(T V Sreedevi Amma)

കാത്തിരുന്നു കാത്തിരുന്നു    
പുതുമഴയെത്തി,
ഭൂമിദേവി കുളിരണിഞ്ഞു
പുളകിതയായി.

മണ്ണിനുള്ളിൽ കാത്തിരുന്ന
വിത്തുകളെല്ലാം
മുളകൾ നീട്ടി പുതുമഴയെ
കാണുവാനെത്തി.

കാത്തിരുന്ന വേഴാമ്പലിൻ
തപസ്സു സഫലമായ്.‌
ചിറകു നീർത്തി പുതുമഴയ്ക്കു
സ്വാഗതമോതി.

മഴമേഘത്തെക്കാത്തിരുന്ന
മയിലുകളെല്ലാം,
ആനന്ദത്താൽ നൃത്തമാടീ
കുയിലുകൾ പാടീ.

കാത്തിരുന്ന പുതുമണ്ണിൻ
മേനി നനഞ്ഞു.
പുതുമണ്ണിൻ സുഗന്ധം പേറി
കാറ്റു വന്നെത്തീ.

പുതുമണ്ണിൻ മദഭരമാം
ഗന്ധമേറ്റപ്പോൾ,
നാവുനീട്ടി കരിനാഗങ്ങൾ
ഇഴഞ്ഞു വന്നെത്തീ.

കാത്തിരുന്ന കരിഞ്ഞ പുല്ലുകൾ
നാമ്പുകൾ നീട്ടി,
കാത്തിരുന്ന ലതകളെല്ലാം
ഞെട്ടിയുണർന്നൂ,

പുതുമഴയുടെ പരിരംഭണ-
മേറ്റുവാങ്ങുവാൻ,
പുഴകളൊരുങ്ങി, മലകളൊരുങ്ങി
പുലരിയൊരുങ്ങി.

കാത്തിരുന്ന പുൽമേടുകൾ
പുതുമഴയേറ്റു,
ഹരിതവർണ്ണക്കമ്പളവും
പുതച്ചു നിൽക്കയായ്‌.

കാത്തിരുന്ന കർഷകരും
വയലിലിറങ്ങീ,
കളകൾ നീക്കീ, നിലമൊരുക്കീ
വിത്തു വിതച്ചൂ.

തൊടിയിലെല്ലാം വിവിധമായ കൃഷികളിറക്കീ,
വീണ്ടുമൊരു വിളവെടുപ്പിനു
കാത്തിരിക്കുന്നൂ,

പ്രകൃതീ ദേവി കാത്തിരിപ്പൂ
യുവതിയാകുവാൻ.
വിവിധ വർണ്ണപ്പൂക്കൾ തുന്നിയ
ചേലയുടുക്കാൻ.

ഒന്നുനോക്കിൽ ജീവിതമൊരു
കാത്തിരിപ്പല്ലേ?
കാത്തിരിപ്പിൻ സുഖമില്ലെങ്കിൽ
ജീവിതം ശൂന്യം.

വീണ്ടുമൊരു പുതിയ
പുലരിക്കായ് കാത്തിരുന്നീടാം.
മാരകമാം രോഗങ്ങളെ,
ആട്ടിയകറ്റാം.

കാത്തിരിക്കാനിനിയുമെത്ര
കാര്യങ്ങളുണ്ട്?
നന്മനിറഞ്ഞ നവയുഗത്തിനായ്
കാത്തിരുന്നീടാം.
 

 

കൂടുതൽ വായനയ്ക്ക്