mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Shamseera Ummer

സൈനബ ഒരു സ്കൂൾ ടീച്ചറാണ്. സ്പോർട്സിനോട് (പ്രത്യേകിച്ച് ഫുട്ബോളിനോട് ) വലിയ കമ്പമൊന്നുമില്ലാത്ത എന്നാൽ എല്ലാത്തിനേക്കുറിച്ചും ഏകദേശ ധാരണയുള്ള വിദ്യാർത്ഥികളായ മൂന്ന് മക്കളും ഗൾഫുകാരൻ ഭർത്താവുമുള്ള ഒരു സാധാരണക്കാരിയായ വീട്ടമ്മയും കൂടിയാണ് ടീച്ചർ.

2022 ഫിഫ വേൾഡ് കപ്പ് നടന്നുകൊണ്ടിരിക്കുന്ന ഒരു ശനിയാഴ്ച . രാവിലെ സ്കൂളിൽ പോകാനിറങ്ങിയ ടീച്ചറോട് മൂത്തവനായ കോളേജ്‌ കുമാരൻ പറഞ്ഞു. "ഇന്ന് അർജന്റീനയുടെ കളിയുണ്ട്. ഞങ്ങടെ മെസി ഇന്ന് ഗ്രൗണ്ടിൽ നിറഞ്ഞാടും ഉമ്മ കണ്ടോ?" ചാത്തപ്പനെന്ത് മഹ്ശറ? എന്ന് പറഞ്ഞതു പോലെ ടീച്ചർക്കെന്ത് മെസി? മുഖത്ത് നല്ലോണം പുച്ഛം വരുത്തി ടീച്ചർ പറഞ്ഞു. "മോനേ മെസിയും അർജന്റീനയുമല്ല നിനക്ക് തിന്നാൻ തരുന്നത്. അത് കൊണ്ട് ഞാൻ തിരിച്ചു വരുന്നതിനുള്ളിൽ പറഞ്ഞ ജോലികൾ തീർത്തില്ലെങ്കിൽ പച്ചവെള്ളം തരില്ല ട്ടോ..". ഇത് കേട്ട് 'ഉമ്മ ഈ ലോകത്തൊന്നുമല്ലേ?' എന്ന ഭാവത്തോടെ നിൽക്കുന്ന മക്കളെ മൂന്ന് പേരെയും തറപ്പിച്ച് നോക്കി  ടീച്ചർ സ്കൂളിലേക്ക് പോയി.

സത്യത്തിൽ നമ്മുടെ ടീച്ചർ ഒരരസികത്തിയൊന്നുമല്ല കെട്ടോ...പഴയ ബ്രസീലിയൻ താരം റൊമാരിയോയെയും റൊണാൾഡോയെയും അർജന്റീനയുടെ ഡിയഗോ മറഡോണയെയും ഇന്നും ഇഷ്ടപ്പെടുന്ന, മെസിയോടും ക്രിസ്റ്റ്യാനോ റൊണാൾഡോയോടും ഒരു കുഞ്ഞിഷ്ടം മനസ്സിൽ സൂക്ഷിക്കുന്നയാളാണ് നമ്മുടെ ടീച്ചർ. പക്ഷേ ലോകകപ്പിന്റെ പേരും പറഞ്ഞ് ഇന്നത്തെ സമൂഹം കാണിക്കുന്ന പേക്കൂത്തുകളോട് കടുത്ത അമർഷമുള്ളതു കൊണ്ടാണ് ടീച്ചറുടെ പ്രതികരണം ഇങ്ങനെയായത്.

സ്കൂളിലിരിക്കുമ്പോഴാണ് ടീച്ചറുടെ ഉമ്മ വിളിച്ച് "ഇന്ന് വൈകിട്ട് വീട്ടിലോട്ട് ചെല്ലണം" എന്ന് പറയുന്നത്. ഉമ്മയോട് വരാമെന്ന് പറഞ്ഞ് ടീച്ചർ മോനെ വിളിച്ച് വിവരം പറഞ്ഞു. കേട്ടതും അവൻ തുള്ളിച്ചാടി . കാരണം ഇവരുടെ വീട്ടിൽ ടീവിയില്ലാത്തതുകൊണ്ട് അവൻ മൊബൈലിലാണ് കളി കാണാറ്. ഉമ്മമ്മയുടെ വീട്ടിൽ ടി വിയുള്ളത് കൊണ്ട് അവന് വലിയ സ്ക്രീനിൽ അവന്റെ മെസിയുടെ കളി കാണാമല്ലോ ...എല്ലാം മനസ്സിലായെങ്കിലും ടീച്ചർ മൗനം പാലിച്ചു.

സ്വന്തം വീട്ടിലേക്ക് ഒരു പാട് ദൂരമുള്ളത് കൊണ്ട് സ്കൂൾ വിട്ടയുടനെ ടീച്ചർ കുട്ടികളെയും കൂട്ടി നാട്ടിലേക്ക് ബസ് കയറി. തിക്കിനും തിരക്കിനുമിടയിൽ എങ്ങിനെയോ സീറ്റ് കിട്ടി ഇരുന്നപ്പോഴാണ് ടീച്ചറുടെ മൊബൈലിൽ മെസേജ് വരുന്നത്. നോക്കുമ്പോൾ ഗൾഫിൽ നിന്നും പ്രിയതമനാണ്. സന്തോഷത്തോടെ മെസേജ് നോക്കിയ ടീച്ചർ ഞെട്ടി. കാരണം ഇന്ന് മുഴുവൻ മൂന്ന് മക്കളും വീട്ടിലുണ്ടായിട്ടും അന്നദാതാവും സർവ്വോപരി സ്നേഹ സമ്പന്നനുമായ പിതാവിനെ വിളിക്കുകയോ മെസേജയക്കുകയോ ചെയ്തില്ല; മക്കളുടെ സ്നേഹമളക്കാനുള്ള ഉപ്പയുടെ ശ്രമം അതിദയനീയമായി പരാജയപ്പെട്ട വിഷമവും നിരാശയുമാണ് ദേഷ്യ രൂപത്തിലുള്ള മെസേജുകളായി പുള്ളിക്കാരൻ ടീച്ചർക്കയച്ചത്. ഇനി ഞാനവർക്ക് വിളിക്കില്ല എന്നൊരു ശപഥവും കൂടിയുണ്ടായിരുന്നു കൂട്ടത്തിൽ . (അല്ലേലും അങ്ങാടി തോറ്റതിന് അമ്മയോടാണല്ലോ).

ഭർത്താവിന്റെ പരാതിയും മക്കളുടെ ശ്രദ്ധയില്ലായ്മയും അറിഞ്ഞ ടീച്ചറുടെ ഉള്ളിലെ കോപം തിളച്ചുമറിഞ്ഞു. വീട്ടിലെത്തി മക്കളെ ശരിയാക്കാം എന്ന് കരുതി ടീച്ചർ ഭർത്താവിനെ സമാധാനിപ്പിച്ചു മെസേജയച്ചു. വീട്ടിലെത്തി എല്ലാവരുമായി സന്തോഷമായി സംസാരിക്കുന്നതിനിടയിൽ ഈ കാര്യം ഓർമ്മ വന്നെങ്കിലും ഒറ്റക്കാകുമ്പോൾ മക്കളോട് ഇതെക്കുറിച്ച് ചോദിക്കാമെന്ന് ടീച്ചർ കരുതിയെങ്കിലും ഒന്നും നടന്നില്ല എന്നതാണ് സത്യം.

രാത്രി അമ്മാവനും (ടീച്ചറുടെ സഹോദരൻ ) മക്കളും കളി കാണുമ്പോഴേക്കും ടീച്ചർ ഉറങ്ങിയിരുന്നു. അതുകൊണ്ട് തന്നെ മെസി ഗോളടിച്ചതോ അർജന്റീന ജയിച്ചതോ ഒന്നും ടീച്ചററിഞ്ഞില്ല. രാവിലെ എണീറ്റ ടീച്ചറോട് മകൻ പറഞ്ഞു. "ഉമ്മ അറിഞ്ഞാ ഞങ്ങടെ മെസി തിരിച്ചടിച്ചുട്ടാ... ലയണൽ മെസിന്നു പറഞ്ഞാൽ ആരാ... രാജാവല്ലേ .. രാജാവ് .....! മകന്റെ ഡയലോഗ് കേട്ട ടീച്ചർ ഭദ്രകാളിയായി. " വാപ്പാക്ക് വിളിക്കാത്തതോ വാപ്പ വിഷമിച്ചതോ വാപ്പ പണങ്ങിയതോ അവന് പ്രശ്നമില്ല...അവന്റെയൊരു മെസി" .... എന്നു പറഞ്ഞ് ടീച്ചർ അവന്റെ നേരെ അലറിക്കൊണ്ട് ചാടിയെണീറ്റു. വല്ലപ്പോഴും മാത്രം കാണാറുള്ള ഉമ്മയുടെ വിശ്വരൂപം കണ്ട ഞെട്ടലിലും മകൻ ചിന്തിച്ചത് മറ്റൊരു കാര്യമാണ് ഉപ്പ പിണങ്ങിയോ എപ്പോ? എന്ന്. മകന്റെ അന്തം വിട്ട നിൽപ് കണ്ട ടീച്ചർ കുറെ ചീത്തയുടെ അകമ്പടിയോടെ അവനോട് ഉപ്പയുടെ പരാതിയെക്കുറിച്ച് പറഞ്ഞു. ഇതു കേട്ട അവൻ " ങ്ങളൊന്ന് പോയേ ഉമ്മാ.. നുണ പറയാതെ ... ഇന്നലെ മെസി ഗോളടിച്ചപ്പോ ഞാനുപ്പയെ വിളിച്ചിരുന്നല്ലോ ... അപ്പോ ഉപ്പയും സന്തോഷത്തോടെ നമ്മൾ ജയിച്ചെടാ എന്ന് പറഞ്ഞ് കളിയെക്കുറിച്ച് ഒരു പാട് കാര്യങ്ങൾ പറഞ്ഞല്ലോ... ഒരു പാട് സമയം ഞങ്ങളോട് മൂന്ന് പേരാടും സംസാരിച്ചിട്ടാണല്ലോ ഉപ്പ ഫോൺ വെച്ചത്. ആ ഉപ്പ എന്നോട് പിണങ്ങി എന്നാണോ ഉമ്മ പറയുന്നത് ?" എന്ന് പറഞ്ഞു.

ഇത് കേട്ട ടീച്ചർ ഇതിപ്പോ എനിക്ക് വട്ടായതാണോ അതോ ഇവിടെയുള്ളവർക്ക് മൊത്തം വട്ടായതാണോ എന്ന് ചിന്തിച്ച് പൊട്ടൻ ആട്ടം കണ്ടതു പോലെ മകന്റെ മുഖത്തേക്ക് തുറിച്ച് നോക്കി. അപ്പോഴും ടീച്ചറുടെ  ഉള്ളം ഇങ്ങനെ മന്ത്രിക്കുന്നുണ്ടായിരുന്നു.

ന്നാലും ന്റെ മെസ്യേ...ഒരു വല്ലാത്ത ജിന്നാണ് ട്ടോ ജ്ജി ....ഒരൊറ്റ ഗോളിലല്ലേ പഹയാ ഒരു കുടുംബ പ്രശ്നം നീ തീർത്തത്. യ്യി രാജാവന്നേണ് ട്ട ടോ ...വെറും രാജാവല്ല....ഒരൊന്നന്നര രാജാവ്.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ