(ഷൈലാ ബാബു) 

എന്റെ കുട്ടിക്കാലത്തു നടന്ന ഒരു സംഭവം ആണിത്. നാലാം തരത്തിൽ പഠിക്കുന്ന കാലം. അച്ഛനും അമ്മയും നാലു സഹോദരികളും ഒരു  സഹോദരനും അടങ്ങുന്നതായിരുന്നു ഞങ്ങളുടെ കുടുംബം. ചെറുപ്പത്തിൽ, വലിയ കുസൃതികളും നിർബന്ധങ്ങളും ഒന്നുമില്ലാത്ത ഒരു പാവം കുട്ടിയായിരുന്നു ഞാൻ. എന്റെ സഹോദരനും നേരേ ഇളയ അനിയത്തിയും ഒക്കെ നല്ല വഴക്കാളികളും ചട്ടമ്പികളും ആയിരുന്നു. അവസരം കിട്ടിയാൽ അവർ എന്നോട് വഴക്കിനുവരുമായിരുന്നു.

അങ്ങനെയിരിക്കെ ഒരു അവധി ദിവസം, ഞങ്ങൾ എല്ലാവരും പുറത്ത് കളീലിന്റെ ഒരു ഭാഗത്തായി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഏഴുവയസ്സിന് വ്യത്യാസം ഉള്ള എന്റെ ഏറ്റവും ഇളയ അനിയത്തി തൊട്ടിലിൽ കിടന്നുറങ്ങുകയായിരുന്നു. അമ്മ, ചേച്ചിയുടെ മുടി ചീകി ഒതുക്കുന്നതിൽ വ്യാപൃതയായി. തൊട്ടിലാട്ടാനും കുഞ്ഞിനെ ഉറക്കാനും ഒക്കെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. ഞങ്ങൾ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ, കുഞ്ഞുണർന്നു കരയാൻ തുടങ്ങി. കുഞ്ഞിനെ ആട്ടിയുറക്കാൻ അമ്മ എന്നോടു വിളിച്ചു പറഞ്ഞു.

അതിയായ സന്തോഷത്തേടെ ഞാൻ ഓടി മുറിയ്ക്കുള്ളിൽ കയറിയതും ചട്ടമ്പികളായ സഹോദരനും അനിയത്തിയും മത്സര ബുദ്ധിയോടെ, എന്നോടൊപ്പം ഓടി വന്നു എന്നെ ഉന്തി താഴെയിട്ടു. പുതിയതായി വച്ച വാതിൽപ്പടിയുടെ മൂർച്ചയേറിയ ഭാഗത്ത് എന്റെ തല ചെന്നിടിച്ചു. നെറ്റിയുടെ ഇടതുവശത്തു ആഴത്തിൽ നല്ലൊരു മുറിവുണ്ടാവുകയും രക്തം വാർന്നൊഴുകുകയും ചെയ്തു. ഒരു തോർത്തു കൊണ്ട് അമ്മ അവിടം അമർത്തിപ്പിടിച്ചെങ്കിലും രക്തപ്രവാഹം നിലച്ചില്ല. എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും പരിഭ്രമിച്ചു. പുറത്തുപോയിരുന്ന അച്ഛനെ, വേഗം തന്നെ സഹോദരൻ പോയി വിളിച്ചു കൊണ്ടുവന്നു.

ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും വളരെ അകലെയായിരുന്നു ആശുപത്രികളും മറ്റും. അന്ന് ഹർത്താൽ ആയിരുന്നതിനാൽ വാഹനങ്ങൾ ഒന്നും ഓടുന്നുണ്ടായിരുന്നില്ല. റോഡിന്നക്കരെ താമസിക്കുന്ന നാട്ടുവൈദ്യനെ കൂട്ടിക്കൊണ്ടുവരാൻ ആളിനെ അയച്ചെങ്കിലും അയാൾ അന്നു സ്ഥലത്തുണ്ടായിരുന്നില്ല.

ക്ഷീണിച്ചു തളർന്ന ഞാൻ, വേദന സഹിക്കാൻ വയ്യാതെ കരഞ്ഞു കൊണ്ടിരുന്നു. കൂടിവന്ന അയൽക്കാരിൽ ഒരാളിന്റെ നിർദേശപ്രകാരം കരിച്ച മാടോടും പഞ്ചസാരയും കൂടി പൊടിച്ച് മുറിവിൽ വച്ചു നന്നായി മുറുക്കി കെട്ടി. അമ്പതു വർഷക്കാലത്തിനു മുൻപുള്ള ഒരു നാടൻ ചികിത്സാ രീതിയായിരുന്നു അത്.

ഏഴെട്ടു തയ്യലുകൾ എങ്കിലും ഇട്ട് കുത്തിക്കെട്ടേണ്ട ആഴത്തിലുള്ള മുറിവാണ് തനിനാടൻ രീതിയിലുള്ള ചികിത്സ കൊണ്ട് ഭേദമാക്കിയത്. ഏകദേശം 20 ദിവസം വരെ തലയിലെ കെട്ടുമായി ഞാൻ നടന്നു. നെറ്റിയുടെ ഇടതുവശത്ത് സാമാന്യം വലിയ ഒരു അടയാളമായി അതു രൂപപ്പെട്ടു. ഈ അടയാളം കാണുമ്പോൾ എന്തു പറ്റിയതാണെന്ന് ചോദിക്കാത്തവർ ഇന്നും ചുരുക്കമാണ്. അതിനു കാരണമായിത്തീർന്ന ആ സംഭവം ഓർമയിൽ മായാതെ ഇന്നും തങ്ങി നിൽക്കുന്നു.