sumesh

എല്ലാം ത്യജിച്ചിട്ടിറങ്ങും മുൻപേ,
ഗൗതമ,നാദ്യമായ് പിതാവായ് മാറി. 

സ്നേഹപ്രതീകമാം കുഞ്ഞിനെക്കണ്ട്,
യാത്രയൊന്നോതുവാൻ മനവും തുടിച്ചു.

പള്ളിയറയ്ക്കുള്ളിലെത്തിയ നേരം,
നിദ്രയിലാഴ്ന്നൊരാ പത്നിയെക്കണ്ടു.

പത്നിക്കരികിൽ കമ്പിളിപുതച്ച്,
മയങ്ങിക്കിടപ്പൂ പ്രിയനാം പുത്രൻ. 

പൈതലിൻ വദനാംബുജം കാണുവാൻ,
കമ്പിളി നീക്കുവാൻ കൈകളൊരുങ്ങി.  

അജ്ഞാതമായൊരാ യാത്രയ്ക്കിറങ്ങിയോൻ,
നാളെയെന്താകുമെന്നൊന്നു,മറിയാത്തോൻ;  

രാജ്യവും സ്വന്തവും സ്വയവും വെടിഞ്ഞ്, 
ബോധോദയംതേടിയിറങ്ങുന്ന നാളിത്. 

കൈയനക്കത്താൽ പത്നിയുണർന്നാൽ,
പരിതാപമെല്ലാം മുന്നിൽ നിരത്തും. 

മോഹങ്ങളെല്ലാം മറന്നുകൊണ്ടന്നേരം,
ഗൗതമൻ തന്നുടെ യാത്രയ്ക്കിറങ്ങി. 

പന്ത്രണ്ടാണ്ടുകഴിഞ്ഞപ്പോൾ ഗൗതമൻ,
ബോധോദയത്തിൻ പടിക്കലെത്തി.