നമ്മളും ഇതു പറഞ്ഞിട്ടുണ്ടാകും. നേരിട്ടു പറഞ്ഞില്ലെങ്കിൽ, മനസ്സിലെങ്കിലും പറഞ്ഞുകാണും. അല്ലെങ്കിൽ ഇങ്ങനെ ചിന്തിച്ചു കാണും. "ഇങ്ങേർക്ക് വയസ്സുകാലത്തു വീട്ടിൽ ചുമ്മാതെ കുത്തിയിരുന്നുടെ?" മറ്റൊരു മനോഗതം ഇങ്ങനെയാണ്, "വാരിക്കൂട്ടിയില്ലേ, ഇനിയെങ്കിലും ഒന്നു വിശ്രമിച്ചു കൂടെ?"

സത്യത്തിൽ നമ്മുടെ വിവരക്കേടുകൊണ്ടല്ലെ ഇതു ചോദിക്കുന്നത്. മറ്റുള്ളവരുടെ കാര്യം നമ്മളല്ലല്ലോ തീരുമാനിക്കേണ്ടത്. അല്ലെങ്കിൽ തന്നെ ആർക്കാണ് വെറുതെയിരിക്കാൻ കഴിയുക.

ഒരു സുപ്രഭാതത്തിൽ നിങ്ങളുടെ എംപ്ലോയർ നിങ്ങളോടു ഇങ്ങനെ പറയുന്നു എന്നു കരുതുക. "ഇന്നു നിങ്ങൾ ഒന്നും ചെയ്യാതെയിരുന്നാൽ, ഒരു മാസത്തെ ശമ്പളം വൈകിട്ട് നിങ്ങൾക്കു ലഭിക്കും." പത്തു മിനിട്ടു പോലും ഒന്നും ചെയ്യാതെയിരിക്കാൻ കഴിയാത്ത നിങ്ങളാണ് 8 മണിക്കൂർ ഇങ്ങനെ കഴിയേണ്ടത്. നിങ്ങൾ മറ്റൊരാളോടു സംസാരിക്കാൻ പാടില്ല. മൊബൈലിൽ കുത്തിക്കളിക്കാൻ പാടില്ല. കമ്പ്യൂട്ടർ സ്‌ക്രീനിൽ തെന്നി നടക്കാൻ പാടില്ല. ഇരിപ്പിടത്തിൽ നിന്നും മൂത്രമൊഴിക്കാനും, ഭക്ഷണത്തിനും അല്ലാതെ എഴുനേൽക്കാൻ പാടില്ല. ഇതിനാണല്ലോ നമ്മൾ നരകം എന്നു പറയുന്നത്!

പണത്തോടുള്ള ആർത്തി കാരണം എങ്ങനെയെങ്കിലും നിങ്ങൾ 8 മണിക്കൂർ ഇപ്രകാരം തരണം ചെയ്തു എന്നു കരുതുക. ഒരാഴ്ച ഇങ്ങനെ തുടർന്നാൽ നിങ്ങൾ ഒരു രോഗിയായിത്തീരില്ല എന്നതിന് എന്താണുറപ്പ്. മാനസികമായും, ശാരീരികമായും നിങ്ങൾ തളർന്നു പോകില്ല എന്നു കരുതാൻ കഴിയുമോ? ചുറ്റമുള്ളവരെ വെറുപ്പിക്കുന്നതരത്തിൽ നിങ്ങളുടെ ബിഹേവിയർ (പെരുമാറ്റം) മാറില്ല എന്ന് കരുതാമോ? ഇപ്പറഞ്ഞതെല്ലാം സംഭവിക്കാം.

മനുഷ്യന് അത്യന്താപേക്ഷിതമായ രണ്ടുകാര്യങ്ങളാണ് മാനസികവും, ശാരീരികവുമായ ആരോഗ്യം. അതിനു ഭക്ഷണത്തോടൊപ്പം, ശരീരത്തിനും മനസ്സിനും വ്യായാമം വേണം. ഇഷ്ടമുള്ള പ്രവർത്തികളിൽ വ്യാപാരിക്കുന്നത് മനസ്സിനു സന്തോഷം പകരും എന്നതുപോലെ തന്നെ നല്ലതല്ലാത്ത പ്രവർത്തികളിലും ചിന്തകളിലും ചെന്നു ചാടാതിരിക്കാനും സഹായിക്കും. ഇതുകൊണ്ടു കൂടിയാണ് പെൻഷൻ ആയവർ തൊഴിൽ ചെയ്യാൻ പോകുന്നത്. ജോലിയിൽ നിന്നും വിരമിക്കുന്നതോടെ, ഏകാന്തതയിലേക്കു കൂപ്പുകുത്തി, രോഗിയായി മാറാതിരിക്കാൻ, മരിക്കുന്നതു വരെ ഇഷ്ടമുള്ള പ്രവർത്തികളിൽ ഏർപ്പെടുക എന്നത് അനിവാര്യമാണ്.

ഇനിയും നിങ്ങൾ സ്വയം ചോദിക്കുക. "പെൻഷൻ പറ്റിയാൽ, ഞാൻ വീട്ടിൽ വെറുതെ ഇരിക്കുമോ?" ഉത്തരം ഒരു പോസ്റ്റ് കാർഡിൽ എഴുതി, സ്വന്തം മേൽവിലാസത്തിൽ അയയ്ക്കുക.

 

കൂടുതൽ വായനയ്ക്ക്