നിന്റെ വിരലിലെ നഖമാണ് എന്റെ പ്രണയം.

ഒരിക്കൽ നീ അതിനെ വിരലുകൾക്കു മേലെ വളർത്തി വർണാഭമായ നെയിൽ പോളിഷുകൾ പുരട്ടി നിന്റെ ശ്വാസത്താൽ ഊതി മിനുക്കി സൂക്ഷിച്ചിരുന്നു.



ഇടയ്ക്ക് അലക്ഷ്യമായി നടക്കാൻ തുടങ്ങിയപ്പോൾ നീ നിന്റെ നഖങ്ങളെ പരിചരിക്കുന്നതിൽനിന്ന് ഒഴിഞ്ഞു മാറാൻ തുടങ്ങി.
മിനുക്കി വളർത്തിയവയിൽ മൂർച്ചയുള്ള മുനകൾ പ്രത്യക്ഷപ്പെട്ടു.
അവ നിന്നെ ഊണിലും ഉറക്കത്തിലും പരുക്കനായി മാന്തുവാൻ തുടങ്ങി.
ദുസ്സഹമായ പ്രകോപനങ്ങളിൽ നിന്നു രക്ഷ നേടാൻ
വളരുന്തോറും നീയതിനെ ക്രൂരമായി വെട്ടിക്കളഞ്ഞു.
നിരന്തരമായി വെട്ടി വെർപെടുത്തുമ്പോൾ
വേദന കൊണ്ട് പുളയുന്ന നഖങ്ങളുടെ കരച്ചിൽ നീ കേട്ടതേയില്ല.



നഖങ്ങളുടെ നിലവിളികൾ

"വെട്ടാനെങ്കിൽ എന്തിനു നീയെന്നെ വളരാൻ അനുവദിക്കുന്നു?
നീ വെട്ടുന്തോറും ഞാൻ പൂർവ്വാധികം ബഹുലമായി വളർന്നു കൊണ്ടേയിരിക്കും"

നീയാ വിരലുകൾ വെട്ടിമുറിച്ച് കളയൂ
എങ്കിലെനിക്കീ വേദന തുടരെ തുടരെ സഹിക്കേണ്ടതില്ലല്ലോ എന്ന ഉറക്കെ പറയണമെന്നുണ്ടായിരുന്നു.
എന്നാലത് നിനക്ക് നീറ്റലുണ്ടാക്കുമെന്നും എന്നെ വെട്ടി മുറിച്ചു കളയുമ്പോൾ ആ വേദന എന്നിൽ മാത്രമടിഞ്ഞില്ലാതാവുമെന്ന് നിനക്ക് നന്നായി അറിയാമായിരുന്നു എന്ന തിരിച്ചറിവ് എന്നെ പിന്തിരിപ്പിച്ചു.

ഞാൻ നിന്നോട് ചേർന്ന് ജീവിക്കാൻ നിശ്ചയിച്ചു.
കഠിനമായ വേദനകൾ സഹിച്ചുകൊണ്ടു തന്നെ.
അന്നു നിന്നെ മാന്തിയതും നീറ്റിയതും നിന്റെ സ്നേഹം എനിക്കു മാത്രമേ ആകാവൂ എന്ന നിർബന്ധബുദ്ധിയിൽ നിന്ന് ഉരുത്തിരിഞ്ഞ പ്രഹസനങ്ങളായി കാണൂ ഇനി.....
എങ്കിലും ഒന്നോർക്കുക മണ്ണു നിന്നെ കാർന്നു തിന്നാൻ തുടങ്ങിയാലും ഞാൻ ബാക്കിയുണ്ടാവും അനന്തമായ സ്നേഹത്തിന്റെ ശേഷിപ്പായി...