കരയണം
ദിഗന്തങ്ങൾ ഭേദിച്ചു രോദനം
മാറ്റൊലിച്ചെങ്ങും മുഴങ്ങണം!
കരയുന്ന കുഞ്ഞിനെ
ഗതിയുള്ളു ഭൂമിയിൽ!

കള്ളമാണെങ്കിലും
കണ്ണീരിനാണിന്നു
വിലയുള്ളതെവിടെയും;
സന്ദർഭമൊത്തു കരഞ്ഞു ജയിക്കണം
ഇന്നിന്നവശ്യമാം നേട്ടങ്ങൾ! 

ഹൃത്തിലെ സങ്കടം
രോദനധ്വനിപൂണ്ടു -  
യർന്നോരലർച്ചയായ്,
മുദ്രാവാക്യത്തിന്റെ
ശക്തി പ്രഹരമായ്;
ആയിരം നാവുകളേറ്റു വിളിക്കുന്ന
സമര വിലാപമായ്
ഭരണകർണങ്ങളിൽ വീഴണം;
ചെവിച്ചെണ്ട പൊട്ടി
നീർകെട്ടി വേദന
ഉള്ളിലേക്കാഴ്ന്നിറങ്ങി പരക്കുമ്പോൾ,
നേതൃസ്ഥാനം വിറയ്ക്കും,
സഭചേരും
പരിഹാര മാർഗങ്ങൾ
തേടിപ്പിടിച്ചു നിന്നിംഗിതം
സാർഥകമാക്കിടും! 

വെറുതെ ചിരിച്ചും കളിച്ചും
തേങ്ങലു പൂട്ടിട്ടു പൂട്ടിയും
കരയാതിരിക്കുന്ന കുഞ്ഞിനെ
പെറ്റമ്മ പോലും മറന്നിടാം!

ആരു ശ്രദ്ധിക്കുവാൻ,
യന്ത്രത്തിരക്കിന്റെ
ഗതിവേഗമൊപ്പിച്ചു  
പായാൻ ശ്രമിക്കുമ്പോൾ;
ദൂരങ്ങൾ താണ്ടുന്ന
മോട്ടോറു ഗർജിച്ചുയർത്തുന്ന ആരവം
സിരയിലേക്കാഴുമ്പോൾ,
കരയാത്ത നിന്നിലെ
ഇച്ഛകൾ കാണുവാൻ
ആരും വരില്ലിന്ന്...
തോൽക്കുന്നു പുഞ്ചിരി! 

ധനത്വമല്ലിന്നൃണത്വ-
മാണുലകിന്റെ സിരകളിൽ
പടരും തരംഗങ്ങൾ!
ഏറുമതൃപ്തിക്കു
പരിഹാരമെത്തുവാൻ 

കൂട്ടക്കരച്ചിലോ, ഇന്നിന്റെ രാഷ്ട്രീയം!

 

കൂടുതൽ വായനയ്ക്ക്