mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
Image Courtesy:

പാതിരാവിൽ കിഴക്കുനിന്നു വീശി വരുന്ന കരിമ്പനക്കാറ്റേൽക്കുന്ന തേങ്കുറിശ്ശിയുടെ പാലക്കാടൻ മണ്ണിൽ നിന്ന് ഡിജിറ്റൽ സിനിമാ ദൃശ്യങ്ങളുടെയും, കറയറ്റ സാങ്കേതികത്തികവിന്റെയും സമാനതകളില്ലാത്ത ഗ്രാഫിക്സ് വിദ്യയുടെയും കാലത്ത് ഒടി വിദ്യയെന്ന ഗ്രാമീണ മിത്തിന്റെ ഗൃഹാതുരത്വവും കൗതുകവും പകരുന്ന ഗ്രാമീണ ചിത്രമായി ഒടിയൻ ദിവസങ്ങൾക്കൊണ്ട് മാസ് ചിത്രമെന്ന ലേബലിൽ നിന്ന് കുടുംബചിത്രമെന്ന പ്രകാശത്തിലേക്ക് കടന്നിരിക്കുന്നു.

ഒടിയനിലെ ഏറ്റവും മനോഹരമായ രംഗമേതെന്നുള്ള ചോദ്യത്തിനുള്ള മറുപടിയിൽ ഈ ചിത്രത്തിന്റെ സൗന്ദര്യം മുഴുവൻ നമുക്ക് ചേർത്ത് വെയ്ക്കാം. കേളകം തറവാട്ടിലെ തമ്പ്രാട്ടിക്കുട്ടിയ്ക്ക് ഒരു മോഹം. ഒടിയൻ മാണിക്യന്റെ ഒടിവിദ്യയൊന്നു കാണണം. ഒടി മറയണ രാക്കാറ്റിനെ സാക്ഷിനിർത്തി പ്രഭയെന്ന തന്റെ അമ്പ്രാട്ടിക്കായി മാണിക്യൻ തുള്ളിയോടുന്ന പൊൻമാനായി. എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടിലെ മായപ്പൊന്മാനെ നോക്കി സീത പറഞ്ഞതുപോലെ 'കനക മയമൃഗമെത്രയും ചിത്രം ചിത്രം!' എന്ന് പ്രഭയെയും അത്ഭുതപ്പെടുത്തിക്കൊണ്ട്.കരിമ്പനക്കാറ്റിന്റെ അകമ്പടിയുള്ള ആ കരിനീല രാത്രിയിൽ പ്രഭയും മാണിക്യനും ചേർന്ന് ഇങ്ങനെ പാടി.
" കൊണ്ടോരാം
കൊണ്ടോരാം
കൈതോലപ്പായ കൊണ്ടോരാം
കൊണ്ടോവാം കൊണ്ടോവാം
അന്ത്യാളൻ കാവിൽ കൊണ്ടോവാം "
മുപ്പതു വയസിലേക്ക് കായകൽപം ചെയ്ത മഹാനടൻ മോഹൻലാലും, ലേഡി മോഹൻലാൽ മഞ്ജു വാര്യരും ഒത്തുചേർന്ന ഈ മനോഹര ഗാനമാണ് ഒടിയൻ സിനിമയുടെ ലാളിത്യവും, സൗന്ദര്യവും വെളിവാക്കുന്ന ഏറ്റവും മനോഹര രംഗം.എം.ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിച്ച് റഫീഖ് അഹമ്മദ് വരിയെഴുതി സുദീപ് കുമാറും ശ്രേയാഘോഷാലും ചേർന്നു പാടിയ ഈ പാട്ട് ഒടിയൻ സിനിമയുടെ പ്രണയ ഹൈലൈറ്റാണ്.

ഇരുട്ടിനോളം മനുഷ്യനെ ഭയപ്പെടുത്തിയ, ചൂഷണം ചെയ്ത സമയമില്ല. വൈദ്യുതിയുടെ വെളിച്ചമേൽക്കാത്ത കാലത്ത് പ്രത്യേകിച്ച്.ഈ ഭയത്തിന്റെ സന്തതികളാണ് യക്ഷിയും, പിശാചും, ചാത്തനും, മാടനും, മറുതയുമൊക്കെ.വടക്കൻ കേരളത്തിൽ ഒടി വിദ്യകളുമായി രാത്രിസഞ്ചാരികളെ ഭയപ്പെടുത്തി കാര്യം സാധിച്ചിരുന്ന ഒരു പഴയ കാല ക്വട്ടേഷൻ സംഘമായിരുന്നു ഒടിയൻമാർ എന്നു പെട്ടെന്നു പറയാം.മൃഗങ്ങളുടെ പൊയ്മുഖങ്ങളണിഞ്ഞ് അവയുടെ ചലനവേഗങ്ങൾ സ്വായത്തമാക്കിയവർ.ഇഴയുന്ന, പറക്കുന്ന, മരം കയറുന്ന മൃഗങ്ങളായി മാറാൻ കഴിയുമെന്ന വിശ്വാസം സൃഷ്ടിച്ചവർ. സഖാവ് വാസുവിന്റെ ഭാഷയിൽ പറഞ്ഞാൽ മനുഷ്യന്റെ അന്ധവിശ്വാസത്തെ മുതലെടുക്കന്നവർ.ഒടിയനെന്ന ഈ മിത്തിന്റെ മുകളിലാണ് ഹരികൃഷ്ണനെന്ന ദേശീയ അവാർഡ് ജേതാവായ തിരക്കഥാകൃത്തിന്റെ ഒടിയൻ സിനിമയുടെ അപൂർവ്വമായ പ്ലോട്ട്. തേങ്കുറിശ്ശിയിലെ അവസാന ഒടിയനായ മാണിക്യന്റെ ഏകാന്തതയുടെയും, പ്രണയത്തിന്റെയും, പുറന്തള്ളപ്പെടലിന്റെയും, പ്രതികാരത്തിന്റെയും കഥ അതിമാനുഷ ഭാവങ്ങളെ മാറ്റിനിർത്തി വൈകാരികമായി പറയുകയാണ് കഥാകൃത്ത്. ഭൂതവും ഭാവിയും ഇടകലർന്ന നോൺ ലീനിയർ കഥപറച്ചിൽ രീതിയിലാണ് ഒടിയന്റെ യാത്ര.

ഒടിവിദ്യയുടെ ശാപം പേറാൻ താൽപര്യമില്ലാതെ മാതാപിതാക്കൾ നാടുവിടുമ്പോൾ തുടങ്ങുന്നു കുട്ടിയായ മാണിക്യനെ പിൻതുടരുന്ന ഏകാന്തത. കുലത്തൊഴിലായ ഒടിവിദ്യ മാണിക്യനെ പഠിപ്പിച്ച് തന്നേക്കാൾ കേമനാക്കി മുത്തച്ഛൻ വിട പറയുന്നു. അച്ഛനും അമ്മയമില്ലാത്ത മാണിക്യനെ വളർത്തുന്ന മുത്തപ്പന് ( കൈലാസ് ജോഷി ) ഒടിവിദ്യ അപമാനമല്ല അഭിമാനമാണ്.കടുത്ത ശിക്ഷണത്തിലുടെ കൊച്ചു മകനെ നാടറിയുന്ന ഒടിയനാക്കിയാണ് ,അവന്റെ ആന വേഷം കണ്ടാണ് മുത്തപ്പന്റെ അവസാന യാത്ര.മാണിക്യനെ മുത്തപ്പൻ വളർത്തിയെടുക്കുന്ന സംഭവങ്ങൾ പാട്ടിന്റെ രൂപത്തിൽ മനോഹരമാക്കിയിരിക്കുന്നു.
ലക്ഷ്മീ ശ്രീകുമാർ എഴുതിയ പാട്ടിനുള്ളിൽ മുത്തപ്പന്റെ സ്നേഹവും, ഒടിവിദ്യയുടെ സത്യത്തിലുള്ള മിത്തിക്കൽ ബോധ്യവുമുണ്ട്.
." മുത്തപ്പന്റെ ഉണ്ണി ഉണരുണര്
കൈ യുപിടിച്ചുണ്ണി ഉയരുയര്
ചങ്കിലെ തീയായി കരിമ്പനക്കാറ്റ് പോൽ നീ പടര്
സത്യം കാത്തു കൊണ്ട് "
ഒടി വിദ്യയിലും സത്യത്തിന്റെ അംശം സൂക്ഷിക്കുന്ന ഒടിയനാകുന്നു മാണിക്യൻ.

പാതിരാത്രിയുടെ, അമാവാസിയുടെ തോഴനായ പൗർണ്ണമിയിൽ അസ്ഥിത്വമില്ലാത്ത ഒടിയൻ പകൽ സമയം കാവൽക്കാരനാണ്. കേളകത്തെ തറവാട്ടിലെ പ്രഭയുടേയും ,മീനാക്ഷി (സാനഅൽത്താഫ്) യുടേയും. കണ്ണുകൾക്ക് വെളിച്ചമില്ലാത്ത മീനാക്ഷിയുടെയും, അവളെ അമ്മയെപ്പോൽ നോക്കുന്ന  പ്രഭയുടെയും ചെറുപ്പം മുതലുള്ള കളി കൂട്ടുകാരനും, സംരക്ഷകനും മാണിക്യനാണ്.മാണിക്യനും, മീനാക്ഷിയും, പ്രഭയും ചേരുന്ന ബന്ധത്തിന്റെ സൗന്ദര്യം ചിത്രീകരിച്ചിരിക്കുന്നതും പാലക്കാടിന്റെ ഗ്രാമീണ സൗന്ദര്യം തുളുമ്പുന്ന മറ്റൊരു പാട്ടിലൂടെ തന്നെ. മാനം തുടുക്കണ് എന്ന ഗാനം കാഴ്ചകളില്ലാത്ത മീനാക്ഷിയുടെ കണ്ണുകളാകുന്ന ഇരുട്ടിന്റെ രാജാവ് ഒടിയനേയും, പ്രഭയേയും മനോഹരമായി പ്രതിഷ്ഠിക്കുന്നു.

ഏകതാനമായ നന്മയല്ലല്ലോ ജീവിതവും മനുഷ്യരും. കറുത്ത നിറത്തിന്റെ അപകർഷത പേറുന്ന കരിമൺ നായരെന്ന വിളിപ്പേര് സമ്പാദിച രാവുണ്ണി നായരെന്ന മുറച്ചെറുക്കനാണ് ഇവിടെ വില്ലൻ.പല സിനിമകളിൽ കണ്ടു പരിചയിച്ചതെങ്കിലും പ്രകാശ് രാജിന്റെ അഭിനയത്തികവിലും, കഥാ  പാത്രസൃഷ്ടിയിലും രാവുണ്ണി സുരക്ഷിതമാകുന്നു. ചേച്ചിയും അനുജത്തിയും വിവാഹിതരായിട്ടും സിനിമയുടെ അവസാനം വരെ ഇരുവരെയും മോഹിക്കുന്ന അടങ്ങാത്ത ആഗ്രഹത്തിന്റെ മാനുഷിക ദൗർബല്യങ്ങൾ ഈ നായരെ പിൻതുടരുന്നു.

പ്രഭയും മീനാക്ഷിയും വിവാഹിതരാകുമ്പോഴും വലിയൊരു ഇഷ്ടം ഉള്ളിൽ പേറി ഇരുളിന്റെ രാജാവായ മാണിക്യൻ അർഹതയില്ലാത്തതു കൊതിക്കാതെ നിലകൊള്ളുന്നു.പ്രഭയുടെയും മീനാക്ഷിയുടെയും ജീവിതത്തിലെ ആകസ്മിക ദുരന്തങ്ങൾ കഥാഗതിയെ മാറ്റിമറിക്കുന്നു. വൈദ്യുതിയെത്തുന്ന ഗ്രാമത്തിൽ മാണിക്യൻ തൊഴിൽ നഷ്ടപ്പെടുന്ന ,ബൾബുകൾ എറിഞ്ഞുതകർക്കുന്ന അരക്ഷിതാവസ്ഥയിലാണ്.ഒപ്പം ഗ്രാമത്തിലെ രണ്ടു വലിയ ദുരന്തങ്ങളുടെ പിന്നിൽ ഒടിയനാണെന്ന കുറ്റം ചാർത്തപ്പെടുന്നതോടെ ഇരുട്ടിനെ പ്രണയിച്ച ഒടിയൻ ,തെങ്കറിശ്ശിയിൽ രാത്രിയിൽ വെറുതെ നടക്കാൻ മോഹിച്ചിരുന്ന ഒടിയൻ, നാടുവിടുന്നു. ഇരുട്ടിൽ എല്ലാവരും ഉറങ്ങുമ്പോഴും കേളകം തറവാട്ടിലെ കിഴക്കിനിയിൽ അണയാതിരുന്നിരുന്ന ആ വെളിച്ചം ഇനി തനിക്കായി തെളിയില്ലായെന്ന തിരിച്ചറിവിൽ. സ്വന്തം പ്രയത്നത്താൽ, നന്മതിന്മയുടെ ,ശാപത്തിന്റെ ഭാരം നോക്കാതെ കുലത്തൊഴിലായി മുത്തപ്പൻ പകർന്ന ഒടിവിദ്യ എന്നും പലരും പ്രയോജനപ്പെടുത്തിയിരുന്നു. ഒരിക്കൽ പ്രഭ പോലും. പക്ഷേ ഇന്നത് മാണിക്യന് നെഞ്ചിലെ കാളക്കുളമ്പും കണ്ണിലെ കാരിരുൾ മുള്ളുമാകുന്നു. ഈ മണ്ണിൽ എന്തിന് ഒടിയൻ വാഴുന്നു എന്ന വ്യഥയോടെ തേങ്കുറിശ്ശിയിലെ അവസാന ഒടിയൻ നാടിനോട് യാത്ര പറയുന്നു.

എല്ലാം വിശുദ്ധീകരിക്കുന്ന വിശുദ്ധ നഗരിയായ വരാണസിയിൽ ജട കയറിയ മുടിയും, ദീക്ഷയും, നരച്ച വസ്ത്രവുമായി സന്യാസരൂപത്തിൽ കഴിയുകയായിരുന്ന ഒടിയൻ പതിനഞ്ചു വർഷങ്ങൾക്കു ശേഷം തേങ്കറിശ്ശിയിലേക്ക് മടങ്ങുന്നത്  എന്തിനാ വാം. ചെറുപ്പത്തിലെ ഒടിവിദ്യയുടെ സമയത്തുണ്ടായിരുന്ന കുസൃതിക്ക് പകരം ആ കണ്ണിൽ കനലുണ്ട്. സത്യം തേടാൻ പറഞ്ഞ മുത്തപ്പൻ നൽകിയ കരുത്തിന്റെ ബലം ഓരോ ചുവടിലുമുണ്ട്. രണ്ട് പ്രായത്തിലുള്ള മാണിക്യൻമാരുടെ വേഷപ്പ കർച്ചയും, ഭാവമാറ്റവും കൃത്രിമ മേക്കപ്പില്ലാതെ പകർന്നാടിയ ലാൽ തനിക്ക് പകരം വയ്ക്കാൻ നടൻമാരിച്ചെന്ന് തെളിയിച്ചു. എക്സ്ട്രീം ക്ലോസപ്പ്ഷോട്ടുകളിൽ ആ കണ്ണുകൾ തരുന്നത് തീവ്രവികാരഭാവമാണ്. ഒടി  വേലയിലെ അവസാന ദൗത്യം നിർവഹിക്കാനെത്തുന്ന മാണിക്യന് ഈ പ്രായത്തിൽ അതിനു കഴിയുമോയെന്ന ആകാംക്ഷ ഗ്രാമത്തിലെ മൊത്തം ജനങ്ങൾക്കും തീർച്ചയായും ഉണ്ട്.കാരണം ഒടിയൻ വെളിച്ചത്തിന്റെ കാലത്ത് കേവലമൊരു അന്ധവിശ്വാസമാണ്. എന്നാൽ ഇവിടെ മാണിക്യന് തെളിക്കാനുള്ളത് സത്യത്തിന്റെ പ്രകാശമാണ്. ഒപ്പം വിരിയിക്കാനുള്ളത് കാലം തെറ്റിയ പ്രണയത്തിന്റെ താമരപ്പൂക്കളും. ബാക്കി തിരശീലയിൽ കണ്ടിറങ്ങുക.

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം പുലിമുരുകന്റെ രണ്ടാം ഭാഗമെന്നപോലൊരു മാ സ് ത്രില്ലറ ല്ല.തികച്ചും മനസിൽ തട്ടാവുന്ന  പശ്ചാത്തലമുള്ള ഭംഗിയുള്ളസാധാരണ സിനിമയാണ്. അവസാന രംഗത്തെ ചില ഭാഗങ്ങളിലെ ആക്ഷൻ രംഗങ്ങൾ അധികപ്പറ്റായെങ്കിലും ഒടി വിദ്യകൾ കാണിക്കുന്ന, മൃഗചലനങ്ങളുടെ ആക്ഷൻ കഥാഗതിയ്ക്ക് ചേർന്നവ തന്നെ. സാമിന്റെ പശ്ചാത്തല സംഗീതവും,ജോൺ കുട്ടിയുടെ എഡിറ്റിങ്ങും, പ്രശാന്ത് മാധവിന്റെ കലയും ചേർത്തു വയ്ക്കാൻ മേനോന് കഴിഞ്ഞു. എല്ലാറ്റിനുമുപരി കാശിയുടെയും, തേങ്കറിശ്ശിയുടേയും സുന്ദരദൃശ്യങ്ങൾ ഒരുക്കിയ ഷാജികുമാറിന്റെ ക്യാമറയും കൊള്ളാം. ലാൽ, മഞ്ജു വാര്യർ, പ്രകാശ് രാജ് മൂവർ സംഘത്തിനെ ഉപയോഗപ്പെടുത്തുക തന്നെ ചെയ്തു.
വിപണന ലക്ഷ്യത്തോടെയാണെങ്കിൽ പോലും പ്രേക്ഷകർക്ക് കിട്ടിയ പ്രതീക്ഷ തിരശീലയിൽ കാണാത്തതിൻറ ആശയക്കുഴപ്പത്തിന്റെ നാളുകൾ കടന്ന് ഒടിയൻ ഒരു കുടുംബചിത്രമെന്ന ലേബൽ നേടിയിരിക്കുന്നു. ഒരു നൊടിയിട പ്രകാശം പോയപ്പോൾ പ്രഭയുടെ കൈകളിൽ താമരപ്പൂക്കൾ എത്തിയ ഒടിയൻ മാണിക്യൻ തൻ മറിമായം. ജീവിതത്തിന്റെ തുടക്കത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട്, കുലത്തൊഴിലെന്ന പോലെ ഒരു വിധത്തിൽ അധമമായ ഒടിവിദ്യക്കാരനാകേണ്ടി വന്ന മാണിക്യൻ എന്ന ഒടിയന്റെ അനാഥത്വവും, ഒറ്റപ്പെടലും, പ്രണയം പോലും അപ്രാപ്യമായ സാമൂഹിക സ്ഥാനവും, അടിച്ചേൽപ്പിക്കപ്പെടുന്ന കുറ്റങ്ങളും, എന്നാൽ സത്യത്തിനായി പോരാടാൻ അവസാനമായി ഒരിക്കൽ കൂടി ഒടി വേഷം കെട്ടുന്നതുമൊക്കെ പ്രണയത്തിലും, വൈകാരികതയിലും ചാലിച്ചു വിളമ്പുന്ന ഒടിയൻ മാസ് പടമല്ല കുടുംബങ്ങൾക്കുള്ള ക്ലാസ് പടമാണ്.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ