പേനത്തുമ്പിൽ നിന്നും പുറത്തു ചാടിയ അക്ഷരങ്ങൾ ചിതറിത്തെറിച്ച് വെള്ള കടലാസിനെ വികൃതമാക്കിക്കൊണ്ടിരുന്നു. ജനലിലൂടെ തെറിച്ചു വീണ മഴത്തുള്ളികൾ കടലാസിലെ അക്ഷരങ്ങളെ നനയിപ്പിച്ചു.തണുത്ത കാറ്റു മുറിയിലേക്ക് അരിച്ചിറങ്ങുന്നുണ്ട്.പുറത്തെ പേരമരത്തിൽ ഒരു കൊച്ചു കിളിക്കൂട്. ഇപ്പോഴാണ് ഞാനത് കാണുന്നത്. മഴ നനയാതിരിക്കാൻ അമ്മപ്പക്ഷി തന്റെ കുഞ്ഞിനെ ചിറകിനടിയിൽ ചേർത്ത് പിടിക്കാൻ  തത്രപ്പെടുന്നുണ്ടായിരുന്നു. അരോചക ശബ്ദത്തോടെ കറങ്ങികൊണ്ടിരുന്ന ഫാൻ പൊടുന്നനെ നിലച്ചു. മഴമേഘങ്ങൾ മാനത്ത് കാണേണ്ട താമസം ഇവിടെ കറന്റ്‌ പിണങ്ങി പോയിരിക്കും! ഉഗ്ര ശബ്ദത്തോടെ ഇടിയും മിന്നലും മഴയെ അകമ്പടി സേവിക്കാൻ എത്തിയിട്ടുണ്ട്. കുറച്ചു

മുൻപ് ആവിപറത്തി അടുത്തിരുന്ന കാപ്പി തണുത്തു. പുറത്തെ മഴയുടെ ശബ്ദം ശ്രദ്ധിച്ചു എത്ര സമയം തനിച്ചിരുന്നെന്നറിയില്ല. കണ്ണട മാറ്റി കണ്ണുകൾ തിരുമ്മി മുറിയിലൂടെയൊന്നു സഞ്ചരിച്ചു.

മേശപ്പുറത്ത് അടുക്കും ചിട്ടയുമില്ലാതെ പുസ്തകങ്ങൾ ചിതറി കിടപ്പുണ്ട്. ദൽഹി ഗാഥകളും ആൾകൂട്ടവും നാലുകെട്ടും മനുഷ്യന് ഒരു ആമുഖവും അങ്ങനെ വായിച്ചു കഴിഞ്ഞതും ഇതുവരെയും തുടങ്ങാത്തതുമായ പുസ്തകങ്ങൾ. അലസത, മടുപ്പ്, ഇവർ കൂടെ തന്നെയുണ്ട് എപ്പോഴും. ഇവരിൽ നിന്നൊരു മോചനം? തനിച്ചിരിക്കുമ്പോൾ അനുവാദത്തിനു കാത്തു നിൽക്കാതെ തന്നിഷ്ട പ്രകാരം ധിക്കാരത്തോടെ പരിഹാസചിരിയുമായി കടന്നു വന്നേക്കാവുന്ന അനാവശ്യ ചിന്തകളെ,മനസിന്‌ ചുറ്റും ഒരു വേലി കെട്ടി അതിനപ്പുറം നിർത്തണമെന്ന് പലകുറി വിചാരിച്ചിട്ടുണ്ട്.അടുത്ത വീട്ടിലെ ഗൃഹനായിക ഇടിയിൽ അവരുടെ വീട്ടിലെ ടിവി അടിച്ചു പോയെന്നു അമ്മയോട് പറയുന്നത് കേട്ടു.കുറച്ചു കൂടി കുത്തിക്കുറിക്കാമെന്നു കരുതി കടലാസും പേനയും എടുത്തപ്പോൾ ഇത്തവണ ഉഗ്ര ശബ്ദത്തോടെ മിന്നൽ പാഞ്ഞു പോയത് എന്റെ കണ്ണുകളിലൂടെ ആയിരുന്നു. എഴുതി വച്ചിരുന്ന കടലാസിലെ നനവ് പറ്റിയ അക്ഷരങ്ങൾ കൂടിച്ചേർന്നൊരു കുഞ്ഞിന്റെ രൂപമായി മാറിയിരിക്കുന്നു!കൊച്ചരിപ്പല്ലും നുണക്കുഴിയുമുള്ള,പിങ്ക് ഫ്രോക്ക് ധരിച്ച് എന്നെ നോക്കി പുഞ്ചിരി തൂകുന്ന, ഒരു നാലു വയസുകാരി! "എനിച്ചിന്നു നർസറി പോണ്ട..ചേച്ചി വാ, നമ്മക്ക് കളിക്കാം."എന്റെ എതിർപ്പിനെ വക വയ്ക്കാതെ അവളെന്റെ കൈ പിടിച്ചു വലിച്ചു നടക്കാൻ തുടങ്ങി...അവളുടെ വീട്ടിലേയ്ക്ക്...വഴിയിൽ കണ്ടവരോടൊക്കെ അവൾ കൈ വീശി ടാറ്റ പറയുന്നുണ്ടായിരുന്നു."എന്റെ പാട്ട് റ്റീച്ചരാ". എതിരെ വന്ന നീല സാരിയുടുത്ത ഒരു സ്ത്രീയെ ചൂണ്ടി അവളെന്നോടായി പറഞ്ഞു.വീട്ടിലെത്തിയതും അവളുടെ കൊച്ചു മുറിയിലേക്ക് എന്നെ കൂട്ടികൊണ്ടുപോയി. മുറി നിറച്ചും കളിപ്പാട്ടങ്ങൾ. അവളെ പോലെ ആ കളിപ്പാട്ടങ്ങളിലൊക്കെയും കുസൃതി ഒളിഞ്ഞിരിക്കും പോലെ. അവളുടെ ബാഗും പുസ്തകവും കളിക്കുടുക്കയും ക്രയോണും ഒക്കെ വൃത്തിയായി അടുക്കി വച്ചിരിക്കുന്ന മേശ കണ്ടപ്പോൾ എന്റെ വലിച്ചുവാരിയിട്ടിരിക്കുന്ന മുറിയെ അതോർമ്മിപ്പിച്ചു. ആ വലിയ വീട്ടിൽ പ്രായം ചെന്ന ഒരു സ്ത്രീയെ മാത്രമാണ് ഞാൻ കണ്ടത്. ചുവരിലെ ഫോട്ടോയിൽ നോക്കി നിന്നപ്പോൾ അവളോടി അടുത്ത് വന്നു."ദ് എന്റെ അമ്മയും അച്ഛനുമാ.ജോലിക്ക്‌ പോയിട്ടിപ്പോ വരും."ഇതിനിടയിൽ കുട്ടിക്കുറുമ്പി ഒരു കസേരയിൽ എത്തിവലിഞ്ഞു കയറി കുഞ്ഞികൈ കൊണ്ട് മേശപ്പുറത്തിരിക്കുന്ന ചോക്ലേറ്റ് എടുക്കാൻ പാടുപെടുന്നുണ്ടായിരുന്നു. ഞാനതെടുത്ത് കൊടുത്തപ്പോൾ അവളുടെ മുഖത്തെ സന്തോഷം കാണേണ്ടതായിരുന്നു. എനിക്കൊരുമ്മയും തന്നു. അവളതു മുഴുവനും അപ്പൊ തന്നെ കഴിച്ചു. അപ്പോഴാണ്‌ ആരോ കോള്ളിംഗ് ബെൽ അമർത്തിയത്. അവളുടെ മുത്തശി വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അവളും ഓടി താഴേയ്ക്കു പോയി. "ചേച്ചി പോവല്ലെ, ഇപ്പൊ വരാമേ". പോകുന്നതിനു മുൻപ് അവൾ എന്നോടായി പറഞ്ഞു. അവളുടെ പല പോസിലുള്ള ഫോട്ടോകൾ മറിച്ചു നോക്കിക്കൊണ്ട്‌ ഞാനാ മുറിയിൽ ഇരുന്നു. അഞ്ചു മിനിറ്റുകൾ കഴിഞ്ഞില്ല,പെട്ടന്ന് ഉച്ചത്തിലുള്ളോരു നിലവിളി കേട്ടു..അവളുടെ മുത്തശിയുടെത്..ഒപ്പം "അമ്മാ" എന്ന് ഉറക്കെയുള്ള അവളുടെ കരച്ചിലും. എന്താ സംഭവിക്കുന്നതെന്നറിയാതെ ഓടിച്ചെന്ന ഞാൻ കാണുന്നത് ശരീരമാകെ വെട്ടുകൾ ഏറ്റു രക്തത്തിൽ കുളിച്ചു കിടക്കുന്ന ആ കുരുന്നിനേയും അവളുടെ മുതശ്ശിയേയുമാണ്. ഞാനും ഉറക്കെ നില വിളിച്ചു. പക്ഷേ ശബ്ദം പുറത്തു വന്നില്ല.വീണ്ടും വീണ്ടും ശബ്ദമുണ്ടാക്കാൻ ശ്രമിച്ചു, കഴിഞ്ഞില്ല.ഞെട്ടലോടെ വിറയാർന്ന ശരീരത്തോടെ ഞാൻ അവിടെ പകച്ചു നിന്നു. മരണത്തിന്റെ ഭീകരത ആദ്യമായി കണ്മുൻപിൽ കാണുകയായിരുന്നു. കുറച്ചു മുൻപ് എന്നോടൊപ്പം കളിച്ചു ചിരിച്ച ആ കുഞ്ഞു. മുറിയുടെ ഒരറ്റത്ത് യാതൊരു ഭാവഭേദവും കൂടാതെ സ്വന്തം കുഞ്ഞു പിടഞ്ഞവസാനിക്കുന്നത് നോക്കി നിൽക്കുന്ന ആ സ്ത്രീ...അതവളുടെ അമ്മയല്ലേ.....!? ജീവിതം ഒന്നുമാകാത്ത, ഓമനത്വം തുളുമ്പുന്ന ആ കുഞ്ഞിനെ.....അവരെന്നെ കാണുന്നതും അവ്യക്തമായി ആരോടോ എന്തോ പറയുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു...പെട്ടന്ന് എങ്ങു നിന്നെന്നറിയാതെ ഒരാൾ കത്തിയുമായി എന്റെ നേരെ പാഞ്ഞടുത്തു...കൊലയാളി...! ഭീതിയോടെ ഞാൻ പുറത്തേക്കോടി...പുറത്തു മഴ തിമിർത്തു പെയ്യുകയായിരുന്നു...മരണത്തിനും ജീവിതത്തിനും ഇടയ്ക്കുള്ള ഭയാനകമായ നിമിഷങ്ങൾ..ബാല്യത്തിന്റെയും വാർധക്യത്തിന്റെയും രക്തം പുരണ്ട ആ കത്തിയിതാ കൗമാരത്തിന്റെ നേർക്ക്‌ കൂടി...അധിക സമയം എനിക്ക് ഓടാനായില്ല...മുഖം വ്യക്തമല്ലാത്ത അയാളുടെ ബലിഷ്ഠമായ കൈയിലെ കത്തി എന്റെ നേരെ നീണ്ടു...."അമ്മേ!" കണ്ണു തുറക്കുമ്പോൾ മുൻപിൽ കൊലയാളിയില്ല....കുഞ്ഞു സ്വാസ്തികയും....തളംകെട്ടി കിടക്കുന്ന രക്തവുമില്ല..ജനാല വഴി പുറത്തേയ്ക്ക് നോക്കുമ്പോൾ അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു...പേരമരത്തിലെ കിളിക്കൂട്‌ താഴെ വീണു കിടക്കുന്നു!കിളിക്കുഞ്ഞും...!തള്ളക്കിളിയെ കാണാനില്ല..! തെല്ലൊരു ഭയത്തോടെ എഴുതി വച്ചിരിക്കുന്ന കടലാസ് കൈയിലെടുത്തു.അക്ഷരങ്ങളിലെ നനവ്‌ ഉണങ്ങിയിരിക്കുന്നു...സൂക്ഷിച്ചു നോക്കി,ഇല്ല അങ്ങനെ ഒരു മുഖമതിൽ തെളിഞ്ഞിട്ടില്ല!"മാതൃത്വം മരിക്കുന്നോ" എന്ന തലക്കെട്ടോടെ എഴുതികൊണ്ടിരുന്ന ലേഖനത്തിന്റെ അവസാന വരിയിലൂടെ വിരലോടിച്ചു.എന്നിട്ട് ഒരു വരി കൂടി എഴുതി ചേർത്തു.."മുലപ്പാലിൽ വിഷം ചേർത്ത, പൂതനാരൂപം കൈ കൊള്ളാത്ത, ചതിയുടെയും കാപട്യതിന്റെയും മുഖപടമണിയാത്ത, സ്നേഹവും വാത്സല്യവും ആവോളം പകർന്നു, താരാട്ടു പാടി ഉറക്കുന്ന അമ്മമാരുടെ സുരക്ഷിതമായ കൈകളിലേയ്ക്ക് ഇനി വരാൻ പോകുന്ന കുഞ്ഞുങ്ങളെ, നിങ്ങൾ പിറന്നു വീഴട്ടെ....!! " ആശ്വാസത്തോടെ വീണ്ടും കിടക്കയിലേക്ക്...അപ്പോഴും പുറത്ത് മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു.

കൂടുതൽ വായനയ്ക്ക്