[2019 ഫെബ്രുവരി മാസത്തിലെ മൊഴി പാരിതോഷികം ലഭിച്ച രചന]
പാഠഭാഗം വായിക്കുന്ന കുട്ടിയുടെ കയ്യിലെ പുസ്തകം പോലെ ഡോക്ടറുടെ കയ്യിൽ എന്റെ പാദങ്ങൾ തുറന്നു നിന്നു . ഇടതു വശത്തെ താൾ ഡോക്ടർ ഒരു വശത്തേയ്ക്ക് നീക്കി വെച്ചു.
ഇപ്പോൾ രണ്ടു കൈകളിലും എന്റെ ഇടതു പാദമാണ്. ശില്പിയുടെ കയ്യിലെ കളിമണ്ണുപോലെ.
അണയാത്ത ദീപം അത് കാക്കുന്ന കൈകളെ പ്രഭാമയമാക്കുന്നതുപോലെ ആ കൈകൾക്കും ഒരു പ്രഭ.
"ഞാൻ ഇതൊന്നോപ്പൺ ചെയ്യുകയാണ്. എന്താ പേടിയുണ്ടോ?"
"ഇല്ല"
"എന്തിനാ പേടിക്കുന്നത്? ഞാനില്ലേ?"
"അതെ, ഡോക്ടർ"
"വേദനയൊന്നുമുണ്ടാവില്ല. അതൊക്കെ എപ്പോഴേ ബ്ലോക്കു ചെയ്തു "
"ശരി"
"യു ക്യാൻ അഫ്‌ഫോർഡ് ഇറ്റ്, റൈറ്റ് ?"
"അറിയില്ല."
"എനിക്കറിയാം. കൺസന്റ് ഒപ്പിട്ടു കൊടുത്തത് കണ്ടില്ലേ?"
"കണ്ടു"
"അതാരാ? ബ്രദറാ? പുള്ളീടെ മെഡിക്കൽ എമർജൻസിയ്ക്കായി വെച്ചിരുന്ന കാശാ. അതിനി ആവശ്യം വരില്ല. എന്നാലും തിരിച്ചു കൊടുക്കണം കേട്ടോ?"
"കൊടുക്കാം കാശിനെ കുറിച്ച് ഒരു സംശയം ഉണ്ടായിരുന്നു."
"കാശിനെക്കുറിച്ചോ?എന്തു സംശയിക്കാൻ? കുറെ കാലമായി നല്ല ഓട്ടമല്ലായിരുന്നോ അതിനു പിറകേ?"
"ഓട്ടമല്ല, ഇരുപ്പായിരുന്നു."
"അതുതന്നെ. നോവൽ , പി എച്ച് ഡി തീസിസ്, വെള്ളപ്പൊക്ക റിപ്പോർട്ട് , റീട്ടെയിൽ മാനുവൽ, പത്തു പന്ത്രണ്ട് പുസ്തകം പിന്നെ ബ്ലോഗ്, സിനിമ"
"അതെ."
രക്ഷയില്ല. എല്ലാം ആരോ പറഞ്ഞു കൊടുത്തിരിക്കുന്നു. മുറിയിലും പുറത്തുമൊക്കെ ദീർഘനിശ്വാസത്തിന്റെ ഈർപ്പം കെട്ടി നില്ക്കുന്നു.
എന്റെ ഉള്ളിൽ മാത്രമാണോ സന്തോഷം!
ദുഷ്ക്കർമ്മം കാലിൽ കറുത്ത ചോരയായി ചീഞ്ഞു കിടന്നത് ഡോക്ടർ നീക്കിക്കൊണ്ടേയിരുന്നു.
"പാലു കാച്ചിന് പോയിരുന്നല്ലേ?"
"പോയിരുന്നു"
"അപ്പോഴാണോ അതുപോലെ എല്ലാവരും വന്നു വിസിറ്റ് ചെയ്യണമെന്ന് കൊതിച്ചത്?
'അതേ "
"നടന്നല്ലോ. ഇനിയിപ്പോ എല്ലാരും വരും. കണ്ടോണം എല്ലാരേം"
ഡോക്ടർ ചിരിക്കുന്നു.
"വല്ല കാര്യവുമുണ്ടായിരുന്നോ. വേണ്ടാത്ത പരിപാടിയായിപ്പോയി. എന്തായാലും കിടന്നു പഠിച്ചോ. ഇനിയും ഒത്തിരി പഠിക്കാനുണ്ട്"
"പഠിക്കാം, തീർച്ചയായും പഠിക്കാം. എത്ര പെർഫെക്റ്റ് ആയിട്ടാണ് അങ്ങ് കാര്യങ്ങൾ ചെയ്യുന്നത്!"
"പെർഫെക്ഷൻ എന്നത് എന്റെ പര്യായമാണ്"
"ശ്രീകുമാറേ കഴിഞ്ഞു. ഞാൻ കുറെ എടുത്തു കളഞ്ഞു. എന്താണ് മിണ്ടാതെ കിടന്നത്. ഞാനോർത്തു ഉറങ്ങിപ്പോയെന്ന്. അതാ ഞാനും ഒന്നും മിണ്ടാഞ്ഞത്. എന്താ നോൺ ടോക്കറാണോ?"
"അല്ല, ടോക്കറ്റീവാണ്"
"പിന്നെന്താ എന്നെ ഇഷ്ടമല്ലേ?"
"ഇഷ്ടമാണ് "
ഞാൻ വീണ്ടും കണ്ണടച്ചു കിടന്നു. ഒട്ടും വേദനയില്ല എങ്കിലും കണ്ണുനീർ ധാരധാരയായി ഒഴുകുന്നു. ട്രോളിയിൽ കിടന്ന് മുറിക്ക് പുറത്തേയ്ക്ക് കടക്കുമ്പോൾ വീണ്ടും നോക്കി. മേശപ്പുറത്ത് ആ കൈകൾ അതേ പ്രഭയോടെ.
അറിയാതെ കൈ കൂപ്പിപ്പോയി
ദിവി സൂര്യ സഹസ്രസ്യ
ആയിരം സൂര്യന്മാരുടെ വെളിച്ചം
അകത്തും പുറത്തും
(ഹൃദയത്തിൽ എന്നെന്നേക്കും കയ്യൊപ്പിട്ട ശ്രീ ഗോപകുമാർ ഡോക്ടർക്ക് സമർപ്പണം)
ഇതിലൊരു puzzle കൂടി ഉണ്ട്. കഥയുടെ ഒടുവിൽ ഡോക്ടർ പറയുന്നു അദ്ദേഹം സംസാരിച്ചില്ലെന്ന്.
അപ്പോൾ അതുവരെ ആരോടാണ് ഞാൻ സംസാരിച്ചത് ? ആർക്കാണ് എല്ലാ കാര്യങ്ങളും ഇങ്ങനെ അറിയാവുന്നത്? ആരാണ് സർജറി അടുത്ത വർഷം വരുമെന്ന് മുൻകൂട്ടി കണ്ട് എന്റെ വേദന ബ്ലോക്ക് ചെയ്തത്? ആരാണ് അദൃശ്യസാന്നിദ്ധ്യമായി ഒരീച്ചപോലും കടക്കാത്ത ഓപ്പറേഷൻ തീയേറ്ററിലും സംസാരിക്കാൻ എത്തുന്നത്. ഏതു ഡോക്ടറുടെയും കൈകളിലെ നൈപുണ്യമായി അവയ്ക്കു ചൈതന്യം കൊടുത്ത് പ്രകാശപൂര്ണമാക്കി രോഗിയുടെ ജീവനെന്ന വിളക്ക് കെടാതെ സൂക്ഷിക്കുന്നത് ? അത് ദൈവം തന്നെ. രോഗിയുടെ രോഗം തന്റേതായി കരുതുന്ന ഒരു ഡോക്ടർ ദൈവത്തെ ഉള്ളിൽ വഹിക്കുന്നു. പെർഫെക്ഷൻ ആണ് ദൈവത്തിന്റ ഒരു നാമം . Empathy മറ്റൊരു പേരാണ് . ഇതുള്ളവർ അത് ഏതു അളവിലാണോ ഉള്ളത്, ആ അളവിൽ ദൈവം തന്നെ.