മഴക്കാലത്ത് സ്കൂളിൽ പോകുക എന്നുള്ളത് വേറിട്ട അനുഭവമായിരുന്നു. പുസ്തകങ്ങളോടൊപ്പം വാങ്ങിയ കുടയെടുത്ത് പുറത്തിറങ്ങുമ്പോൾ തനിച്ചായിരിക്കും.എന്നാൽ സ്കൂൾ അടുക്കുന്തോറും കുടയെടുക്കാതെ വരുന്ന കൂട്ടുകാർ രണ്ടോ മൂന്നോ പേർ കുടക്കീഴിൽ ഉണ്ടാകും. നടക്കാൻ പോലും ബുദ്ധിമുട്ടി കഷ്ടിച്ച് തല നനയാതെ എല്ലാവരും സ്കൂളിൽ എത്തിച്ചേർന്നാൽ ഷർട്ടും നിക്കറും എല്ലാം നനഞ്ഞിട്ടുണ്ടാകും.

ഇന്നത്തെപ്പോലെ ഫാൻ ഒന്നുമില്ലാത്ത ക്ലാസ്സിൽ രണ്ടോമൂന്നോ പിരീഡ് നനഞ്ഞ വസ്ത്രവും ധരിച്ചാണ് കുട്ടികൾ ക്ലാസ് അറ്റൻഡ് ചെയ്തിരുന്നത്. ഇന്നത്തെ പോലെ ചെറിയ ഇടവേളകളിൽ പെയ്തൊഴിയുന്ന മഴ ആയിരുന്നില്ല അന്നൊക്കെ. നിന്ന് പെയുമായിരുന്നു. ക്ലാസ്സ് എടുക്കാൻ കഴിയാതെ അധ്യാപകർ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുകയായിരുന്നു പതിവ്. മഴ കാരണം വൈകിയെത്തുന്ന കുട്ടികൾ രണ്ടാമത്തെ പിരീടിന്റെ പകുതിയോളം വരെ വരുമായിരുന്നു. ഉണങ്ങി തുടങ്ങിയ വസ്ത്രങ്ങളെല്ലാം വീണ്ടും വശങ്ങളിൽ നനയാൻ തുടങ്ങും ഇവർ വന്നാൽ. എന്നാലും എല്ലാവരും കൂട്ടം കൂടി ഇരിക്കുമ്പോൾ കിട്ടുന്ന ചെറു ചൂട് ആശ്വാസം തന്നിരുന്നു.

രണ്ടാമത്തെ പിരീഡ് കഴിഞ്ഞ് ഇൻറർ വെല്ലിന്റെ സമയത്താണ് തിമിർത്തുപെയ്യുന്ന മഴ കുട്ടികൾക്ക് വില്ലനാകുന്നത്. കള്ളനും പോലീസും കളിക്കാനും കടയിൽ പോയി മിഠായി വാങ്ങാനുമൊന്നും കഴിയില്ല എന്നതാണ് കഷ്ടം. റോഡിന്റെ വശങ്ങളിൽ കച്ചവടം ചെയുന്നവരുടെ കാര്യവും പരിതാപകരമായിരുന്നു. പലരും വീട്ടിൽ നിന്നും അറിഞ്ഞും അറിയാതെയും കൊണ്ടുവരുന്ന പൈസ പോക്കറ്റിൽ തന്നെ കിടക്കും.

കടലാസ് തോണികൾ നിരവധി വെള്ളത്തിൽ ഇറങ്ങുന്ന സമയമാണ് മഴക്കാലം. കൂട്ടുകാരോടൊത്ത് ആകുമ്പോൾ അത് കൂടുതൽ രസകരമായിരുന്നു. പുതിയ നോട്ടുബുക്കുകൾ നിമിഷങ്ങൾ കൊണ്ട് പുറംചട്ട മാത്രമായി മാറും. അതിനു മുണ്ടായിരുന്നു ഉപയോഗം. ചെരിച്ചു എറിഞ്ഞു കളിക്കാൻ ഒന്നാന്തരം സാധനം.

പുത്തൻകുടക്കാർ മഴയത്ത് ഒന്നോരണ്ടോ പേരായി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കാണുമ്പോൾ കുടയില്ലാത്ത കുട്ടികളാണ് ഒരുപക്ഷേ വിഷമിച്ചിട്ട് ഉണ്ടാവുക. അന്ന് ട്ടു ഫോൾഡും ത്രീ ഫോൾഡും കുടകളല്ല ഉപയോഗിച്ചിരുന്നത്. നല്ല കറുപ്പ് നിറമുള്ള ശീലക്കുടകളായിരുന്നു. പഴയതാണെങ്കിൽ ചെറിയ സുഷിരങ്ങൾ നിറയെ കാണും. ആകാശം കാണാൻ പോന്ന കുടകളൊക്കെ ഉണ്ടാകും പരേഡിൽ. ഒരു കുടയിൽ നിന്നും ഓടി മറ്റൊരു കുടയിൽ കയറുന്ന ഒരു കളിയും അന്നുണ്ടായിരുന്നു. ഓട്ടത്തിനിടയിൽ ഒരിക്കൽ ചെളിവെള്ളത്തിൽ വീണ സഹപാഠിയുടെ രൂപം ഇന്നും ചിരിയുതിർക്കാൻ പോന്ന സംഭവമാണ്. ജാള്യതയോടെ പുസ്തകവുമെടുത്തു പോയ പോക്ക് ഇപ്പോഴും ഓർക്കുന്നു.

തണുത്ത് വിറങ്ങലിച്ച വിരലുകളാൽ കുടകളുടെ കൈപിടികളിൽ അമർത്തി നടക്കുമ്പോൾ പ്ലാസ്റ്റിക് കൈപിടികൾക്കു എന്തെന്നില്ലാത്ത അല്ലെങ്കിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു മാദക ഗന്ധം ഉണ്ടായിരുന്നു. പലപ്പോഴും മണത്താൽ ആസക്തരായി കൈപ്പിടിയിൽ കടിക്കുകയോ നാസികാഗ്രം മുട്ടിച് ഗന്ധം മതിവരുവോളം ആവാഹിക്കുകയോ ചെയ്തിരുന്നു.

വൈകി വരുന്ന കുട്ടികൾ സാധു കുടുംബത്തിൽ ഉള്ളവരാണെങ്കിൽ തലയ്ക്കുമുകളിൽ വാഴയിലയോ ചേമ്പിലയോ ഉണ്ടാകും. സ്കൂൾ ബാഗ് അന്ന് പ്രചാരത്തിൽ ഇല്ലായിരുന്നു. അൻപത് പൈസയ്ക്ക് വാങ്ങാൻ കിട്ടുന്ന കൊളുത്തുകൾ ഉള്ള ഒരു സ്ട്രാപ്പാണ് പുസ്തകങ്ങൾ ഒരുമിച്ച് കെട്ടാൻ ഉപയോഗിച്ചിരുന്നത്. ഇൻസ്ട്രുമെൻസ് ബോക്സ് ഹൈസ്കൂളിലെ വിദ്യാർഥികൾ മാത്രം ഉപയോഗിച്ചിരുന്ന അപൂർവ്വ വസ്തുവായിരുന്നു. കോമ്പസ് ആണ് ബോക്സിലെ താരം. ചളി പിടിച്ച ഡസ്കിനു മുകളിൽ കുത്തി ചിത്രം വരയ്ക്കാനും പേരെഴുതി വെക്കാനുമാണ് കോമ്പസ് കാര്യമായി ഉപയോഗിച്ചിരുന്നത് അല്ലാതെ കണക്ക് പഠിക്കാൻ ആയിരുന്നില്ല. സ്കെയിൽ ഉപയോഗിക്കുമായിരുനെങ്കിലും അതിലെ മറ്റു പല ഉപകരണങ്ങളും എന്തിനാണെന്ന് പോലും അന്ന് അറിയാമായിരുന്നില്ല. പെൻസിൽ വച്ച് വൃത്തങ്ങൾ വരയ്ക്കാൻ അതിലൊന്ന് ഉപയോഗിച്ചിരുന്നു.

മഴ നനഞ്ഞ പുസ്തകങ്ങളിൽ അച്ചടിച്ച അക്ഷരങ്ങളും മഷി കൊണ്ട് എഴുതിയ അക്ഷരങ്ങളും പകുതിയോളം പരന്നിട്ടുണ്ടാകും പലപ്പോഴും. ഇന്നത്തെപ്പോലെ ബോൾ പോയെന്റഡ് പെന്നായിരുന്നില്ല അന്ന് കുട്ടികൾ ഉപയോഗിച്ചിരുന്നത്. വീണ്ടും മഷി നിറയ്ക്കാൻ പറ്റുന്ന പാർക്കർ പേന പോലുള്ളവയാണ് ഉപയോഗിച്ചിരുന്നത്. അതിൻറെ സ്വർണ നിറമുള്ള നിബ് ഇന്നും ഓർമ്മയിൽ തിളക്കത്തോടെ നിൽക്കുന്നു. എഴുതാതെ ആയാൽ അന്ന് വിദ്യാർത്ഥികൾ തന്നെയാണ് കേടുപാടുകൾ നീക്കുക. നിബ് മാത്രമായിട്ട് കടകളിൽ നിന്നും വാങ്ങാൻ കിട്ടും.

വിദേശത്തുനിന്ന്, അതായത്, മലായിൽ നിന്നായിരുന്നു കൂടുതൽ പേനകൾ കുട്ടികൾ കൊണ്ടുവരാറുള്ളത്. മിക്കവാറും എല്ലാ കുട്ടികളുടെ കൈയിലും അന്ന് ഒരു മഷിക്കുപ്പിയും ഉണ്ടാകും. ബ്രിൽ എന്ന ഒരു ബ്രാൻഡ് എന്ന വളരെ പ്രശസ്തമായിരുന്നു. 'പെന്നു ലീക്ക് 'അടിക്കുക എന്നൊരു പ്രശ്നം മിക്കവരും നേരിട്ടിരുന്നു. കയ്യിലും പോക്കറ്റിലും എല്ലാം മഷി പരക്കുന്ന വിലകുറവുള്ള ഇനം പേനകളാണ് മറ്റ് കുട്ടികൾ ഉപയോഗിച്ചിരുന്നത്.

പരസ്പരം വഴക്ക് അടിക്കുമ്പോൾ 'പേന കുടയുക ' എന്ന ഒരു കലാപരിപാടി കുട്ടികളുടെ ഇടയിൽ ഉണ്ടായിരുന്നു. മിക്കവാറും പിന്നിലിരിക്കുന്ന കുട്ടികൾ മുന്നിലിരിക്കുന്ന കുട്ടികളുടെ ഷർട്ടിന്റെ പിൻഭാഗത്താണ് മഷി തെളിക്കുക. വീട്ടിൽ വസ്ത്രം കഴുകാൻ അമ്മ ഷർട്ട് എടുക്കുമ്പോൾ ആണിത് ഞങ്ങൾ അറിയുക.

ഇത്തരം കാര്യങ്ങൾ എഴുതി തുടങ്ങിയാൽ അവസാനിക്കില്ല. വീണ്ടും വീണ്ടും എഴുതാനും ഓർമ്മകൾ പങ്കിടാനും ഒരുപാടുണ്ട് വിദ്യാർത്ഥി ജീവിതങ്ങളിൽ. ചില കാര്യങ്ങൾ എഴുതാൻ വയ്യ കാരണം അന്നത്തെ അധ്യാപകർ തന്നെ ഞെട്ടി പോകും വായിച്ചാൽ. കുട്ടികൾ മാത്രം ശ്രദ്ധിക്കുന്ന കുറെ കഥകൾ കുട്ടികളുടെ ഇടയിൽ മാത്രം ചർച്ച ചെയപെടുന്നവയാണ് . ' പട്ടിയുണ്ടോ 'എന്ന് ചോദിക്കുന്ന ഇന്നസെന്റിനെ ഓർമിപ്പിച്ചു നിർത്തുന്നു.