വിനീഷ് മാത്യൂ മൂന്നു റോസാപ്പുക്കളുമായിട്ടാണ് കോളജിനു മുന്നിലുള്ള വഴിയിലൂടെ നടന്നു വന്നത്. റോസാപ്പുക്കളുമായി ഒരു യുവാവ് നടന്നു വരുന്നത് കണ്ടപ്പോൾ പീറ്ററും സംഘവും ചാടി വീണു ചോദ്യം ചെയ്തു. ഒരു ചോദ്യത്തിനും വിനീഷ് മറുപടി നൽകിയില്ല. പീറ്റർ അവൻ്റെ കൈയിൽ നിന്നും ആ പൂക്കൾ വാങ്ങി നശിപ്പിച്ചു കളഞ്ഞു.

പിറ്റേ ദിവസവും വിനീഷ് പൂക്കളുമായി കടന്നു വന്നു. അന്നും പീറ്ററും സംഘവും പൂക്കൾ വാങ്ങി പിച്ചിച്ചീന്തി കളഞ്ഞു. അവർ കരുതിയത്, വിനീഷ് ഏതോ പെൺകുട്ടിക്ക് കൊടുക്കാൻ വേണ്ടി കൊണ്ടുവരുന്നതാണെന്ന്. അന്നും പീറ്ററിൻ്റെ ചോദ്യങ്ങൾക്ക് വിനീഷ് മറുപടി നൽകിയില്ല.

തുടർന്നുള്ള എല്ലാ ദിവസങ്ങളിലും ഇതാവർത്തിച്ചുകൊണ്ടിരുന്നു'' ഇതൊരു സ്ഥിരം പരിപാടി ആയപ്പോൾ മറ്റുള്ളവരും ശ്രദ്ധിക്കാൻ തുടങ്ങി.

മറ്റൊരു ദിവസം വിനീഷ് പൂക്കളുമായി വരുന്നത് ദൂരെ നിന്നും കണ്ട, അദ്ധ്യാപിക രേഷ്മ ടീച്ചർ, പീറ്റർ എത്തുന്നതിനു മുൻപ്, വിനീഷിൻ്റെ അടുത്തു പോയി പൂക്കൾ അവർക്കു കൊടുക്കാമോ എന്നു ചോദിച്ചു. മറുപടി ഒന്നും പറയാതെ പൂക്കൾ രേഷ്മ ടീച്ചർക്കു നിറഞ്ഞ മനസ്സോടെ കൊടുത്തിട്ട് അവൻ നടന്നകന്നു.

രേഷ്മ ടീച്ചറിൻ്റെ കൈയിൽ പൂക്കൾ ഇരിക്കുന്നതു കണ്ട പീറ്ററും സംഘവും വിനീഷിനെ മർദ്ദിച്ചു. മർദ്ദനമേറ്റ വിനീഷ് ആരോടും ഒന്നും പറയാതെ കണ്ണീരോടെ മുന്നോട്ടു നീങ്ങി.

പീറ്റർ അകാരണമായി വിനീഷിനെ മർദ്ദിച്ചതിൽ കോളജിലെ മറ്റു കുട്ടികൾ അവനു താക്കീതു നൽകി. എന്നിട്ട് എല്ലാവരും കൂടി ഒരു തീരുമാനമെടുത്തു വിനീഷ് പൂക്കളുമായി എവിടെ പോകുന്നു? ആർക്കു കൊടുക്കുന്നു? എന്നു കണ്ടു പിടിക്കുക തന്നെ.

പതിവുപോലെ വിനീഷ് അടുത്ത ദിവസവും പൂക്കളുമായി കടന്നു വന്നു. കോളജിലെ ആൺകുട്ടികളും, പെൺകുട്ടികളും പലഭാഗത്തായി മാറി നിന്നു നേരെ നടന്നുന്ന വിനീഷ് ആരെയും ഗൗനിക്കാതെ വഴിയിലൂടെ മുന്നോട്ട് നീങ്ങി.

ആകാംക്ഷയോടെ വിനീഷിനു പിന്നാലെ, അവൻ പോലുമറിയാതെ കുട്ടികൾ ഒന്നടങ്കം നടന്നു നീങ്ങി.

കോളജിനപ്പുറം ഇരുന്നൂറു മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന സെമിത്തേരിയിലേക്കാണ് അവൻ നടന്നു പോയത്. പള്ളിയുടെ പുറകുവശത്തുള്ള ഒരു കല്ലറയിൽ മൂന്നു പൂക്കളും അർപ്പിച്ച് വിനീഷ് മുട്ടുകുത്തി പ്രാർത്ഥിക്കുന്ന കാഴ്ചയാണ് പുറകേ പോയവർ കണ്ടത്.

കൂടുതൽ കുട്ടികൾ സെമിത്തേരിയിലേക്ക് പോകുന്നതു കണ്ട ഫാദർ ലോറൻസ് പള്ളിയിൽ നിന്നും ഇറങ്ങി വന്നു. കാര്യം തിരക്കി.

കുട്ടികൾ കൂടി നിൽക്കുന്നതു കണ്ട ഫാദർ, അവരോട് വിനിഷിൻ്റെ ചരിത്രം പറഞ്ഞു. "രണ്ടാഴ്ച മുൻപ് ഒരു വാഹനാപകടത്തിൽ വിനീഷിൻ്റെ അച്ഛനും, അമ്മയും, സഹോദരിയും മരണപ്പെട്ടു. അവരെ അടക്കിയിരിക്കുന്ന കല്ലറയിൽ റോസാപ്പൂവെച്ച് പ്രാർത്ഥിക്കാൻ വരുന്നതാണ് വിനീഷ് " "ഒരാഴ്ചയായി അവനെ കാണുന്നില്ലായിരുന്നു."

ഫാദർ ഇത്രയും പറഞ്ഞു നിറുത്തിയപ്പോഴേക്കും വിനീഷ്  പ്രാർത്ഥന കഴിഞ്ഞു തിരിച്ചെഴുന്നേറ്റിരുന്നു. തൻ്റെ പിന്നിൽ ഫാദറും ഒരു പറ്റം കുട്ടികളും നിൽക്കുന്നതു കണ്ട അവൻ ആരോടും ഒന്നും പറയാതെ നിറകണ്ണുകളോടെ തൻ്റെ വഴിയിൽ കൂടി നടന്നു നീങ്ങി.'

അപരിചിതരുടെ കണ്ണുകളിലെ അപായസൂചനകളോ ആകാംക്ഷയോ തിരിച്ചറിയണമെങ്കിൽ നോക്കുന്നവൻ്റെ കണ്ണുകളിൽ ആർദ്രതയും മനസ്സിൽ സഹാനുഭൂതിയുമുണ്ടാകണം.

കൂടുതൽ വായനയ്ക്ക്