മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

"എന്റെ അപ്പനുണ്ടായിരുന്നെങ്കിൽ എനിക്ക് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല" എന്ന പ്രിയയുടെ അപമാനഭാരം പൂണ്ട ആത്മഗതം വിരൽ ചൂണ്ടുന്നത് ഭർത്താവായ എബിയുടെ നേരെയല്ല ,പെണ്ണിനെ നോക്കാൻ ഇനിയും പഠിക്കാത്ത സാക്ഷര കേരളത്തിന്റെ കപട മുഖത്തേക്കാണ്.നസ്രിയ ഫഹദ് ഫാസിലിന്റെ നിർമ്മാണത്തിൽ അമൽ നീരദ് സംവിധാനം ചെയ്ത് തീയറ്ററുകളിലെത്തിയ വരത്തൻ പറയാൻ ശ്രമിക്കുന്നത് സ്വന്തം സ്ഥലത്ത് ,വീട്ടിൽ സ്വസ്ഥത നഷ്ടപ്പെടുന്ന സ്ത്രീയേക്കുറിച്ചാണ്. ഒരു കാഴ്ചവസ്തുവെന്ന നിലയിലുള്ള ഒരു നോട്ടം പോലും വ്യക്തിയെന്ന നിലയിൽ സ്ത്രീയെ എത്രമാത്രം അസ്വസ്ഥമാക്കുന്നതും, അതിനെതിരെ പ്രതികരിക്കാൻ അവളും ഭർത്താവും ചേർന്നു നടത്തുന്ന ഗറില്ലാ യുദ്ധമുറകൾ ചേർത്തിണക്കിയ ക്ലൈമാക്സുമാണ് ചിത്രത്തിന്റെ കഥാതന്തു. മലയാളത്തിലും, ഇംഗ്ലീഷിലും (strawdog ) ഇറങ്ങിയ ചില സിനിമകളുമായി സാമ്യം തോന്നുതിനു കാരണം വരത്തന്റെ കഥാപശ്ചാത്തലം പുതിയതല്ലായെന്നതു തന്നെ.എന്നാൽ സിനിമ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തിനു ചേരാത്ത ,എന്നാൽ വാണിജ്യപരമായി സിനിമയെ കൈ പിടിച്ചുയർത്തിയ പോപ്പുലർ മാസ് രംഗങ്ങളാണ് അവസാന ഭാഗത്ത് തിയറ്ററുകളിൽ കൈയ്യടി ഉയർത്തിയത്. പക്ഷേ നിർഭാഗ്യവശാൽ വരത്തൻ എന്ന സിനിമ പറയാൻ ശ്രമിച്ച നിലപാടുകൾക്കപ്പുറം ക്ലൈമാക്സിന്റെ ചടുലതയും, പശ്ചാത്തല സംഗീതവും, അമൽ നീരദിന്റെ സമാനതകളില്ലാത്ത സംവിധാന കൈത്തഴക്കവും, ചിത്രസന്നിവേശവും കൂടുതൽ വാഴ്ത്തപ്പെട്ടു കേൾക്കുന്നത് പരിമിതിയാണ്.

നാട്യ പ്രധാനമെന്നു കരുതുന്ന ദുബായിയെന്ന വൻനഗരവും, കൊച്ചിയും കടന്ന് നന്മകളാൽ സമൃദ്ധമായ പതിനെട്ടാം മൈലിലെ മലയോര ഫാം ഹൗസിലെത്തുന്ന ദമ്പതികൾക്ക് പ്രതീക്ഷക്കു വിപരീതമായി നേരിടേണ്ടി വരുന്ന സ്വകാര്യ യിട കൈയേറ്റങ്ങളാണു സിനിമയുടെ പ്രധാന പൂർവ പക്ഷം.എല്ലാവരും ഞരമ്പുരോഗികളും, ഒളിഞ്ഞുനോട്ടക്കാരും, അടിവസ്ത്ര മോഷ്ടാക്കളും, മദ്യപൻമാരും ,അതി വിനയക്കാരായ സൂത്രശാലികളും ആണെന്നു തോന്നുന്ന വിധത്തിൽ പരിമിതമായ കഥാപാത്രങ്ങളുടെ ഘടനയാണ് വരത്തന്റേത്. നന്മയുടെ മുഖമാകുന്നത് പാൽക്കാരി ചേച്ചിയും, പയ്യനും മാത്രം. ഒരു പക്ഷേ തിരക്കഥ തയ്യാറാക്കിയ സുഹാസ് - ഷറഫുമാർ എല്ലാവരേയും വരത്തൻമാരായി എണ്ണിയതാവാം. കാരണം ആ മലയോരദേശത്ത് ചൂഷണമാണ് മുഖ്യ പ്രവൃത്തി.കരാർ കൃഷിയും, തൂക്ക വെട്ടിപ്പും, പിടിച്ചുപറിയും, സദാചാര പോലീസിങ്ങും, വരത്തൻമാരോടുള്ള അസഹിഷ്ണുതയും, അറപ്പുളവാക്കുന്ന അശ്ലീല നോട്ടങ്ങളും ഒക്കെ ചേർന്ന വരത്തൻമാർ തന്നെ നിർമ്മി ച്ചെടുത്ത അവരുടെ നിയമങ്ങൾ ഭരിക്കുന്ന ഉട്ടോപ്യൻ ലോകം. ഇവിടേക്കാണ് ഇൻഫർമേഷൻ ടെക്നോളജി കാലത്തെ ജീവിതത്തിന്റെ ആഹ്ളാദങ്ങളും, അനിശ്ചിതത്വങ്ങളും, സ്റ്റാർട്ട്അപ്പ് സ്വപ്നങ്ങളും, തൊഴിൽ ഡെഡ് ലൈനുകളുടെ സമ്മർദ്ദവുമൊക്കെയുള്ള ലോകത്തിൽ നിന്ന് പുതു തലമുറക്കാരായ എബിയും പ്രിയയും ഫാം ഹൗസിൽ താമസിക്കാനെത്തുന്നത്. ഏറെ നൊസ്റ്റാൾജിയകൾ പേറാനില്ലാത്ത നേരേ വാ സ്വഭാവക്കാരനായ എബിയും, അനുഭവങ്ങളുടെ കരുത്തുള്ള ബാല്യമുള്ള പ്രിയയും.

പുതു തലമുറയുടെ അടിപൊളി യെന്നു വിചാരിക്കുന്ന ഈ ജീവിതകാലത്ത് ജീവിക്കാൻ പറ്റാതെ പോയ നിരാശയുള്ള, വായിക്കുന്നുവെന്ന് കരുതുന്ന പത്രത്തിന്റെ ഇടയിലൂടെ ഒളിഞ്ഞു നോക്കുന്ന വൃദ്ധരും, സ്ത്രീയെ കാണുന്നതു പോലും വെള്ളമിറക്കാൻ മാത്രമെന്നു കരുതുന്ന യുവജനങ്ങളും, ഒരേ സമയം പീഡകനും ,സദാചാര വാദിയുമാകുന്ന നാട്. ഒരു വശത്ത് അയൽപക്കത്തെ സ്ത്രീയുടെ കുളിമറിയിൽ ക്യാമറ സ്ഥാപിച്ച്, സ്വന്തം പെങ്ങളോട് സംസാരിച്ചവനെ കൈയേറ്റം ചെയ്യുകയും ചെയ്യുന്ന കപടത പേറുന്ന വർത്തമാന കേരളത്തിന്റെ നേർരൂപമെന്നു കരുതാവുന്ന സ്ഥലത്തേക്കാണ് നായകനും നായികയും എത്തുന്നത്. പ്രകൃതി തന്നെ കയ്യേറപ്പെട്ട സ്ഥലമെന്ന് വ്യക്തം. ഈ കപട മുഖമറിയാത്ത എബിയും, തന്റെ സുരക്ഷയേക്കുറിച്ചും, ഒളിഞ്ഞുനോട്ടത്തിലെ വ്യക്തിഹത്യയേക്കുറിച്ചും വ്യക്തമായ ധാരണയുള്ള പ്രിയയും അകപ്പെടുന്ന വിഷമവൃത്തമാണ് വരത്തൻ വരച്ചുകാട്ടുന്നത്. ഇത് പ്രിയയുടെ അപ്പന്റെ സ്വന്തം സ്ഥലം.എബിയൊരു വര ത്തനും. പക്ഷേ സ്വന്തം വീട്ടിൽ സ്ത്രീ പ്രതീക്ഷിക്കുന്ന സമാധാനം നഷ്ടമായാൽ വരത്തൻ അതെങ്ങനെ നേരിടും. അതും വരത്തൻ അങ്ങനെ കളിക്കണ്ടായെന്നു വര വരച്ച വിധിയുള്ള നാട്ടിൽ. ആ വര ലംഘിക്കുന്ന വരത്തന്റെ കളിയാണ് ചിത്രത്തിന്റെ കൊമേർസ്യൽ ഹൈ ലൈറ്റ്. ബാക്കിയൊക്കെ മുഖ്യകഥാപാത്രങ്ങളുടെ രൂപ, സ്വഭാവ സ്ഥലകാല പ്രതിഷ്ഠകൾ മാത്രം.

വരത്തൻ സിനിമയുടെ ജോണർ (Genre) എന്തെന്നു നിർവചിക്കുക പ്രയാസം.തുടക്കത്തിലെ ദുബായി രംഗങ്ങൾ ഫഹദിന്റെ സ്ഥിരം വാർപ്പു മാതൃകയാകുമെന്നു കരുതി നാട്ടിലെത്തുമ്പോൾ, റിയർവ്യൂ മിററിൽ ഒളി ക്കണ്ണിട്ട് നാടെത്തിയെന്നറിയിക്കുന്ന, കുടുംബത്തിന്റെ തീൻമേശയിലൂടെ, ഫാം ഹൗസ് യാത്രയിലൂടെ വളരെ പതിയെ... പ്രശ്നങ്ങൾ പ്രിയയെ അസ്വസ്ഥയാക്കുമ്പോഴും സമാധാന പ്രിയ നായി വീണ വായിക്കുന്ന എബിയുടെ മെല്ലെപ്പോക്ക്.ഒടുവിൽ എല്ലാം മാറ്റിമറിക്കുന്ന നിയമവഴികൾ തേടാത്ത തീയറ്ററിനെ ത്രില്ലടിപ്പിച്ച കൈമാക്സ്.ഇതിനിടയിൽ പറയാൻ ശ്രമിച്ചത് മനസിലായോ എന്തോ?

ലിറ്റിൽ സ്വയമ്പിന്റെ ക്യാമറ സാധ്യമായ പരീക്ഷണങ്ങളെല്ലാം നടത്തുന്നുണ്ട്. ബിജി എമ്മും കാണികൾക്കാവേശം, അമൽ നീരദ് ന്റെ കൈയൊപ്പ് ദൃശ്യങ്ങൾ. ഒരു ഹൊറർ സിനിമയെന്നു തെറ്റിദ്ധരിപ്പിക്കുന്ന ക്യാമറാ ചലനങ്ങൾ ഫാം ഹൗസ് ദൃശ്യങ്ങളിലുണ്ട്. തെറ്റിദ്ധരിക്കേണ്ട, ഇവിടെ പ്രേതമല്ല,, പെണ്ണിനെ പിന്തുടരുന്ന ,പ്രേതത്തേക്കാൾ അവൾ ഭയപ്പെടുന്ന ,അറയ്ക്കുന്ന നോട്ടങ്ങളെ ഈ ക്യാമറാ ചലനങ്ങൾ സൂചിപ്പി ക്കുന്നു. എന്തായാലും സന്ദേശം കിട്ടിയാലും ഇല്ലെങ്കിലും ഫഹദിന്റെ അപ്രതീക്ഷിത പരകായപ്രവേശം കാണികൾക്ക് വിരുന്നായി. ഐശ്വര്യാ ലക്ഷ്മിയും, ഷറഫുദീനും, ദിലീഷ് പോത്തനും മാറ്റ് തെളിയിച്ചു.

മലയാള സാഹിത്യത്തിലെ രണ്ട് ചെറുകഥകൾ ഉപയോഗിച്ച് വരത്തനെ വരയ്ക്കാം.എം.മുകുന്ദന്റെ ദൽഹി 1981, എൻ.എസ്.മാധവന്റെ ഹിഗ്വിറ്റ.ജനൽ വാതിലിലൂടെ, ദൂരെ മൈതാനത്ത് ഒരു യുവതി അപമാനിക്കപ്പെടുന്ന ദൃശ്യങ്ങൾ കണ്ട് കോൾമയിർ കൊള്ളുന്ന രണ്ട് ചെറുപ്പക്കാരുടെ നിസംഗമായ നോട്ടമാണ് മുകുന്ദന്റെ കഥ. പള്ളിയലച്ചനായ ഗീവർഗീസ് ഗോൾകീപ്പറിനായി പരിധി വച്ച സ്ഥലം കടന്ന ഹിഗ്വിറ്റയേപ്പോലെ, ഗീവറീതേ എന്ന കാണികളുടെ വിളിയുടെ ഓർമ്മയുടെ ആവേശത്തിൽ ചെറുപ്പത്തിലെ വയലിലെ സെവൻസ് മൽസരത്തിന്റെ ആവേശത്തിൽ ലൂസിയെന്ന യുവതിയെ ശല്യപ്പെടുത്തിയ ജബ്ബാറിനെ കശക്കിയെറിഞ്ഞത്. ഇതു രണ്ടും ചേർന്നാൽ വരത്തൻ മറികടന്ന സൗമ്യതയുടെ വരയായി. നിയമ വ്യവസ്ഥയുടെ മാർഗങ്ങൾ തേടാതെ ,അതിക്രമിച്ചു കടക്കുന്നവരെ വെടിവെച്ചിടും എന്ന മുന്നറിയിപ്പ് തൂക്കിയ ഗേറ്റിന്റെ സുരക്ഷിതത്വം നൽകുന്ന എബി പ്രിയയുടെ രക്ഷകർത്താവായി. സമൂഹം നൽകേണ്ട ,ഒരു പിതാവ് പെൺകുഞ്ഞിനു നൽകേണ്ട സുരക്ഷ ഓർമിപ്പിച്ചു കൊണ്ട്.

എല്ലാ ദിവസവും എന്റെ കുടുംബത്തെ കാത്തുരക്ഷിക്കാൻ കരുത്തു നൽകണമേയെന്ന ശീർഷകത്തോടെയാണ് വരത്തന്റെ തുടക്കം.മലയാള സിനിമയിലെ സമീപകാല സിനിമാ സങ്കൽപങ്ങളിൽ ആഖ്യാനത്തിലും, പ്രമേയത്തിലും കാണിച്ച പുതുമയുടെ ക്രെഡിറ്റ് വരത്തന് അവകാശപ്പെടാം. ഒപ്പം സിനിമയെന്നാൽ ദൃശ്യകലയെന്ന ഓർമ്മപ്പെടുത്തലും. കഥ പറയാൻ നമുക്ക് വേണ്ടത് ഹൃദ്യമായ ദൃശ്യങ്ങളാണ്.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ