ഒരിടത്തൊരിടത്ത് ചിത്രങ്ങളെ സ്നേഹിച്ച ഒരു കുട്ടിയുണ്ടായിരുന്നു. വെറും ചിത്രങ്ങളല്ല, ചലിക്കുന്ന ചിത്രങ്ങൾ.
വാണിജ്യ സിനിമകളും, അവാർഡ് സിനിമകളും, ഡോക്യുമെൻ്ററികളും, എന്നു വേണ്ട, ചലച്ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന അമർ ചിത്ര കഥകളോടു പോലും ഭ്രാന്തമായ ആവേശം.
കുട്ടി വളർന്നു, ആ ആവേശവും. എങ്ങിനെയും ക്യാമറയ്ക്കു പിറകിലെത്തണം എന്നതായി ആശ. ഒരു ഹ്രസ്വചിത്രം പോലും വിദൂര സ്വപ്നമായിരുന്ന കാലഘട്ടത്തിൽ, സിനിമാ ലോകത്ത് തിരക്കഥാ സഹായിയായി ചുവടുവെച്ചു. ശേഷം എഴുത്തുകാരനായി. ഒടുവിൽ സംവിധായകനായി.
തൻ്റെ സംവിധാനത്തിൽ പുറത്തു വന്ന സിനിമകൾ കണ്ട് ജനങ്ങൾ കുടുകുടാ ചിരിക്കുന്നതറിഞ്ഞ് അയാൾ ഉന്മാദിയായി. വീണ്ടും വീണ്ടും വിജയങ്ങൾ അയാളെ തേടിയെത്തി. ഒപ്പം പ്രിയ സുഹൃത്തായ പ്രഗൽഭ നടനും.
കാലം മാറുന്നതറിഞ്ഞ് തൻ്റെ ശൈലി മാറ്റാൻ അയാൾ മറന്നില്ല. കോമഡിയും, ത്രില്ലറും, ആക്ഷനും ആ കണ്ണിലൂടെ ലോകമറിഞ്ഞു. ഭാഷ പോലും ഒരു തടസ്സമായില്ല. അപരിചിതമായ ലോകത്ത് അയാൾ പരാജയങ്ങളിൽ നിന്നു വിജയങ്ങളിലേക്കു കുതിച്ചു.
ഇടയിൽ ഒരു ബ്രഹ്മാണ്ഡ ചരിത്ര സിനിമ ചെയ്തു കൊണ്ട് വിമർശകരെ പോലും അമ്പരപ്പിച്ചു.
ചിത്രങ്ങളുടെ എണ്ണം കൂടി കൂടി വന്നു. ചലച്ചിത്രങ്ങളെ സ്നേഹിച്ച ആ വിരുതൻ കുട്ടി രാജ്യത്തെ തന്നെ ഏറ്റവുമധികം സിനിമകൾ സംവിധാനം ചെയ്തവരുടെ കൂട്ടത്തിൽ സ്ഥാനം പിടിച്ചു.
365 ദിവസം ഓടുന്ന സിനിമയും ദേശീയ പുരസ്ക്കാരങ്ങൾ നേടുന്ന സിനിമയും എടുത്തു കാണിച്ചു. ഇടക്കാലത്ത് പരാജയങ്ങളും വിമർശനങ്ങളും ഏറിയപ്പോൾ, തൻ്റെ പ്രിയ നടനോട് 'ഒപ്പം' വേറിട്ടൊരു ശ്രമം നടത്തി തിരിച്ചു വന്നു.
അയാളോടൊപ്പം മാതൃ സിനിമാ ലോകവും പ്രിയ നടനും വളരുകയായിരുന്നു. തനിക്കു സ്വപ്നം കാണാൻ കഴിയുന്നതെല്ലാം തിരശ്ശീലയിൽ പകർത്താൻ വണ്ണം ആ വളർച്ച എത്തി എന്നു മനസ്സിലാക്കി ആ കുട്ടി ഇന്ന് ലോകത്തെ തന്നെ ഏറ്റവും ധൈര്യം വേണ്ട ഒരു ചലച്ചിത്ര ശ്രമവുമായി മുന്നോട്ടു വന്നിരിക്കുന്നു.
പ്രിയദർശൻ്റെ കുഞ്ഞാലി മരക്കാർ.