മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

പ്രീഡിഗ്രിക്കു ചേർന്ന സമയത്താണ് നിമ്മി ആ ചേച്ചിയെ ആദ്യമായി കണ്ടത്. ആദ്യമായി കോളേജിൽ ചേർന്ന ഒരു കൗമാരക്കാരിയുടെ കൗതുകം നിറഞ്ഞ കണ്ണുകൾക്ക് കാണുന്നതെല്ലാം അദ്‌ഭുതമായിരുന്നു.

വലിയ മൂന്നു നിലക്കെട്ടിടം. സദാസമയവും ബഹളം വച്ചുകൊണ്ട് അങ്ങോട്ടുമിങ്ങാട്ടും നടക്കുന്ന സീനിയർ വിദ്യാർത്ഥികൾ! അവൾ പഠിച്ച കന്യാസ്ത്രീകൾ നടത്തുന്ന വിദ്യാലയത്തിലേക്കാൾ വളരെ വ്യത്യസ്തമായ അന്തരീക്ഷം. 

മൂന്നാം നിലയിൽ ആയിരുന്നു പ്രീഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥികളുടെ ക്ലാസ്സു മുറി. ഒന്നിച്ചു സ്കൂളിൽ പഠിച്ച കൂട്ടുകാരികൾ കുറച്ചുപേർ ഉണ്ടായിരുന്നതുകൊണ്ട് ആർക്കും ഒറ്റപ്പെടൽ അനുഭവപ്പെട്ടിരുന്നില്ല.

അച്ഛനും അമ്മയും ചേർന്ന് ധാരാളം ഉപദേശങ്ങൾ കൊടുത്തിരുന്നു. 

"തനിയേ നടക്കരുത്. ആൺകുട്ടികളുമായി ചങ്ങാത്തം വേണ്ട. കൂട്ടുകാരോടൊപ്പം മാത്രമേ നടക്കാവൂ. സ്കൂളിലെ പോലെ ആരും അത്രയ്ക്കു ശ്രദ്ധിക്കാൻ ഉണ്ടാകില്ല."

ഇങ്ങനെ അനേകം ഉപദേശങ്ങൾ!

അതുകൊണ്ട് എല്ലാത്തിനും ഒരു പേടിയും സങ്കോചവും ആയിരുന്നു നിമ്മിക്ക്. അങ്ങനെയുള്ള അവൾക്കും കൂട്ടുകാർക്കും മീരച്ചേച്ചി ഒരദ്‌ഭുതമായിരുന്നു.

സ്റ്റെപ്പുകൾ കയറി ക്ലാസ്സിലേക്കുപോകുമ്പോൾ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചുകൊണ്ട് ആൺകുട്ടികളുടെ കൂടെ ഇറങ്ങിവരുന്ന ആ ചേച്ചിയേ അവർ കൂട്ടുകാർ ആശ്ചര്യത്തോടെയാണ് നോക്കിക്കണ്ടത്.

ആ ചേച്ചിയുടെ പേര് 'മീര 'എന്നാണെന്നും രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണെന്നും പിന്നീടാണ് അറിഞ്ഞത്.

മീരചേച്ചിയുടെ വസ്ത്രധാരണം കണ്ട് അന്ന് നിമ്മിക്കു നാണം വന്നു. 

ഇറക്കം കുറഞ്ഞ... കഴുത്തു വെട്ടിയിറക്കിയ...വയറും പുറവടിവും വ്യക്തമായി കാണാവുന്ന കറുത്ത ബ്ലൗസും ചുവന്ന നൈലോൺ ഹാഫ് സാരിയുമായിരുന്നു ആദ്യം കണ്ണിൽ പെട്ടത്. 

നെറ്റിയിലേക്കു വെട്ടിയിട്ട ചുരുണ്ട മുടി രണ്ടായി പിന്നിയിട്ടിരുന്നു. കണ്മഷിയെഴുതിയ കണ്ണുകളും പുരികങ്ങളും.

കനം കുറഞ്ഞ ഹാഫ് സാരിയുടെ ഉള്ളിൽ തെറിച്ചു നിൽക്കുന്ന മാറിടം. പൊക്കിൾ ചുഴി വരെ വ്യക്തമായി കാണാമായിരുന്നു. അവർ പരസ്പരം നോക്കി. അവർക്ക് അദ്‌ഭുതമായിരുന്നു. "ആ ചേച്ചിക്കു നാണമില്ലേ,¹" എന്നു അവർ പരസ്പരം ചോദിച്ചു.

നിമ്മി കോളേജ് ബസ്സിൽ യാത്ര ചെയ്യാൻ തുടങ്ങിയപ്പോൾ ചേച്ചിയും കൂട്ടുകാരികളും അതേ ബസ്സിൽ യാത്രക്കാരായിരുന്നു.

എപ്പോഴും ആൺകുട്ടികളുടെ മധ്യത്തിൽ അവരോട് കളി തമാശകൾ പറഞ്ഞും ഉച്ചത്തിൽ പൊട്ടിച്ചിരിച്ചും ആൺകുട്ടികളോടോപ്പം ക്യാന്റീനിലിരുന്നു ഭക്ഷണം കഴിച്ചും കലാലയ ജീവിതം ആഘോഷമാക്കിയിരുന്നു ചേച്ചി.

പിന്നീടൊരു ദിവസം കുട്ടികൾക്കിടയിൽ ആ വാർത്ത പരന്നു, മീരച്ചേച്ചി ക്ലാസ്സിൽ കയറിയിട്ട് ഒരാഴ്ചയായത്രെ! രാവിലെ കോളേജു ബസ്സിൽ എത്തുന്ന ചേച്ചി പിന്നെ എവിടേയ്‌ക്കോ പോകുന്നു. വൈകുന്നേരം കോളേജ് ബസ്സിൽ തന്നെ വീട്ടിൽ തിരിച്ചെത്തുന്നു. അങ്ങനെയാണ് ചേച്ചിയുടെ അച്ഛനെ പ്രിൻസിപ്പൽ വിളിപ്പിച്ചത്! ആ പാവം അച്ഛൻ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.

അന്നും മീരച്ചേച്ചി ക്ലാസ്സിലുണ്ടായിരുന്നില്ല.

ചേച്ചിയുടെ എല്ലാ കൂട്ടുകാരേയും പ്രിൻസിപ്പൽ വിളിപ്പിച്ചു. അധ്യാപകരുടെ ചോദ്യം ചെയ്യലിൽ പിടിച്ചു നിൽക്കാനാകാതെ കൂട്ടുകാർ കുറച്ചു വിവരങ്ങൾ ബോധിപ്പിച്ചു.

അന്നും പതിവുപോലെ വൈകുന്നേരം കോളേജു ബസ്സിൽ വീട്ടിലേക്കു മടങ്ങാൻ പാകത്തിനു കോളേജിലേക്കു വന്ന മീരച്ചേച്ചിയെ, ചേച്ചിയുടെ അച്ഛനും പ്രിൻസിപ്പലും അധ്യാപകരും ചേർന്നു പിടികൂടി.

പിന്നീടാണറിഞ്ഞത്... അവസാന വർഷ ബിരുദ വിദ്യാർഥിയായ ഒരു ചേട്ടന്റെ കൂടെ പകൽ മുഴുവനും അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ലോഡ്ജുകളിലും ചുറ്റിക്കറങ്ങി ജീവിതം ആഘോഷിക്കുകയായിരുന്നു മീര ചേച്ചി.

രണ്ടുപേരേയും കോളേജിൽ നിന്നും സസ്പെൻസ് ചെയ്തു.

അവസാന വർഷം ബിരുദപരീക്ഷ അടുത്തിരുന്നു. പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് കൂടെയുണ്ടായിരുന്ന ചേട്ടന്റെ അപേക്ഷ പ്രകാരം ആ ചേട്ടനു പരീക്ഷ എഴുതാൻ കോളേജിൽ നിന്നും അനുമതി കൊടുത്തു.

എന്നാൽ പിന്നീട് മീരച്ചേച്ചി കോളേജിൽ വന്നില്ല. കുറച്ചു നാളുകൾക്കു ശേഷം കോളേജിൽ ആ വാർത്ത പരന്നു... മീര വേറൊരാളുടെ കൂടെ ഒളിച്ചോടി പോയത്രേ!

പിന്നീട് മീരച്ചേച്ചിയെ അവരാരും  കണ്ടിട്ടില്ല. ജീവിതം ആഘോഷമാക്കിയ ചേച്ചി എവിടെ ചെന്നെത്തിക്കാണു മെന്നു നിമ്മി വെറുതേ ആലോചിക്കാറുണ്ട്. 

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter