ആതുരാലയത്തിന്റെ
നാലാം നിലയിലെ
അവസാനത്തെ മുറിയുടെ
ജനാലയ്ക്കരികെ
ഞാനുണ്ട് ,
അവളുണ്ട് ,
ജനൽ തട്ടിൽ അവളുടെ പേരുമുണ്ട് .
ജൊഹാൻ !!

അവൾ തല ഉയർത്തി !
കണ്ണുകൾ കൊരുക്കാൻ
പാടുപെട്ടൊടുവിൽ -
ഞാവൽ പഴം പോലുള്ള
അവളുടെ
കൃഷ്ണമണിയിലേക്ക്
വീഴുമ്പോൾ,
പ്രിൻസി ടീച്ചറിന്റെ ഫിസിക്സ്‌ ലാബും
ആടുന്ന പെന്റുലവും ഓർമ വന്നു.
ദോലനം
ആന്തോലനം
ഊഞ്ഞാൽ..
തൊട്ടിൽ ,
താരാട്ട്
പൊടിക്കുഞ്ഞ് ..


നിനക്കൊരു
കുഞ്ഞുണ്ടാവുമല്ലേ ?
അവളുടെ
കൺപീലികൾ അടഞ്ഞു !
അതിലൊരു കടലൊടുങ്ങിയോ??

ട്രോമയും, കഥാർസിസും പെയ്തിറങ്ങിയ തെങ്ങിൻ തോപ്പുകൾ
മടലുകളായി അവശേഷിച്ചു !
ഭ്രാന്താലയത്തിന്റെ ഡാറ്റാ ബേസിൽ നാണയങ്ങൾ കിലുങ്ങി !
അവരുടെ അക്വേറിയങ്ങളിൽ പുതിയ അൽഗോരിതങ്ങൾ നീന്തി തുടിച്ചു.

ഞാൻ പിന്നെയും ചോദിച്ചു
ആ കുഞ്ഞിനൊരു
അച്ഛനുണ്ടാവുമോ ??

അവളുടെ മുടിയിഴകൾ ഓരോന്നായി
തറയിലേക്ക്
വീണു.
അതിനിടയിൽ
നിന്നൊരു പാമ്പ്
എന്റെ പെരുവിരലാഞ്ഞു !
ഞാൻ വേച്ചു വേച്ചു - നടന്നു.
പടികൾ ഇറങ്ങുമ്പോൾ
വസന്തത്തിന്റെ നീർകുമിളകളിൽ
തട്ടി ഞാനും
വീണു.

കൂടുതൽ വായനയ്ക്ക്