ആശുപത്രി വരാന്തയിൽ രാധിക ഊഴം കാത്ത് നിന്നു. കൂട്ടിന് ആരുമില്ലെങ്കിലും അവൾ തെല്ലും പതറിയില്ല. ഓ പിക്ക് മുന്നിലെ നീണ്ട വരിയിൽ അവള് അക്ഷമയോടെ നിന്നു.
നാല് വയസ്സ് കാരനായ മകൻ മനുവിന് പെട്ടെന്ന് തുടങ്ങിയ വയറു വേദന കാരണമാണ് അവർ മെഡിക്കൽ കോളജിൽ എത്തിയത്. നാട്ടിലെ വൈദ്യന്മാരെയും ഡോക്ടർ മാരെയും കാണിച്ചെങ്കിലും അസുഖം മാറാതിരുന്നപ്പോളാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ ഡോക്ടർ മുഹമ്മദ് സാറിനെ കാണാനായി രാധികയോട് ഹെൽത്ത് സെൻ്ററിലെ ഡോക്ടർ പ്രിയ ശുപാർശ ചെയ്തത്.
പൂർണ രോഗ നിർണയത്തിനായി മനുവിനെ വിദഗ്ധരായ ഡോക്ടർമാർ പരിശോധിച്ചു. അതിനു ശേഷമാണ് മുഹമ്മദ് ഡോക്ടർ രാധികയെ അകത്തേക്ക് വിളിച്ചത്. ഹെപ്പറ്റൈറ്റിസ് ബി' യാണ് മനുവിന് ബാധിച്ചിട്ടുള്ള രോഗത്തിൻ്റെ പേര്. കൃത്യമായ പരിചരണം നൽകിയാൽ മാത്രമേ അവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനാകുകയുള്ളൂ. ഡോക്ടർ വളരെ ഗൗരവത്തോടെ തന്നെ രാധികയോട് പറഞ്ഞു.
മെഡിക്കൽ പദങ്ങൾ കൊണ്ട് നിറഞ്ഞ ഡോക്റ്ററുടെ സംസാരം ഒന്നുപോലും രാധികയ്ക്ക് പൂർണമായി മനസ്സിലായില്ല. അവള് അത്രയും നേരത്തെ നിശബ്ദത ഭേദിച്ച് കൊണ്ട് ചോദിച്ചു.
"സാർ, എൻ്റെ മകന് എങ്ങനെയാണ് ഇത്തരമൊരു അസുഖം വന്നത്. അവനെ പുറത്ത് പോലും കളിക്കാൻ വിടാറില്ല. പിന്നെ എങ്ങനെ.?"
രാധികയോട് എന്ത് മറുപടി പറയുമെന്ന് ഡോക്ടർ ഒരു നിമിഷം ചിന്തിച്ചു.അതിനു ശേഷം സാവധാനത്തിൽ പറഞ്ഞു.
രാധിക, ഇനി ഞാൻ പറയാൻ പോകുന്നത് സംയമനത്തോടെ കേൾക്കണം ശരിയായ മറുപടിയും തരണം. ഈ അസുഖം കൊതുക് കടി ഏറ്റത് കൊണ്ടോ, ഡസ്റ്റോ, ഡ്രഗ്സിൻ്റെയോ അലർജി കൊണ്ട് ഉണ്ടായതല്ല. മകന് എപ്പോഴെങ്കിലും രക്തം കയറ്റിയുള്ള എന്തെങ്കിലും സർജറിയോ മറ്റോ ചെയ്തിട്ടുണ്ടോ.
രാധിക ഒരു നിമിഷം പോലും ആലോചിക്കാതെ പറഞ്ഞു, "ഇല്ല സാർ അങ്ങനെ ഒന്നും തന്നെ ഉണ്ടായിട്ടില്ല."
ഡോക്ടർ തുടർന്നു, എങ്കിൽ അതിനെ കുറിച്ച് കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരം അവസ്ഥകളിൽ നിന്നാണ് ഈ അസുഖം കൂടുതലായി പകരുന്നത്. കൂടാതെ, ഇത്തരം അസുഖങ്ങൾ ഉള്ള ആളുകളുടെ ബോഡി ഫ്ലൂയിഡുകളിലൂടെയും പകരുന്നതിന് സാധ്യതയുണ്ട്, കുട്ടിക്ക് മറ്റുള്ളവരുമായ് സമ്പർക്കം കുറവ് ആണെന്നല്ലെ നിങ്ങള് പറഞ്ഞത്. രാധിക ഒരു നിമിഷം നിർത്തി, ഇല്ല സാർ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല എന്നുറപ്പാണ്.
ഡോക്ടർ തുടർന്നു രാധിക, മനുവിന് ചുറ്റുമുള്ളവരെ ഒന്നു ശ്രദ്ധിക്കൂക. അപരിചിതരിൽ നിന്നും അകറ്റി നിർത്താൻ ശ്രമിക്കുക. കുഞ്ഞിൻ്റെ അച്ഛൻ എന്താണ് ചെയ്യുന്നത്.
അദ്ദേഹം ഡ്രൈവറാണ് സാർ, ലോറി ഡ്രൈവർ. ഇപ്പോള് നാട്ടിൽ ഇല്ല ലോഡുമായി പോയതാണ്. ഉത്തരേന്ത്യയിലാണ് ഇപ്പോള് ഉള്ളത്. അനൂപ് എന്നാണ് പേര്. കഴിഞ്ഞ വട്ടം അദ്ദേഹം പോയി കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞാണ് മനുവിന് വയറു വേദന തുടങ്ങിയത്. ഒന്നു ശർദ്ദിച്ചാൽ കുറേശ്ശെയായി വയറു വേദന മാറി വരും. എന്നാല് പിന്നീട് ഉള്ള വേദന കുറച്ച് അധികം ഗുരുതരമായിരുന്നു അവന്.
അദ്ദേഹത്തെ ഒന്നും അറിയിച്ചിട്ടില്ല. ഒന്നു രണ്ടു വട്ടം വിളിച്ചിരുന്നു, കിട്ടുന്നില്ല. അവന് വേണ്ടി കുറെ മധുര പലഹാരങ്ങൾ വാങ്ങിക്കും. യാത്ര കഴിഞ്ഞ് വരുമ്പോൾ രണ്ടു പേർക്കും അതു കഴിച്ച് തീർക്കലാണ് പണി. ഞാൻ കരുതിയത് അതു കൊണ്ടാണ് വയറു വേദന വന്നതെന്നാണ്.
ഡോക്റ്റർ രാധികയെ സമാധാനിപ്പിച്ചു. മനുവിനെ, നല്ലവണ്ണം ഒന്നൂടെ ശ്രദ്ധിക്കണം. ആൺ കുട്ടി ആണെന്നുള്ളത് കൊണ്ട് ഈ കാലത്ത് പീഡനങ്ങളിൽ നിന്നോ, ദുരുപയോഗങ്ങളിൽ നിന്നോ അകന്നു നിൽക്കുന്നില്ല. അത്തരമൊരു സാഹചര്യം മനുവിന് ഉണ്ടായിട്ടുണ്ടോ എന്ന് നോക്കണം.
ഇന്ന് സമൂഹത്തിൽ എല്ലാ തരത്തിലും ഉള്ള ആളുകൾ പല വിധത്തിൽ ബാധിക്കപ്പെടുന്നു.അത് സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ, അങ്ങനെ ആര് നിന്നിൽ വേണമെങ്കിലും ആകാം.അത് കൊണ്ട് നന്നായി ശ്രദ്ധിക്കുക.
ഡോക്റ്ററുടെ മറുപടി കെട്ട്, രാധികയാകെ പരവശയായി. അവൾക് തല ചുറ്റുന്ന പോലെ തോന്നി. പുതിയ ലോകത്തിൽ, ഇരയാക്കപ്പെടുന്നവരാണ് അധികവും. വേട്ടക്കാർ ഇരയെ അന്വേഷിച്ച് ഓടി കൊണ്ടെയിരിക്കുന്നു.
രാധിക ഹോസ്പിറ്റലിൽ നിന്നും പെട്ടെന്ന് പുറത്ത് ഇറങ്ങി. ഡോക്ടർ കുറിച്ച് തന്ന മരുന്നുകൾ എല്ലാം വാങ്ങി. മകനെയും കൈ പിടിച്ച് കൊണ്ട് അവള് വേഗത്തിൽ നടന്നു.
മനുവിന് കൈ വേദനിക്കുന്ന പോലെ തോന്നി. കൈ വേദനിക്കുന്നത് കൊണ്ട് ഇടയ്ക്കിടെ കൈ വലിക്കാൻ തുടങ്ങി. എന്നാല് കൈ വിട്ട് പോയാലോ എന്ന ഭയം അവളുടെ ഉള്ളിൽ ആ നേരം കൊണ്ട് കുമിഞ്ഞു കൂടിയിരുന്നു.
വീട് എത്തിയത് മുതൽ, രാധിക മറ്റൊരാളെ പോലെയാണ് പെരുമാറാൻ തുടങ്ങിയത്. എല്ലാ വാതിലും ജനലും ഭദ്രമായി അടച്ച് അവളും മകനും ഉള്ളിൽ തന്നെ ഇരുന്നു. കുറെ നേരം ഇരുന്നപ്പോൾ, മനുവിനെ അടുത്ത വീട്ടിലെ കുട്ടികൾ കളിക്കാനായി വിളിച്ചു.
അവൻ കട്ടിലിൽ നിന്നും ഇറങ്ങി പോകാനായി തുടങ്ങിയപ്പോൾ, രാധിക അവൻ്റെ കയ്യിലെ പിടി വിട്ടിരുന്നില്ല. കൂട്ടുകാരോടൊപ്പം പോകണമെന്ന് അവൻ വാശി പിടിക്കാൻ തുടങ്ങി.
എന്നാല് മനസ്സിൻ്റെ താളം തെറ്റിയ പോലെ ഒരവസ്ഥയിലേക്ക് രാധിക നീങ്ങുകയായിരുന്നു. അവള് മകനെ പിടി വിടാതെ മുറുക്കെ പിടിച്ചു. മുറിയാകെ മനുവിൻ്റെ കരച്ചിൽ മുഴങ്ങി. കുറെ നേരം കരഞ്ഞു അവൻ ഉറങ്ങി പോയി.
ജീവൻ്റെ ജീവനായ മകൻ ഏതോ ഒരു മനുഷ്യ മൃഗത്തിനാൽ ബാധിക്കപെട്ടിരിക്കുന്നു എന്ന ചിന്ത അവളെ വല്ലാതെ തളർത്തി. അതിന് കാരണമാരാണെന്ന് അറിയാൻ അവള് ദൃഢ നിശ്ചയം ചെയ്തു.മകനുമായി ഇടപെടുന്ന എല്ലാവരെയും അവള് നിരീക്ഷിക്കാൻ തുടങ്ങി.
ഭർത്താവിനോട് കാര്യങ്ങൾ നേരിട്ട് പറയാമെന്ന ചിന്തയിൽ അവളൊന്നും അയാളോട് ഫോണിൽ പറഞ്ഞില്ല. മനുവിനോട് ഒപ്പം കളിക്കുന്ന തൊട്ട് അടുത്ത വീട്ടിലെ കുറച്ച് മുതിർന്ന കുട്ടികളെ രാധിക ശ്രദ്ധിച്ചു വീക്ഷിച്ചു.
അവളുടെ മനസ്സും ശ്രദ്ധയും പൂർണ്ണമായും മനുവിൻ്റെ ചുറ്റുമുള്ള ആളുകളിലേക്ക് തുടങ്ങി.എന്നാല് മറ്റാരും അറിയാതെ വേണം എന്നവൾക്ക് നിർബന്ധം ഉണ്ടായിരിന്നു.
തെറ്റുകാരനെ കണ്ടെത്തുന്ന അടുത്ത നിമിഷം, അയാളെ നേരിടാനുള്ള കാര്യങ്ങളെ കുറിച്ചും അവൾക്ക് പൂർണ്ണ ബോധ്യം ഉണ്ടായിരിന്നു.
ദിവസങ്ങൾ കടന്നു പോയി.ആരെയും സംശയാസ്പദമായി കണ്ടെത്താൻ രാധികയിക്ക് കഴിഞ്ഞില്ല. മനുവിൻ്റെ രോഗാവസ്ഥയിൽ നേരിയ മാറ്റങ്ങൾ കണ്ട് തുടങ്ങി.
അന്നേ ദിവസം രാവിലെയാണ് അനൂപ് ജോലി കഴിഞ്ഞ് തിരിച്ച് വന്നത്, ഉത്തരേന്ത്യയിലേക്ക് ആയത് കൊണ്ടാണ് അത്രയും ദിവസം വൈകിയതെന്നു പറഞ്ഞ്, അയാള് കയ്യിലെ മധുര പലഹാരം രാധികയിൽ നിന്നും ഒളിപ്പിച്ചു.
എന്നിട്ട് മനുവിനെ സോഫയിൽ ഇരുത്തി ഓരോന്നായി കൊടുക്കാൻ തുടങ്ങി.
ഭർത്താവിനെ കണ്ടത് മുതൽ രാധികയുടെ മനസ്സ് വല്ലാതെ തുടിക്കാൻ തുടങ്ങി. അവൾക് പലതും അയാളോട് പറയാൻ ഉണ്ട്. കുറച്ച് നാളുകൾ കൊണ്ട് അവള് അനുഭവിച്ച മാനസിക പിരിമുറുക്കങ്ങൾ എല്ലാം തന്നെ അയാളോട് പറയാൻ അവള് വെമ്പൽ കൊണ്ടു.
അതിനിടയിൽ മനു അനൂപിനെ ചേർത്ത് പിടിച്ച് ഹോസ്പിറ്റലിൽ പോയ കഥയും അമ്മ പുറത്ത് കളിക്കാൻ വിടാത്ത പരാതികളും പറയാൻ തുടങ്ങിയിരുന്നു. അതൊന്നും സാരമില്ലെന്ന് പറഞ്ഞു അനൂപ് മധുര പലഹാരങ്ങൾ എടുത്ത് മനുവിൻ്റെ കയ്യിൽ വെച്ച് കൊടുത്തു.
അമ്മ കാണണ്ട, നമുക്ക് ഒളിച്ച് ഇരുന്നു കഴിക്കാമെന്ന് പറഞ്ഞു രണ്ടു പേരും റൂമിലേക്ക് കയറി പോയി.
മകനെയും അനൂപിനെയും, കാണുന്നില്ല.അച്ഛനും മകനും മധുരം കഴിക്കുകയായിരിക്കും.രാധിക, ശബ്ദം ഉണ്ടാക്കാതെ അവിടമാകെ തിരഞ്ഞു.
കണ്ട് കിട്ടാത്തത് കൊണ്ട്, അവള് അടുക്കളയിലേക്ക് തിരിച്ച് പോയി. അനൂപിന് വേണ്ടി ഭക്ഷണം തയ്യാറാക്കാൻ തുടങ്ങി.
കുറെ നേരം കഴിഞ്ഞപ്പോൾ രണ്ടു പേരെയും പുറത്തേക്ക് കാണാതെ ആയപ്പോൾ അവള് റൂമിലേക്ക് തിരഞ്ഞു വന്നു, എന്നാല് അവള് കണ്ട കാഴ്ച അതു വരെയുള്ള എല്ലാ കണക്കു കൂട്ടലുകളെയും തെറ്റിക്കുന്നത് ആയിരുന്നു.
അനൂപ് അയാളുടെ സ്വന്തം മകനെ ലൈംഗികമായി ഉപയോഗിക്കുന്ന കാഴ്ച കണ്ട് രാധിക ഞെട്ടി. അവളുടെ മനസ്സും ശരീരവും തളർന്നു. ആ കാഴ്ച കണ്ട് നിലക്കാൻ ആകാതെ, കയ്യിൽ കിട്ടിയ ഒരു തടി റൂൾ കൊണ്ട് അനൂപിൻ്റെ തലയിൽ ആഞ്ഞു പ്രഹരിച്ചു. അവിടെ നിന്ന്. അമ്മേ, എന്നൊരു നിലവിളി ആ മുറിയിലാകെ പ്രതിധ്വനിച്ചു. അവൾ മനുവിനെ ചേർത്ത് പിടിച്ച് റൂമിൽ നിന്നും ഇറങ്ങി ഓടി. മുറിയാകെ രക്തത്തിൽ കുളിച്ചു. കയ്യിൽ കിട്ടിയ ബാഗ് മാത്രമെടുത്ത് രാധിക എന്നന്നേക്കുമായി ആ വീട് വിട്ട് ഇറങ്ങി.
ജീവിതത്തിൽ ഒരിക്കലും കാണാൻ പാടില്ലാത്ത ഒരു കാഴ്ച യായി അതിന്നും രാധികയുടെ ഉളളിലുണ്ട്. ഭർത്താവിനെ കുറിച്ച് പിന്നീട് അവൾ ഒരിക്കലും അന്വേഷിച്ചില്ല. ജീവിച്ചോ മരിച്ചോ എന്നത് അയാളുടെ മാത്രം കാര്യമായി തീർന്നിരിക്കുന്നു. അരയ്ക്ക് താഴെ മാത്രമാണ് മനുഷ്യൻ്റെ സുഖമണെന്നു വിശ്വസിക്കുന്ന ആണിനോടും പെണ്ണിനോടും അവൾക്ക് പറയാൻ ഉണ്ടായിരുന്നത്, അവളുടെ ജീവിതം കൊണ്ടവൾ തെളിയിച്ചിരിക്കുന്നു.