ഇരകൾ ...........               

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മാസ്റ്റർ ക്രാഫ്റ്റ്മാൻമാരിലൊരാളായാണ്  കെ ജി ജോര്‍ജ്‌ എന്ന ചലച്ചിത്രകാരനെ വിശേഷിപ്പിക്കുന്നത്‌. അദ്ധേഹത്തിൻ്റെ  'ഇരകൾ എന്ന ചലച്ചിത്രം ആ

വിശേഷണത്തെ അടിവരയിടുന്നതാണ്. ഒപ്പം ചലച്ചിത്ര വിദ്യാര്‍ത്ഥികളുടെ പാഠപുസ്‌തകമായിത്തന്നെ കാലഘട്ടത്തെ വെല്ലുവിളിച്ചു കൊണ്ട് ഇന്നും പ്രസക്തമായി നിലകൊള്ളുന്നു. സംവിധാനകലയിലെ അസാമാന്യ കൈയ്യടക്കത്തൊടൊപ്പം ചിത്രം ഉന്നയിക്കുന്ന ശക്തമായ പ്രമേയവുമാണ്  മേൽ പറഞ്ഞ വാദഗതിയെ ബലപ്പെടുത്തുന്നത്.ഒരു കുടുംബത്തിലെ അച്ഛനും മക്കളും തമ്മിലുള്ള ബന്ധത്തെ  പല വീക്ഷണകോണുകളിലൂടെ നിരീക്ഷിക്കുന്നതിലൂടെ ശ്രദ്ധേയമായ സന്ദേശം ചിത്രം പകരുന്നു.നടൻ സുകുമാരൻ നിർമ്മിച്ച ഇരകൾ, നടൻ  ഗണേഷിൻ്റെ ആദ്യ ചിത്രം കൂടിയാണ്.

ചിത്രത്തിലെ കേന്ദ്രകഥാപാത്രം ഗണേഷ്‌ കുമാര്‍ അവതരിപ്പിക്കുന്ന ബേബി ആണ്‌. എന്‍ജിനിയറിംഗ്‌ വിദ്യാര്‍ത്ഥിയായ ബേബിയുടെ  ചിന്തകളിലൂടെയും പ്രവൃത്തികളിലൂടെയും കുടുംബവുമായുള്ള ബന്ധം  കെജി ജോര്‍ജ്‌ ദൃശ്യവത്‌ക്കരിക്കുന്നു.  ബേബി ഒരു സൈക്കോ പാത്ത്‌ ആണെന്ന്‌ പ്രേക്ഷകരെ ബോധ്യപ്പെടുത്തിക്കൊണ്ടാണ്  ചിത്രം തുടങ്ങുന്നത്.കോളേജിലെ അയാളുടെ ജൂനിയര്‍ വിദ്യാര്‍ത്ഥികൾ  മുതൽ അയാളുടെ ഇരകളിലൂടെ ഒരു ദൃശ്യപരമ്പരയാണ്  കെജി ജോര്‍ജ്‌ സംവേദകനിലെത്തിക്കുന്നത്. കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട് വീട്ടിൽ വരുന്ന ബേബി ഏതോ സാമ്പത്തിക കണക്കുകളിൽ വ്യാപൃതനാകുന്ന ധനാഢ്യനും രാഷ്ട്രീയത്തിലും മറ്റും സ്വാധീനശക്തിയുള്ള അപ്പൻ മാത്തുക്കുട്ടിയെ കാണുന്നു. തിലകൾ ഒന്നാന്തരം അഭിനയ മുഹൂർത്തങ്ങൾക്കൊണ്ട് ഉജ്വലമാക്കിയ കഥാപാത്രമായിരുന്നു മാത്തുക്കുട്ടി. മകൻ്റെ അകാലത്തുള്ള  വരവിൻ്റെ വിശദാംശങ്ങളിലേക്ക് പോകാതെ വീണ്ടും കണക്കുകളിലേക്ക് വ്യാപൃതനാകുകയാണയാൾ. മകനെക്കുറിച്ചുള്ള കണക്കുകൂട്ടലുകൾ പിഴക്കുന്നതിൻ്റെ സൂചകമായി പ്രേക്ഷകർക്കിത് അനുഭവവേദ്യമാകുന്നു. തുടർന്ന് മകൻ വരുത്തി വച്ച പാതകം തൻ്റെ പണവും സ്വാധീനവും ഉപയോഗിച്ച് ഒതുക്കിത്തീർക്കാൻ ഒരുമ്പെടുമ്പോഴും മുന്നേത്തന്നെ ഈ പ്രശ്നം പറയാത്തതിലുള്ള നീരസമാണ് അച്ഛൻ പങ്കുവക്കുന്നത്.    സമൂഹവും മറ്റു സാഹചര്യങ്ങളും ക്രിമിനലാക്കുന്ന മനുഷ്യരുടെ  കഥകള്‍ നമ്മൾ ഒരു പാട് കേട്ടിട്ടുണ്ട്.   എന്നാല്‍ ബേബി എന്ന ഇരയെയും അയാളുടെ സഹോദരങ്ങളായ ഇരകളെയും  സൃഷ്ടിക്കുന്നത്‌ അയാളുടെ കുടുംബം തന്നെയാണ്‌. അന്നത്തെ മാത്തുക്കുട്ടിയുടെ കുടുംബവും ഇന്നത്തെ കുടുംബവും തമ്മിലുള്ള അന്തരം കേവലം സാങ്കേതിക വിദ്യയുടെ ആഘോഷം മാത്രമെന്ന വസ്തുതയെ  ഇന്ന് സമകാലിക സമൂഹത്തിൽ നടക്കുന്ന  സംഭവങ്ങൾ സാധൂകരിക്കുന്നതായി കാണാം.  ഒപ്പം ഈ കാലഘട്ടത്തിലെ മാതാപിതാക്കൾ എങ്ങനെ ആകരുത് എന്ന് കാണിക്കാനുള്ള ഒരു ചൂണ്ടുപലകയായി ചിത്രത്തെ സമീപിക്കാമെന്നും അദ്ധേഹം വ്യക്തമാക്കുന്നു.

ബേബിയുടെ അപ്പന്‍, മാത്യൂസ്‌ എന്ന മാത്തുക്കുട്ടിയാണ്‌  ബേബി എന്ന ഇരയുടെ സൃഷ്ടാവ്‌. ബേബി എന്ന സൈക്കോപാത്തിനെ മാത്രമല്ല അയാളുടെ ജ്യേഷ്‌ഠന്‍ സണ്ണിയെ തികഞ്ഞ  മദ്യപാനിയാക്കിയതിനു പിന്നിലും  മാത്തുക്കുട്ടി തന്നെ. മദ്യം അകത്തു ചെല്ലാതെ ചലനം പോലും സാധ്യമല്ലാത്ത സണ്ണിയെ ഒരിക്കൽ പോലും അപ്പൻ മദ്യപാനത്തിൻ്റെ പേരിൽ ഗുണദോഷിച്ചതായോ ശക്തമായ നിലപാടെടുത്തതായോ കണ്ടില്ല  . നാല്‌ മക്കളാണ്‌ മാത്തുക്കുട്ടിക്ക്‌, മൂന്ന്‌ ആണും ഒരു പെണ്ണും. മൂത്തവന്‍ കോശിയും മകള്‍ ആനിയും മാത്രമാണ്‌ അയാളുടെ കാഴ്‌ചയിലെ നല്ല മക്കള്‍.  സമ്പന്നന്‍, അപ്പനെ ബിസിനസ്സിൽ സഹായിക്കുന്നവർ. മറ്റുള്ളവർ ഒന്നിനും കൊള്ളാത്തവരാണെന്നാണ് അപ്പൻ്റെ കാഴ്ചപ്പാട്. നിയമവിധേയമല്ലാത്ത  നടത്തുന്ന ബിസിനസിൽ നിന്നും മാറി നഗരത്തിൽ സ്വന്തം ബിസിനസ് ആഗ്രഹിക്കുന്ന സണ്ണിക്കെതിരെ ശക്തമായ നിലപാട് മാത്തുക്കുട്ടി എടുക്കുന്നു .ആഗ്രഹം നടക്കില്ലെന്നറിഞ്ഞ സണ്ണി മദ്യപാനത്തിൻ്റെ കടലാഴങ്ങളിലേക്ക് കൂപ്പുകുത്തുകയാണ് ചെയ്യുന്നത്. മകൾക് സംഭവിച്ച തെറ്റ് തിരുത്താതെ മാന്യനും മര്യാദക്കാരനുമായ മകളുടെ ഭർത്താവിനെ ഭീഷിണിപ്പെടുത്താനാണ് മാത്തുക്കുട്ടി ഒരുമ്പെടുന്നത്. താൻ അറിഞ്ഞുകൊണ്ട് ഒരു ഇരയെ സൃഷ്ടിക്കുകയാണ് എന്ന് അയാൾ തിരിച്ചറിയുന്നില്ല.

പുറമെ നിന്ന് നോക്കുമ്പോൾ പണവും സ്വാധീനവും ഏറെയുള്ള മാത്തുക്കുട്ടിയുടെ കുടുംബത്തിന് എന്തിൻ്റെ ആണ് കുറവ് എന്ന് ചിന്തിക്കുക സ്വാഭാവികം . എന്നാൽ ആ കുടുംബത്തിന് നഷ്ടപ്പെടുന്നതെന്തെന്ന് മികച്ച പാത്ര സൃഷ്ടിയിലൂടെയും സത്യസന്ധമായ സംഭവപരമ്പരകളിലൂടെയും സംവിധായകൻ നമുക്ക് കാണിച്ചുതരുന്നു. തൻ്റെ വഴിയെ തന്നെ തൻ്റെ മക്കളും സഞ്ചരിക്കണം. അവർക്ക് തൻ്റെ വഴി നിശ്ചയിക്കാൻ സ്വാതന്ത്ര്യമില്ല. അല്ലെങ്കിൽ അതിനു പ്രാപതിയില്ലെന്ന് മാത്തുക്കുട്ടി കരുതുന്നു. അവർ ഒരുമിച്ചിരുന്ന് കളിതമാശകൾ പറഞ്ഞ് ഒരു ടേബിളിൽ ഇരുന്ന് ആഹാരം കഴിക്കുന്നില്ല. പ്രാർത്ഥന ഇല്ല. ആത്യന്തികമായി ആ കുടുംബത്തിൽ സ്നേഹമില്ല. ബന്ധങ്ങളുടെ ഊഷ്മളമായ ഇഴയടുപ്പമില്ല. ഇത് വ്യക്തമായി മനസ്സിലാക്കുന്നുണ്ട് ബന്ധു കൂടെയായ നടൻ ഗോപി അവതരിപ്പിച്ച ഫാദർ. ഒടുവിൽ അരാജകത്വത്തിൻ്റെ സന്തതികൾക്ക് ആത്യന്തികമായി വന്നു ചേരുന്നത് അനിവാര്യമായ  കൊടും ദുരന്തവും. അങ്ങിനെ  പലയാവർത്തി വായിക്കേണ്ട പുസ്തകം പോലെ കാലാതിവർത്തിയായ പ്രമേയമായിത്തീരുന്നു. 1985 ൽ പുറത്തിറങ്ങിയ' ഇരകൾ.