'ജീവിതമെന്ന ദൂരയാത്രയിലെ വിഷാദഛവി കലര്‍ന്ന സായാഹ്നങ്ങള്‍ക്ക്…. താനെ വിടര്‍ന്ന് നില്‍ക്കുന്ന ഗ്ലാഡിയോലസ് പൂക്കള്‍ക്ക്....ആര്‍ദ്രമായ ആകാശങ്ങള്‍ക്ക്.....പിന്നെ നഷ്ടപ്പെടലിന്റെ മൂകഭാവങ്ങള്‍ക്കും...നമ്മെ
നാമാക്കുന്ന ഏകാന്തതയ്ക്ക് സമാശ്വാസത്തിന്റെ സംഗീതം പകര്‍ന്നുകൊണ്ട്… 'മലയാളത്തിലെ ചാനലുകളൊന്നിലെ ജനപ്രിയ സിനിമാ സംഗീതപരിപാടിയുടെ തുടക്കം മേല്‍പ്പറഞ്ഞ വാക്കുകളിലായിരുന്നു. താളബോധവും, ഭാവനയും അന്‍പത്തിയൊന്നക്ഷരങ്ങളുടെ വരദാനമായി പകര്‍ന്നു കിട്ടി, സംഗീതത്തിന്റെ ഈ വലിയ ഒഴുക്കിലൂടെ നീന്തി ജനപ്രിയരായ ഗാനരചയിതാക്കള്‍ നിരവധിയാണ്. തൊള്ളായിരത്തി തൊണ്ണുറ്റിയൊന്നു മുതല്‍ രണ്ടായിരത്തിപ്പത്തുവരെയുള്ള രണ്ട് ദശാബ്ദങ്ങള്‍ ഞങ്ങളുടെ തലമുറയുടെ കൗമാര യൗവനങ്ങളുടെ കാലഘട്ടമാണ്. ഗിരീഷ് പൂത്തഞ്ചേരിയെന്ന പ്രതിഭ, എന്നും നെഞ്ചോടു ചേര്‍ത്തുവയ്ക്കാന്‍ തോന്നുന്ന നിരവധി ഗാനങ്ങളുമായി വന്നതും, ഹൃദയത്തില്‍ തൊടുന്ന വരികളുമായി നിറഞ്ഞു നിന്നതും, പിന്നെ ഒന്നും പറയാതെ ഒരുനാള്‍ വിടവാങ്ങിയതും ഈ കാലത്തിലാണ്. പ്രണയും വിരഹവും വ്യാകുലതകളും ഗൃഹാതുരത്വവും നിറഞ്ഞ ഞങ്ങളുടെ ജീവിതാനുഭവങ്ങളില്‍ കൂടെയുള്ളവനായിരുന്ന പ്രിയഗായകന് ഒരു ഓര്‍മ്മക്കുറിപ്പ്.
സിനിമാപ്പാട്ടിന്റെ മധുരം
ആസ്വാദകരുടെ നാവിന്‍ തുമ്പില്‍ എന്നും തത്തിക്കളിക്കാന്‍ ഭാഗം സിദ്ധിച്ചവയാണ് ജനപ്രിയ സിനിമാ ഗാനങ്ങള്‍. ഇവയില്‍ത്തന്നെ കടലിന്നടിയില്‍ നിറയുന്ന ആയിരക്കണക്കിന് ചിപ്പികള്‍ക്കിടയില്‍ ഏതോ ഒരു ചിപ്പിക്കുള്ളില്‍ മുത്ത് ഒളിഞ്ഞുകിടക്കുന്നതു പോലെ അമൂല്യമായവ തലമുറകളെ അതിജീവിക്കുന്നു. കവിത്വത്തിന്റെ ഗിരിശൃംഗങ്ങളില്‍ നിന്ന് സാധാരണക്കാരന്റെ ആസ്വാദന നിലവാരത്തിലേക്ക് ഇറങ്ങിവരുന്നവ മാത്രമേ ജനപ്രിയമാകു ന്നുള്ളൂ. ദേവഭാഷകളില്‍ വൃത്തവും അലങ്കാരവും സമന്വയിപ്പിച്ച് മനോഹരമായ ഭാഷകളില്‍ രചിച്ച മഹാകാവ്യങ്ങള്‍ സാധാരണക്കാര്‍ക്ക് അന്യമാകുമ്പോള്‍, കയ്‌പേറിയ മരുന്ന് മധുരത്തില്‍ ചാലിച്ചെടുക്കുന്നതുപോലെ കവിതയെ സ്ഫുടം ചെയ്ത് ബുദ്ധിയോടെന്നതിനേക്കാളുപരി ഹൃദയത്തോടടുപ്പിക്കുന്ന ധര്‍മ്മമാണ് സിനിമാ ഗാനത്തിനുള്ളത്. പി. ഭാസ്‌ക്കരനും വയലാറും ഒ.എന്‍.വിയും ശ്രീകുമാരന്‍ തമ്പിയും യൂസഫലി കേച്ചേരിയും കവികളായി മാത്രം നിലകൊണ്ടിരുന്നെങ്കില്‍ ഇന്ന് അവര്‍ അനുഭവിക്കുന്ന ജനപ്രീതി അന്യമാകുമായിരുന്നു. കവിതയും സിനിമാ ഗാനങ്ങളും തമ്മിലുള്ള ഈ രൂപാന്തരത്തെക്കുറിച്ച് പുത്തഞ്ചേരിക്കും വ്യക്തമായ അവബോധവുമുണ്ടായിരുന്നു. മലയാള സിനിമാ ഗാനങ്ങള്‍ക്ക് സാഹിത്യത്തിന്റെ പ്രൗഢമായ ഒരുള്‍ക്കനം ഉണ്ടാവണമെന്നും സിനിമാപ്പാട്ട് കവിതയോടടുത്തു നില്‍ക്കണമെന്നും വാദിക്കുന്നവരെ, സിനിമാ ഗാനമെന്നത് സിനിമയിലെ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചുള്ള സംഗീതമാണെന്ന പരിമിതി അദ്ദേഹം ചൂണ്ടിക്കാട്ടി യിരുന്നു. സ്‌ക്രീനി്ല്‍ വിഡ്ഢിക്കും വേദാന്തിക്കും തുടങ്ങി തവളപിടുത്തക്കാരനും പാടേണ്ടിവരും. എന്നാല്‍ ഒരു കവിയുടെ കാര്യത്തിലാവവട്ടെ വിഷയസ്വീകരണസ്വാതന്ത്ര്യം, ഘടനാരീതിനിര്‍ണ്ണയം ഇവ സ്വന്തം ബോധമണ്ഡലത്തില്‍ വരുന്നവ മാത്രം.
ജീവിതം, പാരമ്പര്യം, രംഗപ്രവേശം
കുടുംബ പാരമ്പര്യത്തിന്റെ വരദാനമായിരുന്നു ഗിരീഷ് എന്നും മീട്ടിയിരുന്ന കവിതയുടെ രുദ്രവീണ. സംസ്‌കൃത്തിലും ജ്യോതിഷത്തിലും ആയുര്‍വ്വേദത്തിലും പാണ്ഡിത്യമുണ്ടായിരുന്ന അച്ഛനും, കര്‍ണ്ണാടക സംഗീതമറിയാവുന്ന അമ്മയും. പാടാനറിയാ വുന്ന അപൂര്‍വ്വം ഗാനരചയിതാക്കളിലൊരാളായിരുന്നു പുത്തഞ്ചേരിയെന്നത് മറക്കാനാവില്ല. കോഴിക്കോട് ജില്ലയിലെ ഉള്ള്യേരിക്കടുത്ത് പുത്തഞ്ചേരിയെന്ന ഗ്രാമത്തില്‍ ജനിച്ച ഗിരീഷ് 1991-ലാണ് സിനിമാരംഗത്തെത്തൂന്നത്. ഒരു റേഡിയോ ഗാനം കേള്‍ക്കണമെങ്കില്‍ പഞ്ചായത്ത് ഓഫീസിലേക്ക് ഓടേണ്ട കാലത്തായിരുന്നു ബാല്യമെങ്കിലും, സ്‌നേഹത്തിന്റെ തേനും, വാത്സല്യത്തിന്റെ വയമ്പും ചേര്‍ത്ത് ശ്രോതാക്കളിലേക്കൊഴുകേണ്ട അനേകം ഗാനങ്ങളുടെ സൃഷ്ടാവിന്റെ ജനനത്തിന് വഴികാട്ടിയായത് ഗ്രാമത്തിന്റെ നന്മകള്‍ തന്നെയാവണം.
'നക്ഷത്രമെന്നോടു ചോദിച്ചു
ഞാന്‍ തന്നൊരക്ഷരം കൊണ്ട്
നീയെന്തു ചെയ്തു'
എന്ന് മധുസൂദനന്‍ നായര്‍ പാടിയതുപോലെ, നക്ഷത്രങ്ങള്‍ പകര്‍ന്നു നല്‍കിയ അക്ഷരങ്ങള്‍ കോര്‍ത്ത ജപമാല കയ്യിലേന്തി അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായി ഉള്ള്യേരിയില്‍ തുടങ്ങിയ യാത്ര 2010 ഫെബ്രുവരിയില്‍ പൂര്‍ണ്ണവിരാമമാകും വരെ ആ വീണ പാടിയത് 1500 ലധികം ഗാനങ്ങള്‍.
പൂത്തഞ്ചേരി - കവി, മനുഷ്യന്‍, ഗാനരചയിതാവ്
മലയാളത്തിന്റെ അക്ഷരപ്രഭു എം.ടി. വാസുദേവന്‍ നായര്‍ പൂത്തഞ്ചേരിയെക്കുറിച്ച് പറഞ്ഞതിങ്ങനെ 'ഒരു ഗാനരചിതാവ് വിവിധ വിഭാഗക്കാരായ ആസ്വാദകരുടെ മനസ്സ് കീഴടക്കുന്ന ഒരെഴുത്തുകാരനാണ്. വെറും പദങ്ങള്‍ നിരത്തിയതുകൊണ്ട് മാത്രം അത് സാധിക്കുന്നില്ല. ഉള്ളില്‍ കവിതയുള്ള ഒരാള്‍ക്കു മാത്രമേ വിശിഷ്ടമായ ഗാനങ്ങള്‍ രചിക്കാന്‍ സാധിക്കുകയുള്ളൂ ഗിരീഷ് പൂത്തഞ്ചേരി മികച്ച ഗാനരചയിതാവ് ആകുന്നത് കവിത ഉള്ളിലുള്ളതുകൊണ്ടാണ്. കവിത്വമുള്ളതുകൊണ്ടാണ്' ഈ കവിത്വമുള്ളതുകൊണ്ടാണ്, ശൃംഗാരം പെയ്യും ശ്രീരാഗവും, മന്ദാരം പൂക്കും ഹിന്ദോളവും, സന്ധ്യകളില്‍ സിന്ദൂര ഭൈരവിയും, ഇടനെഞ്ചില്‍ പടരും ഹംസധ്വനിയും, നീര്‍മിഴികള്‍ സാന്ദ്രമായ നീലാംബരിയും ആ തൂലികത്തുമ്പില്‍ നിന്ന് അനുസ്യൂതം പ്രവഹിച്ചത്. അര്‍ത്ഥശൂന്യവും, സഹിതവുമായ വാക്കുകള്‍ പ്രാസത്തിനൊപ്പിച്ച് അടുക്കിപ്പെറുക്കിവെച്ച് കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിക്കുന്ന മാജിക്കല്ല നിലനില്‍ക്കുകയെന്നും അദ്ദേഹം കാണിച്ചു. ജീവിതത്തില്‍ നിന്നും നാട്യം അകറ്റി നിര്‍ത്തി സ്‌നേഹത്തിന്റെ മധുരോദാരമായ ശബ്ദം കേള്‍പ്പിച്ച പച്ചയായ മനുഷ്യനെന്ന് സുഹൃത്തുക്കള്‍ പൂത്തഞ്ചേരിയെ വിശേഷിപ്പിക്കുന്നു. ഓര്‍മ്മയിലെ രാത്രിമഴപോലെ, അമ്മയുടെ മടിത്തട്ടില്‍ കിടക്കുന്ന സുഖത്തോടെ, കേള്‍ക്കുന്നവരുടെ മനസ്സിന് സ്വാസ്ഥ്യമേകുന്ന കവിത്വമുള്ള ആര്‍ദ്രമധുരമായ ഗാനങ്ങളെന്നാണ് വയലാറിന്റെ ധര്‍മ്മപത്‌നി ഭാരതി രാമവര്‍മ്മ പൂത്തഞ്ചേരിയെ വാഴ്ത്തുന്നത്. ഒരുപാട് തിരസ്‌കാരങ്ങളുടേയും വ്യാകുലതകളുടേയും തീ തീറ്റപ്പെടലില്‍് തിളച്ചു മറിഞ്ഞാണ് കണ്ഠനാളത്തിലെ സ്വരസപ്തകം പുതിയ മലയാളിയുടെ ഗാനാസ്വാദനത്തിന്റെ ഹൃദയാകാശം പിളര്‍ന്നത് ! വേദനകളുടെയും നിരാശകളുടെയും ആകാംഷകളുടേയും ആണികള്‍ കയറിയ ചോരവാര്‍ന്ന മനസ്സുമായി സംഗീത കല്‍പവൃക്ഷത്തിന്റെയും, സിനിമാ സംവിധാനത്തിന്റെയും ശാഖകളിലേക്ക് പടര്‍ന്നു കയറുന്ന സമയത്താണ് ആ പകല്‍പക്ഷി ഒന്നും പറയാതെ സ്വയം പറന്നെങ്ങോ പോയത്.
പൂത്തഞ്ചേരി കാലം തെറ്റി വന്ന പ്രതിഭ
സംഗീതത്തിന്റെ ക്ലാസിക് പാരമ്പര്യം ഉപയോഗപ്പെടുത്താന്‍ തനിക്ക് കഴിഞ്ഞില്ലായെന്ന കുണ്ഠിതം ഗിരീഷിനുണ്ടായിരുന്നു. കാലംതെറ്റി സിനിമയില്‍ വന്നതാണ് താനെന്ന ചിന്തയും മഥിച്ചിരുന്നു. സിനിമാപ്പാട്ടുകളില്‍ ചോര്‍ന്നു പോകുന്ന കവിതാഭംഗിയേയും മലയാണ്‍മ യേയും ചോദ്യം ചെയ്തവര്‍ക്ക് ചുട്ട മറുപടി നല്‍കാനും പുത്തഞ്ചേരിക്ക് മടിയില്ലായിരുന്നു. മലയാളത്തിന്റെയൊന്നും ആവശ്യമില്ലായെന്നു പറയുന്നവര്‍ക്കുവേണ്ടി 'കാര്‍കൂന്തല്‍ കെട്ടിലെന്തിനു വാസനതൈലം' എന്നെഴുതാന്‍ പറ്റില്ലല്ലോയെന്നും പൂത്തഞ്ചേരി ചോദിച്ചു. കണ്ണിമാങ്ങ, കരിങ്കാളന്‍, കനലില്‍ ചുട്ട പപ്പടം, കാച്ചിയ മോരും ചേര്‍ത്ത ഊണിന്റെ വൈഭവം പാടിയ മലയാളി വഴി തെറ്റിയോടുന്നത് ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരത്തിലേക്കാണല്ലോ? മലയാളിപ്പെണ്ണിന്റെ കുടമുല്ലപ്പൂവും ഭാരതപ്പുഴയുടെ ഓളങ്ങളും നാളികേരത്തിന്റെ നാട്ടിലെ നാലുകാല്‍ കൊണ്ട് തീര്‍ത്ത ഓലപ്പുരയുമൊക്കെ മലയാളിയുടെ കപട ഗൃഹാതുരത്വത്തിന്റെ പേരില്‍ വാക്കുകളിലൊതുങ്ങുന്നവയല്ലെന്നു ഗിരീഷ് സംശയിച്ചിരുന്നു. വഴി തെറ്റിയെത്തിയിട്ടും വയലാറിനും, പി. ഭാസ്‌ക്കരനും ശേഷം സിനിമാ ഗാന ശാഖയ്ക്ക് എന്നും നെഞ്ചോടു ചേര്‍ത്തുവയ്ക്കാന്‍ കഴിയുന്ന ഗാനങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹം വിടവാങ്ങിയത്. മനസ്സിന്റെ ചെപ്പില്‍ നിന്ന് കൈക്കുടന്ന നിറയെ പ്രണയത്തിന്റെ തിരുമധുരവും, നിലാവിന്റെ നീലഭ്‌സമക്കുറിയണിഞ്ഞവളും, ഹരിമുരളീരവവും, ആകാശദീപങ്ങളും ഒഴുകിയെത്തി. വയലാറിന്റെ ധര്‍മ്മപത്‌നിയുടെ വാക്കുകള്‍ കടമെടുത്താല്‍ 'ഈണത്തിന്റെ ശ്രുതിയില്‍ ചേര്‍ത്ത് അക്ഷരനക്ഷത്രങ്ങള്‍ നെറുകയില്‍ മുത്തംവെയ്ക്കാനെത്തുന്ന പ്രണയമുല്ല'യായും ,'നിലാവിന്റെ ഈറനില്‍ ഹൃദയത്തിലേക്ക് കടന്നുവരുന്ന കാമുകനായും' മാറി. വാക്കുകളില്‍ തന്നെ സംഗീതം കടന്നുവരുന്ന പ്രതിഭയുള്ളതിനാല്‍ മായാമയൂരത്തിലെ 'ആമ്പല്ലൂര്‍ അമ്പലത്തില്‍ ആറാട്ടും' കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിലെ 'പിന്നെയും പിന്നെയും' തുടങ്ങിയ പാട്ടുകള്‍ ഈണത്തിന്റെ മുന്‍ അകമ്പടിയില്ലാതെ പിറന്നു വീണവയാണ്.
മുന്‍ഗാമികള്‍ തെളിച്ച വഴിയില്‍
തന്റെ മുന്‍ഗാമികളും തന്നില്‍ സ്വാധീനം ചെലുത്തിയവരും പൂത്തഞ്ചേരിക്ക് രചനാവഴിയൊരുക്കിയവരാണ്. അവര്‍ വെട്ടിത്തെളിച്ച കവിതാഭംഗിയുടെ പാതയും അവര്‍ സൃഷ്ടിച്ച മലയാളിയുടെ ചലച്ചിത്ര സംഗീതാവബോധവും ഇല്ലായിരുന്നുവെങ്കില്‍ പൂത്തഞ്ചേരിക്കും സംഗീതോപകരണങ്ങളുടെ ആര്‍ത്തുവിളിയില്‍ കവിത തുളുമ്പുന്ന കുറച്ചു ഗാനങ്ങളെങ്കിലും കരുതിവയ്ക്കാനാവില്ലായിരുന്നു. 'അനുരാഗവതിയുടെ ചൊടികളില്‍ നിന്നാലിപ്പഴം പൊഴിയു'മെന്ന് പാടിയ വയലാറിന്റെ കാല്‍പനിക ഭാവവും, 'സ്വപ്നത്തിന്റെ താമരപ്പൊയ്കയില്‍ വന്നിറങ്ങിയ രൂപവതിയെ' വര്‍ണ്ണിച്ച പി. ഭാസ്‌ക്കരന്റെ നാടന്‍ പാട്ടിന്റെ മാധുര്യവും , കാവ്യഭംഗി തുളുമ്പുന്ന വിധം 'കര്‍പ്പൂര ദീപത്തിന്‍ കാന്തിയില്‍ കണ്ടു ഞാന്‍ നിന്നെയാ സന്ധ്യയില്‍' എന്ന ശ്രീകുമാരന്‍ തമ്പി ശൈലിയും തരാതരം പ്രയോഗിക്കാനും പൂത്തഞ്ചേരിക്കു കഴിഞ്ഞു. 'നീ വരൂ കാവ്യ ദേവതേ നീലയാമിനി തീരഭൂമിയില്‍' എന്ന് ഒ.എന്‍.വി. യും, 'സുറുമ എഴുതിയ മിഴികള്‍' തേടിയ യൂസഫലി കേച്ചേരിയും, 'നാഥാ നീവരും കാലൊച്ച കേള്‍ക്കുവാന്‍' പാടിയ പൂവ്വച്ചല്‍ ഖാദറും, 'കടലില്‍ നിന്നുയരുന്ന മൈനാക'ത്തെ കണ്ട ബിച്ചുതിരുമലയും, 'നാടന്‍ പാട്ടിന്റെ മടിശ്ശീല കിലുക്കിയ' മങ്കൊമ്പും, 'ഹിമശൈല സൈകത ഭൂമിയില്‍ നിന്ന്' പ്രണയത്തെ കണ്ട എം.ഡി. രാജേന്ദ്രനും, 'കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടിയ' കൈതപ്രവുമൊക്കെ പൂത്തഞ്ചേരിയെന്ന പുതുമുറക്കാരന്റെ വരവിന് വഴിയൊരുക്കുകയായിരുന്നു എന്ന് കവി തന്നെ തുറന്നു പറഞ്ഞിരുന്നു. എന്തായാലും, ഗിരീഷിന്റെ സിനിമാസംഗീതപ്രയാണം ഞങ്ങളുടെ തലമുറയുടെ കൗമാര യൗവനങ്ങളുടെ ഉയര്‍ച്ചതാഴ്ച്ചകളുടെ കാലത്തായിരുന്നു. ഞങ്ങളുടെ പ്രണയവും വിരഹവും ഗൃഹാതുരത്വവും അടിപൊളിയും, ഭക്തിയും കിനാവുകണ്ട രാത്രിമഴയുമൊക്കെ രൂപം വച്ചത് ഈ വാക്കുകളിലൂടെയായിരുന്നുവെന്നതാണ് സിനിമാ സംഗീതത്തെ ജീവിതത്തിന്റെ ഭാഗമായി കരുതുന്ന മലയാളി ജീവിത്തിന് പൂത്തഞ്ചേരിയോടുള്ള കടപ്പാട്.
ഭക്തി, താരാട്ട്, തത്വചിന്ത
ചെഞ്ചുരുട്ടി രാഗത്തിന്റെ ആരോഹണാവരോഹണങ്ങളില്‍ പിറന്നുവീണ 'സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍' എന്ന പാട്ടാണ് ഗിരീഷിന്റെ സ്ഥാനം ആദ്യം ഉറപ്പിച്ചത്. ദേവാസുരജന്മത്തിന്റെ അഹംഭാവത്തിന്റെ കൊടുമുടിയില്‍ നിന്ന് താഴെ വീണവന്റെ നൊമ്പരം. 'അമ്മ മഴക്കാറിന് കണ്‍നിറഞ്ഞപ്പോഴും', 'അമ്പൊത്തൊന്നക്ഷരം ചൊല്ലിപ്പടിപ്പിച്ച ഗുരുനാഥനായ അച്ഛനേയോര്‍ത്തപ്പോഴും', 'എന്തുപറഞ്ഞാലും നീ എന്റേതല്ലേയെന്ന്' ശങ്കരാ ഭരണത്തില്‍ പാടിയപ്പോഴും കവിളത്തെ അമ്മച്ചിമിഴില്‍ നിറഞ്ഞത് താരാട്ടിന്‍ പാല്‍ മധുരം. ഉണ്ണിക്ക് 'ഇങ്കുതരാനും 'കമ്മലണിയിക്കാനും'തങ്കനിലാക്കിണ്ണത്തേയും'മിന്നല്‍ തട്ടാനേയും കണ്ടെത്തിയതും പൂത്തഞ്ചേരി തന്നെ. അത്താഴപ്പാത്രത്തില്‍ വീണ അമ്മയുട കണ്ണീരും കാണാതെ പോകാന്‍ കവിയ്ക്കാവില്ലല്ലോ? കാര്‍മുകില്‍ വര്‍ണ്ണന്റെ ഓടക്കുഴലിലെ ശ്രീരാഗമാകാനും വരും ജന്മത്തിലെങ്കിലും കാല്‍ക്കല്‍ വീണടിയുന്ന പൂവാകാന്‍ കൊതിക്കാനും ഈ ഭക്തനേ കഴിയൂ. വയലാര്‍ ശൈലിയില്‍ കണ്ണന്റെ കണ്ണിലെ അഞ്ജന നീലിമയും ഉണ്ണിക്കയ്യിലെ വെണ്ണക്കുടങ്ങളും, പൊന്നോടക്കുഴലും നീലക്കടമ്പും, കാളിന്ദീയോളങ്ങളും കായാമ്പൂവിതളും ഇവിടെ ഭക്തിയുടെ പ്രതീകങ്ങളാകുന്നു.
ഇരുതലയും നീറിക്കത്തി ഒടുക്കം നടുവിലെ ഒരു ബിന്ദുവില്‍ എരിഞ്ഞടങ്ങുന്ന, കലണ്ടറില്‍ മരിച്ചു വീഴുന്ന അക്കങ്ങളുടെ പെരുക്കങ്ങളില്‍ ആയുസ്സെടുക്കുന്ന വെളിപാടായി ജീവിതത്തെ കണ്ടത് പൂത്തഞ്ചേരിയാണ്. തന്റെ ഗാനങ്ങളില്‍ ഒന്നെങ്കിലും മലയാളവും മലയാളികളുമുള്ള കാലത്തോളം നിലനിന്നാല്‍ ചാരിതാര്‍ത്ഥ്യനായെന്ന് പറഞ്ഞുവച്ച പ്രിയ പാട്ടുകാരാ, ഇഹപര ശാപം തീരാനല്ല, പകരം ഇനിയും ഹൃദയത്തില്‍ തൊടുന്ന വരികള്‍ സമ്മാനിക്കാന്‍ കവിയായി ഇനിയൊരു ജന്മം കൂടി ഉണ്ടാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ .........
ജനുവരിയില്‍ വിരിയുന്ന ഓര്‍മ്മപ്പൂവിന്,സ്‌നേഹപൂര്‍വ്വം...........