otayil ninnu

Binobi

ഓടയിൽ നിന്ന് (1965)

 പി കേശവദേവ് കഥയും തിരക്കഥയും സംഭാഷണവും എഴുതി, തിരുമുരുകൻ പിച്ചേഴ്സിന്റെ ബാനറിൽ കെഎസ് സേതുമാധവൻ സംവിധാനം ചെയ്ത കുടുംബ ചിത്രമാണ് ഓടയിൽ നിന്ന്.  1965ൽ പുറത്തിറങ്ങിയ ഈ ചിത്രം കേശവദേവിന്റെ ഓടയിൽ നിന്ന് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ്.

സത്യൻ, കെ ആർ വിജയ, കവിയൂർ പൊന്നമ്മ, പ്രേം നസീർ, എസ് പി പിള്ള, അടൂർ ഭാസി, അടൂർ പങ്കജം തുടങ്ങിയവരാണ് ഈ ചിത്രത്തിലെ അഭിനേതാക്കൾ.

ഇതിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് വയലാർ - ദേവരാജൻ ടീമാണ്.

സമൂഹത്തിലെ ദുരവസ്ഥകളോട് പൊരുതിയാണ് പപ്പു ജീവിക്കുന്നത്. ഒരിക്കൽ അയാൾ അറിയാതെ അയാളുടെ റിക്ഷ വണ്ടി തട്ടി ലക്ഷ്മി എന്ന പെൺകുട്ടി ഓടയിൽ വീഴുന്നു. അവിടം മുതൽ ലക്ഷ്മി, പപ്പുവിന്റെ ജീവിതത്തിന്റെ ഭാഗമായി തീരുന്നു. അമ്മ മാത്രമുള്ള ലക്ഷ്മി, പപ്പുവിനെ അമ്മാവൻ എന്നാണ് വിളിക്കുന്നത്. പപ്പുവിന്റെ അധ്വാനം കൊണ്ട് ലക്ഷ്മിയുടെ കുടുംബം പുലരുന്നു. കഠിനാധ്വാനം മൂലം പപ്പു ക്ഷയരോഗിയായി മാറുന്നു.

കോളേജ് ജീവിതത്തിലേക്ക് കടക്കുന്ന ലക്ഷ്മിക്ക് വെറും റിക്ഷാക്കാരൻ  മാത്രമായ പപ്പുവിനോട് അകൽച്ച തോന്നുന്നു. ത്യാഗ സമ്പന്നനായ പപ്പുവിന്റെ മഹത്വം ലക്ഷ്മിയും അമ്മയും തിരിച്ചറിയുമ്പോഴേക്കും അയാൾ ഈ ലോകത്തോട് വിട പറയുന്നു.

പപ്പുവിന്റെ വ്യക്തിത്വമാണ് ഈ ചിത്രത്തിന്റെ കരുത്ത് എന്ന് പറയാം. അദ്ധ്വാനിയും തന്റേടിയും ആണ് പപ്പു. ആരുടെയും മുന്നിൽ തലകുനിക്കാത്ത പ്രകൃതമാണ് പപ്പുവിന്റേത്. ആ ആത്മാഭിമാനമാണ് അയാളെ മുന്നോട്ടു കൊണ്ടു പോകുന്നത്.

മലയാള സാഹിത്യത്തിൽ കേശവദേവിന്റെ കഥകൾക്ക് ഉയർന്ന സ്ഥാനമുണ്ട്. സാധാരണക്കാരന്റെ വേദനകൾ വായനക്കാരൻ തൊട്ടറിഞ്ഞത് ആ കഥകളിലൂടെയാണ്. അതിൽ തൊഴിലാളികൾ ഉണ്ട്.... ഭിക്ഷക്കാരുണ്ട്... വേശ്യകൾ ഉണ്ട്. താഴെത്തട്ടിലുള്ള ഇവരുടെ ഉയർത്തെഴുന്നേൽപ്പായിരുന്നു കേശവദേവിന്റെ കഥകളിൽ നിറഞ്ഞുനിന്നത്. അദ്ധ്വാന വർഗ്ഗത്തിന്റെ എഴുത്തുകാരൻ എന്ന് കേശവദേവിനെ നമുക്ക് വിശേഷിപ്പിക്കാം. തന്റെ കഥയായ ഓടയിൽ നിന്ന് ചലച്ചിത്ര രൂപം പ്രാപിക്കുമ്പോൾ മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും കൂടാതെ അദ്ദേഹം അത് ജനഹൃദയങ്ങളിൽ എത്തിച്ചു.

ആത്മാഭിമാനത്തിന്റെ പ്രതീകമായി പപ്പുവും, തിരിച്ചറിവിന്റെ പ്രതീകമായി ലക്ഷ്മിയും മാറുന്നിടത്താണ് ഓടയിൽ നിന്ന് എന്ന ചിത്രത്തിന്റെ കഥ പൂർണമാകുന്നത്.

അവഗണനയുടെ ഓടയിലേക്ക് തള്ളപ്പെടുന്ന മനുഷ്യനായി പപ്പു മാറുമ്പോൾ പ്രേക്ഷഹൃദയങ്ങളിൽ അത് നൊമ്പരം ഉണർത്തുന്നു. അവസാനം അയാൾ മരണത്തിന്റെ ഓടയിലേക്ക് വലിച്ചെറിയപ്പെടുകയാണ്.

മലയാള സിനിമ കണ്ട കരുത്തുറ്റ നടൻ തന്നെയായിരുന്നു സത്യൻ. ഒരു മഹാനടൻ എന്ന് അദ്ദേഹത്തെ നമുക്ക് വിശേഷിപ്പിക്കാം. ഈ ചിത്രത്തിലെ പപ്പു എന്ന കഥാപാത്രം അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. അത്രയേറെ മനോഹരമാണ് അദ്ദേഹത്തിന്റെ അഭിനയ ശൈലി. ഒരു റിക്ഷാക്കാരൻ ആകാൻ അദ്ദേഹം എടുത്തിരിക്കുന്ന കഠിനാധ്വാനം അത് വളരെ വലുതാണ്. രണ്ടു കൈകളിലും റിക്ഷാ വണ്ടിയുടെ ഇരുവശങ്ങളും ചേർത്ത് പിടിച്ച്, കാല് നിലത്തു ഊന്നിക്കൊണ്ട് റോഡിലൂടെ ഓടുന്ന രംഗങ്ങൾ അതിനുദാഹരണമാണ്. ഒരു നടൻ എങ്ങനെ കഥാപാത്രമായി ജീവിക്കണമെന്ന് പപ്പു എന്ന കഥാപാത്രത്തിലൂടെ സത്യൻ കാണിച്ചുതരുന്നു.

സ്വപ്നങ്ങൾ കാണാത്ത പപ്പു സ്വപ്നങ്ങൾ കാണാൻ തുടങ്ങുന്നത് ലക്ഷ്മി എന്ന പെൺകുട്ടി തന്റെ ജീവിതത്തിലേക്ക് കടന്നു വരുമ്പോഴാണ്. പക്ഷേ ആ സ്വപ്നങ്ങൾ പാഴ് കിനാവായി മാറുമ്പോൾ ആ മനുഷ്യന് ആരോടും പരിഭവം ഇല്ല.

പഴയകാല മലയാള സിനിമയുടെ കരുത്ത് കഥകൾ ആയിരുന്നു. സാഹിത്യത്തിലെ പ്രശസ്തരുടെ പല കൃതികളും ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. ഉറൂബ്, തകഴി, ബഷീർ,മുട്ടത്തുവർക്കി, കേശവദേവ് അങ്ങനെ നീളുന്നു ആ പട്ടിക..... പൊയ്മു ഖങ്ങളുടെ കൊട്ടി ആഘോഷം ഇല്ലാത്ത കഥയും കഥാപാത്രങ്ങളും.... അവരൊക്കെ സഞ്ചരിച്ചത് പ്രേക്ഷകഹൃദയങ്ങളിലൂടെ ആയിരുന്നു.

തീർച്ചയായും കാണാനായി തിരഞ്ഞെടുക്കാം "ഓടയിൽ നിന്ന്" എന്ന ഈ ചിത്രത്തെ. മനോഹരമായ കഥയും, കഥാപാത്രങ്ങളും, അവരുടെ അഭിനയ മുഹൂർത്തങ്ങളും കൊണ്ട് സമ്പന്നമാണ് ഈ ചിത്രം.

തുടരും