(Surag Ramachandran)

പട്ടാളത്തിൽ നിന്നും പിരിഞ്ഞതിനു ശേഷം ഞാൻ ബാംഗ്ളൂരിൽ ബി.ബി.എം.പി മാർഷൽ ആയി ജോലി ചെയ്യുന്നു. എന്റെ ഭാര്യ ബാംഗ്ളൂരിൽ  അദ്ധ്യാപികയാണ്. എന്റെ മകൻ സെൻട്രൽ സ്കൂളിൽ വിദ്യാർത്ഥിയാണ്.

ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) എന്നത് ബാംഗ്ളൂരിലെ മുൻസിപ്പൽ കോർപ്പറേഷന്റെ പേരാണ്. ബി ബി എം പി മാർഷൽ എന്നു പറയുന്നത് ബി ബി എം പി നിയമിച്ച എന്നെ പോലെയുള്ള വിമുക്‌ത ഭടന്മാരാണ്. കരാർ വ്യവസ്ഥയിലാണ് ഇപ്പോൾ നിയമനം. അതിനു ഹേതുവായത് മാലിന്യ കൈകാര്യം ഫലവത്താക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളായിരുന്നു. ഗ്രേ നിറത്തിലുള്ള പട്ടാള യൂണിഫോമിന്റെ മാതൃകയിലുള്ള യൂണിഫോം ആണ് ധരിക്കുന്നത്. ഈ നിയമനത്തിനു പുറകിൽ, ആളുകൾ മാലിന്യ നിർമ്മാർജ്ജനത്തിൽ കാണിക്കുന്ന അലംഭാവം മാറ്റുക എന്ന പ്രധാനപ്പെട്ട ഉദ്ദേശം ഉണ്ട്.

കൈയില്‍ ഒതുങ്ങുന്ന ഉപകരണങ്ങൾ വെച്ചാണ് പ്രവർത്തനം. ഉദാഹരണത്തിന്, ആരെങ്കിലും എതെങ്കിലും പൊതു സ്ഥലം ചപ്പുചവറുകളോ  സാധനങ്ങളോ നിരത്തിയിട്ട്‌ അലങ്കോലമാക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടാൽ ഞാൻ അതിന്റെ ഫോട്ടോ എടുക്കുകയും ചലാൻ അടിക്കുകയും ചെയ്യും. പൊതു സ്ഥലം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, തെരുവുകൾ, പുഴകൾ, ഇന്ദിര കാന്റീനുകൾ എന്നിവയൊക്കെയാണ്.

ഇന്ദിര കാന്റീൻ എന്നത് ബാംഗ്ളൂരിലും, കർണാടകയിലെ മറ്റു ജില്ലകളിലും ഗവണ്മെന്റ് സബ്‌സിഡി നിരക്കിൽ ഭക്ഷണം കൊടുക്കുന്ന കാന്റീനുകളാണ്. ഏതാണ്ട് തമിഴ് നാട്ടിലെ അമ്മ കാന്റീനുകൾ പോലെ.

കോവിഡ് വന്നതോടെ ജോലിയുടെ  കേന്ദ്രബിന്ദു മാറി. മുൻപ് ആളുകൾ മാലിന്യം റോഡരികിലും മറ്റും നിക്ഷേപിക്കുന്നുണ്ടോ എന്നന്വേഷിച്ചിരുന്ന നമ്മൾ ഇപ്പോൾ ആരാണ് മാസ്ക് വെക്കാതെ നടക്കുന്നത് എന്നും മറ്റും അന്വേഷിക്കലായി.

അതിനിടയിലാണ് കേരളത്തിൽ എന്റെ നാടായ കൊടുവള്ളിയിൽ  സെക്ടറൽ മജിസ്‌ട്രേറ്റ് ഡ്യൂട്ടിക്ക് എന്റെ സുഹൃത്തായ പ്രകാശനെ നിയോഗിച്ചത്. പ്രകാശൻ കൃഷി ഓഫീസറായി ജോലി ചെയ്യുകയാണ്. സെക്ടറല്‍ മജിസ്ട്രേറ്റ് കോവിഡ് സെന്‍റിനല്‍സിനെ കുറിച്ച് കൂടുതൽ അറിയാൻ ഞാൻ പ്രകാശനെ വിളിച്ചു. സംഭാഷണത്തിലൂടെ അറിയാൻ കഴിഞ്ഞത് ഇവർക്ക് ഇവരുടെ അധികാര പരിധിയിൽ പെടുന്ന സ്ഥലങ്ങളിലെ ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ  പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം എന്ന ഉത്തരവാദിത്തം ഉണ്ട് എന്നാണ്.

ഈ ജോലിക്കിടയിലെ ചില രസകരമായ സംഭവങ്ങൾ പ്രകാശൻ വിവരിച്ചു. ഇവർ സഞ്ചരിക്കുന്ന വാഹനത്തിൽ സെക്ടറൽ മജിസ്‌ട്രേറ്റ് ആണെന്ന് വ്യക്തമാകാനുള്ള സ്റ്റിക്കർ പതിക്കണം. അത് കണ്ട മാസ്ക് വെക്കാതിരുന്ന ഒരു പയ്യൻ ഒരോട്ടം ഓടി. അത് ഒരു മത്സരത്തിനായിരുനെങ്കിൽ തീർച്ചയായും റെക്കോർഡുകൾ തകർത്തേനെ! കടകളിൽ വരുന്ന ആളുകളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ കടകളിൽ നോട്ട് ബുക്ക് വെക്കണം. ഇവിടെ നോട്ടുബുക്ക് ഉണ്ടോ എന്ന് ഒരു കടയിൽ ചോദിച്ചപ്പോൾ കടക്കാരൻ ആളെ മനസ്സിലാകാതെ തിരിച്ചു ചോദിച്ചു, സാറെ വരയുള്ളതാണോ അതോ വരയില്ലാത്തതാണോ എന്ന്. വേറൊരു കടയിൽ ഇവിടെ സാനിടൈസർ ഉണ്ടോ എന്നു ചോദിച്ചപ്പോൾ കടക്കാരൻ ഹാൻഡ് വാഷ് കൊണ്ട് വെച്ചു.

നിയമിതരായ എല്ലാ ഉദ്യോഗസ്ഥരും തഹസിൽദാർ മുൻപാകെ റിപ്പോർട്ട് ചെയ്യണം. മാസ്ക് വെക്കാത്തവരുടെ ഒരു സാമ്പിൾ റിപ്പോർട്ട് അയച്ചു തരാൻ അപേക്ഷിച്ചു കൊണ്ട് ഞാൻ ഫോൺ വെച്ചു.

അൽപ സമയം കഴിഞ്ഞപ്പോൾ, പ്രകാശന്റെ വാട്ട്സ് ആപ് മെസ്സേജ് വന്നു. രണ്ടു ഫോട്ടോകളാണ് അയച്ചത്.

ഒന്ന് അവൻ മാസ്ക്ക്, ബാഡ്ജ്,  ഇവയൊക്കെ വെച്ച് സെക്ടറൽ മജിസ്‌ട്രേറ്റ് ചുമതല  നിർവഹിക്കാൻ വണ്ടിയിൽ പോകുന്നത്.

രണ്ടാമത്തെ ഫോട്ടോ ഇന്നലെ ഉച്ചയ്ക്ക് ശേഷം അവൻ കണ്ടെത്തിയ ചില കാര്യങ്ങൾ ഒരു പേപ്പറിൽ കുറിച്ചു വെച്ചത്. അതിലെ ഉള്ളടക്കം ഇങ്ങനെയാണ്:

ഉച്ചയ്ക്കു ശേഷം

  1. മുഹമ്മദ്, “സഫീന മൻസിൽ”, കൊടുവള്ളി. ലൊക്കേഷൻ - ആരാമ്പ്രം. ആൾക്കൂട്ടമില്ല.

  2. മുന്ന, ഒഡീസ. ലൊക്കേഷൻ - ആരാമ്പ്രം. ആൾക്കൂട്ടം.

  3. ജോസ്, “തുഷാരം”, താമരശ്ശേരി.  ലൊക്കേഷൻ - കൊടുവള്ളി. ആൾക്കൂട്ടം.

ഇങ്ങനെ, ഒരു 10 - 12 പേർ കൂടി ലിസ്റ്റിൽ ഉണ്ട്. അവരുടെയെല്ലാം മൊബൈൽ നമ്പറുകളും ഉണ്ട്.

ഞാൻ ഇത് പരിശോധിച്ചു കൊണ്ടിരിക്കുമ്പോൾ എൻറെ മകൻ സുരേഷ് അടുത്തു വന്നു. ബാംഗ്ളൂരിലാണ് ഇത്ര കാലം താമസിച്ചതെങ്കിലും അവന് മലയാളം വായിക്കാനറിയാം. അദ്ധ്യാപികയായ അവന്റെ അമ്മയ്ക്കാണ് അവനെ മലയാളം പഠിപ്പിച്ച അംഗീകാരം മുഴുവനും കൊടുക്കേണ്ടത്.

സുരേഷ്:

അച്ഛാ, ഇതെന്താ  ആൾക്കൂട്ടം, ആൾക്കൂട്ടമില്ല എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?

ഞാൻ:  പ്രധാനമായും, ചോദ്യങ്ങൾക്ക് ഉത്തരം ആണ് ഇങ്ങനെ കുറിച്ചെടുക്കുന്നത്. ആൾക്കൂട്ടം, ആൾക്കൂട്ടമില്ല - എന്നത്, മാസ്ക് ഉപയോഗിക്കാതെ കണ്ടത് ആൾക്കൂട്ടത്തിനു നടുവിൽ ആണോ അല്ലയോ എന്ന ചോദ്യത്തിന്റെ ഉത്തര സൂചനയാണ്.

സുരേഷ്: ഈ റിപ്പോർട്ട് ഇവർ എവിടെയാണ് കൊടുക്കുന്നത്?

ഞാൻ: ഇത് ഇവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. കളക്ടർ മുതലായ ഉദ്യോഗസ്ഥർ അത് പരിശോധിക്കും.

സുരേഷ്: ഇവരെ ഇതിന് നിയോഗിക്കുന്നതൊക്കെ ചെലവ് ഉള്ള കാര്യമല്ലേ?

ഞാൻ: പരിശോധനയ്ക്കായി പോകുന്ന കോവിഡ് സെന്റിനൽസിനും ടീം അംഗങ്ങൾക്കും ഉള്ള വാഹനം, മാസ്ക്, സാനിറ്റൈസർ, തിരിച്ചറിയൽ കാർഡ്, വാഹനങ്ങളിലേക്ക് ഉള്ള സ്റ്റിക്കർ എന്നിവ ഒരുക്കണം.

സുരേഷ്: അച്ഛനെന്തിനാണ് കേരളത്തിൽ നടക്കുന്ന ഈ കാര്യങ്ങളൊക്കെ അറിഞ്ഞു വെക്കുന്നത്?

ഞാൻ: അച്ഛൻ നേരത്തെ പറഞ്ഞ കാര്യങ്ങൾ, ഈ റിപ്പോർട്ട്,  ഇതൊക്കെ കോവിഡ് രോഗം പടരുന്നത് തടയാൻ ചെയ്യാൻ കഴിയുന്ന പിന്തുടരാവുന്ന മാതൃകകള്‍ അല്ലേ മോനെ? അത് ബാംഗ്ളൂരിലും നടപ്പിലാക്കാൻ ശ്രമിക്കാനാണ്.

സുരേഷ്: കോവിഡ് രോഗം പടരുന്നത് തടയാൻ ആളുകൾ സ്വയം മാനദണ്ഡങ്ങൾ പാലിക്കുകയും മാസ്ക് വെക്കുകയും മറ്റും ചെയ്യുന്നതല്ലേ അച്ഛാ പിന്തുടരാവുന്ന മാതൃകകള്‍?

കൂടുതൽ വായനയ്ക്ക്