മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

[image courtesy: https://www.youtube.com/watch?v=TPkL4TiD-bE ]
മരണമെന്ന ഒരേയൊരു സനാതന സത്യം നൊടിയിട കൊണ്ടു കീഴ്പ്പെടുത്തിയ ശവശരീരം, ഇരുപത്തിനാലു മണിക്കൂർ കൊണ്ട് കണ്ടു തീർക്കുന്ന ചവിട്ടുനാടകത്തിലെന്ന പോലത്തെ കറുത്ത ഫലിതങ്ങളായി ,പ്രേക്ഷകനു തോന്നുന്ന ജീവിതക്കാഴ്ചകളാണ് ഈ.മ.യൗ രണ്ടു മണിക്കൂറിൽ കൃത്യമായി ഒതുക്കി തീർക്കുന്നത്... കത്തോലിക്കാ മരണത്തിന്റെ താളവും ശബ്ദവും ലിഖിതവുമാണ് ഈശോ മറിയം യൗസേപ്പിന്റെ ചുരുക്ക രൂപമായ ഈ മൂന്നക്ഷരങ്ങൾ. മരണത്തിനടുത്തെത്തിയ വല്യമ്മച്ചിയ്ക്ക് സ്കൂൾ ജീവിത രാത്രികളിലൊന്നിൽ വായു വലിയുടെ താളത്തിനൊത്ത് ചുറ്റും കൂടിയിരുന്നവർ ചൊല്ലിക്കൊടുത്ത ഈ പ്രാർത്ഥന ഇന്നും മരണത്തിന്റെ ചുരുക്കെഴുത്തായി മനസിലും കല്ലറ പാളികളിൽ ശിലാലിഖിതമായും നിലകൊള്ളുന്നു.മലയാള സിനിമയുടെ ചരിത്രത്തിലും ഈ മ.യൗ തലയുയർത്തിപ്പിടിച്ച മരണത്തേപ്പോലെ കൊടിയേറുമെന്നതും തീർച്ച.....

2009-ൽ കുട്ടിസ്രാങ്കിന്റെ തിരക്കഥയിലൂടെ ദേശീയ അവാർഡ് നേടിയ പി.ഫ് മാത്യൂസിന്റെ സാഹിത്യ രചനകളുടെ തീവ്രതയുടെ നിഴലാട്ടം കൊണ്ടു പോലും, ലിജോ ജോസ് പെല്ലിശ്ശേരിയെന്ന കപ്പിത്താന് ആമേൻ എന്ന മാജിക്കൽ റിയലിസ്റ്റിക് ചിത്രത്തിൽ നിന്ന് സമ്പൂർണ്ണമായ യഥാതഥമായ ചിത്രത്തിലേക്ക് എത്താൻ കഴിഞ്ഞത് ,ജീവിതം സിനിമയാകാതെ ,വെള്ളിത്തിര തീര ജീവതത്തിന്റെ നേർക്കാഴ്ചകളിലേക്ക് സത്യസന്ധമായി ഇറങ്ങി വന്നതുകൊണ്ടു മാത്രമാണ്.

ചാവു നിലമാണ് മാത്യൂസിന്റെ മാസ്റ്റർ പീസ്.മനസ്സിൽ ഇരുട്ടു കയറിയ ,അന്ധകാരത്തിന്റെ നോവലെന്ന് വിശേഷിക്കപ്പെട്ട കയ്യെഴുത്തുപ്രതി, പ്രസാദാത്മകമായി യാതൊന്നുമില്ലാത്ത ,പ്രകാശത്തിന്റെ കണിക പോലുമില്ലാത്ത ശവം നാറുന്ന നോവലായി പ്രസിദ്ധീകരണത്തിനു മുമ്പേ വിശേഷിക്കപ്പെട്ടു. പാപത്തിന്റെ ഫലമായി തലമുറകൾ കൈമാറപ്പെടുന്ന പലയിനം മരണങ്ങൾ.ഇരുട്ടും, മഴയും, കാറ്റും, ദീനവും, ഭീകര മരണങ്ങളും നിറഞ്ഞ പാപത്തിന്റെ സഞ്ചാരത്തിനായി ദൈവം കൈവിട്ട മനുഷ്യവസ്ഥയുടെ കഥ പറഞ്ഞ ഇയോ ബിന്റെ പുസ്തകം പോലെ ആത്മാവിൽ അന്ധകാരം ബാധിച്ച മനുഷ്യരുടെ ചാവു നിലങ്ങളിലേക്കുള മരണ ഘോഷയാത്രകളുടെ നോവൽ.പിന്നീട് കഥകളിലൂടെയും, തീര ജീവിതത്തിന് ഒരു ഒപ്പീസ് എന്ന ഓർമ്മക്കുറിപ്പുകളിലൂടെയും, ഇരുട്ടിൽ ഒരു പുണ്യാളൻ എന്ന രണ്ടാം നോവലിലൂടെയും മാത്യൂസ് തീരദേശത്തിന്റേയും, പുണ്യപാപ യുദ്ധങ്ങളുടേയും, മരണത്തിന്റേയും കഥകൾ പറഞ്ഞു.തൊണ്ണൂറുകളിൽ മിഖായേലിന്റെ സന്തതികൾ എന്ന ടെലിവിഷൻ പരമ്പരയും, പിന്നീട് കുട്ടിസ്രാങ്കും പറഞ്ഞത് തീരദേശ വാസികളുടെ കഥ തന്നെയായിരുന്നു. മേൽ പറഞ്ഞ രചനകളിലെ അതിതീവ്രമായ സാഹിത്യാംശങ്ങളെ ഒഴിവാക്കി ,എന്നാൽ സിനിമയുടെ ദൃശ്യ പ്രാധാന്യമായ സ്വഭാവത്തിന് ചേരുന്ന പ്രകൃതിയേയും പശ്ചാത്തലത്തേയും കഥാപാത്രങ്ങളേയും അൽപം പ്രസാദം നൽകി പുതിയ കാലത്തിന്റെ രാഷ്ട്രീയത്തെ ചേരുവ ചേർത്ത് അനാവശ്യമെന്ന് പറയാവുന്ന ഒരു സന്ദർഭവും ,സംഭാഷണവും, കഥാപാത്രവുമില്ലാതെ വാർത്തെടുത്ത തിരക്കഥ തന്നെയാണ് ഈ.മ.യൗ. എന്ന ചിത്രത്തിന്റെ മൂലക്കല്ല്. ഓർക്കുക ഈ ചിത്രം ഏതെങ്കിലും ഒരു നോവലിന്റെ, ഒറ്റക്കഥയുടെ ചലച്ചിത്ര ഭാഷ്യമല്ല. എങ്കിലും സിനിമ കണ്ടതിനു ശേഷം പി .ഫിന്റെ കൃതികൾ വായിെച്ചടുക്കുക.. പൊട്ടും പൊടിയും ചേർത്തൊരുക്കിയ തിരക്കഥയാകും..പക്ഷേ സാഹിത്യം സിനിമയാകുമ്പോൾ നഷ്ടപ്പെടുന്നതും നേടുന്നതും തിരിച്ചറിയാം.

ഇ.മ.യൗ ആമേൻപോലെ ഒരു മാജിക്കൽ റിയലിസ സിനിമയോ, ഡബിൾ ബാരൽ പോലെ കാലത്തിന് മുൻപേ പിറന്ന സിനിമയോ അല്ല. പൂർണ്ണമായും കൊച്ചി ചെല്ലാനമെന്ന തീരദേശ ഗ്രാമത്തിലെ വർത്തമാനകാലത്തിലെ രണ്ട് വൈകുന്നേരങ്ങൾക്കിടയിലെ സംഭവങ്ങളിലേക്കും, പ്രകൃതിയിലേക്കും പ്രേക്ഷകൻ ഒരു യാത്ര പോവുന്നു. കൊണ്ടു പോകുന്നത് ഷൈജു ഖാലിദെന്ന ക്യാമറാമാൻ .കഥാപാത്രങ്ങളുടെ വികാരങ്ങളേയും, വിചാരങ്ങളേയും, നീക്കങ്ങളേയും പിൻതുടരുന്നതിനിടയിൽ നിലത്തു വെയ്ക്കാതെ ദേഹത്തും കൈയിലുമേന്തിയ ക്യാമറയ്റയ്‌ക്കൊപ്പം.. ഈ യാത്രയുടെ ഒഴുക്കിൽ പ്രേക്ഷകൻ ഉലയാതെ കപ്പലിന്റെ കപ്പിത്താനായി സംവിധായകനും.. ആദ്യത്തേയും, അവസാനത്തേയും രണ്ടു സീനുകളാണ് സ്വപ്ന സമാനമായ ദൃശ്യങ്ങൾ.. അവയ്ക്ക് മാത്രമാണ് സംഗീതത്തിന്റെ അകമ്പടി.. ബാക്കി ശബ്ദങ്ങളെല്ലാം നിങ്ങൾ ഈ കാഴ്ചയിൽ പ്രകൃതിയിൽ നിന്നു കേൾക്കുകയാണ്. വിരലിലെണ്ണാവുന്ന ക്ലോസപ്പ് ദൃശ്യങ്ങളിലൂടെ, വിശാലമായ ക്യാമറക്കാഴ്ചകളിലൂടെ, മനുഷ്യ ജീവിതം ഒതുങ്ങി പോകുന്ന ഇടുങ്ങിയ മുറികളിലെ ഇത്തിരി വെട്ടത്തിലൂടെ സ്വാഭാവിക ശബ്ദവും വെളിച്ചവും തണലായി പലപ്പോഴും ഒറ്റ സീനുകളായി ,സംഭവങ്ങൾ തേടി ക്യാമറ സഞ്ചരിച്ചപ്പോൾ അവിടെ താരങ്ങളും അവരുടെ മാനറിസങ്ങളും അപ്രത്യക്ഷരായി.. നമ്മൾ ചെല്ലാനമെന്ന ,ആരും കടന്നു ചെല്ലാത്തതെന്നു പേരു വന്ന കടലോര ഗ്രാമത്തിലെ ഏക ദിന സന്ദർശകരായി. അവിടുത്തെ തീരവും, കടലും, മണൽപ്പരപ്പും, ഇടുങ്ങിയ വീടും,ദുർന്നിമിത്തം പോലെ മരണത്തെ പുൽകിയ മഴയും, കാറ്റും, നന്മയും തിന്മയും ഒരേ പോലെ നിറഞ്ഞ മനുഷ്യരും രണ്ടു മണിക്കൂർ നമ്മെ നമ്മെത്തന്നെ കാണിച്ചു തന്നു.. നമ്മുടെ മുഖം കണ്ണാടിയിൽ കണ്ടെന്ന വിധം കറുത്ത ഫലിതം കണ്ട് നാം ചിരിച്ചു.. ഈ.മ.യൗ ഒരു തമാശസിനിമയോ,ശോക സിനിമയോ അല്ല.പകരം മരണം ജീവിതത്തിനു നേർക്കു പിടിക്കുന്ന കണ്ണാടിയാണ്.. നന്മയുടേയും തിന്മയുടേയും പ്രതീകങ്ങളായ ,കറുപ്പോ വെളുപ്പോ മാത്രമായ മനുഷ്യരെയല്ല,
പാപപുണ്യങ്ങൾ ആവോളം മേയുന്ന പാതിരി മുതൽ മേസ്തിരി വരെ ഇതിൽ ജീവിച്ചു തീരുന്നു. ഇടവിട്ടു കാണപ്പെടുന്ന ചീട്ടുകളി ദൃശ്യങ്ങൾ പാപപുണ്യ, ദൈവ സാത്താൻ പകിട കളിയുടെ വിജയപരാജയങ്ങളില്ലാത്ത ജീവിത രഹസ്യങ്ങളുടെ പ്രതീകമാകുന്നു. കടലിന്റെ വൈഡ് ദൃശ്യങ്ങൾ, കാറ്റിന്റെ ചലന വേഗങ്ങൾ ഇവ മനുഷ്യജീവിതത്തിന്റെ നിഗൂഢതയുടെ പ്രതീകങ്ങളാകുന്നു.. ധർമ്മരാജാവ് രൂപം പൂണ്ട പോലൊരു നായയും ആദ്യാവസാനം വന്നു പോകുന്നു.

ഈ.മ.യൗ എന്ന സിനിമ മനസിലാക്കാൻ കടലോര ജീവിതത്തിന്റെ ഏറെക്കുറെ മതേതരമെങ്കിലും ലത്തീൻ ക്രിസ്ത്യാനികളുടെ സംസ്ക്കാരത്തിന്റേയും, പാരമ്പര്യത്തിന്റേയും, അതിതീവ്രആചാര വിശ്വാസങ്ങളുടേയും പശ്ചാത്തലം അറിഞ്ഞിരിക്കുക.കടലിന്റെ അനിശ്ചിതത്വവും പോർച്ചുഗീസ് അധിനിവേശത്തിന്റെ സാംസ്ക്കാരിക, ഭാഷാ അവശിഷ്ടങ്ങളും, തനതായ ഭാഷയും, ദാരിദ്ര്യത്തിലും, ദീനത്തിലും, ദുഃഖത്തിലും കെടാത്ത അതിതീവ്ര ക്രിസ്ത്യൻ ആചാര ക്രമങ്ങളും, ചവിട്ടുനാടകം പോലെയുള്ള കലാ രൂപങ്ങളും, കഥകളുറങ്ങുന്ന പള്ളികളും, മിത്തുകളുo, യുക്തിഭദ്രമല്ലെങ്കിലും ദൈവങ്ങൾക്കൊപ്പം വസിക്കുന്ന കാപ്പിരി മുത്തപ്പൻമാരും ഒക്കെ വന്നു പോകുന്ന,കൊണ്ടാടുന്ന തുരുത്തു നിവാസികൾ.. പാലങ്ങൾ തുരുത്തുകളെ നഗരത്തെ അടുത്തെത്തിച്ചപ്പോഴും ദാരിദ്യവും. തൊഴിലില്ലായ്മയും, പിന്നോക്കാവസ്ഥയും ഇന്നും നേരിടുന്ന തുരുത്തുകൾ.. സിനിമയിലെന്ന പോലെ മദ്യമാണ് കടൽ കടന്നെത്തുന്ന ആദ്യ പിശാച്.. പാപത്തിന്റെ കനി തേടാൻ തീരദേശ വാസികൾക്ക് ചാരായത്തിനൊപ്പം,.ബിവറേജസ് കോർപ്പറേഷനും ഉണ്ടെന്ന് സിനിമ പറയുന്നു. ഒപ്പം വിശ്വാസികളുടെ മേൽ വൈദികർക്കുള്ള സ്വാധീനവും.ഓഖിയും, സുനാമിയും ഓർക്കുക. മരണവും, മരിച്ചടക്കും ആഘോഷവും, ആചാരപ്രധാനവുമാണ്. കുളിപ്പിച്ചു കിടക്കുന്ന പെട്ടിയിലെ ശവവും, പന്തലും അണിയിച്ചൊരുക്കി പ്രദർശിക്കപ്പെടുമ്പോൾ പെണ്ണുങ്ങൾ ചുററുമിരുന്ന് നെഞ്ചത്തടിച് പതം പറഞ്ഞ് ചവിട്ടുനാടകത്തിന്റെ ഈണത്തിൽ കണ്ണോക്ക് പാട്ട് പാടുന്നു.മരിച്ചവന്റെ ജീവിതത്തിന്റെ നാൾവഴികളും, സംഭവങ്ങൾക്കുമൊപ്പം ശവം കാണാനെത്തുന്ന അടുപ്പക്കാരുടെ നന്മ മാത്രമല്ല ,കുറ്റങ്ങളും പതം പറച്ചിലാകും. സിനിമയിൽ ഇതൊരു ചിരിയുണർത്തുന്ന രംഗമെങ്കിലും ദുഃഖത്തിന്റെ ലത്തീൻ പകർന്നാട്ടമായി തിരക്കഥാകൃത്ത് ഇതിനെ വിശേഷിപ്പിക്കുന്നു. ശവമെടുക്കാൻ പുരോഹിതനെന്നുമ്പോൾ ഉച്ചസ്ഥായിയിലെത്തുന്ന ഈ പ്രകടനം ശവപ്പെട്ടി കൊടുത്തു വിടാത്ത വിധമുള്ള മത്സര വലിയാകുന്നു.അവസാനം പുരോഹിതന്റെ വിജയത്തോടെ, ആറടിമണ്ണിലേക്ക് ശവം മടങ്ങുന്നു.പഷ്ണിക്കഞ്ഞി യോടെ ഒരുദിവസം നീണ്ട സംഭവപരമ്പര യു ടേൺ പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. വലിയ നോമ്പിലെ പുത്തൻ പാനയും, ഓർമ്മ ദിന ഒപ്പീസുമൊക്കെ അതി വികാര തീവ്രമാണ്.

ഇടവകയിലെ അൾത്താര പണിത, ഞായറാഴ്ച പള്ളിയിൽ പോകാത്ത, നാടോടിയായ, ചവിട്ടുനാടകകലാകാരനായ വാവച്ചൻ ആശാൻ ഏതൊരു സത്യ ക്രിസ്ത്യാനിയേയും പോൽ സ്വർണ്ണ കുരിശും, കണ്ണോക്കു പാട്ടും, ബാൻറ്സെറ്റും, മെത്രാന്റെ ആശീർവാദവും കൊണ്ട് പൊടിപൊടിക്കുന്ന ശവമടക്ക് സ്വപ്നം കാണുന്നവനാണ്.അത് നിറവേറ്റാൻ മകൻ ഈശി പ്രതിജ്ഞാബദ്ധനുമാണ്. എന്നാൽ നാവെടുക്കന്നതിനു മുമ്പ് വന്നെത്തുന്ന മരണം ,അപ്പന് കൊടുത്ത വാക്ക് നിറവേറ്റാൻ ഈശിയെ ഒരുക്കമില്ലാതെ വന്ന മരണം പോലെ നിസഹായനാക്കുന്നു. 24 മണിക്കുർ സമയത്തിൽ അപ്പനാഗ്രഹിച്ച തരത്തിൽ ശവമടക്ക് നടത്താൻ ശ്രമിക്കുന്ന ഈശിയുടേയും, അതിനു സഹായിക്കുന്ന വ്യക്തികളേയും, പ്രതിബന്ധമാകുന്ന അപ്രതീക്ഷിത സംഭവങ്ങളേയും, മനുഷ്യരെയും, പ്രകൃതിയേയും, വ്യവസ്ഥാപിത സ്ഥാപനങ്ങളേയും ഒപ്പം പശ്ചാത്തലമാകുന്ന മരണ വീട്ടിലെ അതിതീവ്ര പ്രകടനങ്ങളും ഈ മ .യൗ വരച്ചുകാട്ടുന്നു.

മരണമെന്ന യാഥാർത്ഥ്യം മാത്രമാണ് ഇവിടെ സ്ഥിരമായുള്ളത്. രണ്ടു മരണങ്ങൾ.. പള്ളിയിൽ അടക്കാത്തവൻറയും, സ്വന്തം കുഴിയിൽ മൂടപ്പെട്ടവനേയും.. ഒപ്പം ചത്ത നായയും. ഒരു സ്വപ്നത്തിലെന്ന പോലെ കടലിൽ നിന്നെത്തുന്ന പ്രകാശമാർന്ന ഓടങ്ങൾ കാത്ത് രണ്ടു പേരും നായയുമുണ്ട്. ഒപ്പം കറുപ്പും വെളുപ്പും വേഷം ധരിച്ച രണ്ടാളുകളും. മരണ ശേഷം മനുഷ്യനെ ദൈവവും സാത്താനും വീതിച്ചെടുക്കുമോ എന്തോ?..

അരികു വത്ക്കരിക്കപ്പെട്ട ദരിദ്രമായ അവികസിതമായ തീരദേശ ജീവിതം, മനുഷ്യന്റെ തുറന്നു വിട്ട സ്വാതന്ത്ര്യത്തിന്റെ അടയാളമായി സിനിമയിൽ നിലകൊള്ളുന്നു. നന്മയും പാപവും ഇടകലർന്ന്.. തകർന്നപ്രേമത്തിന്റെ പൊട്ടിയ ക്ലാർനെറ്റുകൾ, മരണവീടിനുള്ളിൽ കാമവെറി കാട്ടുന്ന കാമുകൻ, മദ്യത്തിന്റെ നിരന്തര സാമീപ്യം, മൂലധനം അന്യമായ ജന സമൂഹത്തിന്റെ നിസഹായത, ഇല്ലായ്മയിലും പൊങ്ങച്ചം കാട്ടേണ്ട പുത്തൻ സംസ്ക്കാരം, വിലയില്ലാത്ത നോട്ടുകളുടെ ഡീമോണിെറ്റൈസേഷൻ പരിഹാസം., ചെറിയ സഹകരണ സംഘങ്ങളുടെ പോലും നിലനിൽപിന്റെ പ്രശ്നങ്ങൾ, ശവപ്പെട്ടിയുടെ മാർക്കറ്റിങ്ങിൽ പോലുമുള്ള പുത്തൻ വിപണി മന്ത്രം., ശവപ്പെട്ടിയിറക്കാൻ ബംഗാളി തൊഴിലാളിയുടെ സാമീപ്യം, കരിഞ്ഞ കടലിനേ കുറിച്ചുള്ള പരാമർശം നൽകുന്ന പരിസ്ഥിതിയുടെ രാഷ്ട്രീയം, വാവച്ചനാശാൻ പണിത അൾത്താര ,മോഡേൺ ആർട്ടിനു വഴിമാറുന്ന പുത്തൻകാലം. പഞ്ചാരയടിയിൽ നിന്നും ഫോൺ സെക്സിലേക്ക് നീളുന്ന പുത്തൻ പ്രണയം, സഹായധനത്തട്ടിപ്പ്, മനോരോഗ ചികിൽസ, നാടു മുടിക്കുന്ന പരദൂഷണ രോഗം, വാർധക്യത്തിന്റെ ഏകാന്തത തുടങ്ങി ഓരോ രംഗത്തിനും, സംഭാഷണത്തിനും ജീവൻ നൽകുന്ന പച്ച മനുഷ്യന്റെ ജീവിത സത്യങ്ങൾ..

മനുഷ്യനെ ദൗതികമായും, ആത്മീയ മായും പുനർനിർമ്മിക്കേണ്ട സ്ഥാപനങ്ങൾ മരിച വനേക്കാൾ ദയനീയമായി നിർവികാരമാകുന്ന ,നീർവ്വീര്യമാകുന്ന നേർക്കാഴ്ചയാണ് ഈമയൗ നൽകുന്ന രാഷ്ട്രീയ സന്ദേശം. പള്ളിയിലെ വികാരിയച്ചനും, അസന്തിയച്ചനും മരണവീട്ടിൽ ചൊല്ലുന്ന പ്രാർത്ഥനയുടേയും ഒപ്പീസിന്റേയും ആത്മാവില്ലാത്ത വാക്കുകൾക്ക് മുകളിലൂടെ ആൽബിയുടെ പാട്ടിയ ക്ലാർനെറ്റ് മധുര സംഗീതമുണർത്തുന്നു.ഡോക്ടറും, നേഴ്സും, ഇലക്ട്രിസിറ്റിയും,പോലീസുമൊക്കെ മൃതിയുടെ നിർമമത പേറുന്നു..
അന്ധകാരത്തിന്റെ ഇടുങ്ങിയ ജീവിത സ്ഥലികളിൽ തീരദേശ ജീവിതത്തിന്റെ സമസ്യകളിൽ ഒരു പ്രകാശഗോപുരം സ്ഫുരിക്കുന്നുണ്ട്, അത് ഞാനില്ലേ കൂടെയെന്ന് പറഞ്ഞ് ഒപ്പം നിൽക്കുന്ന വികേന്ദ്രീകൃത രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്ന പഞ്ചായത്ത് മെംബർ അയ്യപ്പനാണ്..
പോലീസ് സ്റ്റേഷനിൽ വച്ച് അചാരിതമായി പറഞ്ഞു പോകുന്ന അയ്യപ്പന്റെ വാക്കുകളിൽ ഈ മ.യൗവിന്റെ തലവാചകമുണ്ട്... നമ്മൾ ഓരോരുത്തർ ഒരു ദിവസം പിരിഞ്ഞു പോകണം. അപ്പോൾ ആദ്യം പോകുന്നവർക്ക് ഉചിതമായ യാത്രയയപ്പ് നൽകേണ്ടത് നമ്മടെ കടമയല്ലേ...... ഏതൊരു മനുഷ്യനും വലിപ്പച്ചെറുപ്പമില്ലാതെ മാന്യമായ മരണം അർഹിക്കുന്നുണ്ട്..... ഈ.മ.യൗ

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ