അമ്മയെക്കാണാം നാളെ
അകക്കണ്ണടച്ചാൽ മതീ,
അച്ഛനാണു പറഞ്ഞതിപ്പോ-
ളരികിൽ ചേർത്തുറക്കാൻ നേരം 

അന്നു ഞാനുറങ്ങിയതില്ല 
രാവേറെ നീണ്ടപ്പോഴും,
അകക്കണ്ണടച്ചുവെച്ചെ-
ന്നമ്മയെകാത്തിരുന്നു. 

സൂര്യനിങ്ങുദിച്ചുവല്ലോ
അമ്മയെ കണ്ടതുമില്ലാ,
അച്ഛനെന്തേയുറങ്ങിയില്ല
മുഖമാകെ വിങ്ങിയപോലെ. 

മുങ്ങുമ്പോൾ കുളിരുന്നുണ്ടേ
കുളത്തിന്നും തണുപ്പാണല്ലോ,
'കേശവാ കയറൂവേഗം'
പുറകിലമ്മ പറയുംപോലെ. 

അച്ഛനിന്നിതെന്തേപറ്റി?
തോർത്തുമ്പോൾ വിറയുന്നല്ലോ,
ഈറനോടെ നടക്കാൻമേലാ-
യമ്മകണ്ടാൽ ഇതുമതിയച്ഛാ. 

തറ്റുടുപ്പതിങ്ങനെയാണോ?
ചമ്രംപടിഞ്ഞിരിക്കാൻ മേലാ,
തിരുമേനിയിയാളാണെന്നോ
വിളിക്കെടോയമ്മയെ വേഗം. 

ദീപനാളമർച്ചനചെയ്യാൻ 
തുളസിയിലയെടുക്കണോയച്ഛാ?
അമ്മയിങ്ങെത്തട്ടെയാദ്യം
കാണട്ടെ അമ്മയെൻ പൂജ. 

'പൂജചെയ്താലമ്മയിങ്ങെത്തും
കളിയാതെ ചെയ്യെൻ്റെയുണ്ണീ'
പുറകിലായച്ഛൻ്റെ ശബ്ദം
വിളക്കിലമ്മ ചിരിക്കുംപോലെ. 

അമ്മയ്‌ക്കായർച്ചന ചെയ്തു
കുമ്പിട്ടു പ്രാർത്ഥനേം ചെയ്തു,
ഒറ്റമുട്ടേൽ വേദനയമ്മേ
മുട്ടിലാകെ നീറ്റൽപോലെ.  

കറുകയെന്നാലമ്മയാണത്രേ
പാദത്തേൽ തൊട്ടുതൊഴേണം,
കിണ്ടിയിലായ് വെള്ളവുമുണ്ട്
നാക്കിലയിൽ പൂവും ഏറെ. 

എള്ളും തുളസിയുമായി
നീരൊഴുക്കി നിരവധിതവണ,
ചന്ദനംകൊണ്ടഞ്ചു നേരം
അമ്മയ്ക്കായ് നീരൊഴിച്ചു. 

അമ്മയെവിടെ കാൺമതില്ല
അമ്മയ്ക്കുള്ള ചോറും വന്നു,
തൈരൊഴിച്ചു പൂജേം ചെയ്തു
ഉരുളയാക്കിയെടുക്കണമത്രേ. 

മുറ്റത്തായിലകൾ മാറ്റി
കയ്യടിച്ചുവൊത്തിരിനേരം,
കരഞ്ഞിട്ടു കാകനുമെത്തി
തെളിഞ്ഞല്ലോ താതൻ മുഖം. 

അമ്മയെവിടേ പറയൂവച്ഛാ
വീട്ടിലിപ്പോഴെത്തിയെന്നാണോ!
നമുക്കിപ്പോൾപ്പോകാമച്ഛാ
ദക്ഷിണയതു പിന്നേം ആവാം..

കൂടുതൽ വായനയ്ക്ക്