(O.F.Pailly)

കരിമുകിൽവിടർന്ന കാട്ടിലിരുന്നൊരു
കതിരുകാണാക്കിളി തേങ്ങി.
കനവുകൾ പൊലിഞ്ഞ യാമങ്ങളിൽ
നൊമ്പരത്തോടെ കരഞ്ഞു.
ഇളംമേനിയിൽ കുളിർകാറ്റേറ്റവൾ
പതിയെയടച്ചുപോയ് മിഴികൾ.

വിരഹിണിയാമെൻ അന്തരംഗത്തിൽ
വിരഹദുഃഖത്തിൻ നിഴൽ പരന്നു.
വിധിയുടെകയ്യിൽ പിടയുന്നൊരോമന
കിളിയെനോക്കി ഞാൻനിന്നു.
കരയുന്നകിളിയുടെ ആർദ്രഭാവമെൻ
ദു:ഖങ്ങളെല്ലാമകറ്റി.

ഒരുവർണ്ണനൂലിൽ കൊരുത്തയെൻ പ്രണയം
നോവുന്ന സ്വപ്നമായ്തീർന്നു.
ഓർമ്മയിൽ ചാലിച്ചൊരനുരാഗമെന്നിൽ
ഒരായിരം സ്വപ്നങ്ങൾതീർത്തു.
ചാരുതയില്ലാത്ത പ്രണയത്തിനെന്തിനീ
തിളങ്ങുന്ന മോഹത്തിൻ നിറക്കൂട്ടുകൾ.