മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ഗബ്രിയേൽ മാർക്കേസാണ് പറഞ്ഞത്, "ജീവിച്ചതല്ല ജീവിതം. നാം ഓർമ്മയിൽ വയ്ക്കുന്നതാണ്. പറഞ്ഞു കേൾപ്പിക്കാൻ വേണ്ടി നാം ഓർമ്മയിൽ വയ്ക്കുന്നതാണു ജീവിതം". 

മുപ്പത്തിയേഴാം വയസ്സിൽ കെ.രാമചന്ദ്രനെന്ന ട്രാവൽ ഫോട്ടോഗ്രാഫറും, എസ്. ജാനകി ദേവിയെന്ന സിംഗപ്പൂരിൽ ജോലി നോക്കുന്ന കമ്പ്യൂട്ടർ പ്രൊഫഷണലും, അവരുടെ കൂട്ടുകാരും 22 വർഷങ്ങൾക്കു മുമ്പ് തങ്ങൾ പഠിച്ച തഞ്ചാവൂരിലെ സ്കൂളിലെ 96 ബാച്ചിന്റെ ഒത്തു കൂടലിന് ചെന്നൈയിലെത്തുന്ന ഒരു ദിവസമാണ് ,96 എന്ന സി.പ്രേംകുമാർ രചനയും, സംവിധാനവും നിർവഹിച്ച തമിഴ് ചലച്ചിത്രത്തിന്റെ വൺ ലൈൻ സ്റ്റോറി. നഷ്ട പ്രണയം, ഗൃഹാതുരത്വം, സൗഹൃദം എന്നിവ പ്രമേയമാക്കി എല്ലാ ഭാഷകളിലും, എല്ലാക്കാലത്തും സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. സാർവലൗകികവും, സാർവജനീയവുമായ പ്രമേയത്തെ തെല്ലും അതിഭാവുകത്വത്തിലേക്ക് മാറിപ്പോകാതെ ദൃശ്യങ്ങളുടേയും, പശ്ചാത്തല സംഗീതത്തിന്റെയും, പിന്നണി ഗാനങ്ങളുടേയും  സർവോപരി മികച്ച കാസ്റ്റിങ്ങിന്റെയും പിൻബലത്തിൽ, നഷ്ടപ്രണയത്തേയും ഓർമ്മകളേയും മധുരിക്കുന്ന തമിഴ് ഭാഷയുടേയും,സംസ്കാരത്തിന്റെയും, ദേശ ഭംഗിയുടേയും പശ്ചാത്തലത്തിൽ, തത്വശാസ്ത്രപരമായ വ്യാഖ്യാനങ്ങളിലേക്ക് ഹൃദയത്തെ സ്പർശിക്കുന്ന രീതിയിൽ വിന്യസിച്ചിരിക്കുന്നു ഈ ചിത്രത്തിൽ. 

കടലാഴങ്ങളിൽ, മരുഭൂമികളിൽ, വന സ്ഥലികളിൽ,തെരുവുകളിൽ അവധൂതനേപ്പോലെ പക്ഷികളോടും, മൃഗങ്ങളോടും, മനുഷ്യരോടും മൗനമായും, വാചാലമായും സംസാരിച്ച് യാത്രകളുടെ സുന്ദര നിമിഷങ്ങളെ ക്യാമറക്കണ്ണുകളിൽ വശ്യമായി ഒപ്പിയെടുക്കുന്ന രാമചന്ദ്രന്റെ ഇപ്പോഴത്തെ ജീവിതമാണ് സിനിമയുടെ ആദ്യ അഞ്ചു മിനിട്ടുകൾ, ആദ്യഗാനവും.കാർത്തിക നേതയും, ഉമാദേവിയും രചിച് ഗോവിന്ദ് വസന്ത ഈണം നൽകിയ പാട്ടുകൾ തിരക്കഥയുടെ ഭാഗം പോലെ ചേർന്നു നിൽക്കുന്നവയാണ്. ആദ്യ ഗാനം തന്നെ കേൾക്കുക... കരയിലെത്തുമ്പോൾ ഞാനീ കടലിനെ സ്നേഹിക്കുന്നു.. മുടിയിൽ വെള്ളി വരകൾ വീണു തുടങ്ങുമ്പോൾ ഞാനീ ലോകത്തെ അറിയുന്നു. എന്നു തുടങ്ങി മുൻ വിധികൾ തടസപ്പെടുത്താതെ, എല്ലാ ദിവസവും അതിന്റെ പൂർണ്ണതയിൽ ജീവിക്കാൻ, കറകളേൽക്കാതെ പരിശുദ്ധിയോടെ ഈ ജീവിതത്തിൽ മുങ്ങി നിവരാൻ... എന്നിങ്ങനെ ജീവിതത്തിന്റെ ഓരോ നിമിഷവും ഒറ്റയ്ക്ക് ആനന്ദാതിരേകത്തിൽ കഴിയുന്ന ഒരു യാത്രികനായി വിജയ് സേതുപതി പ്രത്യക്ഷപ്പെടുന്നു.ഈ നിർവൃതിയിൽ മുപ്പത്തിയേഴാം വയസിലും ജീവിക്കാൻ രാമചന്ദ്രന്റെ മനസിൽ രാരീരം പാടുന്ന ഉത്തേജനം എന്താണെന്നറിയാൻ യാത്ര തുടരുന്നത് തഞ്ചാവൂരിലെ സ്കൂളിലേക്ക്.10C യിലെ രാമചന്ദ്രനു വേണ്ടി പൂക്കാൻ, ഇനി വരും കാലത്തേക്കും കാലം ഗൃഹാതുരത്വത്തിന്റെ, ഓർമകളുടെ പൂമരം നട്ടിരിക്കുന്നു. ആ യാത്ര ചെന്നെത്തുന്നത് 96 ബാച്ചിലെ  കൂട്ടുകാർ 22 വർഷങ്ങൾക്കു ശേഷം ചെന്നെയിൽ ഒത്തു കൂടാനുള്ള തീരുമാനത്തിൽ. 

ഇവിടെ വച്ച്, ആ ദിനത്തിൽ പ്രേക്ഷകർക്കും ഓർമ്മയുടെ കുന്നിമണി ചെപ്പുകൾ തുറന്ന് നാം നടന്ന വഴികളെ, സംഭവങ്ങളെ, കൊച്ചു കൊച്ചു  മോഹങ്ങളെ ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തിലേക്ക് കൊണ്ടു വരാം.96 സിനിമയുടെ പോസ്റ്ററിൽ 96 ഡിസൈൻ ചെയ്തിരിക്കുന്നത് ഓർമ്മകളുടെ ചിത്രങ്ങൾ കൊണ്ടാണ്.ഒന്നോർത്തു നോക്കുക, 22 വർഷങ്ങൾക്കു മുമ്പ് നമ്മൾ കണ്ട, കേട്ട, ഉപയോഗിച്ച സാധനങ്ങൾ, ഗാനങ്ങൾ, കളിച്ചകളികൾ.. ഈ പെട്ടി തുറന്ന് അതിന്റെ സുഗന്ധം നൽകുകയാണ് 96. ഛായാഗ്രഹണ വിദ്യയുടെ ഗിമ്മിക്കുകളില്ലാതെ മഹേന്ദ്രൻ ജയരാജും, ഷൺമുഖ സുന്ദരവും ഒപ്പിയെടുത്ത ചിത്രങ്ങളിലൂടെ. 

FLAMES എന്ന വാക്ക് വെട്ടി  പ്രണയമുറപ്പിച്ചവർ.. ദൂരദർശൻ മാത്രം കണ്ടവർ.. മഷി കുപ്പിയും പേനയും കൈകാര്യം ചെയ്തവർ.. ടി വി ആൻറിന, ടോ പാസ് ബ്ലേഡ്, ട്രോഫികൾ, പേപ്പർ ബോട്ട്, വാക്ക്മാൻ, പട്ടം, സ്റ്റാംപ്, നടരാജ്പെൻസിൽ, സൈക്കിൾ, ലക്സർ പേന, ക്രയോണുകൾ, ചോക്കളേറ്റ്, കടലാസ് കവറുകൾ, ഫേ്ളോപ്പി ഡിസ്ക്, ടേബിൾ ലാംപ്, കാൽകുലേറ്റർ, റൈറ്റിങ്ങ് ബോർഡ്,പോസ്റ്റ് കാർഡ്, ഡിജിറ്റൽ വാച്ച്, ടെസ്ക്ടോപ് കമ്പ്യൂട്ടർ, C പ്രോംപ്റ്റ് ഇതൊക്കെ കൊണ്ടാണ് 96 - നെ പണിതിരിക്കന്നത്. പാടുന്നത്  ഇളയരാജയും, മൈക്കൾ ജാക്സണും. ഗൃഹാതുരത്വത്തിന്റെ ഈ ചിത്രങ്ങളിലേക്കാണ് സൗഹൃദത്തിന്റെ വിശുദ്ധ നൂലുകൾ  കൂടി 96 ഓർമ്മയിൽ മുക്കിക്കയിറക്കുന്നത്. അതിന്റെ ഊഷ്മളതയറിയാൻ സുഭാഷിണിയെ അവതരിപ്പിച്ച ദേവ ദർശിനിയെന്ന കഥാപാത്രം മാത്രം മതി. അവരുടെ മകൾ നിയതി അവരുടെ ചെറുപ്പകാലം അവതരിപ്പിച് കാസ്റ്റിങ്ങിന് പൂർണ്ണതയും നൽകി. 
ഇരുപത്തിരണ്ടു വർഷത്തിനു ശേഷമുള്ള ആ രാത്രി കാത്തിരിക്കുന്നത് 96 ബാച്ചിന്റെ ഗാന കോ കിലവും ,ജീവനുമായ ജാനുവിനെയാണ്. വർഷങ്ങൾക്കപ്പുറത്ത് ജാനുവിനെ കാത്ത് ഒരു റാമുണ്ടായിരുന്നു.എല്ലാ സ്കൂൾ പ്രണയങ്ങളിലും സംഭവിക്കുന്ന പോലെ ഒരു വേനലവധിയുടെ ശേഷം നാം പ്രതീക്ഷയോടെ തിരയുന്ന കണ്ണുകൾ ടി.സിയെന്ന രണ്ടു വാക്കിൽ നഷ്ടപ്പെടുന്നതു നിസഹായമായി സഹിക്കേണ്ട ബാല്യത്തിന്റെ നിസഹായവസ്ഥ. ഒരു ഫ്രെയിമിന്റെ ഈ ഭാഗങ്ങളിൽ റാമും, ജാനുവും വീണ്ടും സ്കൂൾ യൂണിഫോമണിയുമ്പോൾ പ്രേക്ഷകർ തിരയുക സ്വന്തം കുട്ടിക്കാലമാകും. ഇങ്ങനെ ബാല്യകാലസ്മരണകളും, പ്രണയവും, സൗഹൃദങ്ങളും നിറഞ്ഞ ഭൂതകാലത്തിലേക്ക്   യാത്ര പോയ 96, റാമിനേയും, ജാനുവിനേയും മാത്രമായി അൽപ നേരം വിടുന്നതോടെ മാംസത്തെ തൊടാത്ത, ഓർമകളിലും, ജാനുവിനെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും  സ്വയം വെളിപ്പെടുത്താതെ പിന്തുടർന്ന് കരുതിപ്പോന്ന റാമിന്റെ അസാധാരണ പ്രണയ ജീവിതം ചുരുളഴിയപ്പെടുന്നു. ഒന്നും നേടാതെ,പ്രണയത്തെ മുറുകെ പിടിച്ചു സ്വന്തമാക്കാതെ, പ്രണയം നൽകുന്ന ഊർജം ലോകത്തെ കൂടുതൽസുന്ദരമായി കാണാൻ ഊർജ്ജം നൽകുന്ന ശക്തിയാക്കി മാറ്റിയ റാമിന് നൽകാൻ ജാനകിക്ക് ബാക്കിയുള്ളത് ആ രാത്രിയിൽ ഒപ്പം ചിലവഴിക്കുന്ന  വിശുദ്ധ നിമിഷങ്ങൾ മാത്രം. ജാനകിക്ക് അനിവാര്യമായ പിരിയൽ റാമിന് ഈ സമയത്തും ഉണ്ടാകുന്നില്ല, കാരണം റാം എന്നും പ്രണയത്തിനൊപ്പമായിരുന്നു. ആ പ്രണയത്തിന് ഒരു പേര് മാത്രം ജാനകി. 

പ്രണയത്തിന്റെ മഷിത്തുള്ളികൾ തെറിച്ചുവീണ പഴയ വസ്ത്രങ്ങൾ, ജാനുവിന്റെ ഓർമ്മകൾ അടയാളപ്പെടുത്തുന്ന ഒരു പിടി സാധനങ്ങൾ, ഒടുവിൽ ജാനകി ധരിച്ച വസ്ത്രങ്ങൾ ഇവയെല്ലാം ചേർത്ത് റാം സൂക്ഷിക്കുന്ന പ്രണയ പേടകത്തിന്റെ സുഗന്ധം ആണ് റാമിന്റെ ശക്തിയും, ഊർജ്ജവും. ഇവിടെ പ്രണയം ദേഹവും, ദൂരവും, കാലവും കടന്ന് സുഗന്ധമാവുന്നു. ഒരു പെട്ടിക്കുള്ളിൽ മനസിന്റെ താഴിട്ട് നാം പൂട്ടി വെയ്ക്കുന്ന നനുത്ത, മണമുള്ള ഓർമ്മകളല്ലേ ശരിക്കും പ്രണയം. അതിനാൽ ജീവിതത്തിൽ പ്രണയം നഷ്ടപ്പെടുന്നില്ല. നിരന്തര ഓർമ്മപ്പെടുത്തലോടെ റാമിൽ ജീവിക്കുന്നു. പ്രണയം നൽകുന്ന സംഗീതത്തിന്റെ ശക്തിയിൽ വീണ്ടും രാമചന്ദ്രൻ യാത്രയ്ക്കിറങ്ങുമായിരിക്കും. പ്രണയമഴ പെയ്തിറങ്ങിയ ഈ വഴികളിലൂടെ, സ്നേഹം നൽകും ഉന്മാദത്തോടെ. 

വിജയ് സേതുപതിയുടെ ഏറ്റവും ഒതുക്കമുള്ള നായകനും, കണ്ണിലെ ഭാവങ്ങൾ കരുത്താക്കി കൊണ്ട് തൃഷ അവതരിപ്പിച്ച നായികയും ആദിത്യയും, ഗൗരിയും അഭിനയിച്ച അവരുടെ കുട്ടിക്കാലവും  മികച്ച അനുഭവമായി. അത്ര സുന്ദരമായി സിനിമാറ്റിക് ആയി കഥ പറയാൻ തമിഴിനുള്ള കഴിവ് 96 - ൽ വീണ്ടും കാണുന്നു. മനോഹരമായ തമിഴ് ഭാഷയുടെ പിൻബലത്തിൽ. കാതലേ കാതലേ തനി പേരും തുണയേ.പോതും പോതും.കാതലേ, കാതലേ.. വാഴ് വിൻ നീളം.പോകലാം പോക വാ നീ... എന്നു ഹൃദയം തട്ടി പാടാൻ തമിഴിനോളം തരളമായ ഭാഷ വേറെയില്ല... 96 റാമിന്റേയും ജാനുവിന്റെയും വർഷമാണ്. ഓർത്തുനോക്കുക നിങ്ങുടേത് ഏതെന്ന്?.പദ്മരാജൻ  തന്റെ കഥയിൽ പറഞ്ഞതുപോലെ ഞാൻ നിന്നെ പ്രേമിക്കുന്നു എന്ന വർത്തമാനത്തേക്കാൾ സുന്ദരമല്ലേ, ഞാൻ നിന്നെ പ്രേമിച്ചിരുന്നു എന്ന ഓർമ്മപ്പെടുത്തൽ.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ