"ഭക്ഷണപ്രിയനല്ലേ,
നിൻ പ്രിയൻ, ഭീമസേനൻ!
ഒറ്റയ്ക്കു നിന്നൊരു
സേനയെ, വധിക്കാൻ
കെൽപ്പുള്ളവൻ!


ഇഷ്ടഭക്ഷണം നൽകി-
യെങ്ങനെയവനെ നീ
തൃപ്തനാക്കുന്നൂ,
എന്റെ മകളേ
കൃഷ്ണേ, ചൊല്ലൂ...l

പണ്ടവൻ വനവാസ-
കാലത്തു,ബകനെന്ന
ഘോര രാക്ഷസനു,
ഭക്ഷിക്കാൻ കൊണ്ടുപോയ
ഒരു വണ്ടി നിറച്ചുള്ള
ഭക്ഷണം മുഴുവനും
തനിയേ ഭക്ഷിച്ചതും,
ദ്വന്ദ യുദ്ധത്തിലന്നു
ബകനെ വധി,ച്ചൊരു
ഗ്രാമത്തെ രക്ഷിച്ചതു-
മേറെ ഞാൻ കേട്ടിട്ടുണ്ട്.

അങ്ങനെയുള്ള വായു-
പുത്രനും, സഹോദരർ,
കുന്തി മാതാവും ചേർന്നു-
ള്ളൊരു കുടുംബത്തിൽ,
എല്ലാർക്കും, നിറച്ചൂട്ടാൻ
ആ വനഭൂമി തന്നിൽ
എങ്ങനെ കഴിയുന്നു?
മകളേ പറയൂ നീ!

പാഞ്ചാല രാജ്യത്തിലെ
രാജകുമാരിയായി,
നൂറു ദാസിമാരാൽ
പരിചരിക്കപ്പെട്ടവൾ നീ!
പൂ പോലെ മൃദലമായ
പട്ടുമെത്തമേൽ ശയി-
ച്ചാവോളം സുഖങ്ങളും
ഭോഗങ്ങൾ,ഭുജിച്ച നീ,
ഇന്നീവിധം, ദീനയായി
കാനനവാസിയായി...
കാണുമ്പോൾ മകളേ...
ഞാനാകവേ ദുഃഖിക്കുന്നു."

അമ്മ തന്നാശങ്ക കേട്ടു
മേല്ലവേ ചിരിതൂകി,
സർവ്വാംഗ സുന്ദരിയാം
പാഞ്ചാലിയുരചെയ്തു...

"മാതാവേ... ദുഖിക്കേണ്ട,
എന്റെ ഭർത്താക്കന്മാർക്കു,
ഏകപത്നിയാം ഞാനോ...
ഏറ്റവും പ്രിയമുള്ളോൾ.
കുന്തി മാതാവിനെന്നെ
മക്കളേക്കാളും പ്രിയം.
കൃഷ്ണഭക്തയാമെന്നെ
കൃഷ്ണനുമേറെ പ്രിയം!

എത്രയും ശാന്തനെന്റെ
ഭർത്താവു,യുധിഷ്ഠിരൻ,
അത്രയും ബലവാനെൻ
പ്രിയനാം ഭീമസേനൻ.
സൗഗന്ധികപ്പൂ പോലും
വേണമെന്നാശിച്ചപ്പോൾ
എനിക്കായ് കൊണ്ടുവന്ന
വായുപുത്രനാം ഭീമൻ!

അസ്ത്രവിദ്യയിൽ അഗ്ര-
ഗണ്യനാമെന്റെ പാർത്ഥൻ,
എത്രയും വീരന്മാരായ
നകുലൻ സഹദേവൻ;

ഞങ്ങൾക്കുമതിഥികൾക്കും
മൃഷ്ടാന്നം ഭുജിക്കുവാൻ,
സൂര്യദേവൻ തന്നൊരു
അക്ഷയപാത്രമുണ്ട്!
ഭക്ഷണപ്രിയനായ
ഭീമനും മറ്റുള്ളോർക്കു-
മിഷ്ടമുള്ളതാം
ഭോജ്യങ്ങൾ,ആശപോൽ
നിറഞ്ഞിടും!

ഞാൻ കഴിച്ചീടും വരെ
ആരൊക്കെ വന്നെന്നാലും,
ആവോളം വിളമ്പാനായ്‌
അക്ഷയപാത്രം തരും.
അമ്മയെന്നെയോർത്തിനി
തെല്ലുമേ ദുഖിക്കേണ്ട,
കൊട്ടാര വാസത്തേക്കാൾ
വനവാസമെനിക്കിഷ്ടം!"

കൃഷണ തന്നുത്തരം കേട്ടു,
ഹൃദയം ശാന്തമാക്കി,
ദ്രുപദപത്നിയുമപ്പോൾ
ആനന്ദം പൂണ്ടേനല്ലോ!

കൂടുതൽ വായനയ്ക്ക്