• MR Points: 750
  • Status: Paid

Rajendran Thriveni

അഞ്ചു തലമുറകളുടെ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോകുന്ന ഒരു തുടർക്കഥ ആരംഭിക്കുകയാണ്. ഇതിലെ കഥാപാത്രങ്ങളും സംഭവങ്ങളും എനിക്കു ചുറ്റുമുള്ളവർ തന്നെ. അവരുടെ ചിന്തകളിലേക്ക് പടർന്നു കയറാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് എന്നു മാത്രം.


ഭാഗം 1. ചന്ദ്രൻ നായരുടെ മരണം

കോട്ടയം ജില്ലയുടെ വടക്കുകിഴക്കൻ അതിർത്തിയിൽ ഉഴവൂരെന്ന കാർഷിക ഗ്രാമം. ഉഴവൂരിന്റെ കിഴക്കൻ അതിർത്തിയിൽ കൂടപ്പുലം മുതൽ വലവൂരുവരെ നീണ്ടുകിടക്കുന്ന നെടുമലക്കുന്ന്. ആ കുന്നിന്റെ നെറുകയിലൂടെ തെക്കോട്ടു നീണ്ടുകിടക്കുന്ന എട്ടടിപ്പാത.              

വടക്ക് വള്ളിപ്പടവു നിരപ്പിൽ നിന്ന് കുളംകരോട്ടു കയറ്റം കയറി നടുപ്പറമ്പും കഴിഞ്ഞാണ്, നെടുമലപ്പറമ്പ്. ആ പറമ്പിന്റെ പടിഞ്ഞാറൻ അതിരിനോടു ചേർന്നു പോകുന്ന റോഡരുകിലാണ് ഈ ദാരുണകൃത്യം നടന്നത്...  

നേരം വെളുത്തു കഴിഞ്ഞിട്ടില്ല. 

"നാരാണന്നായരേ, എണീക്ക്, ഒന്നിറങ്ങിവാ."

കുടുമ്മിക്കലെ കൊച്ചുചേകോന്റെ ഒച്ചയാണല്ലോ, എന്താ ഇത്ര രാവിലെ ? നാരായണൻ നായർ. കിടക്കപ്പായയിൽ നിന്നെഴുന്നേറ്റ് തിണ്ണയിലേക്കിറങ്ങി. അച്ഛനോടൊപ്പം മകൻ രാമേന്ദ്രനും ഇറങ്ങിച്ചെന്നു.

"എന്താ കൊച്ചേ, ഇത്ര രാവിലെ?"

"ചന്ദ്രന്നായര് വഴീൽ..." കൊച്ചു ചേകോൻ മുഴുമിപ്പിച്ചില്ല.

"എന്തു പറ്റി?"

"കുത്തി, ചന്ദ്രന്നായരെ കുത്തി..."

"എന്നിട്ട്?"

"വഴിയിൽ കിടപ്പുണ്ട്. വേഗം വാ.."

കൊച്ചു ചേകോൻ മുമ്പിലോടി, നാരായണൻ നായരും രാമചന്ദ്രനും പുറകെയും. പറമ്പിന് മുകൾഭാഗത്തുകൂടെ തെക്കോട്ടുള്ള എട്ടടിപ്പാതയിലൂടെ അവർ മുന്നോട്ടു നീങ്ങി. വിജനമായ വഴിയരുകിൽ ചന്ദ്രൻ നായർ രക്തത്തിൽക്കുളിച്ച് മരിച്ചു കിടക്കുന്നു!

നാരായണൻ നായരുടെ ഭാര്യാ സഹോദരനാണ് ചന്ദ്രൻ നായർ. രാമചന്ദ്രന്റെ അമ്മാവനും! 

"കൊച്ചേ ഇതെങ്ങനെ സംഭവിച്ചു?"

ഇന്നലെ രാത്രിയിൽ വഴിയിൽ നിന്ന് ഒച്ചയും ബഹളവുമൊക്കെ കേട്ടിരുന്നു. ചന്ദ്രൻ നായരും വെള്ളിരിമറ്റത്തിൽ ഓന്നനും തമ്മിലാണ് വഴക്കെന്ന്, ശബ്ദം കേട്ടാലറിയാമായിരുന്നു. അവസാനം കേട്ടത് ചന്ദ്രൻ നായരുടെ അലർച്ചയാണ്.നേരം രാത്രിയായതുകൊണ്ട് ഞങ്ങളാരും വഴിയിൽക്കേറി നോക്കിയില്ല. രാവിലെ എഴുന്നേറ്റ് വഴിയിലേക്കു ചെല്ലുമ്പോളാണ് ഈ കാഴ്ച കണ്ടത്.

അന്ന് ആ പ്രദേശത്ത് കൊച്ചുചേകോന്റെ വീടല്ലാതെ മറ്റു വീടുകളില്ല. ഉഴവൂർ ചന്തയിലെ ഇറച്ചി വെട്ടുകാരനാണ് ഓന്നൻ. ശനിയാഴ്ച ചന്തകഴിഞ്ഞ് ക്ഷീണം തീർക്കാൻ ഷാപ്പിലും കയറി, രാത്രി പത്തുമണിയോടെ ആ വഴിക്കു പോകുന്ന ഓന്നൻ ഉച്ചത്തിൽ തെറിപ്പാട്ടു പാടി രസിച്ചാണു പോകുക. ഈ ബഹളം വെക്കൽ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു എന്ന പൊതു പരാതിയുണ്ട്. അന്ന് ആ നാട്ടിൽ പൊതുജനങ്ങളുടെ നന്മയ്ക്കു വേണ്ടി മുന്നോട്ടിറങ്ങുകയും സംസാരിക്കുകയും ചെയ്യുന്ന ആളാണ് നടുപ്പറമ്പിൽ ചന്ദ്രൻ നായർ.

നടുപ്പറമ്പിലെ നാണിയമ്മയുടെ മൂന്ന് ആൺമക്കളിൽ നടുവൻ. നാരായണൻ നായരുടെ ഭാര്യാ സഹോദരൻ.               

ഇന്നലെ രാത്രിയിലുണ്ടായ വാക്കു തർക്കത്തിനിടയിൽ, ചന്ദ്രൻ നായരെ ഓന്നൻ കുത്തി മലർത്തി. നാടിന്റെ നന്മയ്ക്കു വേണ്ടി മരിച്ചുവീണ രക്തസാക്ഷി. നാടിനുവേണ്ടി ജീവത്യാഗം ചെയ്ത അമ്മാവൻ, രാമചന്ദ്രന്റെ മാതൃകാ പുരുഷനും വഴികാട്ടിയുമായി മാറി.

അമ്മാവനെക്കാളും കൂടുതലായി പ്രവർത്തിക്കണം എന്ന മോഹം ആ കൊച്ചു മനസ്സിൽ ഉണർന്നിരുന്നു.

പോലീസും കേസ്സും നടപടികളുമുണ്ടായെങ്കിലും ഓന്നന് വലിയ ശിക്ഷ കിട്ടിയില്ല. പാട്ടുപാടിയതിന് തന്നെ അടിച്ചപ്പോൾ, മദ്യലഹരിയിലായിരുന്ന താൻ ഈ കൃത്യം ചെയ്തു പോയി എന്ന് ഓന്നന്റെ കുറ്റസമ്മതത്തെ ആരും എതിർത്തില്ല. നഷ്ടം നടുപ്പറമ്പിൽ കുടുംബക്കാരുടെ മാത്രമായി!

(തുടരും)


ഭാഗം - 2

ഉഴവൂരിന്റെ കിഴക്കനതിർത്തിയിൽ കോട്ടകെട്ടിയപോലെ നീണ്ടു കിടക്കുന്ന നെടുമലക്കുന്ന്.കുന്നിനു പടിഞ്ഞാറു വശം ഉഴവൂർ ഗ്രാമം. കുന്നിന്റെ കിഴക്കൻ അടിവാരം രാമപുരം പഞ്ചായത്തിന്റെ ഭാഗമായ ഇടക്കോലി ഗ്രാമം. നെടുമലക്കുന്നിന് എതിരെ കിഴക്കു വശത്ത് ഉയർന്നു നില്ക്കുന്ന കൊണ്ടാട് മല. നെടുമലക്കുന്നിന്റെ തെക്കുഭാഗം കരൂർ പഞ്ചായത്തിലാണ്. അങ്ങനെ ഉഴവൂരിന്റെ തെക്കുകിഴക്കേ മൂലയിലായിരുന്നു നടുപ്പറമ്പിൽ കുടുംബം.     

വലിയ തറവാടിത്തമൊന്നുമില്ലെങ്കിലും അന്തസ്സായി കൃഷിചെയ്ത് ജിവിച്ച കാരണവന്മാർ. പറമ്പിലെ തെങ്ങുകളും കാമുകും പ്ലാവും മാവും മുരിങ്ങയും നാരകവും കുപ്പയിൽ മുളച്ചു പൊങ്ങുന്ന മത്തനും കുമ്പളയും വെള്ളിരിയും പാവലും കാന്താരിയും കുടുംബത്തിന് കഴിയാനുള്ള വക നല്കിക്കൊണ്ടിരുന്നു.

ചുറ്റും താമസിച്ചിരുന്ന അധ്വാന ശീലരായ കൃസ്ത്യാനികൾ കപ്പയിടാനും ഇഞ്ചി നടാനും പറമ്പുപയോഗിച്ചിരുന്നതുകൊണ്ട് 

വിളകളുടെ മൂന്നിലൊന്ന് വാരമായും ലഭിച്ചിരുന്നു. കുടുംബത്തിലെ ആണുങ്ങളൊക്കെ നാടിന്റെ സാമൂഹിക ജീവിതവുമായി ഇണങ്ങിച്ചേന്ന്, സഹകരിച്ച് ജീവിച്ചിരുന്നു.

അവിടുത്തെ കാരണവത്തിനാണ്, വിധവയായ നാണിയമ്മ. നാണിയമ്മയ്ക്ക് മൂന്ന് ആൺമക്കളും ഒരു മകളും. മകൾ ജാനകിയമ്മയാണ് നാരായണൻ നായരുടെ ഭാര്യ. ആണുങ്ങൾ ഗോപാലൻ, കുട്ടപ്പൻ, ചന്ദ്രൻ. കുട്ടപ്പൻ നല്ല പ്രായത്തിലെ അസുഖം വന്നു മരിച്ചു പോയി. ഗോപാലൻ നായർ വടക്ക് കൂടപ്പുലം കരയിൽ ചെമ്പ്രത്താത്ത് തറവാട്ടിലാണ് താമസം. നാണിയമ്മയുടെ ഒരേയൊരാശ്രയമായിരുന്ന ആൺതരിയാണ് കൊലചെയ്യപ്പെട്ടിരിക്കുന്നത്.                             

 പ്രായം കൊണ്ടും വിട്ടുമാറാത്ത ശ്വാസകോശരോഗംകൊണ്ടും ആവയാണ് നാണിയമ്മ. ചന്ദ്രൻ നായർ മരിച്ചതോടെ അദ്ദേഹത്തിന്റെ ഭാര്യയും മകനും അവരുടെ തറവാട്ടിലേക്ക് തിരിച്ചു പോയി.

നാണിയമ്മ തനിച്ചായി. വല്ലപ്പോഴും കൂടപ്പുലത്തു താമസിക്കുന്ന മകൻ ഗോപാലൻ നായർ വന്ന് തേങ്ങ ഇടീക്കുകയും നാണിയമ്മയ്ക്കു വേണ്ട സാധനങ്ങൾ വാങ്ങിക്കൊടുക്കുകയും ചെയ്തിരുന്നു. മകളായ ജാനകിയമ്മ അടുത്തുതന്നെ താമസിച്ചിരുന്നതിനാൽ 

അത്യാവശ്യത്തിന് വിളിക്കാനൊരു ആളുണ്ടെന്നു മാത്രം. ഒരുദിവസം ഗോപാലൻ നായർ വന്നു വിളിക്കുമ്പോൾ അമ്മ വിളി കേട്ടില്ല. ആ അമ്മ എപ്പോഴോ മരിച്ചു കഴിഞ്ഞിരുന്നു.

നാരായണൻ നായരുടെ ഭാര്യ ജാനകിയമ്മയ്ക്ക് എട്ടു മക്കൾ. ആറ് പെണ്ണും രണ്ട് ആണും. പെണ്ണുങ്ങൾ കമലാക്ഷി, ഭാരതി, രുഗ്മിണി, സരോജിനി, സുമതി, അമ്മുക്കുട്ടി.

ആണുങ്ങൾ രാമചന്ദ്രൻ, കൃഷ്ണൻ കുട്ടി. നാരായണൻ നായരുടെ കുടുംബത്തിന് ഒന്നൊന്നര ഏക്കർ ഭൂമിയുണ്ടെന്നല്ലാതെ പ്രത്യേക വരുമാനമാർഗ്ഗങ്ങളില്ല. ഉള്ള സ്ഥലത്ത് കപ്പയിട്ടും ഇഞ്ചി നട്ടും ഭക്ഷ്യ വിളകളായ ചേമ്പും കാച്ചിലും ചെറുകിഴങ്ങും ചേനയും വാഴയും പച്ചക്കറികളും കൃഷിചെയ്തും കഷ്ടിച്ച് കഴിഞ്ഞുകൂടുന്ന കാലം.

രാമചന്ദ്രന് മുമ്പേ പിറന്ന മൂന്ന് സഹോദരിമാരുടെ വിവാഹം നടത്തിയെങ്കിലും കുടുംബത്തെ കടം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു.കടബാദ്ധ്യതകൾ തീർക്കുന്നതിനു വേണ്ടി നാരായണൻ നായർ കൂലിപ്പണിക്കു പോകാൻ തുടങ്ങി. അതിനിടയിൽ മൂന്നാമത്തെ മകളുടെ ഭർത്താവ് രാമകൃഷ്ണനുമൊത്ത് നാരായണൻ നായർ പൊൻകുന്നത്തൊരു ജന്മിയുടെ വീട്ടുകാര്യസ്ഥനായി പണിചെയ്യാൻ തുടങ്ങി. പെട്ടെന്നുണ്ടായ മസ്തിഷ്കാഘാതത്തിൽ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.              

തകർന്നു നില്ക്കുന്ന ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം രാമചന്ദ്രനിലായി. അവിവാഹിതയായ മൂന് നുസഹോദരിമാർ. പഠിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും ഇളയ സഹോദരങ്ങൾ. വിവാഹം കഴിയാത്ത മുതിർന്ന സഹോദരി പണിക്കുപോകേണ്ട ഗതികേട് നിസ്സഹായതയോടെ നോക്കിനില്ക്കേണ്ടി വന്നു രാമചന്ദ്രന്. എന്തെങ്കിലും പണി ചെയ്ത് പണമുണ്ടാക്കാതെ കുടുംബം മുന്നോട്ടു പോകില്ല, എന്ന് ഉറപ്പായി.

എന്തുചെയ്യണമെന്നറിയാതെ പകച്ചു നില്ക്കുമ്പോഴാണ് മാർക്സിസ്റ്റ് ചിന്താധാരയിൽ രാമചന്ദ്രൻ ആകൃഷ്ടനാവുന്നത്. ഒരു കമ്മ്യൂണിസ്റ്റ് ഭരണക്രമത്തിനു മാത്രമേ തങ്ങളെപ്പോലെയുള്ള ജനകോടികൾക്ക് ജീവിക്കുവാൻ സഹായിക്കുന്ന ഭരണം നിർവഹിക്കാൻ കഴിയൂ എന്ന് വിശ്വസിച്ച് പാർട്ടി പ്രവർത്തനത്തിലേക്ക് ഭാഗികമായി തിരിയാൻ തുടങ്ങി.

സ്ഥിരമായ ഒരു വരുമാനമാർഗം ഇല്ലാതെ മുന്നോട്ടു പോകാൻ കഴിയില്ല. പലരുടെയും അഭിപ്രായങ്ങൾ മാനിച്ചുകൊണ്ട് ഉഴവൂരെ ചാത്തക്കുളം ക്ഷേത്രത്തിനടുത്ത് ഒരു ചായക്കട നടത്താൻ തീരുമാനിച്ചു. കമുകും പനയോലയും കൊണ്ടു നിർമിച്ച ഒരു താത്കാലിക ഷെഡിൽ ചായക്കട പ്രവർത്തനം തുടങ്ങി. ആദ്യനാളുകളിൽ നല്ല കച്ചവടവും ലാഭവും കിട്ടി. സഹായത്തിനായി അനുജൻ കൃഷ്ണൻ കുട്ടിയും കടയിൽ നിന്നു.

കട ഭംഗിയായി മുന്നേറുമ്പോൾ പാർട്ടി പ്രവർത്തനവും ഊർജസ്വലമാക്കാൻ തീരുമാനിച്ചു. കാലക്രമേണ പാർട്ടി പ്രവർത്തനം പുരോഗമിക്കുകയും ചായക്കട അടച്ചുപൂട്ടലിലേക്ക് എത്തിച്ചേരുകയും ചെയ്തു!

ചായക്കടയിലെ പറ്റുപടിക്കാർ വലിയ കുടിശ്ശിക ഉണ്ടാക്കിയതാണ് മുന്നോട്ടു നീങ്ങാൻ കഴിയാതെ വന്നതിനു കാരണം. ഇത്രയും നാൾ കഷ്ടപ്പെട്ടതിന്റെ ഫലം നാട്ടിലെ പല തട്ടിപ്പുകാരുടെ രക്തവും മാംസവും ആയി മാറി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. അന്ന് പുതുതായി കച്ചവടം തുടങ്ങുന്ന മിക്കവാറും ആളുകൾ കട പൂട്ടാൻ കാരണം കടം കൊടുത്തത് തിരിച്ചു കിട്ടാത്തതിനാലാണ്.

(തുടരും)


ഭാഗം - 3

കഥ ഇതുവരെ: നടുപ്പറമ്പിലെ ചന്ദ്രൻ നായർ കൊലചെയ്യപ്പെട്ടു. നാണിയമ്മ ആശ്രമില്ലാതെ രോഗം വന്നു മരിച്ചു. ചന്ദ്രൻ നായരുടെ മരുമകൻ രാമചന്ദ്രൻ, അമ്മാവനെപ്പോലെ നാടിനു കൊള്ളാവുന്ന വ്യക്തിയായിത്തീരണമെന്ന് ആഗ്രഹിച്ചു. നാടിനെ സഹായിക്കാൻ വേണ്ടി പാർട്ടിയിൽ ചേർന്നു. ജീവിതോപാധിയായി ആരംഭിച്ച ചായക്കടയും പാർട്ടി പ്രവർത്തനം മൂലം തകർന്നു. 

 

എത്ര ശ്രമിച്ചിട്ടും ഒന്നും ശരിയാകുന്നില്ല. ഏതു പണിയും ചെയ്യാൻ തയ്യാറാണ്. പക്ഷേ ഒരു പണി തരപ്പെടണ്ടേ? ഒരു പണി തരാമോ എന്ന് ചോദിച്ചു നടക്കാൻ മാനസീകമായ ബുദ്ധിമുട്ടും ഉണ്ട്. ഇനി എന്തു ചെയ്യണം എന്ന് ചിന്ത എത്തിച്ചേർന്നത് ഒരു മലഞ്ചരക്ക് വ്യാപാരം തുടങ്ങുക എന്ന ലക്ഷ്യത്തിലേക്കാണ്. കച്ചവടം തുടങ്ങണമെങ്കിൽ മൂലധനം വേണം. അതിനെന്താണൊരു മാർഗം?

മാർഗം കണ്ടെത്തി. ഉടനെയൊരു കല്യാണം കഴിക്കുക. എങ്ങനെയായാലും ഒരു പതിനായിരം രൂപ സ്ത്രീധനമായി ചോദിക്കാം. അതുകൊണ്ടൊരു കച്ചവടം തുടങ്ങാം. ജീവിക്കുവാനുള്ള വക കിട്ടാതിരിക്കില്ല.

അങ്ങനെയാണ്, പാലായിക്കടുത്ത് നെച്ചിപ്പുഴൂർക്കാരിയായ രത്നമ്മയെ കല്യാണം കഴിക്കുന്നത്. സ്ത്രീധനമായി ഇരുപതിനായിരം ചോദിച്ചു. അവരതു സമ്മതിക്കുകയും ചെയ്തു. പതിനായിരം കല്യാണത്തിനും ബാക്കി കച്ചവടത്തിനും ഉപയോഗിക്കാം എന്നായിരുന്നു കണക്കുകൂട്ടൽ.

ഭാര്യാ വീടിനടുത്ത് നെച്ചിപ്പുഴൂർ കവലയിൽ കട തുറന്നു. സൗകര്യത്തിനു വേണ്ടി, ഭാര്യയുടെ വീതം ഭൂമിയിൽ ഒരു ഓലപ്പുര കെട്ടി, താമസം അങ്ങോട്ടു മാറി. ഏതാനും മാസങ്ങൾ കച്ചവടം നന്നായി മുന്നോട്ടു നീങ്ങി. കച്ചവടം പുരോഗമിച്ചപ്പോൾ, പാർട്ടി പ്രവർത്തനം കൂടുതൽ ഊർജ്ജസ്വലമാക്കി. പാർട്ടി പരിപാടികൾ മൂലം പലദിവസങ്ങളിലും കട തുറക്കാൻ കഴിയാത്ത സാഹചര്യം വന്നു. കട അടഞ്ഞു കിടക്കുന്നതു കൊണ്ട്, ആളുകൾ ചരക്കുമായി വരാതായി. സ്റ്റോക്ക് എടുത്തു വെച്ചതിനു മുടക്കിയ തുക (റബറിന്റെ വിലയിടിവു മൂലം വില്ക്കാതെ വെച്ചിരിക്കുന്നതുകൊണ്ട്) തിരികെ വരാതായി. കൈയിൽ പണം ഇല്ലാതെ വന്നപ്പോൾ കട അടച്ചിടേണ്ടി വന്നു.  

എങ്ങനെയെങ്കിലും കാശുണ്ടാക്കി കച്ചവടം തിരികെപ്പിടിക്കണം. അതിന്

ഭാര്യയുടെ വീതം സ്ഥലം വില്ക്കുക എന്നതായിരുന്നു പോംവഴി.

സ്ഥലം വില്പന നടന്നു. തത്ക്കാലം പിടിച്ചുനില്ക്കാമെന്നായി. ഈ ഓട്ടത്തിനും പരക്കം പാച്ചിലിനുമിടയിൽ വീട്ടുകാരേം പെങ്ങന്മാരെയും നോക്കാനോ അവരുടെ ആവശ്യങ്ങൾ നിറവേറ്റാനോ കഴിഞ്ഞിരുന്നില്ല. അവരുടെ മനസ്സിൽ ചേട്ടൻ കല്യാണം കഴിഞ്ഞ്, സ്വന്തം കാര്യം നോക്കി പോയി എന്ന് ധാരണ വന്നു.

അത് ഒരകൽച്ചയായി വളർന്നു.

അനുജൻ കൃഷ്ണൻ കുട്ടി, റബർ വെട്ടിന് പോകാൻ തുടങ്ങി. പെങ്ങന്മാർ ചില്ലറ കൂലിപ്പണികൾക്കും ഇറങ്ങേണ്ട ഗതികേടുണ്ടായി. ഇതിനിടയിൽ പണിയെടുക്കുന്നൊരു പെണ്ണിനെ അന്വേഷിച്ച് കുറിഞ്ഞിക്കാരൻ കൃഷ്ണൻ നായർ വന്നു. സഹോദരി സരോജിനിയെ സ്ത്രീധനം ചോദിക്കാതെ കല്യാണം കഴിച്ചുകൊണ്ടുപോകുകയും ചെയ്തു.

അനുജൻ കൃഷ്ണൻ കുട്ടിയുടെ ഉത്തരവാദിത്വത്തിലായി പ്രായമായ അമ്മയും കല്യാണം കഴിയാത്ത രണ്ട് സഹോദരിമാരും. അവരെ സംരക്ഷിക്കുന്നതിനുവേണ്ടി അയാൾ കഠിനാധ്വാനം ചെയ്തു. ഒരു സഹോദരിക്ക് ബുദ്ധി വൈകല്യമുള്ളതുകകൊണ്ട് വിവാഹം നടക്കില്ല. ഏറ്റവും ഇളയ പെങ്ങൾ അമ്മുക്കുട്ടിയെ കുറിഞ്ഞിയിലെ കൃഷ്ണൻ നായരുടെ അനുജൻ ഭരതന്, ഇഷ്ടപ്പെട്ടതുകൊണ്ട്, ആ കല്യാണവും ബാധ്യതയില്ലാതെ നടന്നു.

ഏതുകാര്യത്തിനായാലും ഭാഗ്യം വേണം. ഭാഗ്യം രാമചന്ദ്രനെ തുണച്ചില്ല. മലഞ്ചരക്കു കടയും പൊട്ടി.

തിരികെ അമ്മയുടെ അടുത്തുവന്ന് തന്റെ വീതം തരണമെന്ന് പറഞ്ഞു. അമ്മ വിസമ്മതിച്ചപ്പോൾ ആത്മഹത്യാഭീഷണി മുഴക്കി, കാര്യം നേടി. തറവാട്ടിലുള്ള തന്റെ വീതം വിറ്റു കിട്ടിയ രൂപ കൊണ്ട്, കുറിഞ്ഞി ക്കടുത്ത് ഇടിയനായിൽ കുറച്ചു സ്ഥലം വാങ്ങി പുരവെച്ചു. താമസം പുതിയ സ്ഥലത്തായി. വീണ്ടും കൂലിപ്പണി തുടങ്ങി.

കേട്ടു പഠിച്ച പ്രത്യയശാസ്ത്രങ്ങൾ സ്വന്തം ജീവിതത്തിൽ പ്രായോഗികമാകുന്നില്ല. ജീവിച്ചു പോകാൻ പണിയുന്ന, കണ്ടറിഞ്ഞ് സഹായിക്കുന്ന കാരണവരെ ബൂർഷ്വാ എന്നു വിളിക്കുന്നതിൽ അർത്ഥമുണ്ടോ? തന്റെ തൊഴിലാളി സുഹൃത്തുക്കൾ കടം പറ്റി തിരിച്ചു തരാത്തതുകൊണ്ടാണല്ലോ, ചായക്കട തകർന്നത്. നമ്മുടെ നാട്ടിൽ തൊഴിലാളികൾ ഭരണത്തിലെത്തി അസമത്വങ്ങളെ തുടച്ചുനീക്കാൻ കഴിയുമോ? ചിന്തകൾ വീർപ്പുമുട്ടിക്കുന്നു!

( തുടരും) 


ഭാഗം 4

ഇടിയനായിലെ കൊച്ച് ഓലപ്പുരയിൽ കഴിഞ്ഞു കൊണ്ട് കുറിഞ്ഞിയിലെ തറവാടു പറമ്പുകളിൽ കൂലിപ്പണി ചെയ്തു കഴിയുകയായിരുന്നു.മുതിർന്ന സഹോദരിയും കുടുംബവും അടുത്തുവന്ന് സ്ഥലം വാങ്ങി താമസം ആരംഭിച്ചു.അളിയൻ ഉണ്ണികൃഷ്ണൻ നായർ റബർ വെട്ടുകാരനാണ്. രാവിലെ വെട്ടുകഴിഞ്ഞ് കൃഷിപ്പണികളും ചെയ്ത് ജീവിക്കുന്നു. സഹോദരി സരോജിയും അമ്മുക്കുട്ടിയും ഒരു കിലോമീറ്റർ അകലത്തിലുണ്ട്. നടുപ്പറമ്പിൽ വീടിന്റെ അച്ചുതണ്ട് കുറിഞ്ഞിക്ക് മാറിയതുപോലെ. 

അധികം താമസിയാതെ രുഗ്മിണി ചേച്ചിയും അടുത്ത കരയായ കരിങ്കുന്നത്തു വന്ന് താമസം ആരംഭിച്ചു.

ക്യാപ്പിറ്റലിസവും സോഷ്യലിസവും സന്ധിചെയ്ത് മുന്നേറുമ്പോഴാണോ ജീവിതം മെച്ചപ്പെടുന്നത്?

ഇതിനിടയിൽ രാമചന്ദ്രന് രണ്ട് കുട്ടികളുണ്ടായി. മൂത്ത കുട്ടി പെണ്ണ്, പേര് മഞ്ജു. രണ്ടാമത്തെ ആൺകുട്ടി, പേര് മനോജ്. ദിവസവും പണിയുണ്ടായിരുന്നതുകൊണ്ട് ബുദ്ധിമുട്ടില്ലാതെ ജീവിക്കാമായി- രുന്നു.മാത്രമല്ല, പണി നിർത്തി കുളി കഴിഞ്ഞ്, രാമപുരത്ത് പാർട്ടി ഓഫീസിൽ പോകാനും കഴിഞ്ഞു.

ഇനിയുള്ള ജീവിതകാലം ഒരു നല്ല കമ്മ്യൂണിസ്റ്റായി ജീവിക്കണം എന്ന് ഉറപ്പിച്ചു. 

കുട്ടികൾ രണ്ടു പേരും പഠിക്കാൻ മിടുക്കരായിരുന്നു. മകൻ മനോജ് നാലാം ക്ലാസ്സിലെ എൽ.എസ്. എസ് പരീക്ഷ എഴുതി സ്കോളർഷിപ്പ് നേടിയിരുന്നു. കുട്ടികൾ വളരുമ്പോൾ ചെലവും വർദ്ധിച്ചിരുന്നെങ്കിലും ദിവസവും പണിയെടുത്തിരുന്നതുകൊണ്ട് അല്ലലില്ലാതെ ജീവിച്ചു.

മഞ്ജു പത്താംക്ലാസ് പാസ്സായി. വലിയ കോളേജുകളിലൊന്നും അഡ്മിഷൻ കിട്ടാത്തതുകൊണ്ട് രാമപുരത്തുള്ള പാരലൽ കോളേജിലാണ് തുടർപഠനത്തിന് ചേർത്തത്. മനോജ് ഹൈസ്കൂളിലെത്തിയപ്പോഴേക്കും പഠനകാര്യങ്ങളിൽ മുമ്പുണ്ടായിരുന്ന താത്പര്യം കുറഞ്ഞു. കൂട്ടുകെട്ടുകളിലേക്കായി ശ്രദ്ധ. എങ്ങനെയെങ്കിലും തോൽക്കാതെ പത്ത് ജയിച്ചു. കൂടുതൽ പഠിക്കുന്നതിന് പാരലൽ കോളേജിൽ ചേർത്തെങ്കിലും പഠനത്തിൽ തീരെ താല്പര്യം കാണിച്ചില്ല. പോകാതെ വിരുന്ന് പഠനം മുടങ്ങി. ഇനിയെന്ത് എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് മുളന്തുരുത്തിയിലുള്ള മനോജിന്റെ വലിയമ്മാവൻ അങ്ങോട്ടു വിളിക്കുന്നത്. അവിടെ താമസിച്ച് ഓട്ടോ റിക്ഷ ഓടിക്കാൻ പഠിച്ചു. കുറേനാൾ മുളന്തുരുത്തിയിൽ ഓട്ടോ ഓടിച്ചു. അച്ഛൻ രാമചന്ദ്രൻ വിളിച്ചുകൊണ്ട് ഓട്ടോയുമായി ഇടിയനായിക്കു പോന്നു. രാമപുരത്തായി ഓട്ടോ ഓടിക്കൽ. സാമാന്യം നല്ല വരുമാനവും കിട്ടിയിരുന്നു.

മനോജിന് ഓട്ടോ ഓടിച്ച് വരുമാനം കിട്ടാൻ തുടങ്ങിയപ്പോൾ, രാമചന്ദ്രൻ നായരുടെ ചിന്ത കൂലിപ്പണിക്കു പോകുന്നത് നിർത്താനായിരുന്നു.

കൈയ്യിലിരുന്ന കുറച്ചു രൂപയും സഹകരണ ബാങ്കിൽ നിന്ന് ഒരു ലോണും എടുത്ത് ഇടിയനായിൽ ചായക്കട തുടങ്ങി. ലോണെടുത്ത് പുതിയ സംരംഭങ്ങൾ തുടങ്ങുന്നവർ

നാടിനെ പുരോഗമിപ്പിക്കും എന്നാണല്ലോ പറച്ചിൽ!

(തുടരും)


ഭാഗം; 5

ചായക്കടയിൽ നിന്ന് നല്ല വരുമാനം ലഭിക്കാൻ തുടങ്ങി. ഇതിനിടയിൽ ലോണെടുത്ത് ഒരു പശുവിനെ കൂടി വാങ്ങി. ഓട്ടായ്ക്ക് ഓട്ടം ഇല്ലാത്ത സമയത്ത് മനോജിന് കടയിൽ സഹായിക്കേണ്ടി വന്നു. വീട്ടുകാരി രത്നമ്മയ്ക്ക് പശുപരിപാലനത്തിനും കടയിൽ പാത്രം കഴുകാനും പിടിപ്പതു പണിയുണ്ടായി.

ഇതിനിടയിൽ മകൾ മഞ്ജുവിന് വിവാഹാലോചനകൾ വന്നുതുടങ്ങി. മകളെ ഏതു വിധത്തിലും നല്ലൊരാളുടെകൂടെ പറഞ്ഞു വിടണം എന്ന് ഉറച്ച തീരുമാനത്തിലായിരുന്നു രാമചന്ദ്രൻ നായർ. പാലായിക്കടുത്ത് ചിറ്റാർ ഭാഗത്തുനിന്ന് ഒരാലോചന വന്നു. 

പയ്യൻ കുഴപ്പമില്ല. ഓട്ടോ ഡ്രൈവറാണ്. വീട്ടിലെ ചുറ്റുപാടുകളും മോശമാണെന്ന് തോന്നിയില്ല.ആ ആലോചന മുന്നോട്ടു നീക്കാൻ താത്പര്യം കാണിച്ചു. മാന്യമായ രീതിയിൽ കല്യാണം നടത്തുന്നതിന് മൂന്നുനാല്

ലക്ഷം രൂപയെങ്കിലും വേണം. കാര്യമായ നീക്കിയിരിപ്പൊന്നുമില്ല.

രണ്ട് ചിട്ടി കളിൽ ചേർന്നിട്ടുണ്ടെന്നു മാത്രം. ബാങ്ക് ലോണെടുത്തും പ്രൈവറ്റ് ബാങ്കുകളിൽ നിന്ന് കടമെടുത്തും കല്യാണം നടത്തുക.

ചായക്കട വരുമാനം കൊണ്ടും മനോജിന്റെ വരുമാനം കൊണ്ടും കടം അടച്ചു തീർക്കാം എന്ന് പ്രതീക്ഷയായിരുന്നു.

ആർഭാടപൂർണമായി മഞ്ജുവിന്റെ വിവാഹം നടന്നു. നാട്ടുകാരും പാർട്ടിക്കാരും ബന്ധുക്കളും സഹകരിച്ചുകൊണ്ട് എല്ലാ കാര്യങ്ങളും പോരായ്മയില്ലാതെ, ആരും കുറ്റം പറയാത്ത രീതിയിൽ നടന്നു കിട്ടി.

മനോജിന്റെ ചിന്ത മറ്റൊരു വഴിക്കായിരുന്നു. അച്ഛൻ ആർഭാടം കാണിക്കാൻ വേണ്ടി വലിയ കടബാധ്യത ഉണ്ടാക്കുകയാണ്. ഈ കടം അടച്ചു തീർക്കാൻ കഴിയാത്ത വിധത്തിലാണ്. ഒരു കണക്കുകൂട്ടലും ഇല്ലാതെ വലിയ ബാദ്ധ്യത തലയിലേറ്റുന്നതിനോട് മനോജ് യോജിച്ചിരുന്നില്ല. എന്നാണ് അച്ഛന്റെ ചെയ്തികളെ എതിർത്തിരുന്നുമില്ല. എതിർത്താലും പ്രയോജനം ഉണ്ടാകില്ല എന്നതും വ്യക്തമാണ്.

തിരക്കുകൾക്കിടയിലും പാർട്ടി ഓഫീസിൽ പോകുന്നത് മുടങ്ങിയിരുന്നില്ല. ജാഥകൾക്കും പ്രകടനങ്ങൾക്കും കൊടിപിടിച്ച് മുന്നിൽ നിന്നു. സ്റ്റഡീ ക്ലാസ്സുകളിൽ മുടങ്ങാതെ പങ്കെടുത്തു. തന്നെപ്പോലെയുള്ളവരുടെ പുരോഗതി സോഷ്യലിസത്തിലൂടെ മാത്രമേ സാദ്ധ്യമാകൂ. അത് സാധിച്ചെന്നു ക്കണമെങ്കിൽ പാർട്ടി വളരണം.

അണികൾ ചോരയും നീരും കൊടുത്ത് പാർട്ടിയെ വളർത്തി, അധികാരത്തിലെത്തിച്ചാൽ ജനോപകാരപ്രദമായ പരിവർത്തനങ്ങൾ സൃഷ്ടിക്കുവാൻ കഴിയും. വരും തലമുറയ്ക്കു വേണ്ടി

ഇത്രയെങ്കിലും ചെയ്യാതെ ജീവിച്ചു മരിക്കുന്നതിൽ എന്തർത്ഥം?

അച്ഛന്റെ രാഷ്ട്രീയ ബോധം മനോജിനുണ്ടായിരുന്നില്ല. ചുറ്റുമുള്ളവർ സുഭിക്ഷമായി കഴിയുമ്പോൾ തങ്ങളെത്തന്നെ അധപ്പതിക്കുന്നു എന്നതിന്റെ ഉത്തരം തിരയലായിരുന്നു മനോജിന്റെ ചിന്തയിൽ. എല്ലാ തകർച്ചയുടെയും കാരണം അച്ഛന്റെ പിടിപ്പുകേടും രാഷ്ട്രീയ ബന്ധങ്ങളു- മാണെന്ന് മനോജ് വിശ്വസിച്ചു.ഈ പാർട്ടിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന വിശ്വാസമായിരുന്നു മനോജിന്. തങ്ങളുടെ കുടുംബത്തിന്റെ ശോചനീയാവസ്ഥ യ്ക്കും കാരണം തങ്ങൾ തന്നെ.

വ്യവസ്ഥിതിയുടെ കുഴപ്പമാണെങ്കിൽ മറ്റുള്ളവരും തങ്ങളെപ്പോലെ ആകേണ്ടതല്ലേ? തങ്ങളുടെ കുടുംബം മാത്രം നന്നാവുന്നില്ലെങ്കിൽ കുഴപ്പം നമ്മളിലാണ്. തത്ത്വശാസ്ത്രം പറഞ്ഞ് വെറുതെയിരിക്കുന്ന, വിപ്ലവത്തെ സ്വപ്നം കാണുന്ന ആൾക്കാരാണ് മാറേണ്ടത്. ഇതൊക്കെ അച്ഛനോടു പറഞ്ഞിട്ട് കാര്യമില്ല. അച്ഛന് ദേഷ്യം പിടിക്കുകയേ ഉള്ളു.

വൈകുന്നേരങ്ങളിൽ നല്ല കച്ചവടം കിട്ടുന്ന സമയത്ത് കടയടച്ച് പാർട്ടിഓഫീസിലേക്കു പോകുന്ന അച്ഛന്റെ പുരോഗമനവാദം അർഥമുള്ള താണ് എന്ന് മനോജ് വിശ്വസിച്ചില്ല. 

സ്വന്തമായി ഒന്നും ചെയ്യാനുള്ള അനുവാദം മനോജിന് കുടുംബത്തിലില്ലായിരുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു മാനസിക വ്യഥയിലേക്ക് ആ ചെറുപ്പക്കാരൻ താഴുകയായിരുന്നു.

(തുടരും)


ഭാഗം 6

ഈ ജീവിതം കൊണ്ട് ഒന്നും നേടാനില്ല എന്ന ചിന്ത മനോജിന്റെ മനസ്സിൽ വേരുറച്ചു വളരുകയായിരുന്നു. വിശ്രമമില്ലാത്ത, സ്വസ്ഥതയില്ലാത്ത യാന്ത്രികജീവിതം! തനിക്ക് അടുത്തറിയാവുന്ന രണ്ടു മൂന്നു കൂട്ടുകാരോടല്ലാതെ മറ്റാരോടും കൂടുതൽ സംസാരിക്കാറില്ല. മുഖത്ത് ചിരിയില്ല! ചായക്കടപ്പണിയും വണ്ടിയോടിക്കലുമായി ഓട്ടം തന്നെ ഓട്ടം...

ഈ സ്വൈര്യമില്ലാത്ത ജീവിതത്തിനിടയിൽ രാമചന്ദ്രൻ നായർ മനോജിനെ പരസ്യമായി കുറ്റപ്പെടുത്താനും തുടങ്ങി.

"നീയൊന്നും ഗുണം പിടിക്കാനുണ്ടായതല്ല. പഠിക്കാൻ വിട്ടപ്പോൾ ഉഴപ്പാതിരുന്നെങ്കിൽ, ഇന്നൊരു സർക്കാരു പണി കിട്ടിയേനെ. അത് കൂട്ടുകൂടി നടന്ന് ഇല്ലാതാക്കി. ഇനി അനുഭവിക്കാതെ തരമില്ല."

ഇതൊക്കെ കേൾക്കുമ്പോൾ മനോജിനും നിയന്ത്രണം വിട്ടു പോകും.

"അച്ഛൻ പാർട്ടി നന്നാക്കാൻ നടന്ന് മുടിച്ചതോ? സ്വന്തം കാര്യം നോക്കി ജീവിച്ചിരുന്നെങ്കിൽ ഇന്ന് ഈ ഗതി വരില്ലായിരുന്നല്ലോ."

ഈ തർക്കുത്തരം രാമചന്ദ്രൻ നായരെ തളർത്തിക്കളയും. അദ്ദേഹം കട അടച്ച് ഇറങ്ങി നടക്കും. മനസ്സു തണുത്തു കഴിഞ്ഞേ തിരികെ വരാറുള്ളൂ.

അച്ഛനോട് അങ്ങനെ പറഞ്ഞതിൽ മനോജിനും വിഷമമുണ്ട്. ആ വിഷമം തീർക്കാനുള്ള മരുന്നായി മദ്യപിക്കാനും കഞ്ചാവ് പുകയ്ക്കാനും തുടങ്ങി. കഴിയുന്നതും വീട്ടിൽ നിന്നും കടയിൽ നിന്നും അകന്നു നില്ക്കാൻ മനോജ് ശ്രമിച്ചു. ലഹരിക്ക് കൂട്ടുകൂടാൻ ഒത്തിരി കൂട്ടുകാരെയും കിട്ടി.

മകനു സംഭവിക്കുന്ന മാറ്റങ്ങൾ രാമചന്ദ്രൻ നായർ തിരിച്ചറിയുന്നുണ്ടായിരുന്നു. അവന്റെ വിഷാദത്തിന് കാരണം താനുണ്ടാക്കിയതാണോ എന്ന പശ്ചാത്താപം ആ പിതാവിന്റെ മനസ്സിനെ മഥിച്ചിരുന്നു. ഈ വിഷയം മറ്റു ബന്ധുക്കളും സുഹൃത്തുക്കളു- മൊക്കെയായി ചർച്ച ചെയ്തിരുന്നു. എല്ലാവരും എത്തിയത് മനോജിനെ- ക്കൊണ്ട് കല്യാണം കഴിപ്പിക്കുക എന്ന പ്രതിവിധിയിലേക്കാണ്. ഉത്തരവാദിത്വം കൂടുമ്പോൾ ഈ ദുശ്ശീലങ്ങൾക്ക് പോകില്ല എന്നവർ കണക്കു കൂട്ടി.

താമസിക്കുന്ന വീട് ഓലപ്പുരയാണ്. അത് വേണ്ടവണ്ണം കെട്ടിമേയാത്തതുകൊണ്ട്, മഴ വന്നാൽ ചോരുമായിരുന്നു. സ്വന്തമായി ഒരു കക്കൂസോ, കുളിമുറിയോ നിർമിച്ചിരുന്നില്ല. വീടൊന്നു പുതുക്കാതെ കല്യാണം നടത്താൻ പറ്റില്ല. വീടു പണിക്ക് കാശ്ശെങ്ങനെ കണ്ടെത്തും? വീണ്ടും ബാങ്ക് ലോണെടുക്കാതെ കല്യാണത്തിനു പണം കണ്ടെത്താനും കഴിയില്ല.

മറ്റൊരു തരവും കാണാത്തതുകൊണ്ട്  വയസ്സായ അമ്മയുടെ അടുത്തെത്തി, അമ്മയുടെ വീതത്തിന്റെ പകുതി ചോദിക്കുക. വീതം ചോദിച്ച് ജാനകിയമ്മയുടെ അടുത്തെത്തിയപ്പോൾ അവർ തീർത്തു പറഞ്ഞു:

"ഇനി ഒരു നയാപൈസ എന്റെ കൈയിൽ നിന്ന് കിട്ടില്ല. തന്നതെല്ലാം നശിപ്പിച്ചു കളഞ്ഞതല്ലാതെ, വീട്ടുകാരെ തിരിഞ്ഞു നോക്കിയില്ലല്ലോ? നീയെനിക്ക് ഉടുക്കാനോ, തിന്നാനോ എന്തെങ്കിലും വാങ്ങിത്തന്നിട്ടുണ്ടോ?"

"അതിന് അമ്മയ്ക്കിവിടെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ?"

"അത്, നിന്റെ അനുജൻ രാപകൽ കഷ്ടപ്പെടുന്നതുകൊണ്ട്. നീ വീട്ടുകാരെ നോക്കാതെ നാടു നന്നാക്കാൻ പാർട്ടിക്കാരുടെ കൂടെയല്ലേ! അവരോട് തരാൻ പറയുക."

"അമ്മയ്ക്ക് സഹായിക്കാൻ പറ്റുമോ, ഇല്ലയോ, എന്നു തീരുമാനിച്ചാൽ മതി. തരുന്നില്ലെങ്കിൽ വേണ്ട. അമ്മയുടെ മുമ്പിൽ വെച്ച് ഈ പുളിമരത്തിൽ ഞാൻ തൂങ്ങും."

"പേടിപ്പിക്കാതെ രാമേന്ദ്രാ, കഷ്ടപ്പെട്ട് വീടുനോക്കുന്നവന് ഒന്നും ഇല്ലാതാക്കുന്ന പണിക്ക് ഞാനില്ല."

"ശരി. സമ്മതിച്ചു."

പശുവിനെ കെട്ടാൻ വെച്ചിരുന്ന കയറുമെടുത്ത് രാമചന്ദ്രൻ നായർ പുളിമരത്തിലേക്ക് കയറി. ജാനകിയമ്മ പേടിച്ചു പോയി.

"രാമേന്ദ്രാ, വേണ്ടാത്ത പണി നോക്കല്ലേ. ഞാനീ നാട്ടുകാരെ മുഴുവൻ വിളിച്ചു കൂട്ടും"

"വിളിക്ക്, അവരു വരുമ്പോൾ എന്റെ ശവമാകും ഇവിടെ കിടന്ന് ആടുക."

ഇതു പറഞ്ഞ്, കയറിന്റെ ഒരു തുമ്പ് മരക്കൊമ്പിൽ കെട്ടി. മറുതലയ്ക്കൽ കുടുക്കിട്ട് തലയും കടത്തി.

"മതി. നിർത്ത് നിർത്ത്, ഈ പറമ്പു മുഴുവൻ നിനക്കെഴുതിത്തരാം. ഞങ്ങളെന്നിട്ട് വിഷം കുടിച്ചു ചാകാം!"

"ഞാനാരോടും വിഷം കുടിക്കാൻ പറഞ്ഞില്ല. അമ്മയ്ക്ക് വെച്ചിരിക്കുന്ന വീതത്തിന്റെ പകുതി തന്നാൽ മതി."

"തന്നേക്കാം. നീയിങ്ങിറങ്ങ്. മകനായിപ്പോയില്ലേ..."

കയറും അഴിച്ചുകൊണ്ട് രാമചന്ദ്രൻ നായർ താഴെയിറങ്ങി. അമ്മയെ വിഷമിപ്പിക്കാനാഗ്രഹിച്ചിട്ടല്ല. വേറെ മാർഗമില്ലാത്തതു കൊണ്ടാ!

വീണ്ടും വീണ്ടും മനസ്സിലുയരുന്ന ചോദ്യം

'താനെനെന്തുകൊണ്ട് നന്നാകുന്നില്ല' എന്നതാണ്. അതിന്റെ ഉത്തരം: 'വ്യവസ്ഥിതിയുടെ ദോഷം കൊണ്ട്,' എന്നാണു താനും. ആ വ്യവസ്ഥിതിക്ക് ഒരു മാറ്റമുണ്ടാക്കാൻ തന്നാൽ കഴിയുന്നത് ചെയ്യേണ്ടേ? താൻ നിർവഹിക്കുന്ന സാമൂഹിക സേവനമാണ് പാർട്ടി പ്രവർത്തനം. അത് തന്റെ കുടുംബത്തിന് മനസ്സിലാകാത്തതെന്ത്?

(തുടരും...) 


 ഭാഗം - 7

മനോജിന്റെ കല്യാണം

രാമചന്ദ്രൻ നായർ അറിയാവുന്ന ബ്രോക്കർമാരോടൊക്കെ മനോജിന് പെണ്ണന്വേഷിക്കുവാൻ പറഞ്ഞു. ഈ ഉത്സാഹത്തിന് മറ്റൊരു കാരണം കൂടിയുണ്ട്. ചെറിയൊരു തുകയാണെങ്കിലും സ്ത്രീധനമായി കിട്ടിയാൽ സഹോദരി മഞ്ജുവിന് കൊടുക്കാനുള്ളത് കുറച്ചെങ്കിലും കൊടുത്തു തീർക്കാം!

പക്ഷേ, പണിയില്ലാത്ത പയ്യന് സ്ത്രീധനം കൊടുത്ത്, പെണ്ണിനെ കെട്ടിച്ചു കൊടുക്കാൻ ആരും തയ്യാറല്ല. ഒരു സർക്കാരു ജോലിയോ, സ്ഥിരവരുമാനമോ ഉള്ള ചെറുക്കാനാണ് ഡിമാന്റ്.

അന്വേഷണങ്ങളുടെ അവസാനം എത്തിയത് പാലായിക്കടുത്ത് മുരിക്കുമ്പുഴ ഭാഗത്തുനിന്നുള്ള, പ്ലസ് ടൂ വരെ പഠിച്ച ദേവു എന്ന പെൺകുട്ടിയിലാണ്. അവര് രണ്ടു ലക്ഷം രൂപയും പത്തു പവന്റെ ആഭരണവും കൊടുത്ത് പെണ്ണിനെ കെട്ടിച്ചു കൊടുക്കാൻ തയ്യാറായിരുന്നു. അങ്ങനെ ആ കല്യാണം ഉറപ്പിച്ചു. കിട്ടിയ സ്ത്രീധനത്തുകയുടെ മുക്കാൻ ഭാഗവും മകൾ മഞ്ജുവിന്റെ ഭർത്താവിന് കൊടുത്തു.

രാമചന്ദ്രൻ നായരുടെ ഈ പ്രവൃത്തിയെ ന്യായീകരിക്കാൻ മനോജിന് കഴിഞ്ഞില്ല. അച്ഛൻ തന്നെ വെച്ച് വിലപേശി കിട്ടിയ ലാഭം മഞ്ജുവിനു കൊടുത്തത്, മനോജിന് ഇഷ്ടമായില്ല. അത് അച്ഛനും മകനും തമ്മിലുള്ള അകലം വർദ്ധിപ്പിച്ചു.

ഇപ്പോൾ ഈ കല്യാണം വേണ്ടെന്നു പറഞ്ഞാൽ സമൂഹം തന്നെ പഴിക്കും.

ബന്ധുക്കൾ പിണങ്ങും. ആരുടെയും പഴി കേൾക്കാതിരിക്കാൻ കല്യാണത്തിന് ഒരു മരപ്പാവയേപ്പോലെ നിന്നു കൊടുക്കാൻ തീരുമാനിച്ചു.

ഈ മാനസിക പിരിമുറുക്കത്തിന് ഒരയവു കിട്ടും എന്നു വിചാരിച്ച് കൂടുതൽ കുടിച്ചു. ഓട്ടോ ഓടിക്കിട്ടുന്ന രൂപ തികയാതെ വന്നപ്പോൾ കടം വാങ്ങി കുടി തുടർന്നു. എത്ര കുടിച്ചിട്ടും മനസ്സിലെ കനലിന്റെ ചൂട് കുറഞ്ഞില്ല.

കല്യാണം ദിവസം അടുത്തു വരുകയാണ്. കുളിയും ഭക്ഷണവും ഇല്ലാതെ, മുടിയും താടിയും വളർത്തി മനോരോഗിയെപ്പോലെ അലയുന്ന മനോജിനെ , രാമചന്ദ്രൻ നായരുടെ മരുമക്കളായ പ്രകാശനും ബിജുവും ചേർന്ന് കാര്യം പറഞ്ഞ് മനസ്സിലാക്കി. എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കാൻ അവർ കൂടെ നില്ക്കാമെന്ന് ഉറപ്പു നല്കി. മനോജിന് അച്ഛന്റെ സഹോദരിമാരുട മക്കളായി ധാരാളം സഹോദരങ്ങളുണ്ട്. അവരോടൊക്കെ നല്ല സൗഹൃദവും സ്നേഹവും പ്രകടിപ്പിച്ചിരുന്ന യുവാവാണ് മനോജ്. അവർ ചെയ്യരുതെന്നു പറയുന്നത് മനോജ് ചെയ്യുകയുമില്ല. 

വളരെ സന്തോഷത്തോടും ആർഭാടത്തോടും കൂടി മനോജിന്റെ കല്യാണം നടന്നു. കല്യാണസമ്മാനമായി നല്ലൊരു തുക ലഭിച്ചതുകൊണ്ട് സാമ്പത്തിക പ്രശ്നങ്ങൾ അധികം അലട്ടിയതുമില്ല.

പക്ഷേ, ഈ ആർഭാടം കാണിക്കാൻ രാമചന്ദ്രൻ നായർക്ക് വീണ്ടും ഒന്നര ലക്ഷം രൂപയോളം കടം മേടിക്കേണ്ടി വന്നു. ഒടുവിൽ ആരോടൊക്കെ മേടിച്ചു, ആർക്കൊക്കെ കൊടുക്കാനുണ്ട് എന്ന കാര്യം പോലും നിശ്ചയമില്ലാതായി.

കല്യാണത്തിനും ശേഷം ഒരു മാസത്തോളം സന്തോഷത്തോടെ ജീവിതം മുന്നേറി. പതുക്കെപ്പതുക്കെ കടം തന്നവർ തിരികെ ചോദിക്കാൻ തുടങ്ങി. ഓട്ടോ കുറേ നാൾ ഓടാതെ കിടന്നുകൊണ്ട് ചില്ലറ റിപ്പയറിംഗ് കൂടാതെ ഓടിക്കാൻ കഴിയാത്ത നിലയിലാണ്. മനോജിന്റെ കൈയിൽ പണമില്ലാത്ത അവസ്ഥ. വണ്ടി ഇറക്കാതെ വരുമാനത്തിന് വഴിയില്ല. രാമചന്ദ്രൻ നായരുടെ ചായക്കടയുടെ സ്ഥിതിയും വളരെ മോശം. കല്യാണത്തിരക്കിൽ പല ദിവസങ്ങളിലും കടം തുറന്നിരുന്നില്ല. സ്ഥിരം ചായകുടിക്കാൻ എത്തിയിരുന്നു വരാതായി. പലരും വലിയ തുക കടം പറ്റിയവരുമാണ്.

പണത്തിന് മാർഗം കാണാതെ വന്നപ്പോൾ മനോജ് ഒരു ചെയ്യരുതാത്ത കാര്യം ചെയ്തു. ദേവു അണിയിച്ച കല്യാണം മോതിരം പണയം വെച്ചു. അത് ഭാര്യയെ വളരെ നിരാശപ്പെടുത്തി. മനോജ് അവളെ ആശ്വസിപ്പിച്ചു:

" വേറെ വഴികാണാത്തതുകൊണ്ട് ചെയ്തു പോയതാണ്. നാലുദിവസം ഓട്ടോ ഓടിയാൽ തിരിച്ചെടുക്കാവുന്നതേയുള്ളു."

ഈ വിവരം അറിഞ്ഞ രാമചന്ദ്രൻ നായർ പൊട്ടിത്തെറിച്ചു:

"നീയൊക്കെ ഇതേ ചെയ്യൂ. വിറ്റു തുലച്ചിട്ട് ബ്രാണ്ടി കുടിച്ചു കാണും. നീയൊന്നും നന്നാകാൻ പോകുന്നില്ല. അട്ടേപ്പിടിച്ച് മെത്തേക്കിടത്തിയാൽ കിടക്കയിൽ കിടക്കില്ല എന്നാണല്ലോ ചൊല്ല്."

ഭാര്യ കേൾക്കെ വിറ്റു കുടിച്ചവൻ എന്നു പറഞ്ഞത് മനോജിന് സഹിക്കാൻ കഴിഞ്ഞില്ല.

"അച്ഛൻ നശിപ്പിക്കുന്നിടത്തോളം ഞാൻ ചെയ്യുന്നില്ല. എന്നെ വിറ്റു മേടിച്ച സ്ത്രീധനപ്പണത്തിന്റെ പത്തിലൊന്ന് എനിക്ക് തന്നിരുന്നെങ്കിൽ; എനിക്കിതു ചെയ്യേണ്ടി വരില്ലായിരുന്നു. അതുടനെ തന്നെ മകടെ കെട്ടിയോനു കൊണ്ടെക്കൊടുത്തത് ആരെ നന്നാക്കാനാ?"

"വീട്ടിലെ ബാദ്ധ്യത തീർക്കേണ്ടത് നിന്റെ കൂടെ ഉത്തരവാദിത്വമല്ലേ?"

"അതിന് ഞാനിത്രനാളും പണിയെടുത്തതിന്റെ ഫലം അച്ഛനെയല്ലേ ഏൽപ്പിച്ചത്? അതുകൊണ്ടുപോയി പാർട്ടിക്ക് സംഭാവന കൊടുത്തോ?"

പാർട്ടിക്കാര്യം പറഞ്ഞ് കുറ്റപ്പെടുത്തുന്നത് രാമചന്ദ്രൻ നായക്ക് ന്യായീകരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന് പാർട്ടി പ്രവർത്തനം ഒരനുഷ്ഠാനം പോലെയാണ്, പൂജയാണ്, ധ്യാനമാണ്, ധർമമാണ്! ജീവിതത്തിൽ ചെയ്ത ഏറ്റവും അർഥവത്തായ കാര്യം പാർട്ടി പ്രവർത്തനമാണെന്നാണ് ധാരണ. പാർട്ടിക്കാരു മാത്രമാണ് തന്നെ കുറ്റപ്പെടുത്താത്തത്. പാർട്ടി മാത്രമാണ് തന്നെ ആദരിച്ചിട്ടുള്ളത്. അവരാണ് തനിക്ക് നിലയും വിലയും മുണ്ടെന്ന് തിരിച്ചറിഞ്ഞവർ. ഇപ്പോൾ ബ്രാഞ്ചുകമ്മിറ്റി അംഗമായും തിരഞ്ഞെടുത്തിരിക്കുകയാണ്.

"അതെയതെ, കുടിച്ചു മുടിയുന്നതിലും എത്രയോ നല്ലതാണ് പാർട്ടിക്കു കൊടുക്കുന്നത്."

തർക്കം കൊണ്ട് പ്രയോജനമില്ലെന്നറിഞ്ഞ രണ്ടു പേരും തത്ക്കാലം നിശ്ശബ്ദരായി.

(തുടരും...)


ഭാഗം 8

രാമചന്ദ്രൻ നായർ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സിദ്ധാന്തമാണ്, വൈരുദ്ധ്യാത്മക ഭൗതികവാദം. പ്രകൃതിയിലും സമൂഹത്തിലും പ്രതിഭാസങ്ങൾ പരസ്പര സംഘട്ടനത്തിലൂടെ, വൈരുദ്ധ്യത്തിലൂടെ, പരസ്പര പ്രവർത്തനത്തിലൂടെയാണ് നിലനിൽക്കുന്നതും വളരുന്നതും. പ്രപഞ്ചത്തിൽ, പ്രാഥമികമായത് പദാർത്ഥം ആണെന്നും ആശയം പിന്നീടുണ്ടായതാണെന്നും പ്രപഞ്ചം ഏതെങ്കിലും ആശയത്തിന്റെ സൃഷ്ടിയല്ലെന്നും ഈ സിദ്ധാന്തം പറയുന്നു.

ജീവിതത്തിലെ ഏതു പ്രശ്നത്തെയും ഈ ഭൗതികവാദത്തിന്റെ വെളിച്ചത്തിലാണ് രാമചന്ദ്രൻ നായർ വിശകലനം ചെയ്യാറ്.

ഇപ്പോൾ മനോജിന് തന്നോടുള്ള എതിർപ്പ് തികച്ചും സ്വാഭാവികമാണ്, പരസ്പരം സംഘട്ടനത്തിലേർപ്പെടുന്ന രണ്ടു ചിന്താധാരകളാണ് എന്നു കരുതാം. ഇത്തരം സംഘട്ടനങ്ങൾ വളർച്ചയ്ക്ക് അനിവാര്യമാണു താനും. 

ഇവിടെ പദാർത്ഥങ്ങളുടെ കുത്തക ഏതാനും പേരുടെ നിയന്ത്രണത്തിൽ ആയിരിക്കുന്നു എന്നതാണ് പ്രശ്നം. തങ്ങളെപ്പോലുള്ളവർക്ക് പ്രകൃതിദത്ത വിഭവങ്ങളെ നിഷേധിക്കപ്പെടുന്നതിനാലാണ്, അസമത്വം ഉണ്ടാവുന്നത്. വിഭവങ്ങളുടെ തുല്യമായ വിതരണം ഒരു മുതലാളിത്ത വ്യവസ്ഥിതിയിൽ നടക്കില്ലാത്തതുകൊണ്ടാണ്, സോഷ്യലിസത്തിനു വേണ്ടി പ്രവർത്തിക്കുന്നത്. അതെങ്ങനെ തെറ്റാവും? അസംബന്ധമാവും?

അച്ഛന്റെ ഉപാസന സോഷ്യലിസ്റ്റ് സ്വപ്നങ്ങളെയായിരുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ സ്വകാര്യ സ്വപനങ്ങളായി ഒതുങ്ങിപ്പോയി. ഇത്തരം ചിന്തകളൊന്നും ഭാര്യയോടും കുട്ടികളോടും പങ്കു വെച്ചിരുന്നില്ല. പറഞ്ഞാലും അവർക്ക് മനസ്സിലാകില്ല എന്ന് ആ ശുദ്ധഗതിക്കാരൻ ധരിച്ചു. മനോജിന്റെ ചിന്ത പ്രായോഗിക ജീവിതത്തിലൂന്നിയതായിരുന്നു. ഭൂസ്വത്തും മറ്റു വരുമാന മാർഗങ്ങളും ഇല്ലാത്തതുകൊണ്ട്, അധ്വാനിച്ചേ ജീവിക്കാൻ കഴിയൂ എന്ന് മനോജിനറിയാം. അധ്വാനിക്കാനും തയ്യാറാണ്. പക്ഷേ കഷ്ടപ്പെട്ടുണ്ടാക്കുന്നത് പാർട്ടി വളർത്താൻ സംഭാവന നല്കുന്നതും സ്വന്തം പണികളഞ്ഞ് പാർട്ടി പ്രവർത്തനം നടത്തുന്നതിനോടും യോജിപ്പില്ല.

സ്വാതന്ത്ര്യാനന്തര കേരളത്തിൽ തലമുറകൾ തമ്മിലുള്ള വിടവ് കൂടി വന്നിരുന്ന വർഷങ്ങളായിരുന്നു കടന്നു പോയത്. ഏതെങ്കിലും ആശയത്തിന് സ്വത്വത്തെ ബലി കൊടുത്ത മുതിർന്ന തലമുറയും പ്രായോഗിക ജീവിതത്തിന് പ്രാധാന്യം കൊടുത്ത രണ്ടാം തലമുറയും!

അല്ലെങ്കിൽ സമ്പാദിക്കാനാഗ്രഹിച്ച പഴയ തലമുറയും ചെലവാക്കാനാഗ്രഹിച്ച പുതുതലമുറയും.

അച്ഛനെ മകന മനസ്സിലാവുന്നില്ല, അതെ പോലെ അച്ഛന്റെ വഴികൾ നല്ലതാണെന്ന് മകനും തോന്നിയില്ല. ഈ വൈരുധ്യം സാമൂഹിക ജീവിതത്തിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നുരുന്നു. പല കുടുംബങ്ങളുടെ തകർച്ചയും ഈ കാരണത്താലായിരുന്നു. 

മകൾ മഞ്ജുവിന്റെ ഭർത്താവ് ഓട്ടോ ഓടിച്ചും പ്രൈവറ്റ് വാഹനങ്ങളിൽ ഡ്രൈവർ ആയി പോയും നല്ല വരുമാനം നേടിയിരുന്നു. മകളുടെ ജീവിതം നന്നായി എന്ന തോന്നലു മാത്രമാണ് രാമചന്ദ്രൻ നായർക്ക് മാനസിക സംതൃപ്തി നല്കിയത്.

കൂടുതൽ വരുമാനം നേടുന്നതിനു വേണ്ടി മഞ്ജുവിന്റെ ഭർത്താവ് ബിനു, ഒരു നാഗർകോവിൽക്കാരൻ തമിഴനോടു ചേർന്ന് പണം പലിശയ്ക്ക് കൊടുക്കുന്ന ഫിനാൻസ് സർവീസ് ആരംഭിച്ചു. കുറേക്കാലം ഫിനാൻസ് ഭംഗിയായി ഓടി. നല്ല വരുമാനവും ലഭിച്ചു. ബിനു സ്വന്തമായി സ്ഥലം വാങ്ങി ചെറിയൊരു വീടും പണിയിച്ചു. അവരുടെ പരിശ്രമത്തിലും പുരോഗതിയിലും ബന്ധുക്കളൊക്കെ സന്തോഷിച്ചു. മഞ്ജുവിന്റെ ഗൃഹപ്രവേശം രാമചന്ദ്രൻ നായരെ വളരെയധികം സന്തോഷിപ്പിച്ച സംഭവമായിരുന്നു.

ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ബിനുവിന്റെ പാർട്ണർ തമിഴ്നാട്ടുകാരൻ ഫിനാൻസിലെ തുക അടിച്ചെടുത്തുകൊണ്ട് അപ്രത്യക്ഷനായി. ഫിനാൻസിന് ഡിപ്പോസിറ്റ് കൊടുത്തവരൊക്കെ, പണം തിരിച്ചു ചോദിച്ചു കൊണ്ട് ബിനുവിന്റെ വീട്ടിലെത്തി. അവസാനം സമാധാനത്തിനുവേണ്ടി പുതിയ വീടും സ്ഥലവും വിറ്റ് ബാദ്ധ്യതകൾ തീർത്തു.

ഓടിച്ചു കൊണ്ടിരുന്ന ഓട്ടോ പോലും വിറ്റു. താമസം വാടക വീട്ടിലേക്ക് മാറി. ദിവസക്കൂലിക്ക് വണ്ടിയോടിക്കാൻ പോയതുകൊണ്ട് വീട് പട്ടിണിയില്ലാതെ മുന്നോട്ടു പോയി. മക്കൾ രണ്ടു പേർ പ്രൈവറ്റ് സ്കൂളിലാണ് പഠിക്കുന്നത്. അവരുടെ ഫീസ് ഇനത്തിൽ വലിയ തുക വേണം. നഷ്ടപ്പെട്ടതൊക്കെ തിരിച്ചു പിടിച്ചേ പറ്റൂ. മഞ്ജു പാലായിൽ ഒരു ടെക്സ്റ്റൈൽ കടയിൽ സെയിൽസ് ഗേളായി ചേർന്നു. ബിനു പാലായിലെ സിവിൽ സപ്ലൈസിന്റെ വാനോടിക്കുന്ന ഡ്രൈവറുമായി.

മഞ്ജു കടയിൽ പോകുന്നത് രാമചന്ദ്രൻ നായർക്ക് രസിച്ചില്ല. തൊഴിലിന്റെ മഹത്വത്തെപ്പറ്റി മനസ്സിലാക്കാത്ത തൊഴിലാളി പാർട്ടിയിലാണോ ഇത്രനാൾ പ്രവർത്തിച്ചതെന്നു തോന്നും. ബിനു കൊള്ളപ്പലിശയ്ക്ക് കടം കൊടുക്കുന്ന സ്ഥാപനം തുടങ്ങിയപ്പോളും രാമചന്ദ്രൻ നായർ എതിർത്തില്ല. അവിടൊക്കെ ആദർശത്തെ ബലികൊടുക്കുകയായിരുന്നോ?


ഭാഗം - 9

മനോജിന്റെ സാമ്പത്തിക ഞെരുക്കം തിരിച്ചറിഞ്ഞ ഭാര്യ ദേവു, ഏതെങ്കിലും കടയിൽ നിൽക്കാൻ പോകാം എന്നു പറഞ്ഞപ്പോൾ, മനോജും രാമചന്ദ്രൻ നായരും ഒരേ സ്വരത്തിൽ 'വേണ്ട' എന്നു പറയുകയാണുണ്ടായത്. പെണ്ണുങ്ങൾ ജോലിക്കു പോകുന്നത് വലിയ തെറ്റുചെയ്യുന്നതുപോലെയാണ് പരിഗണിച്ചത്.

രാമചന്ദ്രൻ നായരുടെ ചായക്കട നിന്നുപോകും എന്ന നിലയിലെത്തി. കൈയിൽ പണമില്ലാത്തതുകൊണ്ട്  കടയിലെ വിഭവങ്ങൾ കുറഞ്ഞു. വരുന്ന ആൾക്കാരുടെ എണ്ണവും ഓരോ ദിവസവും കുറഞ്ഞു വന്നുകൊണ്ടിരുന്നു.

മനോജ് പഴയതുപോലെ ചായക്കട- പ്പണിയിൽ സഹകരിക്കാതായി. മനോജിന്റെ കൂട്ടുകെട്ടുകളും മദ്യപാനവും വളരുകയായിരുന്നു. ഇതിനിടയിൽ മനോജിന് ഒരു മകളും മകനും പിറന്നു.

അവരുടെ വീടിനു ചുറ്റും നിന്നിരുന്ന പത്തിരുപത് റബർ മരങ്ങൾ വെട്ടിയാൽ കഷ്ടിച്ച് ഒരു കിലോ റബർ കിട്ടുമായിരുന്നു. ഇപ്പോൾ വീട്ടിലേക്ക് അരി മേടിക്കാനുള്ള പ്രധാന മാർഗം ഈ റബർഷീറ്റുകളാണ്. ഓട്ടോ ഓടുന്നുണ്ടെങ്കിലും ആണിന്റെ വരുമാനം മനോജിനു തന്നെ മതിയാകുന്നില്ല.

അവസാനം ചായക്കട അടച്ചു പൂട്ടി. ഇനിയെന്തു ചെയ്യും...? മനോജിന്റെ ഭാര്യ, രണ്ടു കുഞ്ഞുങ്ങൾ, ഭാര്യ രത്നമ്മ എന്നിവർക്ക് ഭക്ഷണം വേണ്ടേ? മനോജ് ഒന്നും തരുന്നില്ല. ആകെ വരുമാനമായുള്ള റബറിൽ നിന്ന് വീട്ടുചെലവ് നടക്കില്ല. പഴയതുപോലെ കൂലിപ്പണിക്കിറങ്ങാനുള്ള ആരോഗ്യമില്ല. വയസ്സ് അറുപത്തയഞ്ച് ആയിരിക്കുന്നു. വലിയ മുടക്കുമുതലില്ലാത്ത എന്തെങ്കിലും തൊഴിൽ കണ്ടുപിടിച്ചേ മതിയാവൂ. കുഞ്ഞുങ്ങൾ പട്ടിണി കിടക്കാൻ പാടില്ല.

ഇതിനിടയിൽ മദ്യം വാങ്ങാൻ കാശില്ലാതെ വരുമ്പോൾ ഉണങ്ങാനിട്ടിരിക്കുന്ന റബർഷീറ്റും കൊണ്ട് മനോജ് പോയിത്തുടങ്ങി. അതിന്റെ പേരിൽ നിത്യവും കശപിശ ഉണ്ടാകാറുണ്ട്. 

മനോജിപ്പോൾ അടുത്ത ബന്ധുക്കളെ കണ്ടാൽ പോലും അകന്നുമാറി നടക്കാൻ തുടങ്ങി. കുടിച്ചു കുടിച്ച് ആരോഗ്യം നശിച്ചു കഴിഞ്ഞു. ഭാര്യ കരഞ്ഞു പറഞ്ഞു നോക്കി. സ്വഭാവത്തിന് യാതൊരു മാറ്റവുമില്ല. വെറുതെ വീട്ടിലിരുന്നാലും വിളിച്ചുകൊണ്ടുപോകുവാൻ കൂട്ടുകാരെത്തിത്തുടങ്ങി.

രാമചന്ദ്രൻ നായർ കണ്ടുപിടിച്ച തൊഴിൽ ലോട്ടറിക്കച്ചവടമായിരുന്നു. ആദ്യ നാളുകളിൽ വലിയ നേട്ടമില്ലാതിരുന്നെങ്കിലും പതുക്കെപ്പതുക്കെ വില്പന കൂടി വന്നു.

റേഷനരി മേടിക്കാനുള്ള വരുമാനമായി. 

ഇതിനിടയിൽ പാർട്ടിയിലും ചില തന്നിഷ്ടപ്രവർത്തനങ്ങളോട് യോജിച്ചു പോകാൻ കഴിയാത്ത നില വന്നു. കമ്മിറ്റി മീറ്റിംഗിൽ രാമചന്ദ്രൻ നായർ നിലപാട് വ്യക്തമാക്കി. ഉടനെ പാർട്ടിയുടെ ഏരിയാ സെക്രട്ടറി അഭിപ്രായം പറഞ്ഞു:

"പാർട്ടിയോട് ഒത്തുപോകാൻ കഴിയാത്തവർ പാർട്ടിയിൽ തുടരണമെന്നില്ല."

ഈ പ്രസ്താവന വലിയൊരാഘാതമാണ് രാമചന്ദ്രൻ നായിൽ ഉണ്ടാക്കിയത്. ഒരു ജീവിതകാലം മുഴുവൻ നെഞ്ചേറ്റി ലാളിച്ച പാർട്ടിക്കെങ്ങനെ തന്നോട് പിരിഞ്ഞു പോകാൻ പറയാൻ കഴിയും? ഈ നന്ദികേട് പൊറുത്തുകൊണ്ട് ആത്മാഭിമാനിയായ, കറ പുരളാത്ത രാഷ്ട്രീയ പ്രവർത്തനം നടത്തിയ, താനെങ്ങനെ തുടരും? അന്ന് ആ പാർട്ടി ഘടകത്തോട് വിടപറഞ്ഞ് അതിന്റെ വലതുപക്ഷ ചേരിയിൽ ചേർന്നു. 

പാർട്ടിക്കാരുടെ അവഗണന മാനസികമായി രാമചന്ദ്രൻ നായരെ തളർത്തി. ഇത്രയും നാൾ തലയുയർത്തി നടന്നത് താനൊരു കറപുരളാത്ത സോഷ്യലിസ്റ്റ് പ്രവർത്തകനാണ് എന്ന അഹങ്കാരത്തിലാണ്. ആ ജീവിതനേട്ടം

തകർന്നടിഞ്ഞിരിക്കുന്നു. മാനസികമായ ക്ഷീണം ശരീരത്തിലേക്കും വ്യാപിക്കുന്നതായി തോന്നി. മനസ്സിന്റെ നിയന്ത്രണം രാമചന്ദ്രൻ നായർക്ക് നഷ്ടപ്പെടുകയാണോ എന്നു തോന്നി. സ്വന്തം മകൻ തന്നോടും അവൻ കെട്ടിക്കൊണ്ടു വന്ന പെണ്ണിനോടും ക്രൂരമായി പെരുമാറുന്നു എന്ന തോന്നൽ രാമചന്ദ്രൻ നായരെ എരിപൊരി കൊള്ളിച്ചു. ഒരു ദിവസം രാത്രി അദ്ദേഹം പൊട്ടിത്തെറിച്ചു.

അദ്ദേഹം മനോജിനോട് ദേഷ്യത്തിൽ ചോദിച്ചു:

"നീയെന്താ വിചാരിക്കുന്നത്? ചോദിക്കാനും പറയാനും ആരുമില്ലെന്നാ?

നിനക്കീ പെണ്ണിന്റേം പിള്ളേരുടേം കാര്യത്തിൽ ഉത്തരവാദിത്വം ഒന്നുമില്ലേ?

"എന്നേക്കാളും ഉത്തരവാദിത്വം അച്ഛനുവേണ്ടേ? സ്ത്രീധനം വാങ്ങിയത് അച്ഛനല്ലേ?"

"അത് എന്റെ സ്വന്തം കാര്യത്തിനല്ലല്ലോ.

കുടുംബത്തെ ബാദ്ധ്യത തീർക്കാനല്ലേ?"

"അതെടുത്ത് മകടെ കെട്ടിയോനു കെടുത്തപ്പോൾ ഓർക്കണമായിരുന്നു 

ഈ ഉത്തരവാദിത്വത്തെപ്പറ്റി. ഒട്ടും ഉത്തരവാദിത്വം ഇല്ലാതെയല്ലേ കടം മേടിച്ചു വെച്ചിരിക്കുന്നത്.

അതിന് എന്റെ നേരെ മെക്കിട്ട് കേറാതെ."

അതു കേട്ടപ്പോൾ രാമചന്ദ്രൻ നായരുടെ ക്ഷമ നശിച്ചു. അദ്ദേഹം മനോജിനെ തല്ലാൻ കൈയുയർത്തി. പക്ഷേ തല്ലിയില്ല. ആ പിതൃ ഹൃദയത്തിൻ മകനോടുള്ള സ്നേഹം ആ ഉയർന്ന കൈകളേ നിശ്ചലമാക്കി.

അച്ഛന്റെ വാക്കുകളും കൈയുയർത്തലും മനോജിനെ വളരെയധികം വേദനിപ്പിച്ചു.

വീണ്ടും മദ്യപാനത്തിനിറങ്ങി. രാത്രി വളരെ താമസിച്ചാണ് തിരികെ വന്നത്. വന്നപാടെ തിണ്ണയിൽ തളർന്നു വീഴുകയും ചെയ്തു. ദേഷ്യവും സങ്കടവും കാരണം ആരും കതകു തുറക്കുകയോ, അകത്തു കയറ്റി കിടത്തുകയോ ചെയ്തില്ല.


ഭാഗം 10

നേരം വെളുത്ത് രാമചന്ദ്രൻ നായർ റബർ വെട്ടാനായി കതകു തുറന്ന് തിണ്ണയിലേക്കിറങ്ങുമ്പോൾ, മനോജ് ഉമ്മറത്ത് കിടക്കുന്നു. വിളിച്ചു നോക്കി. മറുപടിയില്ല. കുലുക്കി നോക്കി. കണ്ണുതുറന്നില്ല. മുഖത്ത് വെള്ളം കുടഞ്ഞു നോക്കി. യാതൊരു ഭാവഭേദവുമില്ല. വളരെ വിഷമിച്ച് ശ്വാസം എടുക്കുന്നുണ്ട്. 

ആള് അബോധാവസ്ഥയിലാണ്. രാമചന്ദ്രൻ നായർ ഭയന്നു പോയി. ഇന്നലെ രാത്രിയിൽ വാക്കുതർക്കം ഉണ്ടായിരുന്നു. മനോജിന് പ്രയാസമുണ്ടായിക്കാണും. ഒരു വിധത്തിൽ ആലോചിച്ചാൽ താനാണ് കുറ്റക്കാരൻ.

രാമചന്ദ്രൻ നായർക്ക് പിടിച്ചു നില്ക്കാനിയില്ല. അദ്ദേഹവും അവിടെ തളർന്നിരുന്നു. ഇതു കണ്ടുകൊണ്ട് വെളിയിലേക്കിറങ്ങിയ പെണ്ണുങ്ങളും കുട്ടികളും കൂടി കൂട്ടനിലവിളിയുയർത്തി. രാവിലെ കൂട്ടക്കരച്ചിൽ കേട്ട്, അയൽക്കാർ ഓടിക്കൂടി. അവര് അച്ഛനെയും മകനെയും ഓട്ടോയിൽ കയറ്റി. ഓടിക്കാനറിയിവുന്ന ഒരയൽവാസി അവരെ ആശുപത്രിയിലെത്തിച്ചു.

ആദ്യം രാമപുരത്തെ സർക്കാർ ആശുപത്രിയിലേക്കാണ് അവരെ എത്തിച്ചത്. ആശുപത്രിയിലെ പ്രാഥമിക പരിചരണങ്ങളും ഒരു കുപ്പി ഗ്ലൂക്കോസ് കുത്തിവെയ്പ്പും കഴിഞ്ഞപ്പോൾ രാമചന്ദ്രൻ നായർ എഴുന്നേറ്റു. മനോജ് അപ്പോഴും അബോധാവസ്ഥയിലാണ്.

രാവിലെ ഡോക്ടർമാർ ഡ്യൂട്ടിക്കെത്തുന്നതുവരെ മനോജ് ക്വാഷ്വാലിറ്റിയിൽ ഡ്യൂട്ടി ഡോക്ടറുടെ പരിചരണത്തിൽ കഴിഞ്ഞു. ഇതിനിടയിൽ അത്യാവശ്യ ടെസ്സുകളും നടത്തിയിരുന്നു.

ഫിസിഷ്യനും സർജനും ഒരുമിച്ച് മനോജിനെ പരിശോധിച്ചു. മനോജിന്റെ കരൾ പ്രവർത്തന രഹിതമാണ്. എത്രയും പെട്ടെന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ മെഡിക്കൽ കോളേജീലേക്കോ, കോട്ടയം മെഡിക്കൽ കോളേജിലേക്കോ മനോജിനെ കൊണ്ടു പോകണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.

ബന്ധുക്കൾ നേരെ കോട്ടയം മെഡിക്കൽ കോളേജിലേക്കാണ് കൊണ്ടുപോയത്. അവിടുത്തെ പരിശോധനയിൽ മനോജിന്റെ കരൾ പൂർണമായും നശിച്ചിരിക്കുന്നു എന്നു മനസ്സിലായി. ഇനി അഞ്ച് ശതമാനം മാത്രമാണ് കരൾ ആരോഗ്യത്തോടെയുള്ളത്. ആളിനെ രക്ഷിച്ചെടുക്കുന്നത് ഭാഗ്യപരീക്ഷണം മാത്രമാണെന്നും അവർ പറഞ്ഞു.

ഒരാഴ്ചയോളം മെഡിക്കൽ കോളജിൽ കിടന്നിട്ടും മനോജിന്റെ നില വഷളാകുന്നതല്ലാതെ ഭേദപ്പെടുന്നില്ല. ഡോക്ടർമാർക്ക് പ്രതീക്ഷയില്ലെന്ന് അറിയിച്ചു. മനോജിന്റെ വകയിലുള്ള സഹോരന്മാർ  ആലുവയ്ക്കടുത്തൊരു നാട്ടുവൈദ്യൻ ഇത്തരം കേസുകൾ സുഖപ്പെടുത്താറുണ്ടെന്നറിഞ്ഞത്. ഡോക്ടറോടു പറഞ്ഞ് ഡിസ്ചാർജ് ചെയ്യിപ്പിച്ച് നാട്ടുവൈദ്യന്റെ അടുത്തെത്തി. വൈദ്യര് രണ്ട് നിബന്ധനകൾ അനുസരിക്കാമെങ്കിൽ ചികത്സിക്കാം എന്നു പറഞ്ഞു.

1. ഇനി മദ്യപിക്കരുത്.

2. വൈദ്യരു നിശ്ചയിക്കുന്ന ആഹാരക്രമം പാലിക്കണം. ബന്ധുക്കൾ സമ്മതിച്ചു.

ഒരാഴ്ച അവിടെ കിടത്തി ചികിത്സിച്ചിട്ട്  മരുന്നുകൾ കൊടുത്ത് വീട്ടിലേക്കയച്ചു.

ഒരു മാസംകൊണ്ട് ഏറെക്കുറെ സുഖപ്പെട്ടു. ഒരുമാസം കഴിഞ്ഞ് വൈദ്യരെ കണ്ട് തിരിച്ച് രാമപുരം കവലയിൽവന്ന് ബസ്സിറങ്ങുമ്പോൾ പഴയ കൂട്ടുകാരെ കണ്ടു.

അവർ ചോദിച്ചു: "എങ്ങനെയുണ്ട് ബ്രോ?"

മനോജ്: "കഷ്ടിച്ച് ജീവൻ തിരിച്ചു കിട്ടി."

"ഇത് നമുക്ക് ആഘോഷിക്കണം. നീയിവിടിരിക്ക്, ഞാനിതാ വരുന്നു" എന്നു പറഞ്ഞ് അയാൾ ഓട്ടോയിൽ കയറി എങ്ങോ പോയി. തിരിച്ചു വന്നത് ഒരു കുപ്പി ബ്രാണ്ടിയുമായാണ്. 

മനോജ്: "എടാ, ഞാനിത് കഴിച്ചാൽ വീട്ടിൽ ചെല്ലുന്നതിനു മുമ്പ് ചാകും."

"മണ്ടത്തരം പറയാതെ മനോജേ, വൈദ്യര് എന്നും കഴിക്കരുതെന്നല്ലേ പറഞ്ഞത്. നീ കുടിക്കരുത്. ഇപ്പോഴും വേണ്ട. എന്നാൽ നമ്മുടെ സ്നേഹത്തിന്റെ പേരിൽ, നിന്റെ രക്ഷപെടീലിന്റെ സന്തോഷത്തിൽ അര പെഗ്ഗാവാം. പിന്നീടൊരിക്കലും നിന്നോട് മദ്യം കഴിക്കുവാൻ പറയില്ല." ആ സ്നേഹ സമ്മാനത്തെ അവഗണിക്കാൻ മനോജിനു കഴിഞ്ഞില്ല. അര പെഗ്ഗ് കഴിച്ചു.

മദ്യം ഉള്ളിലെത്തിക്കഴിഞ്ഞപ്പോൾ കണ്ണിന്റെ കാഴ്ച മങ്ങുന്നതായി തോന്നി. വയറ്റിൽ ഗ്യാസ് നിറയുന്ന അനുഭവം. ആകെ തളർന്നു. വയറ് വീറി വരുന്നു. ശ്വാസം വിടാൻ കഴിയാതെയായി.

കൂട്ടുകാരെല്ലാം ചേർന്ന് പെട്ടെന്ന് മനോജിനെ പാലാ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രഥമ ശുശ്രൂഷ നല്കിയ ഡോക്ടർ ഉടനെ പഴയ വൈദ്യരുടെ അടുത്തേക്ക് കൊണ്ടു പൊയ്ക്കൊള്ളാൻ പറഞ്ഞു.  

വൈദ്യരെ ഫോൺ ചെയ്തു ചോദിച്ചപ്പോൾ കിട്ടിയ മറുപടി:

"ഇന്നലെ ഇവിടെനിന്ന് സുഖമായി തിരിച്ചു പോയ രോഗിയുടെ നില മോശമാണെങ്കിൽ അയാൾ വീണ്ടും മദ്യപിച്ചു എന്നുറപ്പാണ്. പറഞ്ഞാൽ അനുസരിക്കാത്തവർക്ക്, എന്നെ വിശ്വാസമില്ല എന്നാണർഥം. അത്തരത്തിലൊരാളിനെ ചികിത്സിച്ചിട്ട് പ്രയോജനമില്ല. മറ്റെവിടെയെങ്കിലും കൊണ്ടുപൊയ്ക്കൊള്ളൂ."

കൂട്ടുകാർ വിഷമത്തിലായി. അവർ ബന്ധുക്കളെയും രാമചന്ദ്രൻ നായരെയും വിളിച്ചു പറഞ്ഞിട്ട് സ്ഥലം വിട്ടു. 

ഫോണിൽ മനോജിനെപ്പറ്റിയുള്ള വിവരമെത്തുമ്പോൾ, രാമചന്ദ്രൻ നായർ രാമപുരം കുരിശുപള്ളിക്കവലയിലൂടെ നടന്ന് ടിക്കറ്റ് വില്ക്കുകയായിരുന്നു. ഈ വാർത്തയറിഞ്ഞ രാമചന്ദ്രൻ നായർ വഴിയരുകിൽ കുഴഞ്ഞു വീണു.

(തുടരും...)


ഭാഗം 11

വഴിപോക്കരും അടുത്തുള്ള കടക്കാരും രാമചന്ദ്രൻ നായരെ താങ്ങിയെടുത്ത് സർക്കാരാശുപത്രിയിലെത്തിച്ചു. അവിടുത്തെ ഡോക്ടർ പരിശോധിച്ചിട്ടു പറഞ്ഞു, സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്. വേഗം സ്പെഷ്യാലിറ്റി സൗകര്യമുള്ള മറ്റൊരാശുപത്രിയിലെത്തിക്കണം.

പരിചയക്കാർ രാമചന്ദ്രൻ നായരുടെ മരുമക്കളെ വിളിച്ച് വിവരം ധരിപ്പിച്ചു. വിവരമറിഞ്ഞ് ബന്ധുക്കളും ആശുപത്രിയിൽ എത്തി. അവർ അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

രാമചന്ദ്രൻ നായരും മനോജും ആശുപത്രിയിൽ കഴിയുമ്പോൾ, വീട്ടിലെ അവസ്ഥ വളരെ പരിതാപകരമായിരുന്നു.

വീടിനു വെളിയിലിറങ്ങി സ്വന്തമായി സഞ്ചരിക്കാത്ത രത്നമ്മ, ലോകപരിചയമില്ലാത്ത മനോജിന്റെ ഭാര്യ ദേവു, സ്വന്തമായി ഒന്നും ചെയ്തിട്ടില്ലാത്ത 

മനോജിന്റെ കുട്ടികൾ. ദേവുവിന്റെ സഹോദരി അറബിനാട്ടിൽ നഴ്സാണ്. അവർ നാട്ടിൽ അവധിക്കു വന്ന സമയമായിരുന്നു. ദേവു, സഹോദരിയെ വിളിച്ച് സഹായിക്കണമെന്ന് അഭ്യർഥിച്ചു.

സഹോദരി 'ഭാമ' ഉടനെ തന്നെ പാലായിലെ ആശുപത്രിയിൽ മനോജിന്റെ അടുത്തെത്തി. മനോജിന് ബോധം തെളിയുന്ന അവസരങ്ങളിൽ, "എനിക്കു ജീവിക്കണം, വേറെ ആശുപത്രിയിൽ കൊണ്ടുപോകൂ, എന്ന് പുലമ്പിക്കൊണ്ടിരുന്നു.

ഭാമ സ്വന്തം ഉത്തരവാദിത്വത്തിൽ മനോജിനെ കാരിത്താസ് ആശുപത്രിയിൽ കൊണ്ടുപോയി. അവർ കഴിയുന്നതൊക്കെ ചെയ്യമെന്നു പറഞ്ഞ് മനോജിനെ അഡ്മിറ്റ് ചെയ്തു. കാരിത്താസ് ആശുപത്രിയിൽ കരളിലെ വെള്ളവും പഴുപ്പും കുത്തിയെടുത്തു കളയുമ്പോൾ കുറച്ച് ആശ്വാസം തോന്നും.

ദേവുവും സഹോദരി ഭാമയും മനോജിന്റെ കൂടെ ആശുപത്രിയിൽ നിന്നു.

രാമചന്ദ്രൻ നായർ കോട്ടയം മെഡിക്കൽ കോളേജിൽ കിടന്നിട്ടും വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ല. അദ്ദഹത്തെ മരുന്നും കൊടുത്ത് വീട്ടിലേക്ക് വിട്ടു. മകൾ മഞ്ജുവും ഭർത്താവ് ബിനുവും അദ്ദേഹത്തിന്റെ കാര്യങ്ങൾ ശ്രദ്ധിച്ചു.

ഓരോ ദിവസവും രാമചന്ദ്രൻ നായരുടെ നില വഷളായിക്കൊണ്ടിരുന്നു. പഴയ പാർട്ടിക്കാരോ, പുതിയ പാർട്ടിക്കാരോ സഹായിക്കാൻ എത്തിയില്ല. ലോണെടുത്തിരുന്ന ബാങ്കുകാർ ജപ്തി നോട്ടീസ് അയക്കാൻ തുടങ്ങി. ആരെങ്കിലും വീട്ടിലേക്കുവേണ്ടുന്ന സാധനങ്ങൾ വാങ്ങിക്കൊടുത്താലെ അടുപ്പിൽ തീപ്പുകയുണ്ടാവുകയുള്ളു.

ഇതിൽക്കുടുതൽ എന്തു തകരാനാണ്?

ജീവിതം മുഴുവൻ ഒരു പ്രത്യയ ശാസ്ത്രത്തിനുവേണ്ടി ഉഴിഞ്ഞു വെക്കുക. ജീവിതാവസാനം താനൊരു മരീചികയ്ക്കു പിറകെ ആയിരുന്നു എന്ന തിരിച്ചറിവ് ഉണ്ടാവുമ്പോഴേക്കും തിരുത്താൻ സമയം നല്കാതെ മരണം പടിവാതില്ക്കലെത്തുക! രാമചന്ദ്രൻ നായരും തിരിച്ചറിഞ്ഞിരുന്നു റഷ്യയിൽ ഗോർബച്ചേവ് നടത്തിയ ഗ്ലാസ്സ്നോസ്റ്റ് ഒരു വിഡ്ഢിത്തം ആയിരുന്നില്ലെന്ന്. ജനകോടികളെ രാഷ്ട്രീയ പാരതന്ത്ര്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള കാൽവെപ്പായിരുന്നുവെന്ന്. സ്വന്തം കുടുംബത്തിലും ഒരഴിച്ചു പണിക്ക് രാമചന്ദ്രൻ നായർ തയ്യാറെടുക്കുകയായിരുന്നു. അപ്പോഴേക്കും മനോജ് വീണു പോയിരുന്നു.

ശരീരത്തിന്റെ ശക്തി നശിച്ചെങ്കിലും ചിന്തകളുടെ തിരമിലകൾ ആഞ്ഞടിച്ചുകൊണ്ടിരുന്നു. ശരീരവും മനസ്സും തമ്മിലുള്ള സംഘട്ടനം തളർച്ചയുടെ ആക്കം കൂട്ടിക്കൊണ്ടിരുന്നു.

ചിന്തകളിൽ മുഴുകി, ഒന്നു തിരിഞ്ഞു കിടക്കുവാൻ പോലും കഴിയാതിരുന്ന രാമചന്ദ്രൻ നായർ പാതിരാവിനു ശേഷം എപ്പോഴോ കണ്ണൊന്നടച്ചു.പിന്നീട് ആ കണ്ണുകൾ തുറന്നില്ല!

രാമചന്ദ്രൻ നായരുടെ മരണവാർത്ത മനോജിനെ അറിയിക്കണമോ, വേണ്ടയോ എന്നാണ് ബന്ധുക്കൾ ചർച്ച ചെയ്തത്. അവസാനം അറിയിക്കാനാണ് തീരുമാനം എടുത്തത്. എത്ര അവശതയാണെങ്കിലും അച്ഛന്റെ ചിതയ്ക്ക് മകനെക്കൊണ്ടുതന്നെ തീ കൊളുത്തിക്കണം എന്ന തീരുമാനമെടുത്തു!

കാരിത്താസ്സിൽ ചെന്ന് മനോജിനെ ചികിത്സിക്കുന്ന ഡോക്ടറെ ബന്ധുക്കൾ കണ്ടു. ശവസംസ്കാര ചടങ്ങിനുവേണ്ടി കുറച്ചുസമയത്തേക്ക് കൊണ്ടുപോകാം, പക്ഷേ ഉടനെ തന്നെ തിരികെ എത്തിക്കണം. മാത്രമല്ല നിരീക്ഷണത്തിനും പരിചരണത്തിനുമായി ഒരു നഴ്സ് കൂടെയുണ്ടാവണം. ഭാമ അലധിക്കുവന്ന നഴ്സാണെന്നറിഞ്ഞ ഡോക്ടർ മനോജ് എന്തൊക്കെ ചെയ്യരുത് എന്ന് പറഞ്ഞു കൊടുത്തു.

മനോജിനെ കൊണ്ടു പോകാൻ കാറുമായാണ് ആൾക്കാർ എത്തിയിരുന്നത്. മറ്റുള്ളവർ താങ്ങി കാറിൽ കയറിയ മനോജ് ചിന്തകളുടെ ചുഴിയിലേക്ക് താഴുകയായിരുന്നു.

രാമചന്ദ്രൻ നായരുടെ മരണ വാർത്ത മനോജിന് ഉൾക്കൊള്ളാവുന്നതായിരുന്നില്ല. വെറും വാശിയുടെ പേരിലിണ് അച്ഛനോട് വഴക്കടിച്ചതും മദ്യപിച്ചതും. തന്റെ പ്രവർത്തികൾ തെറ്റായിരുന്നു എന്ന് മനോജിനറിയാം. പക്ഷേ തിരുത്താനുള്ള സമയം കിട്ടിയില്ലല്ലോ എന്ന ദു:ഖം മനോജിന്റെ മനസ്സിൽ നിറഞ്ഞു.

ഇപ്പോഴാണ്, ഇനി തന്റെ കുട്ടികൾക്കാരുണ്ട് എന്ന ചിന്ത മനോജിന്റെ മനസ്സിൽ ഉദിക്കുന്നത്. തനിക്ക് ജീവിച്ചേ തീരു. തന്റെ കുടുബത്തെ തകർച്ചയിൽ നിന്നും രക്ഷിച്ചേ തീരു.

ഇന്നുവരെ ദൈവത്തെ വിളിക്കാത്ത മനോജ് അറിയാവുന്ന സകല ദൈവങ്ങളോടും അല്പം കനിവിനുവേണ്ടി യാചിച്ചു. ഈ ചിന്തകളിൽ നിന്നുണർന്നപ്പോഴേക്കും മനോജിനെ കൊണ്ടുപോയ കാർ ഇടിയനായിൽ എത്തിയിരുന്നു.

(തുടരും... )


ഭാഗം 12

മറ്റുള്ളവരുടെ സഹായത്തോടെ ചിതയ്ക്ക് തീ കൊളുത്തിയ മനോജിന് ആൾക്കാരുടെ നേരെ നോക്കാൻകൂടി ഭയമായിരുന്നു. രാമചന്ദ്രൻ നായരുടെ മരണത്തിന് താനാണ് കാരണക്കാരൻ എന്ന കുറ്റബോധം മനസ്സിൽ എരിയുകയായിരുന്നു.

കത്തിപ്പടരുന്ന തീനാളങ്ങൾ തന്നെ ശപിക്കുകയാണെന്നു തോന്നി. ഇതുവരെ കരയാത്ത മനോജ് പൊട്ടിക്കരഞ്ഞു. പലരുടെയും ആശ്വസിപ്പിക്കലുകൾ അവന്റെ മനസ്സിനെ ശാന്തമാക്കിയില്ല.

ഒട്ടും വൈകാതെ മനോജിനെ തിരിച്ച് കാരിത്താസിൽ എത്തിച്ചു. തീരെ അവശനായാനാണ് മനോജ് ആശുപത്രിയിൽ എത്തിയത്. എങ്ങനെയെങ്കിലും ജീവിക്കണം എന്ന മോഹം ആ വേദനകൾക്കിടയിലും ഉണർന്നിരുന്നു.

പതുക്കെപ്പതുക്കെ മനോജിന്റെ മനസ്സ് ശാന്തമായിത്തുടങ്ങി. ഒരു രാത്രിയിൽ രാമചന്ദ്രൻ നായർ മനോജിന്റെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം മകനെ കെട്ടിപ്പിടിച്ച് മാപ്പു ചോദിക്കുന്നു. മനോജിനെ ഇത്തരത്തിലാക്കിയത് താനാണല്ലോ എന്ന ദു:ഖം കരഞ്ഞു തീർക്കുന്നതു പോലെ. അവസാനം മനോജിന്റെ തലയിൽ കൈവെച്ച് ആ പിതാവ് അനുഗ്രഹിക്കുമ്പോൾ മനോജ് സ്വപ്ന ലോകത്തു നിന്ന് ഞെട്ടിയുണർന്നു.

ഈ സ്വപ്നദർശനം മനോജിന് ജീവിതത്തിലേക്ക് തിരിച്ചു വരാനുള്ള പ്രചോദനമായി മാറി. രാമചന്ദ്രൻ നായരുടെ സഹോരൻ, (മനോജിന്റെ കൊച്ചച്ഛൻ) കൃഷ്ണൻകുട്ടി മനോജിന്റെ കാര്യങ്ങൾ അന്വേഷിച്ച് മിക്കപ്പോഴും ആശുപത്രിയിൽ എത്തിയിരുന്നു. ആവശ്യമായ ശ്രദ്ധയും നിർദേശങ്ങളും നല്കിക്കൊണ്ടിരുന്നു.

മനസ്സിൽ ജീവിക്കണമെന്ന് ആഗ്രഹമുണ്ടായപ്പോൾ, രോഗാവസ്ഥ അത്ഭുതകരമായ വിധത്തിൽ മാറിത്തുടങ്ങി. ഒരാഴ്ച കഴിഞ്ഞ് മനോജിനെ വീട്ടിലേക്കയച്ചു. കരളിന്റെ ആരോഗ്യത്തിനാവശ്യമായ മരുന്നുകൾ തുടരേണ്ടതുണ്ടായിരുന്നു. ജീവിത ശൈലി എങ്ങനെ തിരുത്തി ജീവിക്കണമെന്നതിന് കൗൺസിലിങ്ങും ആശുപത്രി നല്കിയിരുന്നു.

വീട്ടിലെത്തിയ മനോജ് രാമചന്ദ്രൻ നായരുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കി. അച്ഛന്റെ ബലിച്ചോറ് കൊത്തി വിഴുങ്ങാൻ കാക്കകൾ നോക്കിയിരുന്നപ്പോൾ, മത്സരിച്ചപ്പോൾ അച്ഛൻ തന്നോട് ക്ഷമിച്ചിരിക്കുന്നു എന്ന് മനോജിനു തോന്നി.

ഡോക്ടർമാരുടെ ഉപദേശം വള്ളിപുള്ളി തെറ്റാതെ മനോജ് അനുസരിച്ചു. ഈ സമയത്ത് ദിവസക്കൂലിക്ക് ഭാര്യ ദേവു അടുത്തുള്ള അംഗനവാടിയിൽ ഹെൽപ്പറായി ചേർന്നു. കഷ്ടിച്ച് ഭക്ഷണത്തിനുള്ള വക ഉണ്ടാക്കാൻ ആ ജോലികൊണ്ടു കഴിഞ്ഞു. ദേവുവിന്റെ സഹോദരിയാണ് ആശുപത്രിച്ചിലവുകൾ മുഴുവൻ കൊടുത്തത്.

ആറു മാസത്തോളം മരുന്നു കഴിച്ചപ്പോൾ മനോജ് ആരോഗ്യവാനായി. വീണ്ടും മദ്യപാനമോ, പുകവലിയോ, അധികം വിയർക്കുന്ന പണിയോ ചെയ്യരുതെന്ന് മെഡിക്കൽ ഉപദേശമുണ്ട്. വലിയ ആയാസമില്ലാത്ത പണികൾ ചെയ്യുന്നതിന് അനുവാദം കൊടുത്തിരുന്നു.

മനോജിനെയും കുടുബത്തെയും അറിയുന്ന ഒരു കരിങ്കൽ ക്വാറി ഉടമ മനോജിന് ഒരു സൂപ്പർ വൈസർ പണി കൊടുത്തു. പണിക്കാരുടെ അററൻഡൻസും ക്യയകയറ്റിപ്പോകുന്ന ലോഡുകളുടെ കണക്കും നോക്കിയാൽ മതി. 

കുറേ മാസങ്ങൾ ഇത്തരത്തിൽ മുന്നോട്ടു പോയപ്പോൾ മനോജിന് കുറച്ചുകൂടി വരുമാനം കിട്ടുന്ന പണി ചെയ്യണം എന്ന ആഗ്രഹം ഉണ്ടായി. വീണ്ടും പലരുടെയും സഹായം കൊണ്ട് പഴയ ഓട്ടോ സർവീസിംഗ് നടത്തി ഓടിക്കാൻ തുടങ്ങി. തരക്കേടില്ലാത്ത വരുമാനം ലഭിച്ചുകൊണ്ടിരുന്നു. വർഷങ്ങൾക്കു ശേഷം മനോജിന്റെ അമ്മ സുഖമായുറങ്ങാൻ തുടങ്ങി.

പണിയെടുക്കുന്നുണ്ടെങ്കിലും മനോജിന് പഴയ ഉന്മേഷം തിരിച്ചു കിട്ടിയിരുന്നില്ല. ശരീരം കൂടുതൽ ഇരുണ്ട നിറത്തിലാണ്.

അടുത്ത മഴക്കാലമായപ്പോഴേക്കും പുരയുടെ പൊട്ടിയ ഓടുകൾ മാറ്റിയിടാതെ കഴിയാൻ പറ്റില്ലെന്ന നിലയായി. റിപ്പയറിങ്ങിന് കാശു മുടക്കാൻ മനോജിന് കഴിയുമായിരുന്നില്ല. അതോടൊപ്പം ബാങ്കുകാരുടെ ജപ്തി നോട്ടീസും എത്തിക്കൊണ്ടിരുന്നു. രാമചന്ദ്രൻ നായരുടെ ചില സുഹൃത്തുക്കളുടെ രാഷ്ട്രീയ ഇടപെടലുകൾ കൊണ്ടാണ് പല തവണ നോട്ടീസ് വന്നെങ്കിലും ജപ്തി ചെയ്യാതിരുന്നത്.

വീണ്ടും കുടംബത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയാണോ? മനോധൈര്യം നശിക്കുകയാണോ? ബാങ്ക് ഭരിക്കുന്നത് രാമചന്ദ്രൻ നായർ നേരത്തെ ഉപാസിച്ചിരുന്ന പാർട്ടിക്കാരാണ്. അവർക്കെങ്ങിനെ ഈ വീട് ജപ്തിചെയ്യാൻ പറയാൻ കഴിയും. ഇടിഞ്ഞു വീഴാറായ പുര ജപ്തിചെയ്ത് ഒരു കുടുംബത്തെ വഴിയിലിറക്കി വിടുമോ? എല്ലാവരേയും വഴിയാധാരമാക്കുന്നതാണോ രാമചന്ദ്രൻ നായരുടെ പാർട്ടി സോഷ്യലിസം?

എന്തൊക്കെ ചെയ്താലും ഇപ്പോൾ കടം വീട്ടാൻ മൂന്നുനാല് ലക്ഷങ്ങൾ കണ്ടെത്താൻ മനോജിന് കഴിയുമായിരുന്നില്ല. ജപ്തി ചെയ്യുന്നെങ്കിൽ ചെയ്യട്ടെ എന്ന് നിലപാടെടുത്തു.

അടുത്ത് അയൽപക്കക്കാരന്റെ ഒരു വീട് ആൾത്താമസമില്ലാതെ കിടന്നിരുന്നു. ആവശ്യം വന്നാൽ ആ വീട് വാടകയ്ക്ക് തരണം എന്ന് പറഞ്ഞു വെച്ചു. ബാങ്ക് ഭരണ സമിതിക്ക് പ്രത്യേക പരിഗണനയൊന്നും ഇക്കാര്യത്തിൽ ഉണ്ടായിരുന്നില്ല. അവർ വീടുപൂട്ടി മുദ്രവെച്ചു. പുറകിൽ അടച്ചു പൂട്ടാവുന്ന കതക് ഇല്ലായിരുന്നു. ആ വശത്തുകൂടെ ആർക്കും ഉള്ളിൽ കടക്കാമായിരുന്നു.

ബാങ്കുകാരും പൊലീസും പോയിക്കഴിഞ്ഞപ്പോൾ ചില്ലറ വീട്ടുസാമാനങ്ങൾ പെറുക്കിയെടുത്ത് എല്ലവരും അടുത്തുള്ള വാടക വീട്ടിലേക്ക് താമസം മാറി. 

പരാജയത്തിന്റെ നഷ്ടബോധത്തിന്റെ വിഷസർപ്പങ്ങൾ ചിന്തകളിൽ ഫണം വിരിച്ചാടുകയായിരുന്നു.

ഇതൊരൊറ്റപ്പെട്ട മനുഷ്യന്റെ അവസ്ഥ- യല്ല. ഈ നാട്ടിൽ നല്ലൊരുശതമാനം നിരാലംബർ മാനസിക സമ്മർദത്തിനടിമപ്പെട്ട് രോഗിയായോ ആത്മഹത്യ ചെയ്ത് മരിക്കുകയോ ചെയ്യുന്ന ഇന്ത്യാക്കാരന്റെ ചിത്രമാണ്. എല്ലാം കർമഫലമെന്നു പറഞ്ഞ് ആശ്വസിച്ചിട്ടു കാര്യമില്ല, ഫലപ്രദമായ സോഷ്യൽ ഏൻജിനിയറിംഗിന് നമ്മുടെ ജനാധിപത്യം സജ്ജമാകാത്തതിന്റെ പരിണിതഫലമാണ് ഈ ആളുകൾ? 

അവരെ തിരിച്ചറിയേണ്ടതാര്?

അവരെ സംരക്ഷിക്കേണ്ടതാര്?

(തുടരും...)


ഭാഗം 13

എങ്ങനെയെങ്കിലും ജീവിതം തിരിച്ചു പിടിക്കണം. താൻ മൂലം തന്റെ കുട്ടികൾ ഇത്തരം നരകങ്ങളിൽക്കിടന്നലയരുത്. എന്താണൊരു മാർഗം?

ജപ്തിചെയ്ത് അടച്ചുപൂട്ടിയ വീട് നനഞ്ഞു കുതിർന്ന്, മരപ്പട്ടികൾ കുശുത്തൊടിഞ്ഞ് വീടിന്റെ മേൽക്കുര നിലം പതിച്ചു. അടർന്നു വീഴാത്ത മുൻഭിത്തിയുടെ നടുവിൽ ബാങ്കുകാരുടെ മുദ്രവെച്ച താഴുമാത്രം നിസ്സംഗതയോടെ ചലനമറ്റു നിന്നു.

ഇനി ഒരു ബാങ്കും ലോൺ തരില്ല. അറിയാവുന്ന നാട്ടുകാരോ, ബന്ധുക്കളോ പരിധിവിട്ട് സഹായിക്കില്ല. തളർന്നു വീണ സഖാവിന്റെ കുടുംബത്തെ സഹായിക്കാൻ രാഷ്ട്രീയക്കാരും തയ്യാറല്ല. ഒരു സർക്കാർ സംവിധാനവും സഹായ ഹസ്തവുമായി എത്തിയില്ല.

പഞ്ചായത്തിൽ നിന്ന് വീടുപണിക്ക് ധനസഹായം കിട്ടാൻ അപേക്ഷ വെച്ചെങ്കിലും ജപ്തിചെയ്തിട്ടിരിക്കുന്ന വീടിന് ധനസഹായം നല്കാൻ വകുപ്പില്ല.

ഈ അവസരത്തിലാണ് അമ്പലനടയിലെ ആൽച്ചുവട്ടിൽ വൈകുന്നേരങ്ങളിൽ ഒത്തുകൂടാറുള്ള യുവാക്കളിലൊരാൾ മനോജിന്റെ കഥ അവിടെ അവതരിപ്പിക്കുന്നത്. ആ കുടുംബത്തിലെ ദുരന്തങ്ങൾ നാട്ടുകാർക്ക് അറിവുള്ളതാണെങ്കിലും അതിന്റെ ഗൗരവം ഇത്ര വലുതായിരിന്നുവെന്ന് അവർ ധരിച്ചിരുന്നില്ല. ആ യുവജനങ്ങൾ മനോജിന്റെ കാര്യത്തിൽ ഇടപെടണം എന്നു തീരുമാനിച്ചു. 

സ്ഥലം പഞ്ചായത്ത് മെമ്പറുമായി അവർ കാര്യം ചർച്ച ചെയ്തു. രാമചന്ദ്രൻ നായരുടെ കടത്തിനാണ് ബാങ്ക് ജപ്തി നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മരണശേഷം മകനെയും കൊച്ചുമക്കളേയും പെരുവഴിയിലിറക്കിയ ബാങ്ക് നടപടി ന്യായീകരിക്കാൻ കഴിയില്ല.

രാമപുരം സർവീസ് സഹകരണബാങ്കിനു മുമ്പിൽ ഒരു യുവജന ധർണ നടത്താൻ അവർ തീരുമാനിച്ചു. എല്ലാ പാർട്ടികളുടെയും യുവജന വിഭാഗത്തോട് പിന്തുണ അഭ്യർത്ഥിച്ചു. നാട്ടിലെ യുവജനങ്ങളിൽ നിന്ന് ശക്തമായ പിന്തുണ ലഭിച്ചു. എല്ലാ യുവജന നേതാക്കന്മാരും മാറിമാറി പ്രസംഗിച്ചു. രാമചന്ദ്രൻ നായരുടെ കടബാധ്യതകൾ എഴുതിത്തള്ളുക. ജപ്തി ചെയ്ത വീടും സ്ഥലവും മനോജിന് വിട്ടുകൊടുക്കുക.

യുവജന ധർണയ്ക്ക് പിന്തുണയുമായി ചില സാംസ്കാരിക നായകന്മാരും സാമൂഹിക പ്രവർത്തകരും ധർണയിൽ പങ്കെടുത്തു. അടുത്ത കമ്മിറ്റി മീറ്റിങ്ങിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് ബാങ്ക് പ്രസിഡന്റ് ഉറപ്പു നല്കി.

രണ്ടാഴ്ചയ്ക്കുള്ളിൽ ബാങ്ക് നടപടിയുണ്ടായി. കടബാധ്യത എഴുതി തള്ളി. വീടും സ്ഥലവും മനോജിന് വിട്ടു കൊടുത്തു.

പൂർണമായി തകർന്നു വീണ വീട്ടിൽ താമസിക്കാൻ പറ്റാത്തതു കൊണ്ട് താമസം വാടകവീട്ടിൽ തന്നെയാക്കി. രാമപുരത്തെ ഒരു കടയിൽ സെയിൽസ് ഗേളായി ദേവു പോകാൻ തുടങ്ങി. വീണ്ടും ജീവിതം തിരിച്ചു പിടിക്കാം എന്ന പ്രതീക്ഷയിൽ കുടുംബം മുന്നോട്ടു നീങ്ങി.

മനോജിനോട് വെയിൽ കൊള്ളരുതെന്നു പറഞ്ഞിരുന്നെങ്കിലും അത് അവഗണിച്ചുകൊണ്ട് കാടുപിടിച്ചു കിടന്ന പറമ്പ് വെട്ടിത്തെളിച്ച് ചെറിയ കൃഷികൾ ചെയ്യാനൊരുങ്ങി. അമ്മ രത്നമ്മ വിലക്കി:

"മനോജേ നീ വെയിലു കൊണ്ട് പണിയരുത്. ഡോക്ടർ പറഞ്ഞതിനെ അനുസരിക്കാതിരിക്കരുത്."

"എനിക്കിപ്പോൾ അസുഖമൊന്നുമില്ല. പറ്റുന്ന പണിയൊക്കെ നോക്കാതെ രക്ഷപെടുന്നതെങ്ങനെ?"

കുറച്ചു നേരം വെയിലുകൊണ്ടു കഴിഞ്ഞപ്പോൾ മനോജിന് മനസ്സിലായി: തന്റെ ശരീരത്തിന് വെയിലേൽക്കാനുള്ള കരുത്തില്ലെന്ന്. വലിയ ക്ഷീണം അനുഭവപ്പെട്ടു. പണി നിർത്തുകയും ചെയ്തു.

മനോജിന് തിരിച്ചറിവുണ്ടാകുകയായിരുന്നു, തനിക്കൊരിക്കലും പഴയതുപോലാവാൻ കഴിയില്ലെന്ന്. എന്നും മരുന്ന് കഴിച്ചുകൊണ്ട് ജീവൻ നിലനിർത്തുന്നതിനേ സാധിക്കൂ എന്ന്.

കുട്ടികൾ വളരുകയാണ്. മകൾ പത്തിൽ എത്തിയിരിക്കുന്നു. മകൻ എട്ടിലും. അവരുടെ തുടർ പഠനത്തിന് കാശു വേണം. വീട് നന്നാക്കണം. മരുന്ന് വിങ്ങിക്കണം. ഡീസലിന്റെ വിലക്കൂടുതൽ കൊണ്ട് ഓട്ടോയിൽ നിന്ന് കിട്ടുന്ന വരുമാനം കുറഞ്ഞുകൊണ്ടിരിക്കുന്നു.

തന്റെ ബാക്കിയുള്ള ജീവിതം എങ്ങനെ- യെന്ന് നിശ്ചയിക്കാൻ കഴിയില്ല. ചെറിയൊരശ്രദ്ധകൊണ്ട് അപകടാവസ്ഥയിലേക്ക് നീങ്ങാം. താനൊരിക്കലും വീട്ടുകാർക്ക് ഒരു ഭാരമായി മാറരുതേയെന്ന ചിന്തയാണ് മനസ്സിൽ.

(തുടരും...)


ഭാഗം 14

ഏതാനും മാസങ്ങൾ ഇഴഞ്ഞു നീങ്ങി. സമയത്തിനൊപ്പം ജീവിതങ്ങളും. ആ സമയത്താണ് കോവിഡ് എന്ന മഹാരോഗം ലോകത്തെ ഞെട്ടിവിറപ്പിച്ചുകൊണ്ട് രംഗപ്രവേശം ചെയ്യുന്നത്.

ഓട്ടോ റിക്ഷയുടെ ഓട്ടം ഇല്ലാതായി. കടകളടഞ്ഞു. സർക്കാരിന്റെ കിറ്റുകളല്ലാതെ വരുമാനമാർഗങ്ങൾ ഒന്നും ഇല്ലാതായി. മരുന്ന് മേടിക്കാൻ ഒരു വഴിയും കാണാതെ മനോജ് വിഷമിച്ചു. ജനങ്ങൾ ഒന്നടങ്കം ഭീതിയുടെ നിഴലിലാണ്. നിസ്സഹായതയുടെ നിഴലിൽ മരണത്തിന് കാതോർത്തു കഴിയുന്ന മനുഷ്യർ. 

മരുന്നിന് പണമില്ലാത്തതുകൊണ്ട് മനോജ് മരുന്നു കഴിക്കൽ നിർത്തി. പക്ഷേ ഈ വിവരം ആരെയും അറിയിച്ചില്ല. 

കിറ്റിന്റെ ബലത്തിൽ ജീവൻ നിലനിർത്തിയ ദിവസങ്ങൾ. പാലും പച്ചക്കറികളും വാങ്ങാൻ കഴിയാതായി. വല്ലപ്പോഴും അത്യാവശ്യക്കാർ വിളിച്ചാലാണ് ഓട്ടോയിക്ക് ഓടാൻ കഴിയുക. പലപ്പൊഴും ഗ്യാസ്സിന്റെ ഉപദ്രവം പോലെ വയറ് കമ്പിക്കും. ഗ്യാസ്സാണെന്നു കരുതി അതിനെ അവഗണിച്ചു.

ഒരുദിവസം ഉച്ചകഴിഞ്ഞ് വെറതെയിരിക്കുമ്പോൾ വയർ വീർക്കാൻ തുടങ്ങി. പതുക്കെ ശ്വാസം മുട്ടലും അനുഭവപ്പെട്ടു. വീട്ടുകാർ ആശുപത്രിയിൽ പോകാൻ നിർബന്ധിച്ചു. പ്രയാസമുണ്ടെങ്കിലും എങ്ങു പോകേണ്ട, ഇവിടെ കിടന്നാൽ മതി എന്നാണ് മനോജിന്റെ നിലപാട്.

മരുന്ന് മുടക്കിയതുകൊണ്ട് കരൾ വീണ്ടും വീർക്കാൻ തുടങ്ങിയതാണെന്ന് മനോജിനറിയാമായിരുന്നു. ഇനി ആശുപത്രിയിൽ പോയി പണം കളയണ്ട എന്ന നിലപാടാണ് മനോജിന്.

ഭാര്യ ദേവു, സഹോദരി ഭാമയെ വിളിച്ച് വിവരം പറഞ്ഞു. ഭാമ എത്രയും വേഗം കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു. അവിടെയെത്തിച്ചപ്പോൾ, ഡോക്ടർമാർ അഡ്മിറ്റ് ചെയ്തതല്ലാതെ കൂടുഥലൊന്നും പറഞ്ഞില്ല.

വയറിനുള്ളിൽ നിന്ന് വെള്ളം കുത്തിയെടുത്തു കളഞ്ഞപ്പോൾ, ശ്വിസം വിടാം എന്നായി. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ വീണ്ടും വയറു വീർക്കും. ഒരു ദിവസം തന്നെ രണ്ടും മൂന്നും തവണ വെള്ളം കുത്തിയെടുത്തുകൊണ്ടിരുന്നു.

അവിടെയെത്തി മൂന്നാം ദിവസം നില വളരെ മോശമായി. ബോധം നഷ്ടപ്പെട്ടു. ഡോക്ടർ ഇനി പ്രതീക്ഷയില്ല എന്നറിയിച്ചു. ബനധുക്കളെ വിവരമറിയിച്ചുകൊള്ളാൻ പറഞ്ഞു. രാത്രി രണ്ടു മണിയോടെ മനോജ് മരിച്ചു.

മനോജിന്റെ മരണമറിഞ്ഞ് ഇടിയനായിലേക്കു തിരിച്ച ഓമനച്ചേച്ചി കുറിഞ്ഞിക്കവലയിൽ ബസ്സിറങ്ങി ഒരു ഓട്ടോക്കാരനെ വിളിച്ചു. മനോജിന്റെ വീട്ടിലേക്കാണ് ഓട്ടം എന്നറിയിച്ചപ്പോൾ ഓട്ടോക്കാരൻ പറയാൻ തുടങ്ങി.

"മനോജ് എന്റെ സൃഹൃത്തായിരുന്നു. നല്ല മനസ്സുള്ളവനായിരുന്നു."

"നിങ്ങളൊക്കെ ഒന്നിച്ച് മദ്യപിക്കുമായിരുന്നല്ലേ?"

"വല്ലപ്പോഴും. ഞങ്ങൾ മനോജിനോട് പറഞ്ഞതാണ് അവന്റെ മദ്യപാനം ആപത്താണെന്ന്."

"എന്നിട്ട്?"

"അവന് അച്ഛനോടുള്ള വാശിയായിരുന്നു. കുടിച്ചു കുടിച്ച് ചങ്കുപൊട്ടി അച്ഛന്റെ മുമ്പിൽ മരിച്ചു വീഴുമെന്ന് പറയുമായിരുന്നു."

"വിധി തിരിച്ചായിപ്പോയി. അച്ഛൻ തല തകർന്ന് മകന്റെ മുമ്പിൽ മരിച്ചു വീണു."

"കഷ്ടമായിപ്പോയി!"

"ഇത്തരം വാശികളും വൈരാഗ്യങ്ങളും തിരിച്ചറിവില്ലാത്ത സമൂഹത്തിന്റെ സൃഷ്ടിയല്ലേ? മനസ്സിനകത്ത് പൂട്ടിവെച്ചിരിക്കുന്ന വികാരങ്ങളെ തുറന്നു വിടണം. മനുഷ്യ ജീവിതത്തിലും ഗ്ലാസ്നോസ്റ്റ് നടപ്പിലാക്കണം. അടയ്ക്കാനല്ല, തുറക്കാനല്ലേ ശ്രമിക്കേണ്ടത്."

വണ്ടി ഇടിയനായിൽ എത്തിയതുകൊണ്ട് ഓമനച്ചേച്ചി ഇറങ്ങി നടന്നു.

(തുടരും...)


ഭാഗം 15

ദു:ഖദുരിതങ്ങളുടെ വേട്ടയാടലുകളിൽ പകച്ചുപോയ രണ്ടു കുട്ടികളുണ്ട്. മനോജിന്റെ മകൾ ചിത്രയും മകൻ സുമേഷും. അപ്പൂപ്പന്റെ ദാരുണ മരണം അച്ഛന്റെ അകാലമരണം വീട്ടിലെ കശപിശകൾ, പട്ടിണി, അമ്മയുടെ കണ്ണുനീർ, മൂത്തശ്ശിയുടെ ചിരിക്കാൻ മറന്ന മുഖം എന്നിവയുടെ ഇടയിൽ ആടിയുലഞ്ഞ് അതിജീവനത്തിനുവേണ്ടി പ്രാർത്ഥിച്ച രണ്ടു കുരുന്നുകൾ. ജീവിതത്തിന്റെ കയ്പുരസത്തിൽ മധുരം തിരക്കിയ രണ്ടു മനുഷ്യ ജന്മങ്ങൾ! അവരുടെ മാനസികാവസ്ഥ എന്തെന്നു ചിന്തിക്കാനും ആശ്വസിപ്പിക്കാനും വഴിയരുകിലെ കാട്ടുപൂക്കളല്ലാതെ ആരുമുണ്ടായിരുന്നില്ല.

തങ്ങളുടെ പരിമിതികൾ തൊട്ടറിഞ്ഞ്, നിഷ്ക്കളങ്കതയോടെ അവരും മറ്റു കുട്ടികളെപ്പോലെ സ്കൂളിൽ പൊയ്ക്കൊണ്ടിരുന്നു. പഠിപ്പിച്ച പാഠങ്ങളൊക്കെ പറ്റുന്നതുപോലെ പഠിച്ചു. ആരോടും വഴക്കിടാനോ, വലിയ കൂട്ടുകെട്ടിനോ പോയില്ല.

ചിത്ര പത്തിൽ പഠിക്കുമ്പോഴാണ് മനോജിന്റെ മരണം. ആ ദുരന്തം ആ കുടുംബത്തെ തീർത്തും തളർത്തിക്കളഞ്ഞു. ആ കുട്ടികളേ വളർത്തി വലുതാക്കേണ്ട വലിയ ഉത്തരവാദിത്തം ദേവുവിന്റെ ചുമലിലായി.

മനോജിനേം രാമചന്ദ്രൻ നായരെയും അറിയുന്ന രാമപുരം ടൗണിലെ ഒരു കടക്കാരൻ ദേവുവിന് കടയിൽ സഹായിയായി നില്ക്കാൻ ക്ഷണിച്ചു.

ആ പണി ചെയ്തുകൊണ്ട് കുടുബത്തെ സംരക്ഷിക്കാം എന്ന ആശ്വാസമായിരുന്നു. കഴിവതും ആരെയും ആശ്രയിക്കാതെ സ്വന്തം പരിശ്രമം കൊണ്ട് ജീവിക്കണമെന്നാണ് ദേവു ചിന്തിച്ചത്.

പത്താം ക്ലാസ്സിലെ റിസൾട്ട് വന്നു. ചിത്ര എല്ലാ വിഷയങ്ങളിലും 'എ' പ്ലസ്സ് നേടി വിജയിച്ചിരിക്കുന്നു. തലമുറകൾക്കു ശേഷം ആ കുടുംബത്തിന്റെയുള്ളിൽ ആശ നിറച്ച ഒരു വിജയം.

അടുത്തുതന്നെയുള്ള രാമപുരത്തെ ഹയർസെക്കണ്ടറി സ്കൂളിൽ ബയോ സയൻസ് ഗ്രൂപ്പെടുത്ത് ചിത്ര പഠനം തുടർന്നു. കഴിയുമെങ്കിൽ പഠിച്ചൊരു ഡോക്ടറാവണം അല്ലെങ്കിൽ ഒരു നേഴ്സ് എങ്കിലുമാവണം എന്ന ലക്ഷ്യം മനസ്സിലുണ്ടായിരുന്നു. ആ ലക്ഷയ പ്രാപ്തിക്കു വേണ്ട പ്രോത്സാഹനങ്ങൾ അമ്മയുടെ സഹോദരി നല്കിക്കൊണ്ടുമിരുന്നു.

ഇപ്പോഴും പഴയ വാടക വീട്ടിൽത്തന്നെയാണ് താമസം. സ്വന്തം വീടു വേണം . പക്ഷേ ഒരു വീടു വെക്കാനുള്ള പണം കണ്ടെത്തുക സാധ്യമായ കാര്യമായിരുന്നില്ല.

കുറിഞ്ഞി അമ്പലമുറ്റത്തെ ആൽത്തറയിൽ സന്ധ്യ സമയത്ത് ഒത്തു ചേരാറുള്ള യുവാക്കളുടെ കൂട്ടായ്മ, പ്രധാനമന്ത്രിയുടെ വീടുനിർമാണ പദ്ധതിയിൽ നിന്ന് ധനസഹായം ലഭിക്കാനുള്ള അപേക്ഷയും മറ്റു നടപടികളും ആരംഭിച്ചു.

അവരുടെ പരിശ്രമം വിഫലമായില്ല. യുവ സൗഹൃദക്കൂട്ടായ്മയുടെ സഹായത്തോടെ പുതിയൊരു പാർപ്പിടത്തിന്റെ പണി ആരംഭിച്ചു. മനസ്സാക്ഷിയും മനുഷ്യത്വവും ലഹരിക്കു തീറെഴുതിക്കൊടുക്കാത്ത, ഇസങ്ങളുടെ ചങ്ങലകൾ സ്വന്തം പാദങ്ങളെയും കൈകളേയും തളയ്ക്കാൻ അനുവദിക്കാത്ത തുറന്ന മനസ്സിന്റെ അവകാശികളായ ഒരു കൂട്ടം ചെറുപ്പക്കാരുടെ നന്മ ഈ സമൂഹത്തിൽ നിന്ന് വേരറ്റു പോയിട്ടില്ല എന്നതിന്റെ ദൃഷ്ടാന്തം.

ചിത്ര പന്ത്രണ്ടാം ക്ലാസ്സും 'എ' പ്ലസ്സുകളോടെ പാസ്സായി. സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലുമുള്ള പല എന്റ്രൻസ് ടെസ്റ്റുകളും ചിത്ര എഴുതിയിരുന്നു. മിക്ക ടെസ്റ്റുകളിലും ആദ്യത്തെ നൂറു റാങ്കുകൾക്കുള്ളിലായിരുന്നു ഫലങ്ങൾ.

ചിത്ര കോട്ടയം മെഡിക്കൽ കോളേജിൻ 'എം ബി ബി എസ്' നു ചേർന്നു. അസാധ്യമെന്നു കരുതിയ പലതും ഇച്ഛാശക്തികൊണ്ട് നേടിയെടുക്കാം എന്ന സാമൂഹിക പാഠവും ഈ വിജയം കാണിച്ചുകൊടുക്കുകയായിരുന്നു.

തുറന്ന നയത്തിന്റ - ഗ്ലാസ്സ്നോസ്റ്റിന്റെ - ഭൂമികയിലാണ് മനസ്സുകൾ വളരേണ്ടത്, മനുഷ്യത്വം പരണമിക്കേണ്ടത്. ഭരണതലത്തിലും സാമൂഹിക ബന്ധങ്ങളിലും കുടുംബന്ധങ്ങളിലും തുറന്ന നയമാണ് പുരോഗതിക്കും സമാധാനത്തിനും ആവശ്യമായ ഘടകം.

ഇന്ന് എം. ബി. ബി. എസ്. പരീക്ഷയുടെ റിസൽട്ട് വന്നു. ഒന്നാം റാങ്കോടെ മനോജിന്റെ മകൾ ചിത്ര, ഡോക്ടർ ചിത്രാ മനോജ് ആയിരിക്കുന്നു!

(അവസാനിച്ചു)