ഹാവൂ.. സമാധാനമായി.മായക്കുട്ടി ഇനിയും ഉറങ്ങിയിട്ടില്ല. സന്തോഷത്തോടെ ജനലുവഴി ചാടിക്കയറി തട്ടിൻ മുകളിലേക്കു വേഗത്തിൽ ഓടിപ്പോയി ചിന്നുപ്പൂച്ച...

"എവിടെപ്പോയതാ ചിന്നുട്ടീ.... നേരം എത്രയായീന്നറിയോ... ഇന്നു കുറേ വൈകീട്ട്ണ്ട്ലോ ... ഇത്രേം നേരൊന്നും ഞാനിനി കാത്തുനിൽക്കില്ല ട്ടോ... നേരത്തെ വന്നോളൊണ്ടു ...''
പരിഭവത്തോടെയങ്ങനെ പറയുമ്പോഴും തന്നെയിത്ര നേരായിട്ടും കാണാതിരുന്നപ്പോഴുള്ള വേവലാതിയായിരുന്നു ആ വാക്കുകളിൽ എന്നു മനസ്സിലായി.
മായക്കുട്ടിയെ സ്നേഹത്തോടെ ഒന്നു കൂടി തിരിഞ്ഞുനോക്കിയിട്ട് ചിന്നു കുഞ്ഞുങ്ങൾക്കരികിലെത്തി .

തന്റെ തങ്കക്കുടങ്ങൾ .മൂന്നു പേരും നല്ല ഉറക്കത്തിലാണല്ലോ.മക്കളേ,അമ്മ വന്നൂ ട്ടൊ.അവരെ ഉമ്മ വെച്ചുണർത്തി പാലു കൊടുത്തു.കുഞ്ഞു ശബ്ദത്തിൽ അമ്മയും മക്കളും എന്തൊക്കെയോ പറഞ്ഞു .

കടുത്ത വേനൽക്കാലമാണ്. നല്ല ദാഹണ്ട്. മൂന്നു കുഞ്ഞുങ്ങളും മത്സരിച്ച് പാലു കുടിക്കുന്നതു കൊണ്ട് തൽക്കാലം അവരുറങ്ങുന്നതു വരെ കാത്തു നിന്നേ പറ്റൂ.കുഞ്ഞുങ്ങൾക്കു കുടിക്കാനിഷ്ടം പോലെ പാലുണ്ട്.അതുകൊണ്ടുതന്നെ എപ്പോഴും തനിക്ക് വല്ലാത്ത വിശപ്പും ദാഹവുമാണ്.

എന്നും തനിക്കു വേണ്ടി പാലൊഴിച്ച ചോറും ചെറിയൊരു പാത്രത്തിൽ നിറയെ കുടിക്കാനായി വെള്ളവും മായക്കുട്ടി കരുതിവെക്കാറുണ്ട്. അതൊരിക്കലും മറക്കാറില്ല.

മതിയാവോളം പാലു കുടിച്ചു വയർ നിറഞ്ഞപ്പോൾ മൂന്നു പേരും നന്നായുറങ്ങി. മക്കളെയുണർത്താതെ മെല്ലെയൊന്നുമ്മവെച്ച് താഴേക്കു ചാടിയിറങ്ങി. ആദ്യമിത്തിരി വെള്ളം കുടിച്ചു ദാഹം മാറ്റട്ടെ. ചോറുണ്ണൽ പിന്നെയാവാം. എന്തൊരു ചൂടാണ്. ഈ നിലത്തു തന്നെ ഇത്തിരി നേരം കിടക്കാം .
മായക്കുട്ടി ജനലൊക്കെ അടച്ചു കൊളുത്തിട്ട് ഉറങ്ങാൻ പോയിട്ടുണ്ട്. പാവം, തന്നെ കാത്തുകാത്ത് കുറേ നേരം കഴിഞ്ഞേ ഇന്നുറങ്ങാനായുള്ളൂ.

പാവാണ് ആ കുഞ്ഞ്.എത്ര കാലായെന്നോ ഒറ്റയിരുപ്പിന് ഇങ്ങനെയിരുന്ന് വലിയ തടിയൻ പുസ്തകങ്ങളിങ്ങനെ വായിച്ചു പഠിക്കുന്നത്.
അല്ലെങ്കിലും ഒന്നോർത്താൽ ഈ മനുഷ്യരുടെ കാര്യം വല്ല കഷ്ടം തന്നെയാണ്.
അതൊക്കെയോർത്താൽ തങ്ങളൊക്കെ എത്ര ഭാഗ്യമുള്ളവരാ . വിശക്കുമ്പോ മുന്നിലെത്തുന്ന വല്ല എലിയോ അണ്ണാനോ ദിവാസ്വപ്നം കണ്ടങ്ങനെയിരിക്കുന്ന കിളിക്കുഞ്ഞുങ്ങളോ കൈയിലെത്തുകയേ വേണ്ടൂ.
അന്നത്തേടം അങ്ങനെ കഴിയും. നാളെ എന്ന ചിന്തയില്ലാത്തതോണ്ട് യാതൊരു വ്യാകുലതയുമില്ല.

മായക്കുട്ടി പഠിച്ചു പഠിച്ച് നല്ല ജോലി കിട്ടിയിട്ടു വേണമത്രേ സ്വന്തമായൊരു വീടുവാങ്ങാൻ. ഇടക്കൊക്കെ കുഞ്ഞിനെയങ്ങനെ നോക്കിയിരിക്കാൻ നല്ല രസാണ്.ഒരു ദിവസം തന്നെ നോക്കി സന്തോഷത്തോടെ കുറേയെന്തെല്ലാമോ പറഞ്ഞു. "വീടു വാങ്ങിയാൽ ചിന്നൂനേം കൊണ്ടുവാംട്ടോ "എന്നു കേട്ടപ്പോൾ തോന്നിയ സന്തോഷത്തിന് അതിരില്ലായിരുന്നു.

രാത്രി ഏറെ വൈകുവോളം പഠിത്തം തന്നെ. കാലത്തെണീറ്റു വീണ്ടും പുസ്തകങ്ങളിലേയ്ക്കാണ്. ഈ കുട്ടിടെ ലോകം തന്നെ ഈ പുസ്തകങ്ങളാണെന്നു തോന്നും. എന്താണാവോ ഈ കുട്ടിയിങ്ങനെ വായിച്ചു കൂട്ടുന്നത്!

''എന്താ നോക്കണത് ,പോയിട്ട് ഒറങ്ങിക്കോളൂ "എന്നു പറയുമ്പോഴേ ചിലപ്പോഴവിടുന്നു താനെണീറ്റു പോരാറുള്ളു. ഒന്നു കൂട്ടിനിരിക്കാംന്നുവെച്ചാ അതിനും സമ്മതിക്കില്യാച്ചാലോ .

പുറത്തു നിന്നും നായകൾ കുരയ്ക്കുന്ന ശബ്ദം കേൾക്കുമ്പോൾ പേട്യാവണ് ണ്ട്.
രാത്രി ഇരുട്ടു പരന്നാ പിന്നെ പുറത്തേക്കിറങ്ങാനേ കഴിയില്ല . ഇടിവെട്ടുമ്പോലത്തെ ശബ്ദത്തിലുള്ള കുര കേക്കുമ്പോ ഞെട്ടിപ്പോവും.

ജാഥയായിട്ടങ്ങനെ കിതച്ചും കുരയും മുരണ്ടും പാഞ്ഞു നടക്കും കൂട്ടമായിട്ടങ്ങനെ കുറേ നായ്ക്കൾ!

ഇവറ്റയെ പേടിച്ചിട്ട് പുറത്തിറങ്ങാൻ കഴിയാതായി.

കുഞ്ഞുങ്ങൾ ജനിച്ചിട്ടിട്ട് രണ്ടാഴ്ചയായി. ഇന്നൊന്നു പുറത്തിറങ്ങണം എന്നു കരുതിയതാ.

വേഗത്തിൽ തിരിച്ചെത്താം. പാലും ചോറും കഴിച്ചിട്ട് എത്ര നാളാന്നു വെച്ചാ .
തൊട്ടടുത്ത ഹോട്ടലിന്റെ കുറച്ചു പിന്നിലേക്കായി കോഴിക്കാലുകളും മത്തിത്തലകളുമൊക്കെ വലിച്ചെറിയാറുണ്ട്‌. ഓ..അതോർക്കുമ്പോഴേ കപ്പലോടിയ്ക്കാനുള്ള വെള്ളണ്ട് വായില് .

ഇനിയിപ്പോ നാളെയാവട്ടെ. കൂട്ടുകാരെയൊക്കെയൊന്നു കണ്ടിട്ട് എത്ര നാളായെന്നോ?കുഞ്ഞുങ്ങളുടെ വർത്താനങ്ങളൊക്കെ അവരോടു പറയണം.
ഓരോരുത്തർക്കും മക്കളുടെ വികൃതികളെക്കുറിച്ചു പറയാൻ നൂറു നാവായിരുന്നത് അവളോർത്തു. തനിക്കു മുണ്ട് പറയാനൊട്ടേറെ.

വളരെച്ചെറുതാണ് തന്റെ മക്കൾ . കണ്ണുമിഴിക്കുന്നേയുള്ളൂ . ഇവരും വലുതായാൽ നല്ല പോക്കിരികളാവുമെന്നോർത്തപ്പോൾ അവളുടെ മനസ്സിലൊരു കുളിരു കോരി.

മൂന്നു തങ്കക്കുടങ്ങൾ .രണ്ടാണും ഒരു പെണ്ണും .ഇവരെയിങ്ങനെ നോക്കിയിരിക്കാൻ തന്നെ എന്തു രസാണ്. എത്ര കണ്ടാലും മത്യാവില്ല.

ഇനി നല്ല ഉത്തരവാദിത്തമാണ് തനിക്ക് .ഇവരെ നന്നായി വളർത്തി ഇരപിടിക്കാനും മരം കയറാനും ശത്രുക്കളിൽ നിന്നു രക്ഷപ്പെടാനുമൊക്കെ പഠിപ്പിക്കണം.

തന്നോടു ചേർന്നുറങ്ങുന്ന കുഞ്ഞുങ്ങളെ നന്നായി നക്കിത്തുവർത്തി വൃത്തിയാക്കി ചിന്നു കുഞ്ഞുങ്ങളെക്കുറിച്ചൊരുപാടു സ്വപ്നങ്ങൾ കണ്ട് പിന്നീടെപ്പോഴോ ഗാഢനിദ്രയിലാണ്ടു.

ശക്തമായി വീശിയടിച്ച കാറ്റിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി വാതിലടയുന്ന ശബ്ദം കേട്ടാണ് അവൾ ഞെട്ടിയുണർന്നത്. കുഞ്ഞുങ്ങളപ്പോഴും നല്ല ഉറക്കത്തിലാണ്.

ജനവാതിൽ തുറന്നു കിടക്കുന്നുണ്ടല്ലോ. മക്കളുണരുമ്പോഴേക്കും പുറത്തെല്ലാമൊന്നു കറങ്ങിയിട്ട് വേഗം തിരിച്ചു വന്നാലോ.

പുറത്തൊക്കെ നല്ല ഇരുട്ടാണെങ്കിലും ചിന്നുവിന് എല്ലാം വ്യക്തമായി കാണാമായിരുന്നു .അതാണ് പൂച്ചയായാലുള്ള ഗുണം .മനസ്സിലെ പുഞ്ചിരി മുഖത്തു പടർന്നു.മെല്ലെ ജനാല വഴിപാടിയിറങ്ങി., മുറ്റത്തേക്ക്.ആരുമില്ല. തികച്ചും ഏകാന്ത മൂകമായ അന്തരീക്ഷം.

വീശിയടിയ്ക്കുന്ന കാറ്റിന്റെ താളത്തിലാടുന്ന വൃക്ഷത്തലപ്പുകൾ അവ്യക്തമായ ഏതോ സംഗീതമാലപിക്കുന്നതു പോലെ .ദലമർമരങ്ങൾ താളം പിടിക്കുന്നുമുണ്ട്.

റോഡു കുറുകെ മുറിച്ചുകടന്ന് തൊട്ടടുത്തുള്ള ഹോട്ടലിന്റെ പുറകുവശം ലക്ഷ്യമാക്കി മെല്ലെ നടക്കുമ്പോളതാ. തിളക്കമുള്ള കണ്ണുകൾ മുന്നിൽ .അയ്യോ.. നായ്ക്കൾ ഇത്ര അടുത്തെത്തിയത് താനറിഞ്ഞതേയില്ലല്ലോ .ഒന്നും രണ്ടുമല്ല.. ഒരു കൂട്ടം നായ്ക്കൾ ചുറ്റും നിന്ന് വളഞ്ഞിട്ടുണ്ടല്ലോ.

എങ്ങോട്ടോടിയാലും രക്ഷയില്ല .മരണത്തെ മുന്നിൽക്കണ്ടപ്പോൾ അവളോർത്തു. ഈശ്വരാ... എന്റെ മക്കൾ .ഒരു ദീപ്തമായ മുഖം മനസ്സിൽ തെളിഞ്ഞു . മായക്കുട്ടീ.... ന്റെ തങ്കക്കുടങ്ങളെ ഞാനേല്പിക്കുന്നു ട്ടൊ... ആ കൈകളിൽ അവർ സുരക്ഷിതരാണ്. ഇനിയെനിയ്ക്ക് അനിവാര്യമായ ഈ വിധിയ്ക്ക് സമാധാനത്തോടെ കീഴടങ്ങാം..