പെയ്തൊഴിയുന്ന ഓരോ മഴയ്ക്കുമൊടുവിൽ ചക്രവാളത്തിൽ പ്രത്യക്ഷപ്പെടുന്ന ഏഴഴകുകളുള്ള  മഴവില്ല് ഒരു ഉടമ്പടിയുടെ അടയാളമായി വിശ്വസിക്കപ്പെടുന്നു.

പ്രളയത്താൽ താൻ ഭൂമിയെ പൂർണ്ണമായും നശിപ്പിക്കില്ലെന്ന പടച്ചവന്റെ ഉറപ്പ്. നൂറു വർഷത്തിലൊരിക്കലുണ്ടാകുന്നതെന്ന് നാം കരുതിയ 2018ലെ മഹാപ്രളയത്തിന്റെ തുടർ ക്കാഴ്ചകൾ ഭാഗികമായെങ്കിലും ദുരിതം വിതച്ച തുടർവർഷത്തിൽ, കേരളത്തെ ജലശുദ്ധി ചെയ്ത മഹാപ്രളയത്തെ തന്റെ വലിയ കുഞ്ഞു ചിത്രത്താൽ അടയാളപ്പെടുത്തുകയാണ് സംവിധായകൻ ജയരാജ് രൗദ്രം 2018-ലൂടെ...

മഴയുടെ ഭാവങ്ങളെ നവരസങ്ങളിലൊതുക്കുന്ന ഒരു ചിത്രത്തേക്കുറിച്ച് സ്വപ്നം കണ്ട സംവിധായകനാണ് ജയരാജ്. ഒറ്റ സ്നാപ്പിലൊതുങ്ങാത്ത ചിത്രം പോലെയവ യെ നവരസപരമ്പരയിലെ ആറു സിനിമകളായി മലയാളി കണ്ടു. അവയിൽ ചിലതിൽ മഴ പല ഭാവങ്ങളിലായി പ്രത്യക്ഷപ്പെടുകയും ചെയ്തു.കരുണത്തിൽ അലിവിന്റെ ചെറു കണികകളായി, ശാന്തത്തിൽ അന്ധമായ കൊലയുടെ പിന്നണിയായി, ഭയാനകത്തിൽ യുദ്ധഭീതിയുടെ കാഹളമായി... രൗദ്രത്തിലെത്തുമ്പോൾ മഴയൊരു മുഴുനീളെ കഥാപാത്രമായി അരങ്ങിലെത്തുന്നു. കേരളം മുഴുവൻ വിറങ്ങലിച്ച പ്രളയദിനങ്ങളിൽ മേരിക്കുട്ടിയെന്ന നിസഹായയായ സ്ത്രീയെ തന്റെ രൗദ്രതയാൽ വേട്ടയാടിയ പ്രളയത്തിന്റെ വേഷത്തിൽ. രൗദ്രം 2018 എന്ന ചിത്രം ഒറ്റവാക്കിൽ രൗദ്ര രസം പൂണ്ട ജലത്താൽ മുറിവേറ്റ മേരിക്കുട്ടിയെന്ന നിരാലംബയും നിസഹായയുമായ വൃദ്ധ സ്ത്രീയുടെ കഥയാണ്.

2018-ലെ മഹാപ്രളയം പുസ്തകങ്ങളായും, ഡോക്യുമെൻററികളായും പലരും അടയാളപ്പെടുത്തിയത് നാം കണ്ടുകഴിഞ്ഞു.370 പേരുടെ ജീവനെടുത്ത, 12 ലക്ഷത്തോളം പേരെ നേരിട്ട് ബാധിച്ച മലയാളിയുടെ ജീവിതത്തെയും ചരിത്രത്തേയും തകിടം മറിച്ച പ്രളയകാലത്തേക്കുറിച്ച് ഒരു സിനിമയെടുക്കുമ്പോൾ സാധ്യതകളേറെയാണ് ഒരു ചലച്ചിത്രകാരന്റെ മുൻപിൽ തെളിയുക. പ്രളയ ദൃശ്യങ്ങളുടെ ഭീകരതയും, പ്രളയബാധിതരുടെ ദുരിതങ്ങളും, രക്ഷാപ്രവർത്തകരുടെ വീരപ്രവർത്തനങ്ങളുമൊക്കെ അയാൾക്ക് വിഷയമാക്കാം. എന്നാൽ സ്ഥൂലമായ വിഷയവിവരണങ്ങ്ങളിൽ നിന്നും മാറി നിന്ന്, wk43സൂക്ഷ്മമായ തലത്തിൽ വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളിലൂടെ, വൃദ്ധരായ ദമ്പതികൾ താമസിക്കുന്ന വീടിനുള്ളിൽ ഒരാഴ്ചക്കാലം നടക്കുന്ന സംഭവ വികാസങ്ങളിലുടെ മലയാളി തന്റെ ആയുസ്സിൽ ഒരു പ്രാവശ്യം മാത്രം നേരിട്ട പ്രളയത്തിന്റെ രൗദ്രഭാവം കാട്ടിത്തരുകയാണ് സംവിധായകൻ ചെയ്തത്. കുട്ടനാട്ടിലെ പോസ്റ്റുമാനിലൂടെ യുദ്ധത്തിന്റെ ഭയാനകരസം കാണിച്ച അതേ കരവിരുതോടെ.

മഴയ്ക്ക് എത്രയാകാം ഭാവങ്ങൾ. പ്രണയം മുതൽ വിരഹം വരെ.. നനയുന്നവന്റെ മനമനുസരിച്ച് പല ഭാവങ്ങൾ, രൂപങ്ങൾ. ചെങ്ങന്നൂരിനടുത്ത് പാണ്ടനാടുള്ള വീട്ടിൽ താമസിക്കുന്ന വൃദ്ധ ദമ്പതികളായ മേരിക്കുട്ടിയെന്ന റിട്ടയേർഡ് ടീച്ചറിനും (കെ.പി.എ.സി ലീല)നാരായണനെന്ന റിട്ടയേർഡ് ISRO ശാസ്ത്രജ്ഞനും (രൺജി പണിക്കർ ) നമ്മളേവരേയും പോലെ ഒരു കാലത്ത് മഴയെ പ്രണയിച്ചവരായിരുന്നിരിക്കും. താൻ രൂപകൽപന ചെയ്ത PSLV C 25 റോക്കറ്റ് നൽകിയ പെരുമയുടെ ലോകത്ത് നിന്ന് മറവിരോഗത്തിന്റെ വഴി തെറ്റിയ ഓർമ്മകളുടെ ലോകത്താണ് നാരായണന്റെ ജീവിതം.കാഞ്ഞിരപ്പള്ളിയും അമേരിക്കയും ഒന്നുപോലെയായ ,ഇടയ്ക്കിടയ്ക്കുള്ളവിശപ്പു മാത്രം ജീവിത പ്രശ്നമായ നാരായണന്റെ അവശേഷിക്കുന്ന ഒരേയൊരു ലോക ബന്ധം പഴയ സിനിമാപ്പാട്ടുകളും, ഭൂത കാലത്തിന്റ മങ്ങിയ ഏതാനും ഓർമ്മകളും, മേരിക്കുട്ടിയെന്ന വിളിയും മാത്രമാണ്. അറബിക്കടലൊരു മണവാട്ടി മുതൽ മഞ്ഞലയിൽ മുങ്ങിത്തോർത്തി തുടങ്ങി മധുരിക്കും ഓർമ്മകളിൽ വരെ സിനിമാപ്പാട്ടുകൾ മാത്രം ബന്ധിപ്പിക്കുന്ന ജീവിതവുമായുള്ള ചരടുകൾ.പേരറിയാത്ത ടാക്സി ഡ്രൈവർ പറയുന്നതു പോലെ ഡിമൻഷ്യയുടെ പിടിയിലായതിനാൽ ടെൻഷനുകളില്ലാത്ത ജീവിതം നയിക്കുന്ന നാരായണന്റെ ഭാവ ഭൂഷകൾ രൺജി പണിക്കർ ഉഗ്രനാക്കായിരിക്കുന്നു. സുജാതയിലെ നൂതന്റെ ജൽത്തേ ഹെ ജിസ്കേലിയയും, ചൗദ് വീൻ കാ ചാര് ഹോ പാടി റാഫിയും നാരായണനെ സന്തോഷിപ്പിക്കുന്നുണ്ട്. പഴയ ചലച്ചിത്ര ഗാനങ്ങളുടെ പശ്ചാത്തലം മഴയുടെ രൗദ്രത്തോട് ചേർത്തു വച്ചുള്ള കഥാഗതിയാണ് രചന കൂടി നിർവഹിച്ച സംവിധായകൻ സ്വീകരിച്ചത്. അതു കൊണ്ട് സിനിമയെന്ന കലാരൂപത്തിൽ നിന്ന് ഡോകുമെന്ററിയുടെ രീതിശാസ്ത്രത്തിലേക്ക് പേയേക്കാവുന്ന സാധ്യത ഈ ചിത്രത്തെ അലട്ടുന്നില്ല. സ്വാഭാവികത തന്നെ ചിത്രീകരണത്തിന്റെയും ചിത്രത്തിന്റെയും ഹൈലൈറ്റ്. മറവിയുടെ തുമ്പത്തിരുന്നും നാരായണൻ കാഞ്ഞിരപ്പള്ളിയിലെ വെള്ളച്ചാമിയെന്ന നായയെ ഓർത്തു വയ്ക്കുന്നത് സിനിമയുടെ ജീവിതക്കാഴ്ചയുടെ ഉദാഹരണമാണ്.

മലയാളി ജീവിതത്തെ പുത്തൻ കാലത്ത് പിടികൂടിയ ദൈന്യതയാണ്, വീടുകളിൽ ഒറ്റപ്പെടുന്ന വൃദ്ധരുടെ ഏകാന്തയും ഒറ്റപ്പെടലും. ആ ദൈന്യതയാണ് ഒരു പക്ഷേ മഴയെ അവർക്ക് ഇത്ര രൗദ്രതയുള്ളതായി മാറ്റുന്നത്.പെണ്ണമ്മ (സബിത ജയരാജ്) യേപ്പോലെ സ്നേഹിക്കുകയും, പിണങ്ങുകയും ,വഴക്കടിക്കുകയും, കൊതിക്കെറുവു പറയുകയും ചെയ്യുന്ന കരുതലുള്ള സഹായികൾ മേരിക്കുട്ടി പോലുള്ള അപൂർവം പേർക്കല്ലേ ഉണ്ടാകൂ.അതാണല്ലോ ഏതോ ഓർമ്മയിൽ നാരായണൻ പറയുന്നത് ,തന്റെ മോളുടെ പേരും പെണ്ണമ്മയായിരുന്നെന്ന്.. പത്താം വയസിൽ പ്രണയിച്ച് തുടങ്ങി, അമ്പത്തിയഞ്ച് വർഷത്തെ കാത്തിരിപ്പിനു ശേഷം ജോലിയിൽ നിന്ന് വിരമിച്ച് കഴിഞ്ഞായിരുന്നത്രേ ഇവരുടെ വിവാഹം. ഓർമ്മക്കുറവിന്റെ ചികിൽസക്കായി അമേരിക്കയിലുള്ള ചേച്ചിയുടെ മകളുടെ അടുത്തേക്ക് യാത്ര പുറപ്പെടുകയാണ് മക്കളില്ലാത്ത ഇവർ. എന്നാൽ ഏതൊരു മലയാളി യുവാവിനേയും പോലെ അമേരിക്കയിലോ കാനഡയിലോ കുടിയേറി രക്ഷപെടണമെന്ന് ആഗ്രഹിക്കുന്ന ടാക്സി ഡ്രൈവർക്ക്(ബിനു പാപ്പു) ഇടുക്കിയിലെ വെള്ളം ആലുവയിലെത്തും മുൻപ് നെടുമ്പാശ്ശേരിയിലെത്താനാവില്ല. നെൽപ്പാടങ്ങളിൽ കെട്ടിപൊക്കിയ വിമാനത്താവളം വഴിയെന്നു ധരിച്ച വെള്ളം ഇതിനകം റൺവേ മൂടി, വിമാന യാത്രകൾ മുടക്കിയിരുന്നു. വിമാനത്താവളത്തിലേക്കുള്ള രാത്രിയാത്രയിലെ മഴ ദൃശ്യങ്ങളും, വഴി തടസങ്ങളും, FM റേഡിയോ വാർത്താ ശകലങ്ങളും ഒക്കെയാണ് സിനിമയിലെ അപൂർവമായ വാതിൽപ്പുറ ചിത്രങ്ങൾ.

തിരിച്ച് രാത്രിയിൽ വീട്ടിലെത്തുന്ന സുബോധമുള്ള മേരിക്കുട്ടിയും, മറവിയെന്ന ഒരു പക്ഷേ അനുഗ്രഹം ലഭിച്ച നാരായണനും തുടർന്നുള്ള ദിവസങ്ങളിൽ കടന്നു പോകുന്ന പ്രളയാനുഭവങ്ങളും, പരിണാമഗുപ്തിയുമാണ് രൗദ്രം അതിന്റെ കാഴ്ചയുടെ മുഖ്യവിഷയമാക്കുന്നത്. പെയ്തിറങ്ങിയ മഴവെള്ളം ഓടിപ്പോകാൻ വഴിയില്ലാതെ തോടും പുഴയും പാടവും റോഡും പറമ്പും കടന്ന് വീടുകളിലേക്ക് അഭയം തേടിയപ്പോൾ നിസഹായരായ നിരാലംബരായ ഒറ്റപ്പെട്ട നിരവധി വൃദ്ധജനങ്ങളേപ്പോലെ അമേരിക്കയിലേക്ക് ' പോയ' ഇവരും പ്രളയത്തുരുത്തിലാകുന്നു. ഫോണും വെളിച്ചവും പുറത്തേക്കള്ള വഴിയും നഷ്ടപ്പെട്ട വീടിനുള്ളിലെ അരണ്ട വെളിച്ചത്തിൽ മഴയുടെ സ്വാഭാവിക ശബ്ദ പശ്ചാത്തലത്തിൽ നിഖിൽ എസ്.പ്രവീൺ പകർത്തിയ ദൃശ്യങ്ങൾ മികവുറ്റതായി.

ഉയരുന്ന വെള്ളത്തിനൊപ്പം ജീവിതം വീടിന്റെ തട്ടിൻപുറത്തേക്ക് മാറുമ്പോഴും നാരായണന് മഴവെള്ളം കാൽ തല്ലി കളിക്കാനുള്ള കളിത്തോട് മാത്രമാകുന്നുണ്ട്. ഒരിക്കലും നീന്തൽ പഠിക്കാൻ കഴിയാതിരുന്ന മേരിക്കുട്ടിയെന്ന പഴയ സുന്ദരി ടീച്ചറിന് അതിജീവനം അവശേഷിക്കുന്ന മൂന്നു തീപ്പെട്ടിക്കൊള്ളികളിലാണ്. മഴ വെള്ളത്തിൽ നനച്ച അവിലിലും, കൈക്കുമ്പിളിൽ പിടിച്ച മഴവെള്ളത്തിലും അവർ എത്ര ദിവസം കഴിച്ചു കൂട്ടും? തട്ടിൻപുറത്തെ ഗ്രാമഫോണും, ഉപ്പുമാങ്ങഭരണിയും, ആൽബവുമൊക്കെ രക്ഷയ്ക്കായുള്ള നിലവിളിയുടെ ഇടവേളകളിൽ മേരിക്കുട്ടിക്ക് ഓർമ്മകളുടെ സുഗന്ധം നൽകുന്നുണ്ട്. തട്ടി ൻപുറത്തെ ഭിത്തിയിലെ ചെറിയ ദ്വാരത്തിൽ ഒരു കണ്ണമർത്തി മേരിക്കുട്ടി കാണുന്ന വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങളാണ് നമ്മെ ഇടയ്ക്കിടെ പ്രളയകാലത്തെ ഓർമിപ്പിക്കുന്നത്.പുറത്തെ പ്രളയത്തിന്റെ വ്യാപ്തി മേരിക്കുട്ടി എത്രമാത്രം മനസിലാക്കിയിട്ടുണ്ടാവും? രക്ഷപെടാൻ വഴിതെളിയുമെന്നു തന്നെയാവും അവരുടെ വിശ്വാസം. അതാണല്ലോ ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താമെന്ന ഗാനത്തിൽ അവർ സന്തോഷവതിയാക്കുന്നത്.

ആമ്പൽ പൂവേ അണിയം പൂവേ എന്ന പഴയ പാട്ടിന്റെ ഈരടികളിൽ അവർ യുവാവായ നാരായണനും ( നിതിൻ രൺജി പണിക്കർ ) മേരിയും (നിസ) ആകുമ്പോൾ പ്രളയ ദിവസങ്ങൾ ഒരാഴ്ച പിന്നിട്ടിരുന്നു. മലയാളി ഒരുമിച്ച് കൈകോർത്ത് അതിജീവിച്ച പ്രളയത്തെ തോൽപിച്ച് ഇവരും തോർച്ചയുടെ മഴവില്ലടയാളം കാണുമോ?

രൗദ്രം 2018 കണ്ടു മടങ്ങുമ്പോൾ കാറിൽ ഒരു വർഷമായി തൂക്കിയിട്ടിരുന്ന ചേക്കുട്ടി പാവയെ കുറേ നാളുകൾക്കു ശേഷം ഞാൻ പതിയെ തലോടി.സിനിമയുടെ അവസാന ടൈറ്റിലുകൾ തെളിയുമ്പോൾ കേട്ട പാട്ട് പ്രകൃതിയായ അമ്മയും, മക്കളായ മനുഷ്യരും തമ്മിലുള്ള സംസാരം ആയിരുന്നതും ഓർത്തു.
രൗദ്രത്തിന്റെ ആദ്യ പ്രദർശനം പ്രളയത്തിന്റെ വീരനായകരായ മത്സ്യതൊഴിലാളികൾക്കു മുൻപിലായിരുന്നു. ചിത്രത്തിന്റെ ലാഭവിഹിതം അവർക്ക് നൽകുമെന്നും പത്രവാർത്ത കണ്ടു. ഈ സിനിമയിൽ അവരില്ല, പക്ഷേ ഈ ചിത്രം സമർപ്പിച്ചിരിക്കുന്നത് അവർക്കാണ്.

കേരളം നേരിട്ട സംഭവബഹുലമായ പ്രളയ നാളുകളിൽ നടന്ന അനേകം അനുഭവങ്ങളിൽ നിന്നും, സംഭവങ്ങളിൽ നിന്നും മലയാളത്തിന്റെ പ്രിയ സംവിധായകൻ തന്നെ സ്പർശിച്ച ഒരു സംഭവം സ്വന്തം ക്രാഫ്റ്റിന്റെ മേൻമയിൽ അവതരിപ്പികുമ്പോൾ നിങ്ങൾ കുട്ടികളോടൊത്ത് തിയറ്ററുകളിൽ ചെന്ന് ചിത്രം കാണുക. നാം അതിജീവിച്ച പ്രളയ ദിനങ്ങളുടെ ഓർമ്മകൾ അവരെയും സ്പർശിക്കട്ടെ.. അതവരെ കൂടുതൽ നന്മയുള്ളവരാക്കും.. തീർച്ച..കാരണം നല്ല സിനിമകൾക്ക് അതിന് കഴിയാറുണ്ട്....

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ