(ഷൈലാ ബാബു)

*കർഷകൻ*

കർഷകപ്പാട്ടിന്റെ 
താളക്കൊഴുപ്പിനാൽ
തങ്കക്കതിരുകൾ
തലയെടുപ്പിൽ!

അരമുറുക്കീടുന്ന
സാധു മനുഷ്യർതൻ
കഠിനപ്രയത്നങ്ങ-
ളന്നമായ് മാറുന്നു!

 

*കടൽ* 

അലകടൽ പുളിനത്തി-

ലാർത്തലച്ചീടുന്ന

തിരമാലക്കൺകളിൽ

ദുഃഖാഗ്നിയോ!

 

ആഴിയിൽ മേളിക്കും

കായലും പുഴകളും

കാട്ടാറു മരുവിയു-

മൊന്നുപോലെ.

 

*പ്രകൃതി* 

പുലരിയിലീറനണിഞ്ഞു-

യർന്നീടുന്ന

മഞ്ഞണിക്കുന്നുകൾ,

മാമലകൾ!

 

കോമള, ശ്യാമള

ദൃശ്യ വിരുന്നുകൾ

നയനാമൃതങ്ങളാം 

സൗന്ദര്യധാമങ്ങൾ!

 

*ആകാശം* 

അഭ്രപാളികൾക്കിടയി-

ലൂടോടി ഞാൻ

ആക്കിളിവാതിലി-

ലൂടൊന്നു നോക്കി.

 

മഴമേഘമേതോ

രഹസ്യം മൊഴിഞ്ഞതാൽ

ശുഭ്രവർണങ്ങൾ

കരിമുകിലായ്!

 

*പുഴ* 

അരുമയായൊഴുകുന്ന

നീല ജലാശയം;

ശാലീന സുന്ദരി

വാഹിനിയായ്!

 

നൂപുര ധ്വനികളാൽ

ശിഞ്ജിതം പാടി നീ,

കമനനാം കടലിൽ

ലയിച്ചൊഴുകീടുമോ?

കൂടുതൽ വായനയ്ക്ക്