മുറ്റത്തെ തേൻ വരിക്കയിലെ മുള്ളുകൾ വിരിഞ്ഞു മൂത്ത് പാകമായ ചക്ക വലിയ കയറു കെട്ടി നിലത്ത് വീഴാതെ, അച്ഛൻ താഴെ ഇറക്കുന്നതും നിലം തൊടും മുമ്പ് അമ്മ ചക്ക താങ്ങി പിടിക്കുന്നതും എത്രയോ തവണ ഞാൻ നോക്കി നിന്നിട്ടുണ്ട്. അന്ന്, ചക്ക കായ്ച്ചിട്ടില്ലാത്ത ഒരു ദിവസം ചെറിയച്ഛനും, അയലത്തെ ദാസേട്ടനും വേറെ ഒന്നുരണ്ടു പേരും ചേർന്ന് തേൻ വരിക്കയുടെ കൊമ്പിൽ തൂങ്ങി നിന്ന അച്ഛനെ വീഴാതെ താഴെ ഇറക്കുന്നത് ഒരു മിന്നായം പോലെയേ കണ്ടുള്ളു.

അതിനുമുമ്പേ വലിയമ്മയുടെ കൈകൾ എന്റെ കാഴ്ചയെ മറച്ചു. കൈകൾ തട്ടിമാറ്റാൻ ശ്രമിച്ച എന്നെയും വാരിയെടുത്തു വല്യമ്മ മുറിയിലേക്ക് പോയി. മുറിയിൽ നിർവികാരയായി ചലനമറ്റിരുന്ന അമ്മ എന്നെ കണ്ടതും കെട്ടിപിടിച്ചു ഉച്ചത്തിൽ കരഞ്ഞു. ഒരു ഉറക്കമെഴുനേറ്റപ്പോൾ തെക്കേ പറമ്പിലേക്ക് ചുണ്ടി അമ്മ പറഞ്ഞു "അവിടെ ആണ് ഇനി മോന്റെ അച്ഛൻ " പൂജാമുറിയിൽ അമ്മ കത്തിച്ചു വയ്ക്കുന്ന ചന്ദനത്തിരിയുടെ പുകപോലെ ചിലപ്പോൾ വലിയ ഒരുകൂട്ടം ചന്ദന തിരി ഒന്നിച്ചു കത്തിച്ച ധൂപം പോലെയോ ഉയർന്നുപോകുന്ന നേർത്ത പുക അല്ലാതെ അമ്മ ചൂണ്ടി കാട്ടിത്തന്ന തെക്കേ പറമ്പിൽ, അച്ഛനെ മാത്രം കണ്ടെത്തുവാൻ എന്റെ ഉറക്കം തെളിയാത്ത കണ്ണുകൾക്ക് അന്ന് കഴിഞ്ഞിരുന്നില്ല. അച്ഛൻ ആത്മഹത്യ ചെയ്തു എന്ന് തിരിച്ചറിയുവാൻ മാത്രമുള്ള പ്രായം അന്നെനിക്കായിരുന്നില്ല. അതിനു ശേഷം ഒഴുകി തുടങ്ങിയ അമ്മയുടെ കവിളിലെ നീർച്ചാലുകൾ പിനീട് എത്രയോ വലിയ വേനലുകളിലും വരണ്ടുപോകാതെ ഉറവ എടുത്തുകൊണ്ടിരുന്നു.


"അമ്മേടെ കണ്ണീരുമായണെങ്കിൽ ഇനി മോൻ പഠിച്ചു വലിയ ആളാകണം, അപ്പൊ അമ്മേടെ കണ്ണീരു താനേ മാറും" ഇടക്കിടക്ക് വല്യമ്മ ആ കാര്യം എന്റെ കുഞ്ഞു മനസ്സിനെ ഓർമപെടുത്തിക്കൊണ്ടേ ഇരുന്നു. തേൻ വരിക്ക കാലങ്ങൾ പിന്നെയും ഏറെ കടന്നുപോയി. അപ്പോളേക്കും അമ്മ കൂടുതൽ കൂടുതൽ ഇരുട്ടിലേക്ക് പിൻവാങ്ങി തുടങ്ങിയിരുന്നു. ഏതോ ശാപം പോലെ കയറിയ കയ്പ്പ് പടർന്നു പടർന്നു തേൻ വരിക്ക ആർക്കും വേണ്ടാതെ, അപശകുനമായി, അച്ഛന് മാത്രം അറിയാവുന്ന രഹസ്യത്തിന്റെ ഏക സാക്ഷി യായി വീടിന്റെ പടിഞ്ഞാറേ മൂലയിൽ വളർന്നു നിന്നു.