(Padmanabhan Sekher)

ഒരു കവിത രചിക്കുവാനായ്
കാലത്തെ ഉണർന്നെണീറ്റ്
കുളിച്ച് തലയും തോർത്തി
കുരുത്തംകെട്ട മുടിയും ചീകി
നെറ്റിയിൽ കുറിയും ചാർത്തി


കാളിദാസനെയും ധ്യാനിച്ച്
ഉത്തേജനത്തിനായൊരൂ ചൂടു
കട്ടൻ കാപ്പിയും മുന്നിൽ വച്ച്
ഉത്സാഹത്തോടൊരു പേനയുമായ്
എഴുതാൻ വെമ്പുന്ന ഹൃദയവുമായ്
മഴവില്ലുപോലൊരു മീശയും തലോടി
കവിതക്കായ് ഞാൻ കാത്തിരുന്നു.

മനസ്സൊരു മാത്രിക ചിത്രം വരച്ചു
ചിന്തകൾ എങ്ങോ പോയ്മറഞ്ഞു
വിരലുകൾ വാക്കിനായ് തപ്പിനടന്നു
ഒടുവിൽ എന്തൊ കുത്തിക്കുറിച്ചു
കുത്തിക്കുറിച്ചവ വെട്ടിത്തിരുത്തി
ചന്തത്തിനായവ പകർത്തിക്കുറിച്ചു
മനസ്സിൽ തോന്നിയതെന്തോ രചിച്ചു
അതിനെ ഞാൻ കവിത എന്ന് പേരിട്ടു.