"നഷ്ടപ്പെടും വരെ നഷ്ടപ്പെടുന്നതിൻ നഷ്ടമെന്തെന്നറിയില്ല നമ്മൾ " എന്നത് എത്ര ശരിയാണല്ലേ? ഏതാണ്ട് ഒരു കൊല്ലത്തോളമായി നമ്മുടെ ജീവിത രീതിക്കൾക്കും സാമൂഹിക ബന്ധങ്ങൾക്കുമെല്ലാം ഒരു പാട് മാറ്റം വന്നു

ചേർന്നിട്ട്. പ്രായവും പക്വതയുമെത്തിയ നമുക്കു പോലും വല്ലാത്തൊരു വിങ്ങൽ തോന്നിത്തുടങ്ങിയിരിക്കുന്നു എന്നു പറയുന്നതിൽ തെറ്റില്ലെന്നു തോന്നുന്നു. അപ്പോൾ പിന്നെ കുഞ്ഞുങ്ങളുടെ കാര്യമോ?

സ്ക്കൂൾ തുറക്കാൻ പറ്റാത്ത സ്ഥിതിവിശേഷം കുട്ടികളിലുണ്ടാക്കുന്ന മനസംഘർഷം ചെറുതൊന്നുമല്ല.

ജ്ഞാനം നേടാനുള്ള വ്യഗ്രത കൊണ്ടൊന്നുമല്ല ഇത്. സമപ്രായക്കാരായ കൂട്ടുകാരുമൊത്ത് കഴിയാൻ കിട്ടുന്ന സുന്ദര നിമിഷങ്ങളെത്രയാണ് നഷ്ടപ്പെടുന്നത്.
പലപ്പോഴും കുഞ്ഞു മനസ്സിൽ നീറിപ്പുകയുന്ന സംഘർഷങ്ങൾ ആർക്കും മനസ്സിലാവാറില്ല. അഥവാ അതിന് ആരും ശ്രമിക്കാര്യമില്ലെന്നതാണ് സത്യം ..
നിനക്കിവിടെ എന്തിൻ്റെ കുറവാ... ഇരുന്നു പഠിച്ചാൽ മാത്രം പോരേ എന്ന ചോദ്യം കേട്ടു മടുക്കാത്ത ബാല്യം വിരളമായിരിക്കും. സ്വന്തം അമ്മയെക്കാൾ, കൂടപ്പിറപ്പുകളെക്കാൾ ആത്മാർത്ഥമായി സ്നേഹിക്കുന്ന കൂട്ടുകാർ മിക്ക കുഞ്ഞുങ്ങൾക്കും കാണും.. അവരുടെ സാമീപ്യമാണ് നഷ്ടപ്പെടുന്നത് ..

ബാലസ്താവത് ക്രീഡാസക്ത എന്നാണല്ലോ ശങ്കരാചാര്യർ പറഞ്ഞിരിക്കുന്നത്. അതു വളരെ ശരിയുമാണ്. എങ്കിലും അതിനിടയ്ക്കു കൂട്ടുകാർക്കൊപ്പം പഠിയ്ക്കുന്നതിനും അവർക്കു വിരോധം കാണില്ല. മടുപ്പിക്കരുതെന്നു മാത്രം.. കുട്ടികളെ നന്നായി മനസ്സിലാക്കാൻ കഴിയുന്ന അവരെ ഉൾക്കൊള്ളാൻ കഴിയുന്ന കുറേയേറെ അദ്ധ്യാപകരുണ്ട്. അദ്ധ്യാപക പരിശീലനം നേടുക എന്നത് വലിയൊരു അനുഭവം തന്നെയാണ്.ബി.എഡിനു മുമ്പും ശേഷവും എന്നിങ്ങനെ ജീവിതത്തെ കൃത്യമായി രണ്ടായി തിരിക്കാം എന്നു തോന്നുന്നു.
അപ്രകാരം കുഞ്ഞുങ്ങളുടെ മനഃശാസ്ത്രം അറിയുകയും നിരന്തര പരിശീലനങ്ങളിലൂടെ അറിവു നേടുകയും ചെയ്ത അദ്ധ്യാപകരാണ് കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് .. ഇതിന് അപവാദങ്ങളുമുണ്ടാവാം..
കഴിയുന്നതും അവനവൻ്റെ കുഞ്ഞുങ്ങളെ പഠിപ്പിക്കാനിരിക്കരുത് എന്നു പറയാറുണ്ട്. ഇതെന്തുകൊണ്ടാണെന്നു ചിന്തിച്ചിട്ടുണ്ടോ?
നമ്മുടെ വീട്ടിലെ ജോലിത്തിരക്കും വ്യക്തിപരമായ പ്രശ്നങ്ങളുമൊക്കെയായിട്ടാവും നമ്മുടെ വീട്ടിൽ നാം കഴിഞ്ഞുകൂടുന്നത് .. എത്ര ചെയ്താലും തീരാത്ത നൂറായിരം പണികൾ .. അവയെല്ലാം തീർത്ത് ഒന്നു വിശ്രമിക്കുമ്പോഴാണ് ഇനിയുമുണ്ടല്ലോ ചെയ്യാനായി ജോലികൾ ബാക്കി എന്ന് ഓർമ്മ വരുന്നത് .. ആ... അടുക്കളപ്പണ്യല്ലേ... എന്നു പുച്ഛിക്കാനെളുപ്പം.. അതൊന്ന് വേണ്ടതുപോലെ ചെയ്തു നോക്കുമ്പോഴറിയാം ..

അടിച്ചു തുടച്ച് പാത്രമെല്ലാം കഴുകി വൃത്തിയാക്കി വെച്ച അടുക്കളയിൽ കയറി ഒരു നേരത്തെ ഭക്ഷണമുണ്ടാക്കുന്ന കാര്യം എളുപ്പം.. ചിട്ടയോടെ എല്ലാ മൊതുക്കി വെക്കാൻ കുറച്ചു പാടു തന്നെയാണ്... തുണി കഴുകാനും ഉണങ്ങാനിടാനും എളുപ്പം...അയയിൽ ഉണക്കാനിട്ടതുണികൾ വാരിപ്പൊത്തിക്കൊണ്ടുവന്നു വെച്ചവയൊന്ന് അടുക്കി പെറുക്കി വെച്ചു നോക്കണം... അപ്പൊഴറിയാം വീട്ടമ്മമാരുടെ ബുദ്ധിമുട്ട് ... അതിനിടയ്ക്കാണ് ഓൺലൈൻ പoനത്തിൻ്റെ മേൽനോട്ടം കൂടി എത്തിയിരിക്കുന്നത് .. ക്രീഡാസക്തൻ ഒന്നിരുന്നു കിട്ടാൻ തന്നെ എന്തൊക്കെ പ്രലോഭനങ്ങളും ബലപ്രയോഗങ്ങളും കഴിഞ്ഞാവുമെന്ന് അനുഭവിച്ചവർക്കേ അറിയൂ...


ആ ... പറഞ്ഞത് മുഴുമിച്ചില്ലല്ലോ ... നമ്മുടെ കുട്ടിയെ നാം തന്നെ പഠിപ്പിക്കുമ്പോൾ നമുക്കു പെട്ടെന്നു ക്ഷമ നഷ്ടപ്പെടും.. നാട്ടുകാരുടെ കുഞ്ഞുങ്ങളെ ദേഷ്യപ്പെട്ട് ഒന്നു നോക്കിയാൽത്തന്നെ വിവരമറിയുന്ന കാലം... നമ്മുടെ മക്കളല്ലേ ...പ്രശ്ന ല്യ...നമ്മുടെ അധികാരമെടുത്തങ്ങ് നമ്മളവരെ നന്നാക്കിയേ അടങ്ങൂ എന്ന വാശിയിലും.. കുട്ടിയാണെങ്കിൽ ആകെക്കൂടി വിമ്മിട്ടത്തോടെ ഇതെല്ലാം സഹിക്കാൻ ഇനിയും കഴിയാത്ത അവസ്ഥയിലും...

കുഞ്ഞുങ്ങളോട് സ്നേഹം കൊണ്ടു തന്നെയാവാം... എങ്കിലും ഒരപേക്ഷ. അവരുടെ അവസ്ഥ അവരുടെ നിലയിൽ നിന്ന് ഒന്നു ചിന്തിക്കണേ..പ്രിയപ്പെട്ടവരേ... Empathy എന്നോ മറ്റോ പറയും...

എന്നിട്ടു തീരുമാനിക്കൂ... അവർ കുറുമ്പു കാട്ടിയതാണോ എന്ന് ...

ഈയൊരു പ്രത്യേക ചുറ്റുപാടിൽ ഏറെ അസ്വസ്ഥരാണ് കുഞ്ഞുങ്ങൾ എന്ന സത്യം മനസ്സിലാക്കണമെന്ന് അപേക്ഷിക്കുകയാണ് ...

കൂടുതൽ വായനയ്ക്ക്