വീട്ടുകാർ പലവട്ടം നിർബന്ധിച്ചിട്ടും ഷമീമിന് വിവാഹം കഴിക്കാൻ ഒട്ടും താല്പര്യമില്ലായിരുന്നു. അവസാനം 'ഇക്ക കെട്ടാതെ താൻ കല്യാണത്തിന് ഒരിക്കലും മുതിരില്ല എന്ന്' അയാളുടെ പൊന്നനിയത്തി ജാസ്മി കട്ടായം പറഞ്ഞപ്പോൾ അവസാനം വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു.

പെണ്ണ് കണ്ടതും, ഉറപ്പിച്ചതു മൊക്കെ വീട്ടുകാർ തന്നെ. "തനിക്ക് പെണ്ണിനെ കാണേണ്ട, എല്ലാവരും കൂടി ഉറപ്പിച്ചോളൂ" എന്ന് പറഞ്ഞപ്പോ, ഉപ്പയും, ഉമ്മയും, അനിയത്തിയും, ബന്ധുക്കളുമൊക്ക മൂക്കത്തു വിരൽ വെച്ചു. ഇവന് ഇതെന്ത് പറ്റി, ഇന്നത്തെ കാലത്ത് ഇങ്ങനെയുണ്ടാവുമോ ചെറുപ്പക്കാർ? എന്ന് പറഞ്ഞ്.

നിക്കാഹ് കഴിഞ്ഞപ്പോളും, ഒന്നിച്ച് സ്റ്റേജിൽ ഇരുന്നപ്പോളും, നടന്നപ്പോഴും, ഉള്ളിൽ ഭയാനകമായ ഓർമകൾ ഉറങ്ങുന്നത് കാരണം പെണ്ണിന്റെ മുഖത്തേക്ക് മാത്രം നോക്കിയില്ല.

രാത്രിയിൽ വിയർത്തൊലിച്ചു കൊണ്ട് അവൾ വരുന്നത് ചെവിയോർത്തിരുന്നു. ഇടനാഴിയിലൂടെ താൻ നിക്കാഹ് ചെയ്ത പെണ്ണിന്റ കാലൊച്ചകൾ കേട്ടപ്പോൾ ഷമീം പരവേശം മൂലം പതുക്കെ ബാത്ത്റൂമിലേക്ക് കയറി. ഒടുവിൽ നിവൃത്തിയില്ലാതെ ധൈര്യം കൊടുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി.

അവൾ, തന്റെ പെണ്ണ് അതാ! പുറം തിരിഞ്ഞു കൊണ്ട് കട്ടിലിൽ ഇരിക്കുന്നു. കാൽ പെരുമാറ്റം കേട്ടതിനാൽ അവൾ തല ചെരിച്ചു അയാളെ നോക്കി, അവളെ കണ്ട  അയാൾ ഞെട്ടിപ്പോയി, ഷെറീമാ, ഷെറീമ യല്ലേ ഇത്. തന്റെ രക്തം വലിച്ചു കുടിക്കാൻ ശ്രമിച്ച ഷെറീമ എന്ന പ്രേതം. പെട്ടെന്ന് ആ ഓർമയിൽ  അയാൾ ബോധമറ്റ് നിലംപതിച്ചു.

"ഷമീം... ഷമീം,"എന്നുള്ള വിളി കേട്ട് അയാൾ കണ്ണുകൾ തുറന്നു. മുഖത്തേക്ക് തളിച്ച വെള്ളത്തിന്റെ അംശം തങ്ങി നിന്നതിനാൽ അയാളുടെ കണ്ണുകൾക്ക് ഒരു മൂടൽ അനുഭവപ്പെട്ടിരുന്നു. കണ്ണുകൾ നേരെ യാക്കി അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളുടെ കണ്ണുകളിൽ നിന്ന് രണ്ട് തീ ഗോളങ്ങൾ വന്നു തന്റെ കണ്ണിൽ വന്ന് പതിക്കുന്നതായി അയാൾക്ക് തോന്നി. ചുണ്ടുകൾ തീ കട്ടകൾ പോലെ കത്തുന്നുണ്ടായിരുന്നു.

"നീ... നീ ഷെറീമയല്ലേ." അയാൾ നിലവിളിച്ചു കൊണ്ട് ചോദിച്ചു.

"അതെ ഞാൻ ഷെറീമയാണെന്റെ രാജാകുമാരാ .. "അവൾ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.

"നിന്നെ ഞാൻ വിടില്ല, എന്തൊരിഷ്‌ടമാണെന്നോ എനിക്ക് നിന്നെ! നിന്നോടുത്തു ജീവിച്ചു നിന്റെ ചോര മുഴുവൻ ഊറ്റി കുടിക്കണം." അവൾ നാവ് പുറത്തേക്ക് ഇട്ടുകൊണ്ട് പറഞ്ഞു.

തന്റെ ഭാര്യ പ്രേതമാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല, ഉമ്മയോട് പറയാൻ നോക്കി, അനിയത്തിയോട് പറയാൻ നോക്കി എന്നാൽ എല്ലാവരും ചിരിച്ചു തള്ളി. എന്നാൽ ഒരു ദിവസം ഷെറീമയാണ് തന്റെ അമ്മായിയ മ്മയുടെ കാതിൽ ആ രഹസ്യം പറഞ്ഞത്.

"ഉമ്മെടെ മോൻ ഷമീംമിന് എന്തോ കാര്യമായ കുഴപ്പം ഉണ്ട്. ഒന്ന് ഡോക്ടരെ കാണിക്കുന്നത് നന്നായിരിക്കും. ബോധരഹിതമായി വീണത്, തന്റെ മുഖത്തു നോക്കുമ്പോൾ പ്രേതത്തെ കണ്ടപോലെ ഭയക്കുന്നത് അങ്ങിനെയെല്ലാം."

"മോളേ... ആ ഉമ്മ മരുമകളെ ദയനീയമായി വിളിച്ചു.

"ഓന്ക്ക് എന്തോ പറ്റിയിട്ട് ഉണ്ട്, ഓൻ ഇ ങ്ങിനെയൊന്നും അല്ലായിരുന്നു"

"അത് എനിക്കറിയരുതോ? ഉമ്മാടെ മോനെ പത്താം ക്ലാസ്സിൽ പഠിക്കുമ്പോ സ്നേഹിക്കാൻ തുടങ്ങിയതാ ഞാൻ. അവനു വേണ്ടി ഞാൻ മരിക്കാനും തയ്യാറാ... "

ഉമ്മ വിശ്വസിക്കാൻ പറ്റാതെ അവളുടെ മുഖത്തേക്ക് നോക്കി, പെട്ടെന്ന് കണ്ണുകൾ പിൻവലിച്ചു. 'ഇനിയിപ്പം ഷെമി പറയുന്നത് പോലെ ഇവളെ മേത്ത് ജിന്ന് കൂട്ടിയിട്ട് ഉണ്ടോ, ഒന്നും മനസ്സിലാവുന്നില്ല, കണ്ടാൽ ഒരു ജിന്നിന്റെ ലുക്ക്‌ ഒക്കെ ഉണ്ട്. 'മോൾ ജാസ്മിന്നോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞു.

"ന്റെ ഉമ്മാ... ജിന്നല്ല, പ്രേതം, ഇക്കാക്കനെ എത്രയോ കാലം മുമ്പ് ഈ പ്രേതം കൊല്ലാൻ വന്നതാണെന്നാ ഇക്കാക്ക പറയുന്നത്. ഇക്കാക്ക വെറുതെ അങ്ങിനെയൊന്നും പറയൂല..."

ഏതായാലും ഷമീം ഉണ്ണാതെയും, കുളിക്കാതെയും, വാതിൽ അടച്ചു ഇരിപ്പായി. ഉമ്മ കരഞ്ഞു പറഞ്ഞപ്പോ ഉപ്പ പറഞ്ഞു,

"എന്തിനാപ്പൊ, പുറത്തൊക്കെ അറിയിച്ചു ആൾക്കാരെ വായ ബെടക്കാക്കിണെ. മ്മളെ അനിയന്റെ മോൻ തന്നെയുണ്ടല്ലോ, മനസ്സിന് ഒക്കെ ചികിൽസിക്കുന്നോൻ, ഫാരിദ് ഡോക്ടർ, ഓന്റെ അടുത്തൊന്ന് കൊണ്ട് പോകാം നമുക്ക്."

"ഉപ്പാ... എന്നെയല്ല ചികിൽസിക്കേണ്ടത് ഇങ്ങളെ മരുമോളെ ആണ്, അവൾ പ്രേതമാണ്" എന്നൊക്കെ അയാൾ വിളിച്ചു പറയുന്നത് വക വെക്കാതെ എല്ലാവരും കൂടെ പിടിച്ചു ഡോക്ടർ ഫാരിദിന്റെ അടുത്തെത്തിച്ചു.

ഷമീമിന്റെ ഉറക്കമില്ലാത്ത കുഴിഞ്ഞ കണ്ണുകളിലേക്കും, പാറിപറന്ന മുടി യിലേക്കും നോക്കി ഡോക്ടർ പറഞ്ഞു.

ഷമീ.. എന്താണ് നിന്റെ പ്രശ്നം, എന്നോട് തുറന്നു പറയാം. എല്ലാത്തിനും ഇപ്പോൾ സൊല്യൂഷൻ ഉണ്ട്.

ഷമീമിന്റെ മുഖഭാവം ആകെ മാറി, പേടി കിട്ടിയത് പോലെ അത് വിളറി വെളുത്തു. ഏതോ ഒരു ഗുഹയുടെ ഉള്ളിൽ നിന്നന്നെ പോലെ അയാൾ സംസാരിച്ചു തുടങ്ങി.

അർദ്ധ രാത്രി മൂന്നു മണിയായപ്പോൾ ഷറീമ പാല മരത്തിൽ നിന്ന് മെല്ലെ താഴെയിറങ്ങി,നിലാവ് പെയ്തിറങ്ങിയ രാവിനെ നോക്കി നെടുവീർപ്പിട്ടു. പിന്നെ തന്റെ കൂർത്ത ദ്രഷ്‌ടകൾ രണ്ടും ഉള്ളിലേക്കിട്ട് മുടി വിടർത്തിയിട്ട് അതിനു മുകളിൽ കസവുതട്ടം ചാർത്തി, തിളങ്ങുന്ന പട്ടുപാവാട ഭൂമിയിലേക്കൊഴുകുവാനിട്ട് പച്ചക്കല്ലുകൾ പതിപ്പിച്ച തിളങ്ങുന്ന ബ്ലൗസും അണിഞ്ഞു കൊണ്ട് ആൾമാറാട്ടം നടത്തി അവൾ കുറച്ചകലെയുള്ള ചെമ്പകമരത്തിന്റെ ചുവട്ടിലേക്ക് ഒഴുകി ഒഴുകി എത്തി. അവിടെ അവളെ കാത്ത് ക്ഷമ ലവലേശംപോലുമില്ലാത്ത ഒരു യുവ കോമളൻ നിന്നിരുന്നു. അവളെ കണ്ടതും അയാൾ ഷെറീ..... എന്ന് വിളിച്ചു തന്നിലേക്ക് ആവാഹിക്കാൻ മുതിർന്നെങ്കിലും, ആ ചന്ദ്രശോഭയുള്ള ചെറുപ്പക്കാരൻ തന്നുടെ കുലീനതക്ക്‌ മുൻ‌തൂക്കം കൊടുത്തതിനാൽ അതിനു മുതിരാതെ, അവളുടെ റോസാ പൂവ് പോലുള്ള രണ്ട് കൈകളും എടുത്തു കൊണ്ട്, തന്റെ കൈകൾക്കുള്ളിലാക്കി പ്രണയം പകർന്നു.

"ഷമീ.. കാത്തിരുന്നു മുഷിഞ്ഞോ..." അവൾ അയാളെ കൂടുതൽ തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് ചോദിച്ചു.

"നിന്നെ കാണുന്നതിനേക്കാളും, നീ ഇപ്പോ വരുമല്ലോ എന്നോർത്തു കാത്തിരിക്കുന്നതിന് പ്രത്യേക ഒരു സുഖമാ..."

"ഇനി ഇവിടെ വരുന്നത് നടക്കുമൊന്ന് തോന്നുന്നില്ല ഷമീ... "എന്റെ വിവാഹമുറപ്പിച്ചു.

"ഹേ..." അയാൾ ഞെട്ടി പോയി.

"അതെ" വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു. അവൾ യാതൊരു ദയാദാഷിണ്യമില്ലാതെ പറഞ്ഞു.

ഷെറീ... നമ്മൾ കഴിഞ്ഞ നാളുകൾ! നീഎത്ര നിസാരമായി സംസാരിക്കുന്നു. പ്രണയപൂർണമായ നമ്മൾ നെയ്തെടുത്ത ദിനങ്ങളെ കുറിച്ച് നീ മറന്നോ?ഈ ചെമ്പക ചോട്ടിലിരുന്നു നമ്മൾ നേരം വെളുക്കുവോളം പ്രണയഗാനങ്ങൾ ആലപിച്ചു, പിരിയാൻ കഴിയാതെ വിരഹത്തിന്റെ തടങ്കലിൽ കണ്ണീർ പൊഴിച്ചത് നീ മറന്നോ?. നീ പറയു സഖീ... എന്റെ കൂടെ പോരൂ. ജീവിതകാലം നിന്നിലെ രാപകലുകളെ ഞാൻ ധന്യയാക്കാം. അല്ലെങ്കിൽ നിന്റെ വീട് എവിടെയാണെന്ന് പറയൂ. ഞാൻ വന്നു നിന്നെ പെണ്ണ് ചോദിക്കാം. ഇത്രകാലം നീയെന്നെ പറ്റിക്കുകയായിരുന്നു അല്ലെ. നീയില്ലെങ്കിൽ ഞാൻ മരിച്ചു വീഴും.

ഷെറീമ മൗനിയായി നിന്നു. അവളുടെ നോട്ടം അവന്റെ തിളയ്ക്കുന്ന രക്തത്തിലേക്കായിരുന്നു. അവനിൽ ആഴ്ന്നിറങ്ങി അവസാനം ചുട് രക്തം മതിയാവോളം കുടിക്കണം. അതിനവൾ പതിനട്ടടവ് പഴറ്റിയിട്ടും അവൻ വീണില്ല.

എന്റെ ഓമനെ... വിവാഹം കഴിയുന്നത് വരെ നീ പരിശുദ്ധിയുള്ളവളായിരിക്കണം. അവസാനം അവൾക്ക് ഒട്ടും ക്ഷമയുണ്ടായില്ല, ഷറീമ അവനോടടുത്തു, അവന്റെ ചുണ്ടുകൾ, അവളുടെ ചുണ്ടുകളുടെ അകത്താക്കി, എന്താണെന്ന് മനസ്സിലാവും മുമ്പേ ചുട് രക്തത്തിന്റെ രുചിയിൽ അയാൾ അവളെ അല്പം അടർത്തി, അപ്പോൾ അവളുടെ മുഖത്തെ രണ്ട് കണ്ണുകളിൽ നിന്ന് തീ ഗോളം വർഷിക്കുന്നുണ്ടായിരുന്നു. കൂർത്ത രണ്ട്ദ്രംഷ്ടയിൽ നിന്ന് ചോര തുള്ളികൾ ഇട്ടിട്ടു വീണിരുന്നു. ദൈവനിയോഗം പോലെ അപ്പോൾ അവിടേക്ക് വന്ന രണ്ടുപേർ ഉള്ളത് കൊണ്ട് ജീവൻ രക്ഷപ്പെട്ടു.

ഫാരിദ് അയാളെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി. അയാളുടെ കേസ് ഹിസ്റ്ററിയിൽ ഇത് പോലൊരു കേസ് ഇതുവരെ വന്നിട്ടില്ലായിരുന്നു. സീനിയർ ഡോക്ടർ ചക്രവർത്തിയുമായി ഡിസ്‌കസ് ചെയ്തപ്പോൾ, അയാൾ പറഞ്ഞു. "ഇത് അയാളുടെ ഉപബോധമനസ്സിൽ ഉറങ്ങി കിടക്കുന്ന ഒരു വിചിത്രമായ നിഗൂഢത എന്തോ ഉണ്ട്. അത് കണ്ടെത്തണം.'

"ആ കുട്ടി ചെറുപ്പം മുതൽ ഇയാൾ അ യറിയാതെ സ്നേഹിച്ചിരുന്നു എന്ന് പറഞ്ഞില്ലേ, അപ്പോൾ ആ സ്നേഹത്തിന്റെ താരംഗങ്ങൾ അയാളിലേക്ക്‌ എത്തി പെട്ടതായിക്കൂടെ... യഥാർത്ഥമെന്ന് തോന്നുന്ന പോലെ സ്വപ്നരൂപത്തിൽ. പിന്നെ നമ്മൾ അറിയാത്ത പല നിഗൂഢതകളും ഈ പ്രപഞ്ചത്തിൽ ഉറങ്ങി കിടക്കുന്നുണ്ട്. ഫാരിദ്, ഡോക്ടറോട് പറഞ്ഞു.

പ്രേതരൂപത്തിലോ...സ്വപ്നരൂപത്തിലോ? ഒട്ടും സാധ്യതയില്ല, വിശ്വസിക്കാൻ നമുക്കും വൈദ്യശാസ്ത്രത്തിനും പ്രയാസം. എന്നാൽ തള്ളി കളയാനും പറ്റില്ല. അപ്പോളും ഷെറീമ ആർക്കോ ഫോൺ ചെയ്ത് കൊണ്ട് പ്രേതത്തെ പോലെ പൊട്ടി ചിരിക്കുകയായിരുന്നു. ആ ചിരിയുടെ അലയിൽ അവിടെയിരുന്ന എല്ലാവരും പകച്ചു പോയി.

കൂടുതൽ വായനയ്ക്ക്