഹിക്കാവുന്നതിലുമപ്പുറത്തായിരുന്നു. 

മകളും മരുമകനും സിനിമയാണമ്മേ എന്നു സമാശ്വസിപ്പിക്കുമ്പോഴും അത് യഥാർത്ഥ സംഭവമായിരുന്നല്ലോ.  കാർത്തിക്കിനും ഇതു തന്നെയായിരിക്കും സംഭവിച്ചതല്ലേ?

മോന്റെ വീഴ്ചയുടെ യഥാർത്ഥ്യം ഉൾക്കൊണ്ട കൂട്ടുകാരുടെ കണ്ണിലുരുണ്ടു കൂടിയ വികാരങ്ങളെ എന്തു പേരു ചൊല്ലിപ്പറയും. അമ്മയ്ക്കറിയില്ല മോനെ... ഒച്ചയിട്ടോടിയ അവരുടെ കാലുകൾ മരവിച്ചപ്പോൾ അമ്മയുടെ ശ്വാസവും പകച്ചുപോയി.

വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഇരുട്ടിലൂടെ മോൻ താഴേക്ക് പോകുമ്പോൾ,  കാർത്തി വീണ രംഗങ്ങൾ, മനസ്സിന്റെ സ്ക്രീനിൽ  പ്രാണൻ പിടഞ്ഞു കാണുകയായിരുന്നു. അവനെന്റെ കണ്ണുകളിൽ കുന്നുകൂട്ടിവെച്ച കണ്ണുനീർ  കവിളുകളെ നനച്ചൊഴുകി.

ഇരുട്ട് കുഴഞ്ഞു  മറഞ്ഞ ഗുഹയിൽ   മുറിവേറ്റു മോൻ കിടക്കുമ്പോൾ, ആശങ്കയെന്റെ ഹൃദയത്തെ കൊത്തിപ്പറിക്കുകയായിരുന്നു. 

ഗുഹയിൽ  വീണവരാരും പൊടുന്നനെ മരിച്ചു കാണില്ലെന്ന് സിനിമ കണ്ടപ്പോൾ മനസ്സിലായി. വായുവും ഉമനീരുമിറക്കി നിലംതൊടാത്ത ഇരുട്ടിലവർ  തൂങ്ങി നിന്നു കാണണം. 

ഇരുട്ടും കോടയും ഒളിച്ചു കഴിയുന്ന ഗുഹയ്ക്കുള്ളിൽ  അവനെത്ര നേരം  കേണുകാണും? വവ്വാലുകളുടെ ചിറകടിയിൽ അവന്റെ രോദനം മുങ്ങിപ്പോയ്ക്കാണുമല്ലേ?

ഓർക്കാപ്പുറത്തെത്തുന്ന മഴത്തണുപ്പിൽ  അമ്മത്തൂവലിന്റെ ചൂടു പറ്റാനെത്തുന്ന എന്റെ കുഞ്ഞ് ഗുഹയ്ക്കുള്ളിലെ സൂചികുത്തുന്ന തണുപ്പെങ്ങിനെ സഹിച്ചു കാണും! ഓർക്കാൻ വയ്യ!

ഗുഹയുടെ നിശബ്ദതയിൽ മോനെന്തെങ്കിലും മന്ത്രിപ്പുകൾ കേട്ടിരുന്നോ, പ്രത്യേകിച്ചും കാർത്തിയുടെ?

ഗുഹക്കുള്ളിലെ ഇരുട്ടറയിലെവിടെയോ അവനുണ്ടാവും അല്ലേ?  അല്ലാതെ പിന്നെ ഇടയ്ക്കിടെ എന്റെ മടിത്തട്ടിൽ, രാത്രിയിൽ താരാട്ട് കേൾക്കാനവൻ എത്തുമോ? അവനെന്റെ അരികിൽ കിടക്കുന്നുണ്ടെന്ന സങ്കല്പത്തിലാണ് ഞാനുറങ്ങതും തീൻമേശയ്ക്കപ്പുറം അവനിരിപ്പുണ്ടെന്ന സങ്കല്പത്തിലാണ് ഞാനുണ്ണുന്നതും!

കൂട്ടുകാർ  കുഴിക്കുമുകളിൽ നിന്നു വിളിച്ചപ്പോൾ മോൻ കേട്ടല്ലോ? സ്നേഹമുള്ളവരുടെ വിളി എത്രദൂരത്ത് നിന്നാണെങ്കിലും കേൾക്കുമല്ലേ! കാണാമറയത്തുനിന്നും നെഞ്ചിടിപ്പിന്റെ ദൂരമളക്കാൻ കഴിയുന്നവരാണ് യഥാർത്ഥ കൂട്ടുകാർ!

കാർത്തിയുടെ കൂട്ടുകാരും തൊണ്ടപൊട്ടി അവനെ  വിളിച്ചു കാണുമല്ലേ? ഇല്ലെന്നെനിക്കുറപ്പാണ്. പാവങ്ങളെ പേടിപ്പിച്ചു മറ്റുള്ളവർ പിൻതിരിപ്പിച്ചു കാണും?  പാറയുടെ തണുത്തതലത്തിൽ ചെവിചേർത്തവൻ  മറുവിളിക്കായ് എത്രനേരം കാത്തിരുന്നിട്ടുണ്ടാവും?

അപകടഘട്ടങ്ങളിൽ  താങ്ങായും തണലായും എത്തേണ്ടവരല്ലേ പോലീസ്. എന്നാൽ സഹായമാചിച്ചു കൊടൈക്കനാൽ പോലീസ് സ്റ്റേഷനിലെത്തിയ  കൂട്ടുകാരെ എത്ര വേഗമാണവർ കൊലയാളികൾ എന്ന് ചാപ്പ കുത്തി  വേദനിപ്പിച്ചത്. ശരീരിക പീഡനമേറ്റു വാങ്ങുമ്പോഴും ആ കുട്ടികൾ മോനെ രക്ഷിക്കാൻ അവരുടെ കാല് പിടിക്കുന്നുണ്ടായിരുന്നു.

മഴപ്പെയ്ത്തിനൊടുവിൽ ഇലത്തലപ്പിലൂറിയുറ്റുന്ന മഴത്തുള്ളിയെ നാവുകൊണ്ടു  നുണയാൻ കാർത്തിക്കിഷ്ടമായിരുന്നു, മഴ അവന്റെ കൂട്ടുകാരിയായിരുന്നല്ലോ.  എന്നാലന്നു  പെയ്ത മഴയ്ക്ക് ക്രൂരതയുടെ മുഖമായിരുന്നു. കൂർത്ത കല്ലുകളും മരക്കഷ്ണങ്ങളുമായി എന്തോ പകപോക്കുന്ന ഭാവത്തോടെ കുഴിക്കകത്തേക്ക് കുതിക്കുന്നുണ്ടായിരുന്നു.  മഴവെള്ള ച്ചാലുകളെ  ഉടലും മനസ്സും ഉപയോഗിച്ചു  കൂട്ടുകാർ  തടുക്കുന്നത് കണ്ടപ്പോൾ, അമ്മയ്ക്ക് വല്ലാത്ത സന്തോഷം തോന്നി.  കാർത്തിയെ കുഴിക്കുള്ളിലുപേക്ഷിക്കാൻ നിർബന്ധിതരായ അവന്റെ കൂട്ടുകാരുടെ  നിസ്സംഗതയോർത്തു വേദനയും.

ദുരന്തനിവാരണത്തിൽ ചിട്ടയായ പരിശീലനം ലഭിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, കെട്ടുകഥകളിൽ വിശ്വസിച്ചു കുഴിയിലേക്കിറങ്ങാൻ മടിച്ചത് അമ്മയെ തെല്ലോളമല്ല അത്ഭുതപ്പെടുത്തിയത്.

മനുഷ്യന് ദൈവ വിശ്വാസം നല്ലതാണ്, സങ്കടപ്പെയ്ത്തിൽ കരപറ്റാനുള്ള  ആശ്വാസത്തുരുത്താണത്.

പക്ഷേ, അന്ധവിശ്വാസങ്ങളെ  ചേർത്തു പിടിച്ചു, ' ഇതു ദേവഹിതം, അവനവൻ അനുഭവിക്കണം" എന്ന മനോഭാവത്തോടെ, സ്വന്തം കർത്തവ്യത്തിൽ നിന്ന് മാറിനില്ക്കാനുള്ള ഒഴിവുകഴിവാകരുത്.

ഗുഹയിലേക്കിറങ്ങാൻ തയ്യാറായ  കൂട്ടുകാരൻ കുട്ടനെ ഇവർ പിൻതിരിക്കാൻ ശ്രമിച്ചപ്പോൾ മക്കളെല്ലാരും ഒരുമിച്ചു ഒരേ സ്വരത്തിൽ പറഞ്ഞില്ലേ

"അവനില്ലാതെ ഞങ്ങൾ തിരിച്ചു പോകില്ല." ദൃഢനിശ്ചയത്തിന്റെ ഒരായിരം തീപ്പൊട്ടലുകൾക്കു മുമ്പിലവർ മുട്ടുകുത്തുമ്പോൾ   ഗുണാ കേവ്സിൽ വീണവരാരെയും രക്ഷപ്പെടുത്താനാവില്ല എന്ന  ഉറച്ച വിശ്വാസം തിരുത്തപ്പെടുകയായിരുന്നു.

ഒരു നിമിഷം, അമ്മ കൊതിച്ചുപ്പോയി കാർത്തിയുടെ കൂട്ടുകാരും  ഇങ്ങനെയൊന്നു വാശിപിടിച്ചിരുന്നെങ്കിൽ... അവനും രക്ഷപ്പെട്ടേനേ, അല്ലേ സുഭാഷേ?

പാറക്കല്ലിൽ ജീൻസ് കൊരുത്ത് തൂങ്ങിനിന്ന മോനെ, കുട്ടൻ സാഹസികമായി  ഗുഹയുടെ പുറത്തേക്ക് കൊണ്ടുവരുമ്പോൾ 

"അവനില്ലെങ്കിൽ ഞങ്ങളുമില്ല"  എന്നതിന്റെ മറ്റൊരു വാക്യമാവുകയാണ്  'മഞ്ഞുമ്മൽ ബോയ്സ്'. സൗഹൃദ വള്ളിയിലെന്നും വിരിഞ്ഞുനില്ക്കുന്ന പതിനൊന്നു അനശ്വര  പൂക്കളാവട്ടെ നിങ്ങളെന്നാണ് അമ്മയുടെ പ്രാർത്ഥന.

ഒരു കാര്യവും കൂടെ പറഞ്ഞു അമ്മ നിർത്താം.

ഗുണാകേവ്സിൽ നിന്നു വിസ്മയകരമായി രക്ഷപ്പെട്ട സുഭാഷിന്റെ കഥ പറഞ്ഞ സിനിമ  ഗുഹയ്ക്കകത്താഴ്ന്നു പോയ എന്റെ പൊന്നോമന കാർത്തിയുടേയും കഥയായി പരിണമിക്കുന്നിടം ചിദംബരമെന്ന സംവിധായകൻ പൂർണ്ണത കൈവരിക്കുകയാണ്.

സുഭാഷേട്ടാ, ഞാൻ കാർത്തിക, അമ്മൂമ്മയ്ക്ക് വേണ്ടി ഞാനാണിതെഴുതിയത്. അമ്മൂമ്മയുടെ വാക്കുകളുടെ അർത്ഥം ചോരാതെ ചില ഏച്ചൂകൂട്ടുലകളും കൊച്ചു കൊച്ചു വർണ്ണനകളും ഈയുള്ളവൾ നടത്തിയിട്ടുണ്ടേ...

പിന്നെ, സിനിമയിലെ ഗുണാ കേവ്സ് അജയൻ ചാലിശേരിയെന്ന സമർത്ഥനായ ഒരു ആർട്ട് ഡയറക്ടറുടെ കരവിരുതും കാഴ്ചയെ അനുഭവമാക്കുന്ന സൈജു ഖാലിദെന്ന ഛായാഗ്രഹകന്റെ മാന്ത്രികതയുമാണെന്നു  അമ്മൂമ്മ അറഞ്ഞിട്ടില്ല, കേട്ടോ. 

അമ്മൂമ്മയ്ക്കും ഞങ്ങൾക്കുമത് യഥാർത്ഥ ഗുണാകേവ്സ് തന്നെ.  കാർത്തിക് മാമന്റെ സ്മരണകളെ  തണുപ്പിച്ചു ചൂടാറാതെ വെക്കുന്ന 'ചെകുത്താന്റെ അടുക്കള'. യിൽ നിന്നു ഉയരുന്ന വെളുത്ത പുകയിൽ വിസ്മയകരമായി ഒന്നുമില്ല, വെറും മഞ്ഞു പുക മാത്രം.

സ്നേഹത്തോടെ,

ഒപ്പ്

ശെൽവി

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ