ഒരു മാസത്തിനുള്ളിൽ തുടരെത്തുടരെയുള്ള രണ്ടു വീടുമാറ്റം.ആ വീടുമാറ്റത്തിലെവിടെയോ നഷ്ടപ്പെട്ടു പോയ ഐഫോൺ.രണ്ടും എന്നെ വല്ലാതെ തളർത്തിക്കളഞ്ഞു. ഫോൺ നഷ്ടപ്പെട്ട വിവരം പോലീസ്

സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന്  സിമ്മും നിശ്ചലമാക്കി. എന്നിട്ടും  നിർവ്വചിക്കാനാവാത്ത ഉൾഭയത്തിൻ്റെ കാണാക്കയങ്ങളിലൂടെയാണ്  മനസ്സിൻ്റെ സഞ്ചാരം.ഫോൺ നഷ്ടപ്പെടലുമായി ബന്ധപ്പെട്ട വരുംവരായ്കൾ.അത് വലിയ തോതിൽ തന്നെ ഞങ്ങളെ  ബാധിക്കുമെന്നതിൽ സംശയമില്ല.

ഈ ചെറു  നഗരത്തിൽ വന്നിട്ട് നാലോളം  വർഷത്തോളമാകുന്നു.അനവരതം രൂപം മാറിക്കൊണ്ടിരിക്കുന്ന  നഗരവും മനുഷ്യരും.ഇന്നും  ഇപ്പോഴും ഈ ദ്വന്ദങ്ങളെ ശരിക്കുൾക്കൊള്ളാനായില്ല.എത്രയോ യാത്രകളിലൂടെ  പരിചിതമായ ഇവിടുത്തെ വഴിത്താരകളും പരിസരവും  പിന്നീടുള്ള   യാത്രകളിൽ   അപരിചിതത്വത്തിൻ്റെ ഇരുണ്ട  മേലാപ്പ് എടുത്തണിയാനാണ് വ്യഗ്രത കാട്ടുന്നത്.ഈ ചെറു നഗരത്തിലെ  ആദ്യ താമസസ്ഥലം  ഞാൻ ഓർക്കുകയായിരുന്നു. വീടന്വോഷിക്കാൻ പോയതും വീടു കണ്ടെത്തി താമസത്തിനായി ഏർപ്പാടാക്കിയതും റിച്ചാർഡ് തന്നെ. കഷ്ടകാലത്തിന് എംബസിയുമായി ബന്ധപ്പെട്ട  ചില നൂലാമാലകളിൽ പെട്ട് ആ സമയം നാട്ടിൽ കുടുങ്ങിപ്പോയി. അതു കൊണ്ട് വീട് നേരിട്ട് കണ്ട് വിലയിരുത്താൻ കഴിഞ്ഞില്ല. വീടിൻ്റെ പല കോണുകളിലുള്ള ചിത്രങ്ങൾ  അയച്ചു കിട്ടിയിരുന്നു.ഒപ്പം വിലാസവും. വീട് മനോഹരമായിത്തോന്നി. യാതൊരു അപാകതയും അന്നേരം  ദൃശ്യമായില്ല.അപ്പോൾത്തന്നെ വിലാസം ആവശ്യമുള്ളിടത്തെല്ലാം അയച്ചും കൊടുത്തു.  റിച്ചാർഡിന് ഇത്ര മനോഹരമായ ഒരു തിരഞ്ഞെടുക്കലിന് കഴിഞ്ഞല്ലോയെന്ന്  വിസ്മയിച്ചു പോയ നിമിഷങ്ങൾ.  ഇത്രമേൽ  ഹൃദയം തൊട്ട് ഞാൻ  ഇതിനു മുൻപ് റിച്ചാർഡിനെ അഭിനന്ദിച്ചതായി ഓർക്കുന്നില്ല. എന്റെ ഉള്ളിൽത്തട്ടിയ  അഭിനന്ദനം കേട്ട് ഫോണിലൂടെ കേട്ട  അഭിമാനത്തോടെയുള്ള ആ ചിരി! അതിപ്പോഴും  കാതുകളിൽ മുഴങ്ങുന്നു.പിന്നെ എത്രയും വേഗം വീടെത്താനായിരുന്നു കൊതി.അങ്ങിനെ വല്ലവിധവും  ദീർഘവും മടുപ്പിക്കുന്നതുമായ യാത്രക്കു ശേഷം മക്കളെയും കൂട്ടി വീട്ടിലെത്തി.  ചെന്നു കയറിയ അന്നു മുതൽ ആ വീട്ടിലെ പ്രശ്നങ്ങൾ ഒന്നൊന്നായി മറ നീക്കി പുറത്തു വരാൻ തുടങ്ങി. പഴയ യൂറോപ്യൻ ശൈലിയിൽ മിക്ക ഭാഗവും മരം കൊണ്ട്  പണി കഴിപ്പിച്ച ഒരു വീട്.മരമോ വലിയ ഗുണമേൻമ ഇല്ലാത്തതും. ഒരു ചതുപ്പുനിലം തൂർത്ത് നിർമ്മിച്ചതാണാഗൃഹം എന്ന വസ്തുത  ഏറെ വൈകിയാണ് അറിഞ്ഞത്.വീടിൻ്റെ ഒരു ഭാഗം എങ്കോണിച്ചു നിൽക്കുന്നതു തന്നെ  ഒരൈശ്വര്യക്കുറവായി തോന്നി. എന്റെ തോന്നലുകൾ  പിഴക്കാറില്ല. തുടർന്നുള്ള ദിവസങ്ങളിലെ സംഭവങ്ങൾ ആ തോന്നലിനെ ശരിവച്ചു കൊണ്ടിരുന്നു. മരപ്പാളി പാകിയ  മേൽത്തട്ടിൽ നിന്നും  എപ്പോഴും ഒരു തരം പൂതലിച്ച പൊടി പൊടിഞ്ഞു വീണു കൊണ്ടിരിക്കും. അതു ശരീരത്തിൽ വീണാലോ നാട്ടിലെ ചൊറിത്തുമ്പ ഉരസിയ പോലെ പോലെ ചുവന്നു  തടിക്കും .നിലം തുടച്ചും ചൊറിഞ്ഞും വശം കെട്ട മെക്സിക്കോക്കാരി സർവെൻ്റ് പെട്ടന്നു തന്നെ കളമൊഴിഞ്ഞു. പിന്നീടു വന്നവർ രണ്ടു ദിവസം നിൽക്കും,പിന്നെ വരാതാകും .അതും പോരാഞ്ഞ് കുട്ടികളുടെ സ്കൂൾ വാൻ  ആ വഴിക്കു വരുന്നതേ ഇല്ല. കുട്ടികളെ ദൂരെയുള്ള സ്കൂളിൽ കൊണ്ടാക്കലും പിന്നെ ജോലി സ്ഥലത്തേക്കുള്ള യാത്രയും. മനം മടുത്തു പോയ നാലു വർഷങ്ങൾ.ആ നാലു വർഷങ്ങൾ  എങ്ങനെയോ  പൊയ്പ്പോയി.എന്നാൽ റിച്ചാർഡിനെ ഇതൊന്നും ബാധിച്ചതായി തോന്നിയില്ല.അതോ മന:പൂർവ്വം പുറത്തു കാണിക്കാത്തതോ? ഏതായാലും   ക്ഷമയുടെ നെല്ലിപ്പലക കണ്ട  ഒരു നാൾ   ലാപ്ടോപ്പിൽ മുഖം പൂഴ്ത്തിയിരിക്കുകയായിരുന്ന  റിച്ചാർഡിനോട്  തീർത്തു പറഞ്ഞു. ഈ വീട്ടിൽ ഇനി  താമസിക്കാൻ എന്നെയും മക്കളെയും  കിട്ടില്ലെന്ന്.കടുത്തു പറഞ്ഞാലെ തീരുമാനം അല്പം കഴിഞ്ഞാലെങ്കിലും എടുക്കൂ.അതാണനുഭവം.ഞാൻ  റിച്ചാർഡിനെ കുറ്റപ്പെടുത്തില്ല.പകൽ മുഴുവൻ ചൈനക്കാരൻ്റെ ഐടിക്കമ്പനിയിലും  രാത്രിയുടെ സിംഹഭാഗവും ഏതോ കോണിലുള്ള കമ്പനിക്കു വേണ്ടിയും ജീവിച്ചു  തീർക്കുന്ന റിച്ചാർഡിന്  ലോക പരിചയം കുറവാണ്. ആർക്കും എളുപ്പം പറ്റിക്കാം.ഏതോ ഒരു സ്ഥലബ്രോക്കർ അനുയോജ്യമല്ലാത്തതും മോശവുമായ ഒരു വീട് റിച്ചാർഡിൻ്റെ തലയിൽ കെട്ടിവച്ച് വിദഗ്ധമായി കബളിപ്പിച്ചു. റിച്ചാർഡിന് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിയാതെ പോയി. ഇക്കാലത്ത് കബളിക്കപ്പെടാതെ ജീവിതം  മുന്നോട്ടുപോകാനാണ് പ്രയാസം. 

അങ്ങിനെ ഒരു അവധി ദിവസം ജാലകത്തിലൂടെ നോക്കിയപ്പോൾ നിരനിരയായി നിൽക്കുന്ന  പേരറിയാത്ത  മരഞ്ചില്ലകളിൽ  വെളുത്ത മേലാപ്പു പടരുന്നതു കണ്ടു. മഞ്ഞച്ച ഇലകൾ പൊഴിഞ്ഞു വീഴുന്നു. മഞ്ഞുകാലം തുടങ്ങിക്കഴിഞ്ഞു. ഇനി തണുപ്പിൻ്റെ തീവ്രത കൂടും.വീടുമാറുന്നെങ്കിൽ  ഉടനെത്തന്നെ മാറണം. ഇനി വൈകിയാൽ അതു  പ്രയാസമാകും.അതു മനസ്സിൽ നിശ്ചയിച്ചു കൊണ്ട് മരത്തിൻ്റെ ചുറ്റു കോണിയിറങ്ങി    മുറ്റത്തെത്തിയപ്പോഴാണ് റിച്ചാർഡ് തലയുയർത്തിക്കൊണ്ട്  വന്നു കയറിയത്. ഒപ്പം വീട്ടു സാധനങ്ങൾ ഷിഫ്റ്റു ചെയ്യാൻ മെക്സിക്കൻ തൊഴിലാളികളും. ഒന്നുമുരിയാടാതെ തൊഴിലാളികൾക്ക് നിർദ്ദേശം നല്കുന്നതിനിടയിൽ റിച്ചാർഡ് തന്നെ വല്ലാത്തൊരു നോട്ടം നോക്കുന്നുണ്ടായിരുന്നു. താൻ കടുപ്പിച്ചു  പറഞ്ഞത് മനസ്സിൽ കൊണ്ടു കാണണം. സാരമില്ല , പിന്നെ സൗകര്യം പോലെ സമയമെടുത്ത് സമാധാനിപ്പിച്ചോളാം.ആ സമയം വരെ ഫോൺ തൻ്റെ കൈവശം ഉണ്ടായിരുന്നതായി ഓർക്കുന്നുണ്ട്. അപ്പോഴായിരുന്നു  ഞാൻ ഫോണിൽ വീട് ഷിഫ്റ്റ് ചെയ്യാനുള്ള ചാർജ് ഫോണിൽ സെർച്ച് ചെയ്യുന്നത് . മുറ്റത്തു ഞാൻ ഇരുന്നിരുന്ന ഇരുമ്പുകസേരയുടെ വലതുവശത്തെ മരപ്പടിയിൽ ആണത്  വച്ചിരുന്നത്‌. അതിനു ശേഷം ഓർമ്മയുടെ അടരുകളിലെവിടെയോ നിന്ന്  ഫോൺ പൊയ്പ്പോയി. പിന്നെ ഇതു വരെ എത്രയാലോചിച്ചിട്ടും  ഫോണിൻ്റെ തുടർന്നുള്ള പ്രയാണം  കണ്ടുപിടിക്കാനായില്ല.മെക്സിക്കൻ അതിർത്തി കടന്നോ എന്നൊരു സംശയം ഇല്ലാതില്ല. റിച്ചാർഡിനോടാ സംശയം പങ്കുവക്കാമെന്നു വിചാരിച്ചാൽ, പിന്നീടു തൻ്റെ ഊഹം പിഴക്കുകയാണെങ്കിൽ അതു വലിയ പ്രശ്നമാകും. ഫോൺ വലിയ  വില പിടിപ്പുള്ളതല്ല. സിമ്മും നിശ്ചലമാക്കി. വിവരം പോലിസിലും അറിയിച്ചു. സൂപ്ലിക്കേറ്റിനായി അപേക്ഷയും നല്കി. ഏതായാലും മനസ്സിൻ്റെ ഒരു തരം ആധിയുണ്ടല്ലോ.അതു വിട്ടു പോയതേ ഇല്ല.                      

 റിച്ചാർഡ് കണ്ടെത്തിത്തന്ന പുതിയ വീടിൻ്റെ മുറ്റത്തു നിന്ന് ആകമാനം ഒന്നു നോക്കി.  ഒന്നാന്തരം ഉറപ്പുള്ള നിർമ്മിതി  തന്നെ. പിന്നെ അകത്തളങ്ങളിൽ ഒന്നു ചുറ്റിയടിച്ചു. മനുഷ്യൻ്റെ ചെറിയ ആവശ്യങ്ങളെപോലും സഫലീകരിക്കുന്ന നല്ല  ഗംഭീരമായ വീട്. മനുഷ്യൻ്റെ ആവശ്യങ്ങളെക്കുറിച്ച് നല്ല ഉൾക്കാഴ്ചയുള്ള വ്യക്തിയാണ് ഈ മനോഹര ഭവനത്തിൻ്റെ നിർമ്മിതിക്കു  പിന്നിലുള്ളതെന്ന് വ്യക്തം. ഓഫീസിലേക്കും സ്കൂളിലേക്കും അത്ര ദൂരമില്ലെന്ന്  റിച്ചാർഡ്  ഫോണിലൂടെ കാണിച്ചുതന്നു. വീട്ടു സാധനങ്ങൾ യഥാവിധി എടുത്തുവെക്കാൻ മെക്സിക്കോ തൊഴിലാളികളോട് നിർദേശം നൽകി മക്കളെയും കൂട്ടി വീടും പരിസരവും ഒന്നു ചുറ്റിക്കാണാൻ തീരുമാനിച്ചു. അങ്ങിനെ നടക്കുമ്പോഴാണ് വീടിൻ്റെ പിറകുവശത്തെ സ്ഥലം വിശാലമായി കിടക്കുന്നതു കണ്ടത് .ദൂരെയാണെങ്കിലും ഇടതു വശത്തും വലതു വശത്തും ചെറിയ വീടുകളുണ്ട്. പുറകുവശത്ത് എന്തുകൊണ്ടൊ  വീടൊന്നും കാണുന്നില്ല.നല്ലുയരമുള്ള മതിൽക്കെട്ടിനു മുകളിലൂടെ ഒറ്റപ്പെട്ട്  നിൽക്കുന്ന മരങ്ങളുടെ ശോഷിച്ച ചില്ലകൾ  മാത്രം കാണാനുണ്ട്. ചില മരങ്ങളിൽ  പേരിനുമാത്രം ഇലകളും. പരിസരങ്ങളിൽ ഭയപ്പെടുത്തുന്ന വല്ലാത്തൊരു മൂകത തളം കെട്ടി നിൽക്കുന്നു. വീടിനകത്തു കയറി മുകൾ നിലയിലെ ബെഡ് റൂമിലെ പുറകിലേ വാതായനങ്ങൾ മലർക്കെ തുറന്നിട്ടു.തുറന്നതും ശരീരമാസകലമൊന്നു വിറച്ചു പോയി. വിസ്തൃതമായി പരന്നു കിടക്കുന്ന സെമിത്തേരി! അതിൻ്റെ മതിൽക്കെട്ടിനിപ്പുറമാണ് റിച്ചാർഡ് കണ്ടെത്തിയ ഈ വീട്.!വിഷാദഛായ പൂണ്ടു നിൽക്കുന്ന ഉണങ്ങിയ  ശുഷ്കിച്ച ഇലകളുള്ള മരങ്ങൾ. നീളനെ എണ്ണമറ്റു കിടക്കുന്ന പച്ച രാശി പടർന്ന  നിലത്തിലെ വെളുത്ത  ശവമടക്കുകൾ.ചിലവ വൃത്തിയാലും മറ്റു ചിലവ തകർന്നും കിടക്കുന്നു. അങ്ങിനെ  നോക്കിക്കൊണ്ടിരിക്കുമ്പോൾ തന്നെ ഒരു കറുത്ത  വാഹനം അവിടെക്കു മെല്ലെ കടന്നു വരുന്നതു കണ്ടത്! വാതായനങ്ങൾ വലിച്ചടച്ച് താഴെക്കിറങ്ങി. ശരീരം വിറക്കുന്നുണ്ട്. അതു  ഭയം കൊണ്ടു മാത്രമല്ല, നിയന്ത്രിച്ചിട്ടും അടക്കാനാവാത്ത അമർഷം കൊണ്ട്. റിച്ചാർഡിനെ താഴെയെങ്ങും കണ്ടില്ല. ഏതെങ്കിലും മുറിയിൽ ലാപ് ടോപ്പിൽ മുഖം താഴ്ത്തി ഇരിക്കുന്നുണ്ടാവും. ഇനി ഏതായാലും അയാളോടിനി രോഷം കൊണ്ടിട്ട് കാര്യമില്ല. ഇനി  ഇക്കാര്യത്തിൽ   ഇദ്ധേഹത്തെ ആശ്രയിക്കുവാനും പോകുന്നില്ല. ഇനിയുള്ള   കാര്യങ്ങൾ സ്വയം ചെയ്യുക തന്നെ. ഒരു ബിരുദ സർട്ടിഫിക്കറ്റുമായി വന്ന് ഇവിടം വരെ എത്തിയ തനിക്ക് ഒരു നല്ല വീടന്വേഷിച്ച് കണ്ടെത്താൻ കഴിയില്ലെന്നോ? അപ്പോൾ തന്നെ മക്കളുടെ ഉടുപ്പുമാറ്റി  കാറിൽ ഇരുത്തി.  വേഗത്തിൽ കാർ ഡ്രൈവു ചെയ്തു. പ്രജക്ട് മാനേജർ സാം സിക്രൂസിന് അല്പം ഭൂമിക്കച്ചവടവും അനുബന്ധ ബിസിനസുകളും  ഉണ്ടെന്നറിയാം. തൻ്റെ ആവശ്യങ്ങൾ എല്ലാം പറയണം. കഴിയുമെങ്കിൽ ഇന്നു തന്നെ വീടു കണ്ട് കരാറുറപ്പിക്കാം.എന്നിട്ടേ ഇനി വിശ്രമമുള്ളൂ.

നേരിയ ചുകന്ന വെയിലിൽ  വഴിത്താരക്കിരുവശവുമുള്ള  മേപ്പിൾ മരങ്ങളിലെ മഞ്ഞിൻ്റെ അടരുകൾ അലിഞ്ഞൊഴുകുന്നത് കണ്ടു. മറ്റൊരു അവസരമാണെങ്കിൽ  വാഹനം നിറുത്തി ആ ചുവന്നു  തഴച്ച മരക്കാടും അതിനു പിന്നിലെ തടാകത്തിൻ്റെ നീല പടർന്ന ദൃശ്യവും  അല്പനേരം ആസ്വദിച്ചു കൊണ്ട് നോക്കി നിന്നേനെ.അല്പദൂരം കഴിഞ്ഞപ്പോൾ മരങ്ങൾ എവിടെയൊക്കെയോ നഷ്ടപ്പെടുന്നതായി  കണ്ടു. ആ നഷ്ടപ്പെടലുകൾക്ക് പകരം   സൂര്യകാന്തിപ്പാടങ്ങൾ കാണാൻ തുടങ്ങി.അതൊരു സൂചകമാണ്.സാമിൻ്റെ ഫാം ഹൗസ്  എത്താറായിരിക്കുന്നു. പണ്ടെപ്പോഴോ ഈ വഴി വന്നത് പണിപ്പെട്ട് ഓർത്തെടുത്തു. അന്ന് സാം ഈ സൂര്യകാന്തിപ്പാടങ്ങളെക്കുറിച്ച് പറത്തിരുന്നു.മഞ്ഞുൾക്കൊണ്ടു കിടക്കുന്ന ആ  വസ്തുവകകൾ   അയാളുടെ അമ്മ മകന് ഇഷ്ടദാനം  നല്കിയതാണത്രേ . അല്പദൂരം കൂടി യാത്ര ചെയ്തപ്പോൾ ഫാം ഹൗസിൻ്റെ ചൂണ്ടുപലക കണ്ടു.  കാർ ആ വഴിയോരത്ത്  ഒതുക്കി പാർക്കു ചെയ്ത ശേഷം  കുട്ടികളെയും കൂട്ടി പുറത്തിറങ്ങി.റോഡു മുറിച്ചുകടന്ന്  കരിങ്കല്ലുപാകിയ വഴിയിലൂടെ സാമിൻ്റെ വീടു ലക്ഷ്യമാക്കി നടക്കുമ്പോഴാണ് പൊടുന്നനെ  സൂര്യകാന്തിപ്പൂക്കൾക്കു മുകളിൽ മേലാപ്പു പോലെ മഴവില്ലു കണ്ടത്.  വിസ്മയമിഴിയോടെ  അല്പനേരം അതു നോക്കി നിന്നു. അമ്മയുടെ കൈ പിടിച്ചു പുഴക്കരികിലെ പാടവരമ്പിലൂടെ പോകുമ്പോൾ  മഴവില്ലുകണ്ടതിൻ്റെ ഏറെ പഴയൊരു ഓർമ്മയുടെ ഞരമ്പ്  ഒന്നു തുടിച്ചു. പുഴക്കപ്പുറം വിസ്തൃതമായ മാനത്ത് വിരിഞ്ഞു നിന്ന  ആ മഴവില്ലു നോക്കി ,അമ്മയുടെ കൈ പിടിച്ച്  ഏറെ സമയം നിന്നതും ,അതിൻ്റെ നിറങ്ങൾ പറയാൻ ശ്രമിച്ചപ്പോൾ തെറ്റിപ്പോയതും ,അമ്മ അതു തിരുത്തി പറഞ്ഞു തന്നതും   എനിക്ക് പൊടുന്നനെ ഓർമ്മ വന്നു. കുട്ടികൾ മഴവില്ലു കണ്ട് കൈ  കൊട്ടിതുള്ളിച്ചാടുന്നതു കണ്ട്  ആ പ്രതിസന്ധി ഘട്ടത്തിലും എന്റെ മനസ്സിൽ ആഹ്ളാദം തിരതല്ലി.   

വന്ന കാര്യം പെട്ടന്നു തന്നെ  സാധിച്ചു കിട്ടിയതിൻ്റെ  സന്തോഷത്താലും സമാധാനത്താലും  തിരിച്ചു നടക്കുമ്പോൾ  സൂര്യകാന്തിപ്പൂക്കളുടെ മുകളിലേക്ക്  ഇറങ്ങി വന്ന ആകാശത്തേക്കു  ഒന്നു പാളി നോക്കിയപ്പോൾ  നിരാശ തോന്നി.  മാരിവില്ല് പൊടുന്നനെ ആകാശത്തിൻ്റെ വിശാലതയിൽ  എവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു.
മഞ്ഞു നിലം പറ്റിയ വഴിത്താരയിലൂടെ കാറോടിക്കുമ്പോൾ  ആശ്വാസത്തോടെ പുഞ്ചിരിച്ചു മൂളിപ്പാട്ട് പാടിക്കൊണ്ടിരുന്നു.എന്റെ സന്തോഷം കുട്ടികളിലേക്കും പ്രസരിച്ചു.എത്ര വേഗമാണ് സാം ഞാൻ അഭിമുഖീകരിച്ചു കൊണ്ടിരുന്ന  പ്രശ്നത്തിന് ഞൊടിയിടയിൽ സമീകരണം കണ്ടെത്തിയത്. വീടിൻ്റെ മുക്കും മൂലയും ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും കംപ്യൂട്ടറിൽ കാണിച്ചു തന്നു. വീടിനു പിറകിൽ നീലഛവി പടർന്ന കുന്നുകൾ ,വീടിനപ്പുറം  പച്ചപ്പടർപ്പിനു മുകളിൽ സ്വർണ്ണം ഉരുക്കിത്തൂവിയ പോലെ കോൺ പാടം. തെറ്റുകുറ്റങ്ങളില്ലാത്ത മനോഹരമായ ഒരു വീട്. എന്റെ ആഗ്രഹങ്ങളെ നൂറു ശതമാനം പിൻ തുണക്കുന്ന നിർമ്മാണം .എല്ലാറ്റിനുമുപരിയായി  അര മണിക്കൂർ മുന്നോട്ടു സഞ്ചരിച്ചാൽ കുട്ടികളുടെ സ്കൂൾ .തുടർന്ന് ഒരു പത്തു മിനിറ്റുകൂടെ യാത്ര ചെയ്താൽ എന്റെ ഓഫീസുമായി . ആകെയൊരു അപാകതയായത് റിച്ചാർഡിൻ്റെ ജോലി സ്ഥലമാണ്.അല്പം ദൂരമധികമുണ്ട്. അതു വലിയൊരു  പ്രശ്നമായി തോന്നിയില്ല .ആഴ്ചയിൽ മിക്ക ദിവസവും വീട്ടിലിരുന്ന ജോലി ചെയ്യുന്ന ഒരാളാണ് റിച്ചാർഡ് . സ്ഥിരമായി യാത്ര ചെയ്യുന്നവർക്കേ പ്രയാസമുള്ളൂ.

സാമിനെ ആദ്യം തന്നെ സമീപിക്കാത്തതിൽ അവൾക്ക് കഠിനമായ വ്യഥ തോന്നി. എങ്കിൽ  ഇക്കണ്ട പൊല്ലാപ്പുകളെല്ലാം ഒഴിവാക്കാമായിരുന്നു. ഇനി പറഞ്ഞിട്ടെന്തു കാര്യം .ഏതായാലും  ഇനി ഒരിക്കൽ കൂടി മനം മടുപ്പിക്കുന്ന ഒരു വീടുമാറ്റം കൂടി. മറ്റെന്തു ചെയ്യാനാണ് ഇതു കൂടെ സഹിക്കുക തന്നെ. ഇനി വീണ്ടും അതിർത്തി ചാടി വരുന്ന മെക്സിക്കോ തൊഴിലാളികളെ  വിളിക്കണം. വീട്ടു സാധനങ്ങൾ ഷിഫ്റ്റു ചെയ്യണം. ഇനി ഈ വീടുമാറ്റത്തിന്റെതായ  നഷ്ട്ടപെടലുകൾ എന്തായിരിക്കുമോ?

സെമിത്തേരിക്കു പുറകിലെ വീട്ടിലെ അവസാനത്തെ ഞങ്ങളുടെ സാമഗ്രിയായ ലെറ്റർ ബോക്സ് അഴിച്ചെടുത്ത് റിച്ചാർഡിനെ ഏൽപ്പിച്ച് ആ വീടിൻ്റെ ഉടമസ്ഥക്ക്  കീ നല്കുമ്പോൾ  ഇത്ര നാൾ വഹിച്ചുകൊണ്ടിരുന്ന ഒരു വലിയ ഭാരം കൈമാറിയ പ്രതീതിയായിരുന്നു. ഇനി പുതിയ വീട് .. പുതിയ ദിവസങ്ങൾ.                                                                                                                                                                                                                                                     

                                                                                                                                 
പുതിയവീട്ടിൽ എത്ര വേഗമാണ് വീട്ടു സാധനങ്ങളെല്ലാം ഒതുക്കി വക്കാൻ കഴിഞ്ഞത്! എനിക്ക്  തെല്ലു അത്ഭുതം തോന്നി. ചുറ്റുപാടിൻ്റെ പ്രസന്നത  കുട്ടികളിലേക്കും പകർന്നിരിക്കുന്നു. അവർ വീടിനകത്തും ബാൽക്കണിയിലും ഓടിനടന്ന് ചിരിച്ചു കളിക്കുന്നു. അതങ്ങനെയാണ് മനോഹരമായ ചുറ്റുപാടുകൾ മനുഷ്യ മനസ്സിനെ വൈകാരികമായി ഏറെ സ്വാധീനിക്കും. പഴയ സെമിത്തേരി വീട്ടിൽ കുട്ടികൾ വിഷണ്ണരായി ബെഡ്  റൂമിൽ ഒതുങ്ങി ഇരിക്കുകയായിരുന്നല്ലോ? റിച്ചാർഡ് ഇതൊന്നും തന്നെ ബാധിച്ചില്ലെന്ന മട്ടിൽ ലാപ് ടോപ്പിൽ മുഖം പൂഴ്ത്തിയിരിക്കുന്നു. അടുക്കളയിൽ ചെന്നു പാലു  തിളപ്പിച്ചു. പാത്രം നിറഞ്ഞു തുളുമ്പും  വരെ തിളപ്പിച്ച പാൽപ്പാത്രം മാറ്റിവച്ചു ഏറെ നാളായി കുട്ടികൾ പാൽപായസം കഴിക്കണമെന്ന് പറയുന്നു. ഇപ്പോൾ തന്നെയാണ് അതിന് യോജിച്ച സന്ദർഭം. 

പായസം ഉണ്ടാക്കുന്നതിനിടയിലാണ്  ബാൽക്കണിയിൽ നിന്നും കുട്ടികളുടെ ബഹളം കേട്ടത്. 

“മമ്മീ....ബ്ലാക്ക്....ക്രോ.....മമ്മീ”

പെട്ടെന്ന് ഇളയ കുട്ടി അടുക്കളയിലേക്ക് ഓടി വന്നു.

“മമ്മീ അവടെ ബ്ലാക്ക് ക്രോ! ചേട്ടൻ ടോയ് കൊണ്ട് എറിഞ്ഞു. ന്നട്ടും പോണില്ല. ഇപ്പഴും അവടത്തന്നെ ഉണ്ട്. വാ മമ്മീ കാണിച്ചു തരാം”

കാക്കയോ? ഇവിടെ കാക്കകളെ ഇതുവരെ കണ്ടിട്ടില്ലല്ലോ? ചാരനിറത്തിൽ കാക്കകളെ പോലെ ഒരു  തരം കിളികളെ കാണാറുണ്ട്. പിന്നെ കൂട്ടം ചേർന്ന് വരുന്ന തവിട്ടു നിറത്തിൽ  പുള്ളികളുള്ള ചെറിയ കിളികളും. അങ്ങിനെ രണ്ടിനങ്ങളെയെ ഇവിടെ കണ്ടിട്ടുള്ളു അല്ലാതെ കാക്കകളെയൊന്നും ഇന്നാട്ടിൽ  ഇക്കാലത്തിനിടക്ക് കണ്ടിട്ടില്ല.

മകളെ ചേർത്തു നിർത്തി പറഞ്ഞു. 

“മോളെ, മമ്മിക്കിവിടെ ഇഷ്ടം പോലെ ജോലിയുണ്ട്. കണ്ടില്ലേ? മോൾക്ക് പായസം ഉണ്ടാകുന്നുണ്ട്‌ട്ടോ.പിന്നേയ് ടോയ്സൊക്കെ എറിഞ്ഞു കളഞ്ഞാ താഴേന്ന്                എടുത്തുതരികയുമില്ല പുതിയ ടോയ്സും വാങ്ങിത്തരില്ലാന്നു ചേട്ടനോട് പറയു ട്ടോ”    

 മകളതു കേട്ടതും ചിണുങ്ങിക്കൊണ്ട് ഓടിപ്പോയി. ഇതുവരെ കാക്കകളെ കണ്ടിട്ടില്ലാത്ത മോൾക്ക് ഈ പക്ഷി കാക്കയാണെന്ന് എങ്ങിനെ അറിഞ്ഞു? സ്വർണ്ണ നിറമാവാൻ  തുടങ്ങിയ പായസം  എടുത്തു വക്കുന്നതിനിടയിൽ വെറുതെ നിനച്ചു . അറിയാതെങ്ങിനെ? ഫുൾ ടൈം കാർട്ടൂൺ കാണുകയല്ലെ?  പിന്നെന്താണ്  അറിയാൻ വയ്യാത്തത്?

അപ്പോഴേക്കും  സ്വർണനിറം കൈവന്ന
പായസം ഗ്ലാസ്സുകളിൽ നിറച്ച്  റിച്ചാർഡിനും മക്കൾക്കും കൊണ്ടു  കൊടുത്തു.ഉച്ചക്കു കഴിക്കാൻ സ്റ്റീം റൈസ് തയ്യാറാക്കാനായി വച്ച് അല്പനേരം  വിശ്രമം തേടി  ബെഡ് റൂമിലെത്തി.ഞൊറികളുള്ള മഞ്ഞകർട്ടനുകൾ വിരിച്ച വാതായനങ്ങൾ തുറന്നിട്ടു.  അകലെയുള്ള  നീലമലകളുടെ താഴ്‌വാരം ആറ്റി  തണുപ്പിച്ച ഇളങ്കാറ്റ്  ജാലകത്തിലൂടെ  അലയടിച്ചു. തെല്ലിട നേരം ഇമയടച്ച് നിന്ന  എനിക്ക് ആകമാനം ഒരുണർവ് തോന്നി. എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോയ പ്രസരിപ്പ്  പതിൻമടങ്ങായി  തിരിച്ചെത്തിയ പ്രതീതി. ഒരു മൂളിപ്പാട്ടു പാടി  മുറ്റത്തിറങ്ങി . കല്ലുകൾ  വിരിച്ച നടപ്പാത. അവക്കിടയിൽ നേർത്ത പുല്ലുകൾ വളർന്നിരിക്കുന്നു. അതെല്ലാം ഒന്ന് പറ്റെ വെട്ടി നിരപ്പാക്കണം .അതിനിടതു വശം പിങ്ക് നിറം പ്രസരിച്ച് ഇടതൂർന്ന് തഴച്ചു നിൽക്കുന്ന ടുലീപ് പുഷ്പങ്ങൾ .ചുകന്ന  ഇതളിൻ്റെ സ്നിഗ്ധതയിലൂടൂർന്ന മഞ്ഞിൻ തുള്ളികൾ തൂങ്ങി നിൽക്കുന്ന റോസാപൂക്കൾ.പില്ലറുകളിൽ ഒരു കുടന്ന പൂച്ചെടികൾ വച്ചലങ്കരിച്ച    ഇരുമ്പു ഗേറ്റിനരികിൽ  തെല്ലിട സംശയിച്ചു നിന്നു. പിന്നെ കാറിനടുത്തേക്കു നീങ്ങി. കണ്ടോ? ഇത്ര ശ്രദ്ധയില്ലായ്മ കാണിക്കരുത് .വീടുമാറ്റത്തിനു ശേഷം റിച്ചാർഡിനെ ഏൽപ്പിച്ച ലറ്റർ ബോക്സ് കാറിനുള്ളിൽ തന്നെ കിടക്കുന്നു. അതൊന്നെടുന്നു ഗേറ്റിൽ ഫിക്സു ചെയ്യുവാനുള്ള സൻമനസ്സു പോലും? ഒന്നും പറഞ്ഞിട്ടു കാര്യമില്ല.

കാറിൽ നിന്നും ലറ്റർ ബോക്സെടുത്ത് ഗേറ്റിൽ ഘടിപ്പിക്കാനായി പോകുമ്പോഴാണ്  അതിനുള്ളിൽ  നിന്നും നിറം മങ്ങിയ ഒരു കവർ തല നീട്ടിയത് . കവറിനു പുറത്തു ഒഴിവാക്കിപ്പോന്ന വീട്ടിലെ വിലാസം.നല്ല പരിചയമുള്ള  നീല  മഷിപടർന്ന കയ്യക്ഷരം .നാട്ടിൽ നിന്നാണ് .സ്വാമിജി !

 സ്വാമിജിഎഴുതുന്നു.

“നിലവിൽ ലഭ്യമായ എല്ലാ ആധുനിക മാർഗ്ഗങ്ങളിലൂടെയും നിങ്ങളെ വിവരം അറിയിക്കാൻ ശ്രമിച്ചു. കഴിഞ്ഞില്ല. അതീവദുഃഖകരമായ ഒരു സംഭവം നടന്നു .അതറിയിക്കാനാണ്  ഈയൊരു എഴുത്ത്. വിഷമമുണ്ട്. കഴിഞ്ഞ ഇരുപതാം തീയതിയിലെ സന്ധ്യക്ക് , അന്തേവാസികളൊടൊപ്പം പതിവു പ്രാർത്ഥനയിലായിരുന്നു അമ്മ പെട്ടന്നാണ് കുഴഞ്ഞു വീണത്.

 തുടർന്ന് വായിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഒരു വലിയ ശൂന്യത എന്നിൽ വന്ന് നിറയുന്ന പോലെ തോന്നി.

ഉച്ചയാകാറായിരുന്നു. നേർത്ത ചൂടിൽ  ചെടികളിൽ പറ്റിപ്പിടിച്ച  മഞ്ഞിന്റെ നേർത്ത അടരുകൾ  ഉരുകിയൊലിക്കാൻ തുടങ്ങി.മരവിച്ച പോലെ യാന്ത്രികമായവൾ  അകത്തേക്കു നടന്നു.  റിച്ചാർഡിനെ അവിടെങ്ങും കാണാനുണ്ടായിരുന്നില്ല. റിച്ചാർഡ് ഇരുന്നിടത്ത് പകുതി കുടിച്ച പായസത്തിൻ്റെ  ഗ്ലാസ്സ്. അതിൽ  ഒരു ഈച്ച ചത്തു പാറിക്കിടക്കുന്നത്  കണ്ടു. തല കൈകുമ്പിളിലൊളിപ്പിച്ച് സോഫയിൽ  ഏറെ നേരം തളർന്നിരുന്നു. അപ്പോഴാണ് ബാൽക്കണിയിൽ നിന്നും കുട്ടികളുടെ ബഹളം കേട്ടത്. ഏതോ ഉൾവിളിയാൽ എഴുന്നേറ്റ് അവിടെ ചെന്നു നോക്കുമ്പോൾ ബാൽക്കണിയുടെ ചെറിയ  തുറസ്സിനരികിലെക്ക്  ചാഞ്ഞു കിടക്കുന്ന മരഞ്ചില്ലയിൽ രണ്ടു കറുത്ത കാക്കകൾ .കുട്ടികൾ കാക്കകളെ ചൂണ്ടി ബഹളം വച്ചു കൊണ്ടിരിക്കുന്നു.എന്റെ കനത്ത ഒരു നോട്ടത്തിൻ്റെ അർത്ഥമുൾക്കൊണ്ട് കുട്ടികൾ പൊടുന്നന്നെ ബഹളം നിറുത്തി.  ഉടനെഅടുക്കളയിലേക്ക് പോയി.വെന്തുടഞ്ഞ  ചോറ് കുഴച്ച് ഉരുളകളാക്കി ഒരിലക്കീറിൽ വച്ച് മരഞ്ചില്ലക്കരികിലെ തുറസ്സിലേക്ക് നീക്കിവച്ച ശേഷം  പിൻവാങ്ങി. തെല്ലിട സംശയിച്ച ശേഷം കാക്കകൾ വന്ന് അതുകൊത്തിത്തിന്നുന്നത് നിറഞ്ഞ കൺപീലിയോടെ ഞാനും  അത്ഭുതത്തോടെ   കുട്ടികളും നോക്കി നിന്നു.