Ruksana Ashraf

പതിവുപോലെ 'സാറമ്മ'  അഞ്ചുമണിക്ക് ഉറക്കം ഉണർന്നു. തലയ്ക്ക് വല്ലാത്തൊരു ഭാരം; ഉണരുമ്പോൾ ഇതും പതിവുള്ളതാണ്. ചിതറിതെറിച്ച ചിന്തകൾ ഓരോന്നും യഥാർഥ്യത്തിന്റെയും ; സ്വപ്നത്തിന്റെയും ഇടയിലൂടെ ചുവടുവയ്ക്കുമ്പോൾ തല പിന്നെ എന്തു ചെയ്യും?.

പെട്ടെന്ന് പ്രാഥമിക കർമ്മങ്ങളൊക്കെ ചെയ്തെന്ന് വരുത്തി അടുക്കളയിലേക്ക് നടന്നു. അടുക്കളയിൽ ആളനക്കം കേട്ടതിനാൽ പുറത്തേക്കുള്ള വാതിലിനപ്പുറം, പൂച്ചകളൊക്കെ ഒച്ചപ്പാടുണ്ടാക്കി "ഞങ്ങളിവിടെയുണ്ടെ"ന്നറിയിച്ചു.

പ്രകൃതിയും ഉണരുകയാണ്. നിശബ്ദതയുടെ വിരുന്നുകാരായി സംഗീതവും ലയവും താളവും ആലപി ച്ചുകൊണ്ട്; ഭൂമിയുടെ അവകാശികളും കലപില കൂട്ടി ഉണരുകയാണ്‌. പെട്ടെന്നാണ് കാക്കയുടെ കരച്ചിൽ സാറമ്മയുടെ ചെവിയിലേക്ക് വന്നലച്ചത്.

ഇന്നത്തെ ദിവസത്തെക്കുറിച്ച് എന്തോ,ഭീതിദമായ ഓർമ്മപ്പെടുത്തലിന്റെ മുന്നറിയിപ്പ്: കാക്ക നിർത്താതെ കരയുക തന്നെയാണ്. പ്രഭാതത്തിൽ എപ്പോഴൊക്കെ കാക്കക്കരച്ചിൽ കേട്ടിട്ടുണ്ട്, അന്നൊക്കെ സാറമ്മ പച്ചക്ക് കത്തിയെരിഞ്ഞിട്ടുമുണ്ട്. ആദ്യത്തെ പതര്‍ച്ച മാറിയപ്പോൾ, 'ഒരാപത്തും വരുത്തരുതേ'യെന്ന് അവര് മനമുരികി പ്രാർത്ഥിച്ചു.

മോന് ഹോസ്റ്റലിൽ നിന്നും വന്നിട്ടുണ്ട്. അവന് ഇഷ്ടഭക്ഷണങ്ങളൊക്കെ ഉണ്ടാക്കിക്കൊടുക്കണം. തലേന്ന് അവരുടെ മൂത്തമോനോടും, ഭർത്താവിനോടും അവനുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണത്തിന്റെ ലിസ്റ്റ് വാങ്ങിക്കൊണ്ടു വരാനായി കൊടുക്കുമ്പോൾ,രണ്ടുപേരും കൂടി 'സാറമ്മ"യെ കളിയാക്കി.

"അവനൊക്കെ ഫാസ്റ്റ് ഫുഡിന്റെ സ്വാദേ പിടിക്കുകയുള്ളൂ... വാങ്ങുക എന്നല്ലാതെ അവൻ സാധാരണ കഴിക്കാറുണ്ടോ...? ഹോസ്റ്റലിൽ കൊടുക്കുന്ന പൈസക്ക് പുറമേ,ഇഷ്ടമുള്ളത് എന്തെങ്കിലും വാങ്ങിക്കോട്ടെ എന്ന് വിചാരിച്ചു പൈസയും അയച്ചു കൊടുക്കാറുണ്ട്." ഭർത്താവ് നീരസത്തോടുകൂടി പറഞ്ഞു.

"അവന്റെ ഈ പ്രായമൊക്കെ കഴിഞ്ഞാണ് ഞാൻ ഇവിടെ എത്തിയത്. മമ്മയെ നല്ലോണം അവൻ പറ്റിക്കുന്നുണ്ട്. നല്ലോണം ലാളിച്ചു വഷളാക്കിക്കോ..?" മൂത്തമകൻ അവന്റെ അഭിപ്രായം പറഞ്ഞു.

"ന്റെ കുട്ടിക്ക് നല്ലോണം ക്ഷീണണ്ട്... പോഷകക്കുറവ് നല്ലോണണ്ട്. കണ്ണൊക്കെ കുഴിയിലാണ്ടിരിക്കുണു. വീട്ടിൽ വരുമ്പോളല്ലേ നമുക്കവനെ നോക്കാൻ പറ്റാ..." 'സാറമ്മ'യുടെ വാക്കുകളിൽ, അവരുടെ മോനോടുള്ള സ്നേഹവും വാത്സല്യവും നിറഞ്ഞു തുളുമ്പിയിരുന്നു.

"ഏതായാലും മമ്മ ഒന്നും കണ്ണടച്ചു വിശ്വസിക്കേണ്ട... ഇവന്റെ കോളേജിൽ നിന്നാണ് കുറെ ലഹരി വസ്തുക്കൾ പിടികൂടിയിട്ടുള്ളത്. ആദ്യം ഒന്ന് ഉപദേശിച്ചു നേരാക്കാൻ നോക്ക്."

'സാറമ്മ'യുടെ മൂത്ത മകൻ എന്നും അങ്ങനെ തന്നെയാണ്. ചെറിയവനെ കണ്ണെടുത്ത് കണ്ടുകൂടാ.. എന്നാണ് സാറമ്മയുടെ ഭാഷ്യമെങ്കിലും; ചെറിയനോടുള്ള അമിതമായ സ്നേഹവും വാത്സല്യവും മൂലം അവനെ ആരും ഒന്നും പറയുന്നത് അവർക്ക് ഇഷ്ടമില്ല.

"എന്റെ മകനെ, എനിക്ക് നല്ല വിശ്വാസമാണ് ... നിന്നെക്കാളുമൊക്കെ. അവൻ എന്റെ മകനാ..." സാറമ്മ ദൃഢസ്വരത്തിൽ പറഞ്ഞു.

ഇത്തരത്തിലുള്ള വാക്ക് തർക്കത്തിലൊന്നും സാറമ്മയുടെ ഭർത്താവ് ഇടപെടാറില്ല. അയാൾ രണ്ടുപേരെയുംമെന്ന് ക്രുദ്ധിച്ചു നോക്കിയതിനാൽ ആ സംഭാഷണം അവിടെവച്ച് നിർത്തി.

ഡൈനിങ് ടേബിളിൽ അവന് ഇഷ്ടമുള്ള ഫുഡ് ഒക്കെ ഉണ്ടാക്കി വെച്ചുകൊണ്ട് അവരുടെ മറ്റ് വീട്ട് ജോലികളോടൊക്കെ തൽക്കാലം വിട പറഞ്ഞു, മകൻ എഴുന്നേൽക്കാൻ കാത്തിരിക്കലായി പിന്നെ. പത്തുമണി,11 മണി,12 മണി ഇല്ല.. അവൻ എണീക്കുന്നില്ല.

വിളിക്കാൻ മെനക്കെട്ടില്ല പാവം ഉറങ്ങിക്കോട്ടെ... അവരുടെ അമ്മ മനസ്സ് വാത്സല്യംതൂകി.

പെട്ടെന്ന് അവനൊരു കോൾ വരുന്നത് കേൾക്കാമായിരുന്നു. അവൻ ചാടി എണീറ്റു.

"ബ്രോ ഞാനൊരു 10 മിനിറ്റിനകം അവിടെ എത്തുംട്ടൊ.. എടാ ഒന്നുറങ്ങിപ്പോയെടാ..." അതും പറഞ്ഞവൻ സാറമ്മയുടെ മുന്നിലെത്തി, എന്നിട്ട് പൊട്ടിത്തെറിച്ചു കൊണ്ട് ചോദിച്ചു.

"സമയമിത്രയായില്ലേ...എന്താ തള്ളേ.. എന്നെ വിളിക്കാതിരുന്നത്?"പതിവില്ലാത്ത മകന്റെ ഭാഷകേട്ട് സാറമ്മ നടുങ്ങിപ്പോയി. ആ ഒരു പൊട്ടിത്തെറിയിൽ; അതാ തലവേദന ആരംഭിച്ചിരിക്കുന്നുവെന്ന സത്യം അവര് തിരിച്ചറിഞ്ഞു.

മോൻ പെട്ടെന്ന് കുളിയൊക്കെ കഴിഞ്ഞ് പുറത്തിറങ്ങി ഫുഡ് പോലും കഴിക്കാതെ, അമ്മയോട് യാത്ര പോലും പറയാതെ, ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവിടെ നിന്ന് പോയി.

ആ ഇരിപ്പു അവർ ഒരു മണിക്കൂറോളം തുടർന്നു. വല്ലാത്തൊരു നിശ്ചലാവസ്ഥ. ദേഹമാകെ മരവിപ്പ് പടരുകയാണ്. തലവേദന വർദ്ധിച്ചു വന്നതിനാൽ ഫുഡ് ഒക്കെ എടുത്തുവച്ചു ബഡിലേക്ക് ചെരിഞ്ഞു.

ഈ നശിച്ച തലവേദന. ഇന്ന് ഭർത്താവിനെയും മൂത്ത മോനേയും ഓഫീസിൽനിന്ന് വരുമ്പോൾ എതിരേൽക്കുന്നത് ഈ തലവേദനയും കൊണ്ടായിരിക്കും. അപ്പോൾ അവരുടെ മുഷിപ്പും കാണണം. 'ഇവിടെ ഇങ്ങനെ കിടന്നു കഴിച്ചു കൂട്ടിയാൽ മതിയല്ലോ...' ഇതും കേൾക്കണം. ഓരോന്നാലോചിച്ചു കിടക്കുമ്പോഴാണ് ചെറിയ മോൻ വിളിച്ചത്.

"മമ്മാ... എന്റെ ബാഗ് ഒക്കെ ഒന്ന് പേക്ക് ചെയ്തു വെക്കണേ... എനിക്ക് പെട്ടെന്ന് പോകണം. ഞാൻ അങ്ങോട്ട് വരുന്നില്ല. എന്റെ കൂട്ടുകാരൻ വണ്ടിയും കൊണ്ടുവരും അവന്റെടുത്തു കൊടുത്തു വിട്ടാൽ മതി ബാഗ്."

"എന്താ... ഇത്ര പെട്ടെന്ന് പോകുന്നത്, ഞാൻ നിന്നെ ശരിക്കും ഒന്ന്‌ കണ്ടിട്ടും കൂടി ഇല്ലല്ലോ... നിന്റെ തലയൊക്കെ ഒന്ന് നേരാക്കി തരണമെന്ന് വിചാരിച്ചിരുന്നു. കഴിഞ്ഞ പ്രാവശ്യം വന്നതുപോലെ പേനും,ഈരൊക്കെ ഇല്ലേ.." 

പെട്ടെന്നാണ് മോൻ പ്രതികരിച്ചത്.

"ഇത്രയും കാലം എന്നെ കണ്ടിട്ട് മതിയായില്ലേ.. ഞാൻ അവിടെ തന്നെയായിരുന്നില്ലേ.. എനിക്ക് അവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നാണ്."

"അതെന്താണ് മോനെ അങ്ങനെ പറഞ്ഞത്" സാറമ്മ ചോദിച്ചു.

"വിശദീകരണമൊക്കെ ഞാൻ അടുത്ത പ്രാവശ്യം വന്നിട്ട് പറഞ്ഞുതരാം.. ബാഗ് പെട്ടെന്ന് റെഡിയാക്കാൻ നോക്ക് ഇപ്പോളവൻ വരും". അവൻ ഫോൺ കട്ട് ചെയ്തു.

'സാറമ്മ' അവിടെനിന്ന് ഏത് വിധേനയെക്കൊയോ എണീറ്റു.തലകറങ്ങുന്നുണ്ട്.കണ്ണുകളിൽ ഇരുളിമ പടർന്ന പോലെ.

മോന്റെ ബാഗ് കയ്യിലെടുത്തു, മുഷിഞ്ഞ തുണികളൊക്കെ മാറ്റി വാഷിംഗ് മെഷീനിൽ കൊണ്ടിടാൻ വേണ്ടി, അതിൽനിന്നും ഓരോന്നും പുറത്തേക്കെടുത്തു. അപ്പോഴാണ് സാറ മ്മക്ക് ബാഗിലെ ഉള്ളറയിൽ നിന്ന് ഒരു പൊതി ലഭിച്ചത്. പെട്ടെന്ന് ഗൂഗിളിൽ സെർച്ച് ചെയ്തു അത് എന്താണെന്ന് കണ്ടുപിടിച്ചപ്പോൾ അവര് വീണ്ടും പച്ചക്ക് കത്തുകയായിരുന്നു. ഇങ്ങനെ കത്തിയെറിയൽ അവർക്ക് ഒരു പുത്തരിയായിരുന്നില്ല, എങ്കിൽ കൂടി, ഈ പ്രാവശ്യം അവർക്ക് സ്വപ്നത്തിന്റെയും യഥാർഥ്യത്തിന്റെയും ഇടയിൽ കൂടി നടന്നു കയറാൻ ഒരിക്കലും സാധിച്ചില്ല. അവരൊരു ഭ്രാന്തിയെ പോലെ പുലമ്പി.

"അവന് എന്റെ മോനാ... അവനെ എനിക്ക് നല്ല വിശ്വാസമാണ്."

കൂടുതൽ വായനയ്ക്ക്