ചില കിറുക്കുകൾക്ക് പിന്നിലെ ശാസ്ത്രീയവശം തിരയുമ്പോൾ അത് നമ്മുടെ സ്വഭാവസവിശേഷതയുടെ അടിത്തറയായി നിലകൊള്ളുന്നത് കാണാം.  അങ്ങനെ ചില കിറുക്കുകളും,  അര വട്ടുകളും ആത്മാർത്ഥതയുടെയും,  വൈകാരികതയുടെയും കൈ പിടിച്ചു  ജീവസുറ്റ യാഥാർഥ്യബോധത്തെ കണ്ടു പകച്ചു പണ്ടാരം അടങ്ങിയിട്ടുണ്ട്. 

'എത്ര പക്വത നേടിയാലും ഉള്ളിലെ പക്വത കുറവ് 'ആരും കാണാതിരിക്കാൻ ഒളിപ്പിച്ചു വെച്ച് ഗൗരവത്തിന്റെ മുഖമൂടി അണിയുന്ന നമ്മുടെ ഒരു പെടാപ്പാടെ...
കുറവുകൾ എടുത്ത് പറയുന്നവനെ നോക്കി പൂട്ടിയ ചുണ്ടുകൾക്കിടയിലെ പല്ലിറുമ്മി പച്ച ചിരി., തങ്ങളേക്കാൾ കൂടുതൽ കഴിവുള്ളവനെ അംഗീകരിക്കാതെ 'അതുക്കും മേലെ 'താനെന്ന് വരുത്തിത്തീർക്കാനുള്ള വ്യഗ്രത, തോളിൽ തട്ടി അഭിനന്ദിക്കേണ്ടവനോട്‌ 'മാസ്കിട്ടും അകലം പാലിക്കുന്നവർ'.
തീർന്നില്ല  ഒരിക്കലും അനുഭവിച്ചറിയാത്ത വൈകാരികത നിറച്ചുകൊണ്ട് പൊള്ളയായ പ്രകടനങ്ങളും,  എഴുത്തുകളും.
പിന്നെ നമ്മൾ എപ്പോഴും കാണാറുള്ള പറയാറുള്ള മാന്യതയുടെ മുഖം മൂടി അണിഞ്ഞ പൊയ്മുഖങ്ങൾ,
സ്നേഹാഭിനയം വാരിവിതറുന്നവർ, പകരം  വീട്ടലുകളുടെയും,  പണി കൊടുക്കലു  കളുടെയും,  പരദൂഷണങ്ങളുടെയും  ചാപല്യങ്ങൾ.
ചൊറിച്ചിലുണ്ടാക്കുന്ന ചാപല്യങ്ങൾ ആണ് എങ്കിലും ഇതെല്ലാം ചില സ്വഭാവവിശേഷതകൾ തന്നെയാണ്. വിശേഷതയോ...  മനുഷ്യന്റെ ദൂഷ്യതകളാം വിശേഷത. എന്നിരുന്നാലും ഈ ചാപല്യങ്ങൾ ഒക്കെ ഉണ്ടെങ്കിലും നന്മയെ ഉമ്മവയ്ക്കുന്ന, ആത്മാർത്ഥത കൊണ്ട് അമ്മാനമാടുന്ന, ഊഷ്മളതയ്ക്കു മേൽ വട്ടം ചാടുന്ന, സ്വാതന്ത്ര്യത്തിനു  വല വിരിക്കുന്ന ഒരു അത്ഭുത പ്രതിഭാസമാണ് മനുഷ്യൻ. ഈ  ചിന്തകളെയും കവച്ചുവെക്കുന്ന മറ്റുചില കിറുക്കൻ ചാപല്യ വിശേഷതകളിലേക്കാണ് എന്റെ തിരനോട്ടം.
'എനിക്കുള്ള പ്രത്യേകതകൾ മറ്റുള്ളവർക്കും ഉണ്ടോ എന്ന ഊർജിതമായ അന്വേഷണങ്ങളും കണ്ടെത്തലുകളും കൊണ്ട്  നിറഞ്ഞു തീരും  മനുഷ്യ ജീവിതം അല്ലെ . ഇതൊക്കെ പോസിറ്റീവ് ചിന്തകൾ ആയി സ്റ്റാറ്റസ് ഇട്ടാൽ ലൈക്കുകളുടെയും  കമന്റുകളുടെയും കൂമ്പാരം ആയിരിക്കും എന്നെക്കൊണ്ട് വയ്യേ..... 
ഇനി എന്റെ ചില കിറുക്കുകൾ അല്ല നന്മകൾ അതുമല്ല ചാപല്യങ്ങൾ മതി മതി എന്തുവേണമെങ്കിലും കരുതിക്കോളൂ.
വളർന്നിട്ടും മാറ്റാൻ കഴിയാത്ത ശീലങ്ങൾ, ചിന്തകൾ വളരെ രസകരമായിരിക്കും.
പച്ച, ചുവപ്പ്, നീല, കറുപ്പ്, വെള്ള, മഞ്ഞ ഇവയിൽ ഏത് നിറം ആണ് ഇഷ്ടം എന്ന് ചോദിച്ചാൽ എല്ലാ നിറങ്ങളോടും  എനിക്ക് പ്രണയമാണ്. ഒരു നിറം പറഞ്ഞാൽ മറ്റേതിനെ കുറിച്ച് ഓർത്തു മനസ്സ് സംവാദത്തിൽ ഏർപ്പെടും. ജെംസ് മിട്ടായി പോപ്പിൻസ് മിട്ടായിമൊക്കെ വർണ്ണപ്പൊലിമ കൊണ്ട് എന്നെ വശത്താക്കിയതാണ്  കേട്ടോ അല്ലെങ്കിൽ ഒന്നിൽ ഉറച്ചു നിൽക്കാൻ കഴിയാത്ത എന്റെ സ്വഭാവ സവിശേഷതയാണ്. നിറങ്ങളോടുള്ള ഭ്രമം കാരണം ചിത്രരചനയും, വസ്ത്രം തെരഞ്ഞെടുപ്പുമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം മിഠായിത്തെരുവിലെ സ്റ്റോക്ക് ക്ലിയറൻസ് സെയിലിൽ കയറിയ പോലെ ഏത് എടുക്കണം എന്നറിയാതെ എന്നെ തളർത്തും.  പൂത്തുമ്പിയെ പോലെ പാറി നടക്കുന്ന മനസ്സുപോലെ വർണ്ണ പ്രപഞ്ചത്തിൽ അർമാദിച്ച് അർമാദിച്ചു.  അപ്പോൾ പിന്നെ പൂക്കളുടെ കാര്യം പറയേണ്ടതില്ലല്ലോ. മുറ്റത്തെ മുല്ലയ്ക്കു മണമുണ്ട്****** മണമില്ലാത്ത കടലാസ് പൂവ് ആയാലും, ചെവിയിൽ തിരുകി വയ്ക്കേണ്ട ചെമ്പരത്തിപ്പൂവ് ആയാലും, പോരിൻ ഇറങ്ങിയ പോലെ വിജൃഭിച്ച് നിൽക്കുന്ന വാടാ മല്ലികയും, പ്രണയോപഹാരം ആയ റോസാപ്പൂവും,  വായിൽ കൊള്ളാത്ത പേരുകളും ഇനങ്ങളും ആയ പൂക്കൾ ഏതായാലും അത് എന്റെ വീക്നെസ്സ് തന്നെയാണ്.
ഇനി വൈകാരികതയുടെ കാര്യത്തിലാണെങ്കിലും ബഹുകേമി. പറ്റുന്നതെല്ലാം ചുറുചുറുക്കോടെ ഏറ്റെടുത്തു  ആത്മാർത്ഥതയ്ക്ക് പര്യായമായി 'പേരു ഗുണവും, പേര് ദോഷവും' വാങ്ങി കൂട്ടിയവൾ.
കൂടെ നിൽക്കുന്ന പ്രിയപ്പെട്ടവർക്ക് വേണ്ടി വാളെടുത്തു പയറ്റി മറ്റുള്ളവരുടെ കണ്ണിലെ കരട് ആകുന്ന ഉണ്ണിയാർച്ച. നമ്മിൽ പലരും അങ്ങനെ തന്നെയല്ലേ! പലപ്പോഴും
'അടുപ്പത്തിലും അകൽച്ച സൂക്ഷിക്കാതെ തുറന്ന മനസോടെ ഇടപെടുക എന്നാൽ നന്മ തന്നെയാണ്.... കാലോചിതം അല്ല എന്നു മാത്രം. '
'ചർച്ചാവിഷയമായ തിരഞ്ഞെടുപ്പ് പോലെയാണ് ജീവിതവും. തോറ്റാലും ജയിച്ചാലും മുന്നേറാൻ കുതികുത്തി കൊണ്ടിരിക്കും മനസ്സാണ് അവിടെ പ്രധാനം,  പദവിയും പട്ടവും അല്ല.'
അങ്ങനെ നോക്കിയാൽ* തോറ്റ വിജയിയാണ് ഞാൻ. തോറ്റത് ഞാനും ബലികൊടുത്തത് എന്റെ ആത്മാർത്ഥതയും, വിജയിച്ചതന്റെ കഴിവുമാണ്.*
അനുഭവങ്ങളുടെ തീച്ചൂളയിൽ  വെന്തുരുകിയ വെങ്കലത്തിന്റെ തീക്ഷ്ണ തിളക്കമാണ് എന്റെ അക്ഷരങ്ങൾക്ക്.
ഇനി പൊട്ടാത്ത നൂലുകൊണ്ട് കെട്ടിയ പട്ടം ആണെങ്കിലും, കെട്ട് കഴിഞ്ഞാൽ എന്ത് ചെയ്യും?
സ്വരച്ചേർച്ചയില്ലായ്മയോ, പ്രശ്നങ്ങളോ  ഉണ്ടായാൽ തിരിച്ചും മറിച്ചും ഉരുവിട്ടു ചിന്തിച്ചു കൂട്ടിലടച്ച വെരുകിനെ പോലെ ആകും മനസ്സ്. അവിടെ തന്നെതാൻ മാടമ്പള്ളിയിലെ മാനസിക രോഗിയും, നേരിനു വേണ്ടി നിലകൊണ്ട ചങ്കൂറ്റവും, നിസ്സഹായതയും കൊണ്ട് വടം വലിയാണ്........ ശോ എന്ത് കഷ്ടം.
ആ രാത്രി നിദ്രാദേവി അനുഗ്രഹിക്കാതെ  കിടക്കുമ്പോൾ "എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ!" എന്ന് എത്ര വട്ടം മനസ്സ് പാടിയിട്ടുണ്ട്.

ഇനി ഇഷ്ടമില്ലാത്തത് കേട്ട് തിരിച്ചൊന്നും പറയാനാകാതെ സഹിക്കേണ്ടി വന്ന സാഹചര്യവും,  ചിലപ്പോൾ അപമാനഭാരത്താൽ നാണക്കേട് കൊണ്ട് തലതാഴ്ത്തി പിടിച്ചതും ഒക്കെ ഓർമ്മയുടെ തുലാഭാരം നടത്തുമ്പോൾ.......ഉണ്ടല്ലോ  അടിച്ചു പരത്തി,  ചവിട്ടികൂട്ടി, ഒടിച്ചു മടക്കി യേനെ അല്ല പിന്നെ,,,,

നിശബ്ദതയെ ഇഷ്ടമാണെങ്കിലും ചില നിശബ്ദതകൾ അസഹനീയമാണ്. ചിലപ്പോൾ പരീക്ഷാഹാളിൽ ഉത്തരം കിട്ടാതെ തല പുകയ്ക്കുമ്പോൾ വിളിച്ചുകൂവാൻ തോന്നാറുണ്ട്. ചില നിശബ്ദതകൾ നമ്മളെ വേട്ടയാടുന്നത് ഉള്ളിലെ കുട്ടിത്തത്തിനു വിലങ്ങു വീഴുമ്പോഴാണ്. കുട്ടിത്തം എന്നാൽ ആഹ്ലാദത്തിനു കടിഞ്ഞാണില്ലാതെ, സങ്കടം വന്നാൽ അലറി കരഞ്ഞു,  ദേഷ്യം വന്നാൽ നുള്ളി പറിച്ചു, കിട്ടാത്തത് വാശി പിടിച്ചു തട്ടിപ്പറിച്ചെടുത്തും  തുള്ളിച്ചാടുന്ന മനസ്സ്. അവിടെ ഒട്ടും നിയന്ത്രണമില്ല അതിന് പ്രസക്തിയുമില്ല. സമസ്ത വികാരങ്ങൾക്കും നിയന്ത്രണമിട്ടു  കൊണ്ട് മറ്റുള്ളവരെ പേടിച്ച് അഭിനയിച്ച് ഫലിപ്പിക്കണ്ട........ ആഹാ എന്തു രസം!! ആകുലതകളില്ലാതെ കളിച്ചു രസിക്കാൻ വേണ്ടി, നേരം വെളുക്കുന്നു, രാത്രിയാവുന്നു.

കാർമേഘം കണ്ടാൽ നൃത്തം ചവിട്ടുന്ന മയിലിനെ പോലെ മനസ്സ് ഉണ്ടാവില്ലേ.... എന്ത് ചെയ്യാനാ.....  മൈക്കിൾ ജാക്സനെയും  ശോഭനയെക്കാളുമൊക്കെ പിന്നിലാക്കുന്ന വേർസറ്റാലി സ്റ്റൈൽ, താളം തുടികൊട്ടും  പാട്ട് കേൾക്കുമ്പോൾ ചിത്രയും ശ്രേയ ഘോശാലേയുമൊക്കെ കവച്ചുവെച്ച് മുന്നണി ഗായികയായി ഒരു കീച്ചങ്  കീച്ചും. പിന്നെ ജീവിത വേദിയിൽ സന്ദർഭോചിതമായി വരുന്ന രംഗങ്ങൾക്ക് ഓസ്കാർ വരെ നേടുന്ന അഭിനയ പ്രതിഭ കാഴ്ച വച്ചു തകർക്കും,,,,,,,,,, ഒരിക്കലെങ്കിലും വരാനിരിക്കുന്ന വിശേഷപ്പെട്ട മുഹൂർത്തങ്ങൾ അഭിമുഖീകരിക്കാൻ വേണ്ടി കണ്ണാടി അഭിനേതാവാത്തവരായി  ആരെങ്കിലുമുണ്ടോ? ഇല്ല എന്നാണ് എന്റെ പക്ഷം.
ഇനി നമുക്ക് പ്രണയത്തെ കുറിച്ച് പറയാം. പ്രണയം ഇല്ലാത്തവരും ഒരിക്കലെങ്കിലും പ്രണയിക്കാത്തവരുമായി ഈ ഭൂമിയിൽ ആരും ഇല്ല എന്നല്ലേ പ്രണയ വിദ്വാന്മാരുടെ അഭിപ്രായം. അതേ പ്രണയം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരം. 'നിന്നോടെനിക്കുള്ള പ്രണയ'ത്തെ കുറിച്ച് പറയാൻ ഈ ഭൂമി മലയാളത്തിൽ പുതിയ വാക്കുകൾ കണ്ടെത്തേണ്ടിവരും.


നമ്മൾക്ക് എത്ര വയസ്സായാലും പ്രണയിക്കപെടാനുള്ള ഒരു മനസ്സ് നമ്മുടെ ഉള്ളിൽ ഉണ്ടാവും എന്നാണ് എന്റെ ഒരു ഗവേഷണഫലം. തീഷ്ണമായ പ്രണയം സ്നേഹമാണ്, ഇഷ്ടമാണ്, കരുതലാണ്, ലാളനയാണ്,  വാത്സല്യമാണ്, പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തെല്ലാമോ ആണ്. നേരത്തെ പറഞ്ഞില്ലേ ഇതിന് നിഘണ്ടുവിൽ ഇല്ലാത്ത പദങ്ങൾ തേടേണ്ടിവരും. മതി മതി  നമുക്ക് തിരിച്ചു ഇറങ്ങാം അല്ലെ.......... അരക്കിറുക്കന്റെ  മുഴു കിറുക്കിലൂടെ യാഥാർത്ഥ്യത്തെ അംഗീകരിച്ചു കൊണ്ട്, ആത്മാർത്ഥതയെ  സ്വാംശീകരിച്ചു കൊണ്ട്, നേരിൻ വിപ്ലവം സൃഷ്ടിച്ചു കൊണ്ട് കാടു കയറിയ ചിന്തകൾക്ക് വിരാമമിടാം.
 
ഒത്തിരി സ്നേഹവും ഇത്തിരി അരക്കിറുക്കുമോടെ........